TopTop
Begin typing your search above and press return to search.

സിനിമാ പ്രമാണിമാരേ, നിങ്ങളെക്കുറിച്ച് ഈ ജനത്തെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്

സിനിമാ പ്രമാണിമാരേ, നിങ്ങളെക്കുറിച്ച് ഈ ജനത്തെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്

"ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസ്സെ?" എന്ന മുദ്രാവാക്യം വളരെ പഴഞ്ചനാണ്. ഭരണത്തിലോ പ്രതിപക്ഷത്തോ എന്ന് നോക്കാതെ പിന്നീടങ്ങോട്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സുകാരുമൊക്കെ നടത്തിയ സമരങ്ങൾ ധാരാളം. ഇവയിൽ പലതും ക്ലച്ചു പിടിച്ചില്ലായെന്നത് മറ്റൊരു കാര്യം. ഭരണത്തിൽ ഇരിക്കുന്നവർ ഭരിച്ചു മുടിക്കുന്നതിനൊപ്പം തുടർ ഭരണം ആഗ്രഹിക്കുമ്പോളും ഭരണ കക്ഷിയിൽ പെട്ട ഏതെങ്കിലുമൊക്കെ പാർട്ടിയുടെ യുവജന- വിദ്യാർത്ഥി സംഘടനകൾ നീതി തേടി സമരം നയിച്ച സംഭവങ്ങൾ നിരവധി. ഇക്കാലത്തും അത്തരം സമരങ്ങളും വിമർശനങ്ങളും തുടരുന്നുവെന്നതിന്റെ നേർ സാക്ഷ്യമായി തന്നെ വേണം ഭരണത്തിൽ ഇരുന്നുകൊണ്ട് സിപിഐയും അതിന്റെ പോഷക സംഘടനകളും നടത്തി വരുന്ന വിമര്‍ശനത്തെയും സമരങ്ങളെയും നോക്കി കാണാൻ എന്ന് തോന്നുന്നു.

ഇതൊക്കെ ഇപ്പോൾ പറയേണ്ടിവന്നത് കൊച്ചിയിൽ ഒരു യുവ നടിക്ക് നേർക്കുണ്ടായ പീഡന ശ്രമവും അതുമായി ബന്ധപ്പെട്ട് ഇപ്പോൾ 'അമ്മ' എന്ന താര സംഘടനയും ചില താരപ്രമാണിമാരും ഒക്കെ നടത്തുന്ന മലക്കം മറിച്ചിലുകൾ ഉളവാക്കുന്ന ചിന്തയിൽ നിന്നാണ്. പ്രസ്തുത സംഭവത്തിൽ ആദ്യം നടുക്കവും ദുഃഖവും രേഖപ്പെടുത്തി (കണ്ണീർ വാർത്തില്ലെങ്കിലും) മെഴുതിരികൾ കൊളുത്തി സത്യവാചകം ചൊല്ലി പിരിഞ്ഞ അവരിൽ പലരും ആർക്കൊക്കെയോ വേണ്ടി പ്രസ്തുത സംഭവത്തെ, അതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തെ പോലും അട്ടിമറിക്കാൻ നടത്തുന്ന ഒരു നീക്കമായി തോന്നിപ്പിക്കുന്ന തരത്തിൽ ഇപ്പോൾ നടത്തുന്ന പ്രസ്താവനകളുമായി കൂടി ബന്ധപ്പെട്ടാണ് ഈ കുറിപ്പ്.

ഇപ്പോൾ 'അമ്മ' യുടെ തലപ്പത്തുള്ളവരും അനുബന്ധ സംഘടനകളും ഒക്കെ നൽകുന്ന ചില ജ്യാമ്യമെടുപ്പുകളും മാധ്യമങ്ങൾക്കെതിരെയുള്ള പോർവിളികളും എന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യുവ നടിയുടെ പ്രശ്നവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങൾ ഒരു പ്രമുഖ നടനെ അനാവശ്യമായി വേട്ടയാടുന്നുവെന്നാണ് അമ്മയുടെ തലപ്പത്തിരിക്കുന്നവരും ഒരു നടി എന്ന നിലയിൽ ഞാൻ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കെപിഎസി ലളിത ചേച്ചിയുമൊക്കെ പറയുന്നത്. അവരുടെ വാദം ശരിയാണ്. സിനിമ മാഗസീനുകളിലെ ഗോസിപ്പ് കോളത്തിൽ വരുന്ന ഒന്നാക്കി ചുരുക്കി കാണേണ്ട ഒരു വിഷയമല്ല ഇക്കാര്യം. കാള പെറ്റു എന്ന് കേട്ട മാത്രയിൽ കയറെടുക്കുന്ന സ്വഭാവം തിരശീലക്കു പിന്നിലെ ഇക്കിളി കഥകൾ നിറം കലർത്തി വിറ്റു കാശാക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണത്.

പക്ഷെ ഇവിടെ പ്രസക്തമാകുന്ന മറ്റൊരു ചോദ്യത്തിന് മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടൽ നടത്തുന്ന സിനിമാക്കാരും അവരുടെ സംഘടനകളും മറുപടി പറയേണ്ടതായുണ്ട്. സത്യത്തിൽ നിങ്ങളുടെ സംഘടനകൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നിടത്തു തുടങ്ങി സ്ത്രീകൾക്ക് നിങ്ങളുടെ തൊഴിൽ ഇടങ്ങളിൽ എന്ത് സംരക്ഷണം നൽകുന്നു എന്നിടത്തേക്കുവരെ നീളുന്നു ആ ചോദ്യങ്ങൾ.

ഈ കുറിപ്പിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ ആ പഴയ മുദ്രാവാക്യം പോലെ തന്നെയല്ലേ ഇപ്പോൾ നിങ്ങൾ നൽകുന്ന വിശദീകരണവും എന്ന ചോദ്യത്തിന് എന്ത് മറുപടി നൽകും. ഈ ലിബർട്ടി ബഷീർ ഇന്നും ഇന്നലെയും പൊട്ടിമുളച്ച ആൾ അല്ലെന്നു നിങ്ങൾക്കും സിനിമ കാണുന്ന ഞങ്ങൾക്കും അറിയാം. ഒരു ലിബർട്ടി ബഷീർ തുമ്മിയാൽ തെറിക്കുന്ന ഒന്നാണ് മലയാള സിനിമ ലോകം എന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങൾ നേരെത്തെ ചീത്ത വിളിച്ച ഗോസിപ്പ് വാർത്തക്കാർ വിഴുങ്ങുകയും അത് വായനക്കാരെന്റെയും ഫാൻസ് അസ്സോസിയേഷൻകാരന്റെയും ഇക്കിളി ഭക്ഷണമായി നേരവും കാലവും നോക്കി വിളമ്പിയേക്കാം. അത് അവരും നിങ്ങളിൽ ചിലരും ചേർന്ന് കാലാകാലങ്ങളായി കൊണ്ട് നടക്കുന്ന കൂട്ടുകൃഷി. അതൊക്കെ പതിവിന്‍പടി പൊടിപൊടിക്കട്ടെ.

ഈ വിഷയവുമായി ബന്ധപ്പെട്ടു കേരളത്തിലെ ബിജെപിയും കോൺഗ്രസ്സും നടത്തുന്ന വിസ്മയിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും വെളിപാടുകളും കാണാതെ പോകുന്നില്ല. കേരളത്തിൽ കോൺഗ്രസ്സിനെ വെട്ടി ആദ്യം മുഖ്യ പ്രതിപക്ഷവും അതുവഴി ഭരണ പക്ഷവും ആകാൻ വിറളി പിടിച്ചു നടക്കുന്ന ബിജെപി നേതൃത്വം എന്തും പറയും. അത് രാഷ്ട്രീയമാണ്. എല്ലാ കാലത്തും എല്ലാ രാഷ്ട്രീയ പാർട്ടികളും പയറ്റിയ നെറികെട്ട രാഷ്ട്രീയം. പക്ഷെ നിങ്ങളുടെ സംഘടന അത്തരത്തിൽ പെട്ട ഒന്നാണോ എന്ന് അമ്മ സ്വയംവിമര്‍ശനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

ഇന്നലെ ഗവർണർ കേരളത്തിലെ പിണറായി സർക്കാരിന്റെ നയപ്രഖ്യാപന രേഖ അവതരിപ്പിച്ചതിൽ സ്ത്രീ സുരക്ഷക്ക് ഊന്നൽ കൊടുത്തതായി കണ്ടു. ഇക്കാര്യത്തിൽ 'അമ്മ'യും സഹ സംഘടനകളും അവരുടെ നിലപാടും വ്യക്തമാക്കേണ്ടതുണ്ട് . നിങ്ങളുടെ തൊഴിലിടങ്ങളിൽ നിന്നും വേദനിപ്പിക്കുന്ന, അറപ്പും വെറുപ്പും ഉളവാക്കുന്ന എത്രയെത്ര കഥകളാണ് പുറത്തേക്കു വരുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

സ്ത്രീകളോട് മാത്രമല്ലല്ലോ തിലകനോട് നിങ്ങൾ ചെയ്‍തത് എന്തെന്ന് കേരളം കണ്ടതാണ്.

മുൻപും ഉണ്ടായിരുന്നു ഇത്തരം വാർത്തകളും അനുബന്ധ കഥകളും. പണ്ടൊന്നും കൊച്ചി ഒരു അധോലോക നാടായിരുന്നില്ല. കോടമ്പാക്കത്തുനിന്നും നിങ്ങളൊക്കെ കൊച്ചിയിലേക്ക് കെട്ടിയെടുത്തപ്പോൾ കൂടെ കൊണ്ട് വന്ന ഈ ഊച്ചാളികൾ നിങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നും അറിയായ്കയല്ല. നിങ്ങളുടെ റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളും അതുമായി ബന്ധപ്പെട്ട കഥകളും ആർക്കും അത്ര എളുപ്പത്തിൽ മായ്ച്ചു കളയാൻ ആവില്ല. താരങ്ങളെ കാണുമ്പോൾ കവാത്തു മറന്ന് ഓച്ചാനിച്ചു നിൽക്കുന്ന പോലീസുകാർ എക്കാലത്തും ഉണ്ടായിരുന്നു. സെൽഫി കാലഘട്ടത്തിൽ അവരുടെ എണ്ണം കൂടിയിട്ടേ ഉള്ളു. പോലീസും ഗുണ്ടകളുമാണ് കരുത്തെന്നു കരുതി എത്രകാലം മാമം ഉണ്ട് രസിക്കാനാവുമെന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

സ്നേഹപൂർവ്വം ഒരു കാര്യം കൂടി. ഫാൻസ്‌ അസോസിയേഷൻകാരല്ലാത്ത, അതേസമയം സിനിമയെ ഒരു നല്ല കലയായും വേഷക്കാരെ അവരുടെ അഭിനയ മികവിന്റെ പേരിൽ അംഗീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടുനടപ്പ് ഇന്നും കേരളത്തിൽ പുലരുന്നുണ്ട്. താരങ്ങളെ മാത്രമല്ല സംവിധായകരെയും സിനിമാട്ടോഗ്രാഫര്‍മാരെയും സാങ്കേതിക വിദഗ്‌ധരെയുമൊക്കെ അവരുടെ വൈഭവം കണക്കിലെടുത്ത് അംഗീകരിക്കുന്ന ഒരു വലിയ ജനം ഇന്നും കേരളത്തിൽ ഉണ്ട്. അവരാരും സ്‌ക്രീനിനു പുറത്തെ നിങ്ങളുടെ ഇതര വൈഭവങ്ങൾ കണ്ടിട്ടല്ല സിനിമ കാണുന്നതും നിങ്ങളുടെ കഴിവുകൾ അംഗീകരിക്കുന്നതും. അത് മറക്കാതിരുക്കുന്നതു നന്ന്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories