TopTop
Begin typing your search above and press return to search.

മറ്റൊരു മലയാളി അധ്യാപകന്‍ കൂടി മാലി ജയിലില്‍; വില്ലന്‍ ഇത്തവണയും വ്യാജ ലൈംഗികാരോപണം

മറ്റൊരു മലയാളി അധ്യാപകന്‍ കൂടി മാലി ജയിലില്‍; വില്ലന്‍ ഇത്തവണയും വ്യാജ ലൈംഗികാരോപണം

ഉണ്ണികൃഷ്ണന്‍ വി

“മടുത്തു മാഷേ, ഇവിടെ അധ്യാപകര്‍ വല്ലാതെ ക്രൂശിക്കപ്പെടുന്നു”. മാലി ദ്വീപിലെ ദുരിതക്കയങ്ങള്‍ താണ്ടി പ്രിയപ്പെട്ടവരുടെ അടുത്തെത്തിയ ജയചന്ദ്രന്‍ മൊകേരി എന്ന ജയചന്ദ്രന്‍ മാഷിന് മാലി ദ്വീപില്‍ത്തന്നെ ജോലിചെയ്യുന്ന മറ്റൊരധ്യാപകന്‍ അയച്ച സന്ദേശമാണിത്.

ജയചന്ദ്രന്‍ മാഷിനും റുബീനക്കും രാജേഷിനും ഇനിയും പുറത്ത് വരാന്‍ കഴിയാത്ത പല മലയാളികള്‍ക്കും ശേഷം ഒരാള്‍ കൂടി മാലി ദ്വീപിലെ ജയിലിന്‍റെ അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. മാലിയിലെ ഗാഫ് അലിഫ് ജമ്നാഫുസി ഇംഗ്ലിഷ് മീഡിയം സ്കൂള്‍ അധ്യാപകനായ വില്‍സണ്‍ തോമസാണ് കള്ള ആരോപണങ്ങളുടെ പുതിയ ഇര.

ഗാഫ് അലിഫ് ജമ്നാഫുസി ദ്വീപിന്‍റെ അതേപേരില്‍ തന്നെ അറിയപ്പെടുന്ന സ്കൂളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അധ്യാപകനായി ജോലി ചെയ്യുകയാണ് കാസര്‍കോട് സ്വദേശിയായ വില്‍സണ്‍ തോമസ്‌. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ടവന്‍. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി മുന്നോട്ടുള്ള വഴി തെളിച്ചു കൊടുക്കുന്ന ഒരു അധ്യാപകന്‍. തദ്ദേശീയരായ ചിലര്‍ക്കൊഴിച്ച്, സഹപ്രവര്‍ത്തകര്‍ക്ക് ഉത്തമനായ സുഹൃത്ത് എന്നിങ്ങനെ പലതുമായിരുന്നു വില്‍സണ്‍ മാഷ്‌. 16 വര്‍ഷത്തെ അധ്യാപന ജീവിതത്തിലും അതിനു മുന്‍പും പിന്‍പുമുള്ള കുടുംബജീവിതത്തിലും ഒരിക്കലും ഒരപവാദം പോലും കേള്‍പ്പിക്കാത്ത ഇദ്ദേഹം ഇപ്പോള്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് മാലിയിലെ ഗാഫ് അലിഫ് വില്ലിംഗ്ലി ജയിലിലാണ്. അതും തന്‍റെ വിദ്യാര്‍ത്ഥിയുമായി കൂട്ടിചേര്‍ത്തുള്ള ആരോപണങ്ങളെ തുടര്‍ന്ന്‍. 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ് വില്‍സനെ ഇപ്പോള്‍. പതിനഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തിയാണ് ഈ അധ്യാപകനെ മാലി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ആറു മാസമായി വില്‍സണ്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്നും കുറ്റം ചെയ്തതിനു തെളിവായി തങ്ങളുടെ പക്കല്‍ വീഡിയോ ഫൂട്ടേജ് ഉണ്ടെന്നുമാണ് മാലി പോലീസിന്റെ വാദം. എന്നാല്‍ ഇന്നേദിവസം വരെ സ്കൂളില്‍ നിന്നും പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ല എന്ന് സ്കൂള്‍ അധികൃതരും സഹപ്രവര്‍ത്തകരും പറയുന്നു. തെളിവുകള്‍ ഉണ്ടെന്നു പറയുന്നതല്ലാതെ ആരും ഇതേക്കുറിച്ച് അറിഞ്ഞിട്ടു പോലുമില്ല.

മാലി ദ്വീപിലുള്ള വില്‍സന്‍റെ സുഹൃത്തുക്കള്‍ മുഖേനയാണ് ഈ വിവരങ്ങള്‍ നാട്ടില്‍ അറിയുന്നത്. സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും വഴി സത്യാവസ്ഥ അവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വില്‍സനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ കേരളത്തില്‍ നിന്നും ആരംഭിച്ചത്. മാലി ദ്വീപില്‍ തന്നെ അധ്യാപകനായ നിഖില്‍ പറയുന്നതിതാണ്, “വില്‍സണ്‍ മാഷ്‌ എന്റെ ദ്വീപിലല്ല ജോലി ചെയ്യുന്നത്. അവിടെയുള്ള ടീച്ചർമാർക്ക് നേരിട്ട് ഇടപെടാൻ ബുദ്ധിമുട്ടാണ്. അത് അവരുടെ ജോലിയെയും ഒരു പക്ഷേ ജീവന് തന്നെ ആപത്താകും. ഞാനടക്കമുള്ള തൊട്ടടുത്തുള്ള അദ്ധ്യാപകർ ഈ വാർത്ത പുറത്തെത്തിക്കാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. കൃത്യമായ വിവരം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. നല്ല സമീപനം അല്ല പോലീസിന്റേത്. അദ്ദേഹത്തെ കാണാൻ അനുവദിച്ചിട്ടില്ല. വിൽസണിനെതിരെ ലൈംഗിക ചൂഷണമാണ് ചുമത്തപ്പെട്ട കേസ്. ചില തെളിവുകൾ ഉണ്ട് എന്നും പോലീസ് പറയുന്നു. ഇദ്ദേഹത്തിന് നിയമസഹായം ലഭ്യമാക്കാൻ ഇവിടെ സാഹചര്യം ഇല്ല. ഈ വ്യക്തിയെ അടുത്തറിയാവുന്നത് കൊണ്ടുതന്നെ ഇത്തരം ഒരു ആരോപണം ഉൾകൊള്ളാൻ സാധിക്കുന്നില്ല. ഇവിടെ ഏതൊരു പരാതിയും ലൈംഗിക കുറ്റവും പീഢനവും ആരോപിച്ചാണ് കേസ് എടുക്കാറ് ."

അധ്യാപനത്തില്‍ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച വില്‍സണ്‍ കുട്ടികള്‍ക്ക് ട്യുഷന്‍ എടുക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് ആയിരുന്നു വിഷയമെങ്കിലും കണക്കു വരെ അദ്ദേഹം ട്യുഷന്‍ എടുക്കാറുണ്ട്. കുട്ടികള്‍ മാഷിനോട് അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ട്‌ ആയിരുന്നു ട്യുഷന്‍ എടുത്തിരുന്നത്. ഭൂരിഭാഗം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമ്മതന്‍ ആയതിനാല്‍ മാഷിനെ സ്കൂളിന്‍റെ സൂപ്പര്‍വൈസര്‍ ആക്കാന്‍ പലപ്രാവശ്യം ശ്രമം നടന്നിരുന്നു. എന്നാല്‍ മാഷ്‌ തന്നെയാണ് അത് വേണ്ടന്ന് വച്ചത്. ഇപ്പോള്‍ ഈ അറസ്റ്റ് നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും സ്കൂളിന്‍റെ പ്രധാനാധ്യാപകന്‍ വില്‍സണ്‍ മാഷിനോട് സുപ്പര്‍വൈസര്‍ ആകാന്‍ ആവശ്യപ്പെട്ടിരുന്നു. മാലി ദ്വീപ്‌ സ്വദേശികളായ ചില അധ്യാപകര്‍ അന്നതിന് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടന്ന അറസ്റ്റിലും സംശയത്തിന്റെ ചൂണ്ടുവിരല്‍ നീളുന്നത് അവരിലേക്ക്‌ തന്നെയാണ്. തങ്ങളേക്കാളും ഉയര്‍ന്നു പ്രവര്‍ത്തിക്കുന്ന വില്‍സനോടുള്ള അസൂയയാണ് ഇതിനു പിന്നിലെന്നത് വ്യക്തമാണ്. അതിനു തക്കതായ തെളിവുകള്‍ വില്‍സണ്‍ തോമസിന്‍റെ സുഹൃത്തുക്കള്‍ക്കും ഭാര്യ ബീനയ്ക്കും പറയാനുണ്ട്.

“ഈ മാസം പതിമൂന്നാം തീയതി വൈകിട്ടാണ് അറസ്റ്റ് ചെയ്യുന്നത്. അന്നു രാവിലെ കൂടി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. സാധാരണ സംസാരിക്കുന്നതു പോലെ തന്നെയാണ് അപ്പോഴും സംസാരിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആണ് വിവരം വിളിച്ചു പറയുന്നത്. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തെ അറിയാവുന്നവര്‍ക്ക് ചിന്തിക്കാന്‍ കൂടി പറ്റാത്ത കാര്യമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്." ബീന പറഞ്ഞു .

ഇതിനു മുന്‍പ് വില്‍സണെ മതപരമായ ഒരു പ്രശ്നത്തില്‍ കുരുക്കാനും ശ്രമം നടന്നിരുന്നു.

"മറ്റുള്ള അധ്യാപകരുടെ അലമാരകളില്‍ ബൈബിള്‍ വചനങ്ങള്‍ പ്രിന്റ്‌ എടുത്തു വച്ചു എന്നൊരാരോപണം അദേഹത്തിനു നേര്‍ക്കുയര്‍ന്നിരുന്നു.പക്ഷേ അദ്ദേഹം നിരപരാധിയാണ് എന്ന് പിന്നീടു തെളിഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരാളാണ് അത് ചെയ്തത്. പ്രൊഫഷണല്‍ ഈഗോ മൂലം ആ വ്യക്തി കാട്ടിയ നടപടി അദ്ദേഹത്തിന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള ശ്രമം നടന്നു. പ്രിന്‍സിപ്പാളും മറ്റു സഹപ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം നിന്നതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. ജോലി പോയാലും വേണ്ടില്ല അദേഹത്തെ ഡീപോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. നാട്ടിലെത്താമല്ലോ. ഇപ്പോള്‍ അദ്ദേഹം എന്തു കഷ്ടപ്പാടാണാവോ അനുഭവിക്കുന്നത്. വന്നവരുടെ പലരുടെയും അനുഭവങ്ങള്‍ കേട്ടിട്ടുള്ളതു കൊണ്ട് ഒരു സമാധാനമില്ല.”കണ്ണുനീരോടെ ബീന പറഞ്ഞു നിര്‍ത്തി.

ഹൈദരാബാദില്‍ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് ബീന. പറക്കമുറ്റാത്ത രണ്ടു മക്കള്‍. ഒരാണും ഒരു പെണ്ണും. അവര്‍ അവരുടെ പപ്പയെ നേരിട്ടു കണ്ടിട്ട് വര്‍ഷങ്ങളായി. ഒരു നോക്കു കാണാനായി അവരും കാത്തിരിക്കുകയാണ്.ജോഷി എന്ന മുന്‍ മാലിദ്വീപ്‌ അധ്യാപകന്‍ വില്‍സന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ നാട്ടിലുള്ള ജോഷി സഹോദരനായ സണ്ണി ജോസഫ് എംഎല്‍എ വഴി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വില്‍സന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കൂടി മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹം വഴി മാലി ദ്വീപിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടുകയും ചെയ്തു. പക്ഷേ എംബസ്സിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം അത്ര ആശാവഹമല്ലെന്നും കൂടുതല്‍ ശക്തമായ ഇടപെടല്‍ സംസ്ഥാനത്ത് നിന്നും ഉണ്ടാവണം, എന്നാലേ അവര്‍ വേഗത്തില്‍ നടപടി എടുക്കൂ എന്നുമാണ് ജോഷി പറയുന്നത്.

"ലോകത്തൊട്ടാകെയുള്ള ഇന്ത്യന്‍ എംബസ്സികളില്‍ വച്ച് അങ്ങേയറ്റം അരാജകത്വവും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഒന്നാണ് മാലി ദ്വീപിലെ എംബസ്സി. ഇന്ത്യക്കാരുടെ യാതൊരു ആവശ്യങ്ങള്‍ക്കും അവര്‍ ഉത്തരവാദിത്വത്തോടെ നടപടികള്‍ എടുക്കാറില്ല. സഹായം ചോദിച്ചു ചെന്ന ഒരു സ്ത്രീയോട് കൂടെ കിടക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സഹായിക്കാം എന്ന് പറഞ്ഞ ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്. ഇക്കാര്യത്തില്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും കാര്യമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെയാകും. എന്തെങ്കിലും നടക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടേണ്ടി വരും. ഇപ്പോള്‍ വില്‍സന്‍ മാഷിനെതിരെ നടന്ന ഈ സംഭവങ്ങള്‍ എല്ലാം വ്യക്തമായ കണക്കുകൂട്ടലുകളോടെ തന്നെയാണ് നടന്നത് . മാഷിനോട് വിരോധമുള്ള ആളുകള്‍ പോലീസ് സ്റ്റേഷനിലല്ല പരാതി കൊടുത്തിരിക്കുന്നത്. നേരിട്ട് കോടതിയിലാണ്. ഒരു കാരണവശാലും രക്ഷപ്പെടരുത് എന്ന ഉദ്ദേശ്യം ഇതിനു പിന്നിലുണ്ട്. കോടതി ഇടപെട്ടത് കാരണം ഇപ്പോള്‍ സ്കൂള്‍ അധികൃതര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്." ജോഷി പറഞ്ഞു.

മാലിദ്വീപില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചും മലയാളികള്‍ക്ക് നേരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ വരുന്നത് പുതുമയല്ല. വില്‍സന്‍റെ കാര്യത്തില്‍ നടന്നതും അത് തന്നെയാണ് എന്ന് മാലി ദ്വീപില്‍ തന്നെ അധ്യാപകരായ മോഹനന്‍ പിള്ളയും വിനേഷും പറയുന്നത്.

"പ്രധാനാധ്യാപകനോടൊപ്പം സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയാണ് മാഷ്‌ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഏകദേശം വൈകുന്നേരം മൂന്നു മണിയോടടുപ്പിച്ച്‌. ആദ്യം പോലീസ് പറഞ്ഞ കാരണം വില്‍സണ്‍ മയക്കുമരുന്ന് സൂക്ഷിക്കുന്നു, ഉപയോഗിക്കുന്നു എന്നാണ്. രണ്ടാമത് ആ ആരോപണം മാറ്റി റൂമില്‍ നിന്നും സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു എന്നാക്കി. ഇതിനൊക്കെ ശേഷമാണ് ഇപ്പോള്‍ നിലവിലുള്ള ലൈംഗിക ആരോപണം ഉയര്‍ത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാസമായി നിരീക്ഷണത്തിലാണ് എന്നാണ് ആദ്യം അവര്‍ അറിയിച്ചത്, അതും അവര്‍ മാറ്റിപ്പറഞ്ഞു. ആറു മാസമായി നിരീക്ഷണം എന്നായിരുന്നു അടുത്ത മറുപടി. ഇതില്‍ നിന്ന് തന്നെ ആരോപണത്തിലെ ഗൂഡാലോചന വ്യക്തമാവുന്നു."ഇതിനു മുന്‍പ് മാലി ദ്വീപില്‍ വ്യാജപരാതിയില്‍ ജയിലിലടക്കപ്പെട്ട ജയചന്ദ്രന്‍ മോകേരിക്കും സമാനമായ അനുഭവങ്ങള്‍ ആയിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്. റുബീനയ്ക്ക് നേരെ കൊലക്കുറ്റമായിരുന്നെങ്കില്‍ ജയചന്ദ്രന്‍ മാഷിനു നേരെ ലൈംഗിക ആരോപണമായിരുന്നു; രണ്ടും കെട്ടിച്ചമക്കപ്പെട്ടത്. റുബീനയ്ക്കെതിരെ ഹാജരാക്കാന്‍ തെളിവുകള്‍ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ക്ക് കോടതി വിധിച്ചത് 25വര്‍ഷത്തെ തടവുശിക്ഷ. സാഹിത്യകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി പറയുന്നത്, ഇത് മുഴുവന്‍ ഇന്ത്യക്കാരോടുമുള്ള മാലി ദ്വീപ്‌ ഭരണാധികാരികളുടെയും നാട്ടുകാരുടെയും സമീപനം ആണെന്നാണ്.

"ബറൂമിയ എന്നാണ് മാലിക്കാര്‍ നമ്മള്‍ ഇന്ത്യാക്കാരെ വിശേഷിപ്പിക്കുക. ദിവേഹി ഭാഷയില്‍ ആ വാക്കിനര്‍ത്ഥം ഒന്നിനും കൊള്ളാത്തത് എന്നാണ്. പക്ഷേ അവിടെയുള്ള അദ്ധ്യാപകരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പാകിസ്ഥാനികള്‍, ബംഗ്ലാദേശുകാര്‍ എന്നിവര്‍ ഉണ്ടെങ്കിലും അവരൊന്നും അധ്യാപനത്തില്‍ കാര്യമായി ഏര്‍പ്പെടുന്നില്ല. ഇന്ത്യയില്‍ നിന്നും പോകുന്ന അധ്യാപകരില്‍ നല്ലൊരു ശതമാനവും ഗതികേടുകള്‍ കൊണ്ടാണ് മാലി ദ്വീപ്‌ പോലെയുള്ള അന്യദേശങ്ങളിലേക്ക് പോകുന്നത്. അപമാനങ്ങള്‍ പലതും സഹിച്ചാണ് അവര്‍ അവിടെ നില്‍ക്കുന്നത്.” - ജയചന്ദ്രന്‍ മൊകേരി പറഞ്ഞു.

ബന്ധുക്കളും സുഹൃത്തുകളും വില്‍സണ്‍ മാഷിനെ എങ്ങനെയെങ്കിലും പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ജയചന്ദ്രന്‍ മാഷിനെയും റുബീനയെയും പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച റൈറ്റ്സ് ഓഫ് റിട്ടേണ്‍ എന്ന കൂട്ടായ്മയും ഇതിനു വേണ്ടി കഠിന പരിശ്രമത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെയും ഈ പോരാട്ടം ചൂടുപിടിക്കുകയാണ്.

മാലി ദ്വീപിലെ ഇന്ത്യാക്കാര്‍ക്കെതിരെ ഇത്തരം പ്രശ്നങ്ങള്‍ തുടര്‍ച്ചയായി വന്നതോടെ നിലവില്‍ അവിടെ പല മേഖലകളിലായി ജോലിയെടുക്കുന്ന ആയിരക്കണക്കിന് പേരുടെ ജീവിതത്തിനു മുകളില്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഇനിയാര് എന്ന ആശങ്കയില്‍ നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍ ഓരോരുത്തരും.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി )

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories