TopTop
Begin typing your search above and press return to search.

ആണ്‍ അരാഷ്ട്രീയതയുടെ ആഘോഷ രൂപങ്ങള്‍

ആണ്‍ അരാഷ്ട്രീയതയുടെ ആഘോഷ രൂപങ്ങള്‍

ശാലിനി പദ്മ

നിങ്ങള്‍ ജനിച്ചു ജീവിക്കുന്ന സമൂഹത്തെക്കാള്‍ മെച്ചപ്പെട്ട മനുഷ്യരായിരിക്കുക എന്നത് നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിയുന്നിടത്താണ് രാഷ്ട്രീയം ആരംഭിക്കുന്നത്. രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ സ്വാശ്രയ മാനെജ്‌മെന്റ് അടച്ചു കളയുന്നത് അത്തരം സാധ്യതകളുടെ ഒരു വലിയ വാതിലാണ്. സര്‍ക്കാര്‍ കോളേജുകളിലെ കാമ്പസ് എന്നത് മൊത്തം സമൂഹത്തിന്റെ സ്വഭാവവും ഉള്‍ക്കൊള്ളുന്ന ചെറിയ ഒരു ആവാസ വ്യവസ്ഥയാണ്. പലപ്പോഴും അവിടെ നിന്നാണ് സാമൂഹ്യ ജീവി എന്ന നിലയിലുള്ള അനുഭവ പാഠങ്ങള്‍ ആരംഭിക്കുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ എല്ലാസ്വഭാവ ദൂഷ്യങ്ങളുമുള്ള, അവ പ്രത്യക്ഷമായും പരോക്ഷമായും ആഘോഷിക്കപ്പെടുന്ന ഇടങ്ങളാണ് കാമ്പസുകളും.

സിനിമയും സമൂഹവും
ആഘോഷ സമയങ്ങളില്‍ കാമ്പസിന്റെ നിയന്ത്രണം ചില മണിക്കൂറുകള്‍ക്കെങ്കിലും ആണ്‍കുട്ടികളുടെ കൈയിലാണ്. ശക്തമായ യൂണിയന്‍ സംവിധാനങ്ങള്‍ നിലവിലുള്ള കാമ്പസുകളില്‍ ഭേദപ്പെട്ട രീതിയില്‍ സ്ത്രീ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മഹാഭൂരി പക്ഷം ഇടങ്ങളിലും സാരി / സെറ്റുമുണ്ട് /പട്ടു പാവാട ധരിച്ച പെണ്‍കുട്ടികള്‍ ആണ്‍ കുട്ടികളുടെ അര്‍മാദങ്ങള്‍ക്ക് സാക്ഷിയാവുന്ന കാഴ്ചക്കാരാണ്, മറ്റു ചില നേരങ്ങളില്‍ ആണ്‍ കുട്ടികളുടെ ചൂഴ്ന്നു നോട്ടങ്ങള്‍ക്ക് വിധേയരാവുന്ന കാഴ്ച വസ്തുക്കളും. അടുത്തടുത്ത് നടക്കുന്ന ഇന്റേണല്‍, എക്‌സറ്റേണല്‍ പരീക്ഷകളുടെ പിടിയില്‍ നിന്ന് അല്‍പ്പസമയത്തേയ്ക്കങ്കിലും പ്രൊഫഷണല്‍ കാമ്പസുകള്‍ മോചിതരാവുന്നത് ആണ്ടറുതികളുടെ സമയത്താണ്. അപ്പോള്‍ 'മെയില്‍ ബ്രാഞ്ച്' എന്ന ഖ്യാതിയുള്ള 'റോയല്‍ മെക്‌സും(ROYAL MEX) 'മറ്റു ബ്രാഞ്ചുകളിലെ വിദ്യാര്‍ഥി കാരണവന്‍മാരും, 'പുതിയ ആളായോണ്ടാ, ദാ, ഇവടെ ചോയ്ച്ചാ മതി' എന്ന മട്ടില്‍ തലങ്ങും വിലങ്ങും പായുന്നത് കാമ്പസില്‍ പുതിയ കാഴ്ചയല്ല .ഒന്നര/രണ്ടിന്റെ തരിപ്പിലാണ് നടപ്പ്. പൊങ്ങി പോവരുത്. പക്ഷെ കാലു നിലത്തു തൊടാനും പാടില്ല. ഭൂമിയില്‍ നിന്ന് രണ്ടിഞ്ചു പൊങ്ങി വേണം ഒഴുകാന്‍. പിന്നെ ചെണ്ട മേളം കൂടി ആവുമ്പോള്‍ 'ഇടഞ്ഞ കൊമ്പന്‍മ്മാര്‍ക്ക്' ആരെങ്കിലുമുണ്ടോ തോട്ടി കണ്ണില്‍ കുത്തി കേറ്റാന്‍???' എന്ന് കാമ്പസ് മുഴുവന്‍ നടന്നു ചോദിച്ചാലേ തൃപ്തി വരൂ. ആണ്‍ ഈഗോയെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍, സാഹിത്യം ഒക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മെക്കും(Mechanical Engineering) മോഹല്‍ലാലും തമ്മില്‍ ഒരു ജന്മ ബന്ധമുണ്ട്. സിനിമയില്‍ നിന്ന് ജീവിതത്തിലേയ്ക്കും തിരിച്ചും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്ന ഒരു പ്രക്രിയയാണ് ഈഗോയെ തൃപ്തിപ്പെടുത്തല്‍.അതിന്റെ ദൂഷ്യ വശങ്ങളനുഭവിക്കുന്നത് സ്ത്രീകള്‍ അടക്കമുള്ള ദുര്‍ബലര്‍ ആണെന്നുള്ളതാണ് ദുഖകരമായ വസ്തുത.സഹവര്‍തിത്വം, ജനാധിപത്യ ബോധം, ആണത്തം എന്നാല്‍ എന്താണ് എന്നുള്ളത്, ഇതൊന്നും സിനിമ പഠിപ്പിയ്ക്കുന്നില്ല .പഠിപ്പിയ്‌ക്കേണ്ട കാര്യവുമില്ല .അത് കൊണ്ട് തന്നെ അങ്ങനെ നോക്കിയാല്‍ സിനിമ ഒന്നിനും കാരണ ഹേതു ആവുന്നില്ല. എന്നാല്‍,സിനിമ എന്നത് സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു കലാരൂപമാണ് എന്ന് കരുതുന്നു എങ്കില്‍ ആണത്തത്തിന്റെ അനാര്‍ക്കിത ആഘോഷങ്ങള്‍ സിനിമയ്ക്കകതും പുറത്തും ഒഴിവാക്കേണ്ടതാണ്.കാമ്പസ് രാഷ്ട്രീയം
അരാഷ്ട്രീയത പ്രചരിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി രാഷ്ട്രീയം പറയുക എന്നതാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ അത് ചെയ്യുന്നുണ്ട്. സിഇടി യില്‍ അക്രമം കാണിച്ച ആളുകള്‍ എസ് എഫ്‌ഐക്കാര്‍ ആയിരുന്നു എന്ന് കേള്‍ക്കുന്നുണ്ട്. രാഷ്ട്രീയ ജീര്‍ണത കക്ഷിഭേദമില്ലാത്ത സത്യമാണെന്ന് മനസിലാക്കുമ്പോള്‍ തന്നെ എസ്എഫ്‌ഐ എന്ന സംഘടയുടെ പേര് കേള്‍ക്കുമ്പോഴേയ്ക്കും പെരുകുന്ന ചര്‍ച്ചകളുടെ ഉദ്ദേശശുദ്ധി തിരിച്ചറിയാവുന്നതാണ്. എന്താണ് കാമ്പസിലെ എസ് എഫ് ഐ ? രാഷ്ട്രീയം എപ്പോഴും പ്രായോഗികവും താത്വികവും ആയി വിഭജിക്കപ്പെട്ടിട്ടുണ്ട്. താത്വികമായി ശരിയായ കാര്യങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിച്ചു എന്ന് വരില്ല . ഉദാഹരണത്തിന് ജനാധിപത്യ ബോധം. പ്രതിപക്ഷ ബഹുമാനം പാലിക്കേണ്ടത് ആത്യാവശ്യമാണ്. എന്നാല്‍ പ്രായവും പരിചയവും ബാഹ്യമായ ഇടപെടലുകളും നിര്‍ണായക സ്വാധീന ഘടകങ്ങളാവുന്ന കാമ്പസ് രാഷ്ട്രീയത്തില്‍ സമചിത്തതയോടെ സംവാദം നടത്താന്‍ എപ്പോഴും സാധിച്ചു എന്ന് വരില്ല. എന്നാല്‍ എത്രത്തോളം പ്രായോഗികത ആവാം എന്നതാണ് ചോദ്യം. കാമ്പസിലെ എസ് എഫ് ഐ എന്നത് ഒരു കൂട്ടമാണ്. അതില്‍ രാഷ്ട്രീയ ശരികളെ ഉള്‍ക്കൊള്ളുന്നവരും അല്ലാത്തവരുമായ ആളുകളുണ്ട് 'നാട്ടില്‍ യൂത്താണ്, ഇവിടെ ഇടതും' എന്ന നിലയിലൊക്കെയുള്ള ധാരാളം പേരുണ്ടാവും .അധികാരപരവും സാമ്പത്തികപരവുമായ സ്വാധീനങ്ങളുടെ പേരില്‍ സംഘടന തന്നെ ചേര്‍ത്ത് പിടിയ്ക്കുന്ന ചിലര്‍, പ്രതിരോധത്തിന്റെ ഭാഗമായി കൂടെ നില്‍ക്കുന്ന വേറെ ചിലര്‍. അങ്ങിനെ പല തരംആളുകളുള്ള സ്ഥൂല രൂപമാണ് എസ് എഫ് ഐ. നടത്തിപ്പ് രാഷ്ട്രീയത്തിന്റെ ഒടിമറയലുകളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടി കാമ്പസില്‍ നിന്ന് കിട്ടുന്നുണ്ട്. എല്ലാം ചേര്‍ത്ത് അവസാനം രാഷ്ട്രീയം എന്നതിനെ കുറിച്ച് നിങ്ങള്‍ എന്ത് പഠിക്കുന്നു എന്ന് ചോദിച്ചാല്‍ 'എക്‌സ് എസ് എഫ് ഐ' എന്നതിലപ്പുറം രാഷ്ട്രീയ മനസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറെയൊന്നും മുന്നോട്ടു പോവാത ചുരുക്കം ചില ഇടതു പക്ഷ അനുഭാവികളെ അത് കേരളത്തിന് തരുന്നുണ്ട്. ഈ പ്രക്രിയയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ചെ ഗുവേരയ്ക്കപ്പുരം മനസ് വളരാത്ത (ഗുവേര ക്ഷമിക്കട്ടെ) വലിയൊരു വോട്ടു ബാങ്കാണ് കാമ്പസിലെ ഭൂരിപക്ഷ എസ് എഫ് ഐ ക്കാര്‍.മനുഷ്യര്‍ രണ്ടു തരത്തിലേ ഉള്ളൂ. ഉള്ളു മുറിയുന്ന മനുഷ്യരും, ഉള്ളു മുറിയാത്ത മനുഷ്യരും. ഉള്ളു മുറിയുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് ചരിത്രത്തിന് എന്നും വിളക്ക് കാണിച്ചിട്ടുള്ളത്. മനുഷ്യ പക്ഷത്തു നില്ക്കുന്ന, പൂര്‍ണമായും പ്രായോഗിക രാഷ്ട്രീയം വിഴുങ്ങി തീര്‍ത്തിട്ടില്ലാത്ത, വല്ലപ്പോഴും താത്വികത പൊടി തട്ടിയെടുക്കാന്‍ മനസുള്ള ഒരു ന്യൂനപക്ഷത്തോട് ഇരുട്ടില്‍ തപ്പുന്ന ചരിത്രം സഹായം ചോദിക്കുന്നുണ്ട്. അവരതു കേള്‍ക്കുന്നുവോ?

സജീവന്‍ എന്ന അദ്ധ്യാപകന്‍ ക്യാമ്പസ് രാഷ്ട്രീയ ശരി തെറ്റുകളെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് ചില പരാമര്‍ശങ്ങളുടെ പേരില്‍ ഹൈജാക്ക് ചെയ്യപ്പെട്ടു എന്നതോട് കൂടി, ആര്, എങ്ങിനെ മരിച്ചു എന്നതില്‍ നിന്ന് വഴുതി ചര്‍ച്ചകള്‍ മറ്റെവിടെയോ എത്തി നില്ക്കുന്നു.

ഇതല്ല ഓണം എന്ന തോന്നല്‍.

കറുത്ത ഷര്‍ട്ടും ചുവപ്പ്/കാവി/വെള്ള ഒഴികെയുള്ള മറ്റു നിറങ്ങളിലുള്ള മുണ്ടും ധരിച്ച് ആബാല വൃദ്ധം 'പുരുഷന്‍മാര്‍' ഓണം ആഘോഷിച്ചു കൊണ്ടിരിയ്ക്കുന്നു.

ഓണം എന്നോര്‍ക്കുമ്പോഴേ സെറ്റ് മുണ്ട് സെറ്റ് സാരി,ആണ്‍ കുട്ടികള്‍ക്ക് വെള്ള മുണ്ട്, വെള്ള ഷര്‍ട്ട്, തേച്ചു മിനുക്കിയ വിളക്ക്, നിറപറ അങ്ങനെ വെണ്മയുള്ള ബിംബങ്ങളാണ് മനസ്സില്‍ വരിക. വെണ്മ എന്നത് ശുദ്ധതയുടെ പ്രതീകാത്മകമാണ് എന്ന് പറയുമ്പോഴും, പ്രയോഗത്തില്‍ അത് സവര്‍ണ പൊതുബോധത്തിന്റെ സൃഷ്ടിയാണ്. ചുവപ്പും കറുപ്പും നിറങ്ങളുടെ കോമ്പിനേഷന്‍ സവര്‍ണ്ണ ബോധത്തിന്റെ പടിക്ക് പുറത്താണ് നില്‍ക്കാറ്. ഡ്രസ്സ് കോഡ്, അത് കലാലയങ്ങളിലും പുറത്തും സവര്‍ണ്ണ പൊതുബോധത്തിന്റെ സ്വാധീന ശക്തിയാല്‍ തീരുമാനിക്കപ്പെടുന്നതാണ്. അവയെ തള്ളിപ്പറഞ്ഞ് സമൂഹം ഒരു ബദലുമായി മുന്നോട്ടു വരുന്നു എന്നത് ഭംഗിയുള്ള ആശയമാണ്. അത്തരത്തില്‍ പൊതു സമൂഹം അടിസ്ഥാന വര്‍ഗ പ്രതീകങ്ങളെ ഉപയോഗിച്ച് കാണുന്നത് പോസിറ്റീവ് ആയ സംഗതിയാണ്. എന്നാല്‍ ബാഹ്യവും ഉപരിപ്ലവവുമായ ആശയമില്ലായ്മകളുടെ അന്ധമായ അനുകരണമാണിത് എന്നറിയാതെയാണ് അത് ചെയ്യുന്നത് എന്നതാണ് അസ്വസ്ഥതപ്പെടുത്തുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ കറുപ്പ് അസ്വീകാര്യമാണ് എന്നത് ഇതേ ഉപരിപ്ലവതയുടെ മറ്റൊരു വശം. അവരിപ്പോഴും വെണ്മയുടെ ലോകത്ത് അടങ്ങി ഒതുങ്ങി കഴിയുന്നുണ്ട്. ഒരു വിഭാഗത്തിന്റെ പൈതൃകം മായ്ച്ചു കളഞ്ഞ, തലമുറകളോളം അവരെ നുകം ചുമപ്പിച്ച, അവരുടെ അദ്ധ്വാനം കൊണ്ട് ഇലയിട്ട് ഓണമുണ്ട, അവര്‍ക്ക് മുറ്റത്തെ മണ്‍ കുഴികളില്‍ കഞ്ഞി ഒഴിച്ച് കൊടുത്ത, അവരുടെ പ്രതീകമായ ഒരാളെ ചവിട്ടിപ്പൂഴ്ത്തിയ മൂര്‍ത്തിയെ ആരാധി്ക്കുന്ന പൊതു ബോധത്തെ അതേപടി നമ്മള്‍ പിന്‍ പറ്റേണ്ടതില്ല എന്ന ബോധ്യം എന്നാണ് നമുക്കുണ്ടാവുക?

ഗ്രാമങ്ങള്‍ കയറിയിറങ്ങുമ്പോള്‍, ഓരോ പൂക്കളതിനടുതും വാമനന്‍ ഇരിക്കുന്നത് കാണുമ്പോള്‍, പൂണൂലും ഓലക്കുടയുമായി അപഹാസ്യമായ രൂപത്തില്‍ പ്രദര്‍ശന വസ്തുവായി തെരുവുവക്കിലിരിക്കുമ്പോള്‍, പ്രഹ്ലാദന്റെ പിന്മുറക്കാരനായ ആ ദയാലുവായ കുട്ടിയുടെ മനസ്സില്‍ എന്തായിരിക്കും?

ബലിഷ്ഠകായനായ, കറുത്ത, ശാന്ത ഗംഭീരനായ ബലിയെ ആനയിച്ച് കടും നിറങ്ങളില്‍ കുപ്പായമിട്ട് , മുണ്ടകന്‍ കൊയ്യുകയും വരമ്പ് മാടുകയും ചെയ്ത ഒരു തലമുറയെ ഓര്‍ത്ത് ഓണമാഘോഷിക്കുന്നത് ഒരു ഗംഭീര കാഴ്ചയാവും. അതിനു പ്രേരിപ്പിക്കുന്ന ഒരു സിനിമ, ഒരു കവിത, ഒരു രാഷ്ട്രീയം, ഒരു മുന്നേറ്റം, പൊതു സമൂഹം എന്നാണ് ഏറ്റെടുക്കുക?

(കെമിക്കല്‍ എഞ്ചിനീയറാണ് ശാലിനി പദ്മ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories