Top

ഞങ്ങളെ കള്ളന്മാരാക്കിയത് നിങ്ങളാണ് സർക്കാരേ; റേഷൻ കടക്കാര്‍ക്ക് പറയാനുള്ളതും കൂടി കേള്‍ക്കണം

ഞങ്ങളെ കള്ളന്മാരാക്കിയത് നിങ്ങളാണ് സർക്കാരേ; റേഷൻ കടക്കാര്‍ക്ക് പറയാനുള്ളതും കൂടി കേള്‍ക്കണം
"റേഷനരിയുടെ 25 ശതമാനം വരെ മറിച്ചുവിറ്റാണ് ഞങ്ങൾ ജീവിക്കുന്നത്. മന:പൂർവമല്ല. ഗതികേടുകൊണ്ടാണ്. ഒരു ക്വിന്റൽ റേഷനരി വിറ്റാൽ 90 രൂപയാണ് കമ്മീഷൻ. 50 ക്വിന്റൽ അരി വിൽക്കുന്ന റേഷൻ കടക്കാരന് മാസം കിട്ടുന്നത് 4500 രൂപ. അതും കിട്ടുന്നതാകട്ടെ, ഒരു വർഷം കഴിഞ്ഞ്. ഇതിൽ നിന്ന് കട വാടകയും സാധനം കടയിലെത്തിക്കുന്നതിനുള്ള ഗതാഗത ചെലവും ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലിയും കഴിഞ്ഞാൽ ഒന്നും മിച്ചമുണ്ടാവില്ല. അപ്പോൾ തിരിമറി നടത്താതെ എന്തു ചെയ്യാൻ? ഞങ്ങളെ കള്ളൻമാരാക്കിയതിൽ പ്രധാന പങ്ക് നിങ്ങൾക്കാണ് സർക്കാരേ. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാൻ നിങ്ങൾക്കാവില്ല"
തിരുവനന്തപുരത്തുകാരനായ യുവറേഷൻ വ്യാപാരി അരുണിന്റേതാണ് വാക്കുകൾ.

റേഷൻ സമ്പ്രദായം നിലവിൽ വന്ന കാലം മുതൽ തിരിമറിയും കരിഞ്ചന്തയുമുണ്ട്. തുച്ഛമായ കമ്മീഷൻ കൊണ്ടു മാത്രം ഒരു കടക്കാരനും ജീവിക്കാൻ കഴിയാത്തതു തന്നെ കാരണം. എപിഎൽ വിഭാഗത്തിൽപ്പെട്ട പകുതിയോളം ആളുകളും റേഷനരി വാങ്ങാറില്ല. മാസാവസാനമാകുമ്പോൾ ഈ അരി ചെലവഴിച്ചതായി രേഖയുണ്ടാക്കും. തുടർന്ന് 8.90 രൂപയ്ക്ക് ലഭിക്കുന്ന ഈ അരി ഇരട്ടി വിലയ്ക്ക് മറിച്ചുവിൽക്കും. പൊതുവിപണിയിൽ കിട്ടുന്ന സുരേഖ അരിയോട് സാമ്യമുണ്ട് റേഷനരിക്ക്. അതിനാൽ റേഷനരി വാങ്ങുന്ന കച്ചവടക്കാർ ഇരട്ടി വിലയ്ക്ക് ഇത് വിൽക്കുകയാണ് പതിവ്.

റേഷൻ വ്യാപാരികൾ അരി മറിച്ചുവിൽക്കുന്ന കാര്യം ഉദ്യോഗസ്ഥർക്കുമറിയാം. ഇതിനെതിരെ നടപടിയെടുക്കാത്തതിന് അവർക്കും മാസം കിമ്പളമുണ്ട്. ഓരോ റേഷൻ വ്യാപാരിയിൽ നിന്ന് 500 രൂപ മുതൽ 1500 രൂപ വരെ ഇത്തരത്തിൽ ഉദ്യോഗസ്ഥർ കിമ്പളമായി വാങ്ങുന്നുണ്ട്. ഇതിൽ ഒരു പങ്ക് ഭരണത്തിലിരിക്കുന്ന പാർട്ടികള്‍ക്കുമെത്തുന്നുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. അതുകൊണ്ടു തന്നെ ഒരു റേഷൻ വ്യാപാരിക്കുമെതിരെയും നടപടി എടുക്കാറില്ലെന്നതാണ് സത്യം.

തട്ടിപ്പ് നടത്താൻ കെൽപ്പില്ലാത്ത റേഷൻ വ്യാപാരികളുമുണ്ട് കേരളത്തിൽ. അവർ തങ്ങളുടെ റേഷൻ കട വാടകയ്ക്ക് നൽകുകയാണ് പതിവ്. നിശ്ചിത തുക മാസം നൽകിയാൽ മതിയെന്ന വ്യവസ്ഥയിലാണിത്.കട വാടകയ്ക്കെടുക്കുന്നവർ തിരിമറി നടത്തി വൻ തുക കൈക്കലാക്കുകയും ചെയ്യും.

കേരളത്തിലെ റേഷൻ പ്രശ്നം പഠിക്കാനായി കേന്ദ്രം നിയോഗിച്ച ജസ്റ്റിസ് വാധ്വാ കമ്മീഷനും ഭക്ഷ്യധാന്യങ്ങളുടെ ഏറിയ പങ്കും കരിഞ്ചന്തയിലെത്തുന്നതായി കണ്ടത്തിയിരുന്നു. റേഷൻ വ്യാപാരികൾക്ക് മാന്യമായ വേതനം നൽകിയാലേ ഇത് തടയാനാകുകയുള്ളൂവെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. തുടർന്ന് പഠനം നടത്തിയ നിവേദിത പി.ഹരൻ കമ്മീഷനും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമായിരുന്നു. എന്നിട്ടും വേതനക്കാര്യത്തിൽ സർക്കാർ നടപടിയുണ്ടായില്ല.

ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷൻ മേഖലയിൽ ഏപ്രിൽ മുതൽ കമ്പ്യൂട്ടർവത്കരണം വരികയാണ്. ഇതോടെ റേഷൻ തിരിമറികൾ നിലയ്ക്കും. നിലവിലുള്ള കമ്മീഷൻ കൊണ്ടു മാത്രം ജീവിക്കാൻ റേഷൻ കടക്കാർക്ക് കഴിയില്ല. അതിനാൽ മാസം വേതനം നൽകണമെന്നാണ് എല്ലാ റേഷൻ കടക്കാരുടെയും ആവശ്യം. ഇക്കാര്യം അവർ സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിൽ തിരിമറി നടത്താനുണ്ടായ സാഹചര്യങ്ങൾ അവർ അക്കമിട്ട് നിരത്തുന്നുണ്ട്. പക്ഷേ, കമ്മീഷൻ വ്യവസ്ഥയുമായി മുന്നോട്ടു നീങ്ങാനാണ് സർക്കാർ നീക്കം. ഈ വിഷയത്തിൽ 18-ന് അന്തിമ തീരുമാനമുണ്ടാകും.

റേഷൻ വ്യാപാരികൾക്ക് വേതനം നൽകുന്നതിൽ നിന്ന് സർക്കാറിനെ പിന്തിരിപ്പിക്കുന്നത് ഉദ്യോഗസ്ഥരാണ്. കമ്മീഷൻ വ്യവസ്ഥ ഇല്ലാതായാൽ അവരുടെ കൈക്കൂലി നിലയ്ക്കും. അതിനാൽ, പാവപ്പെട്ടവർക്ക് കൃത്യമായി റേഷൻ കിട്ടാൻ സർക്കാർ നടപടികളാണ് ആവശ്യം.


(മാധ്യമപ്രവര്‍ത്തകന്‍ ആണു ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories