TopTop
Begin typing your search above and press return to search.

മമ്മൂട്ടി, നിങ്ങള്‍ ചെയ്തതാണ് ശരി; ഒരു ബിഗ് സല്യൂട്ട്

മമ്മൂട്ടി, നിങ്ങള്‍ ചെയ്തതാണ് ശരി; ഒരു ബിഗ് സല്യൂട്ട്

നിരന്തരം ഒരു കാര്യം ചെയ്യുമ്പോള്‍ സ്വായത്തമാകുന്ന ഒന്നാണ് അറിവ് . 'മൈ ട്രീ ചലഞ്ച്' എന്നൊരു മരം നടല്‍ പദ്ധതി ആസൂത്രണം ചെയ്ത മനുഷ്യനാണ് മമ്മൂട്ടി. മരം നടാന്‍ ഒരാള്‍ പത്ത് പ്രാവിശ്യം ശ്രമിച്ചാല്‍ അയാള്‍ക്ക് ഒത്തിരി അറിവുകള്‍ കിട്ടും. എവിടെ എന്ത് മരം വേണം എന്നൊക്കെ കിട്ടുന്ന അറിവ് ഏറ്റവും പ്രാഥമികമായ ഒന്നാണ്. അത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടാവും. ഇവിടെ വിവാദമുണ്ടാക്കുന്ന വ്യവസായികള്‍ക്ക് അറിയാത്തതും അതാണ്. ഒരു സ്‌കൂളിനകത്ത് എന്ത് മരമാണ് നടേണ്ടത് എന്നത് സാമാന്യയുക്തിയുള്ള ആര്‍ക്കും അറിയാവുന്ന ചിലകാര്യങ്ങള്‍ ആണ്. അതിലുപരി സ്‌കൂളില്‍ പത്ത് പ്രാവിശ്യം മരം നടാന്‍ പോയില്ലെങ്കിലും പത്ത് പ്രാവിശ്യം മരം നടീപ്പിച്ച ഒരാള്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാവും.

കഴിഞ്ഞ ദിവസം ഗ്രീന്‍ ബിനാലെയുടെ ഭാഗമായി എന്റെ സ്‌നേഹിതനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരനും സംവിധായകന്‍ പ്രതാപ് ജോസഫും വന്നിരുന്നു. മരം നടാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത് ചെറിയ മരക്കൂട്ടം തന്നെയായിരുന്നു. ഇത്രയും മരങ്ങള്‍ ഉള്ള ഒരു സ്ഥലത്ത് നമ്മള്‍ വീണ്ടും രണ്ട് മരങ്ങള്‍ നടുന്നത് ശരിയല്ല എന്ന് എന്നോട് സനല്‍ സ്വകാര്യമായ് പറഞ്ഞു. ഒപ്പം പ്രതാപ് ജോസഫ് പറഞ്ഞത് ഒരു കാടിനകത്ത് രണ്ട് മരങ്ങള്‍ കൂടി അധികം വരുന്നത് വളരെ നല്ലതാണ് എന്നാണ്. ഈ രണ്ട് അഭിപ്രായങ്ങളും തുല്യ പരിഗണനയോടെ എടുക്കുന്നു. എടുത്തെ പറ്റു. കേരളത്തിന്റെ എല്ലാ ഭാഗത്തും 'ഗ്രീന്‍ വെയിന്‍' എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനായ എനിക്ക് ദിവസവും കിട്ടുന്ന പുതിയ പുതിയ അറിവുകള്‍, പ്രതിസന്ധികള്‍, പ്രതികരണങ്ങള്‍ എന്നിവ വെച്ച് നോക്കുമ്പോള്‍ മമ്മൂട്ടിക്ക് നിശ്ചയമായും അതിന്റെ പത്തിരട്ടി കിട്ടുന്നുണ്ടെന്നാണ് ഞാന്‍ ഊഹിക്കുന്നത്.
ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് മരം നടാന്‍ കൊടുക്കുമ്പോള്‍ എന്തു വേണം എന്ന കൃത്യമായ നിശ്ചയം അദ്ദേഹത്തിനുണ്ട്. അതില്ലാത്തവരാണ് ആ പരിപാടി നടത്തിയത്. സത്യം തുറന്ന് പറഞ്ഞത് ഒരു പക്ഷെ മോശമാക്കി എളുപ്പത്തില്‍ ചിത്രീകരിക്കും. എന്തിലും വിവാദം കണ്ടെത്തുന്ന മാധ്യമങ്ങള്‍ അനാവിശ്യ കാര്യങ്ങള്‍ കുത്തിപൊക്കി അതിനെ നീട്ടിവലിച്ച് കൊണ്ട് പോകും; അതവരുടെ അന്നമാണ്. ഒപ്പം വര്‍ഗ്ഗീയവാദികള്‍ അതില്‍ വര്‍ഗ്ഗീയതയും കണ്ടെത്തും. സത്യം ഇത് രണ്ടുമല്ല. സംഘാടകര്‍ അതൊരുക്കുമെന്ന് ന്യായമായും അദ്ദേഹത്തിന് പ്രതീക്ഷിക്കാം. അത് നടക്കാതെ വരുമ്പോള്‍ തന്റെ വിലപ്പെട്ട സമയം ഒരു തരികിട പരിപാടിക്ക് വേണ്ടി ചിലവഴിക്കുന്നത് കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവുള്ളൊരാളു തന്നെയാണ്.

മമ്മൂട്ടിയുടെ ഒപ്പം നിന്ന് ഫോട്ടോ കിട്ടും എന്ന് മോഹിച്ച് നില്‍ക്കുന്ന സംഘാടകരെ കളിയാക്കുന്നത് ആദ്യമായിട്ടല്ല. ഗള്‍ഫിലെ ഒരു പരിപാടിയില്‍ 'ആരാണീ സ്‌റ്റേജില്‍ എന്റെ സംരക്ഷകരായ് നില്‍ക്കുന്നതൊന്നും എനിക്കറിയില്ല. ഇവരെന്തിനാണ് ഇവിടെ കേറി നില്ക്കുന്നതെന്നും എനിക്കറിയില്ല. എനിക്ക് ഇവരെക്കാള്‍ വിശ്വാസവും സംരക്ഷണവും നിങ്ങളാണെന്ന് വേദിയിലെ സംരക്ഷകരായ് ഭാവിച്ച എല്ലാ കോട്ടും സൂട്ടും ഇട്ട മാന്യ ദേഹങ്ങളെ വിമര്‍ശിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത ഒരാളാണ് അദ്ദേഹം. ഉറച്ച നിലപാടുകള്‍ ഉള്ളവരെ മഹാമോശമാക്കികാണിക്കുന്ന പ്രവണത കുറയും എന്ന് പ്രതീക്ഷിക്കാം. ഔചിത്യം എല്ലായിടത്തും കാണിക്കേണ്ടതില്ല; പ്രത്യേകിച്ചും തരികിട പരിപാടിയാണെന്ന് ബോധ്യം വന്നാല്‍.

ഇനി നിങ്ങള്‍ സ്വതന്ത്രമായി ചിന്തിക്കുക സ്‌കൂള്‍ അങ്കണത്തില്‍ അരയാലും അശോകവും ആണോ വേണ്ടത് അതോ വാകയും ആര്യവേപ്പും മറ്റ് ഫലവൃക്ഷങ്ങളും ഛായ വൃക്ഷങ്ങളുമോ? സംഘാടകര്‍ തയ്യാറാക്കി വെച്ചത് അശോകം ആയിരുന്നു. അത് സ്‌കൂളില്‍ നടേണ്ട എന്നു പറഞ്ഞപ്പോള്‍, തിരക്കില്‍ അടുത്തിരുന്ന ഒരെണ്ണം പറിച്ച് കൊടുത്തു. അത് നട്ട ശേഷമാണ് അദ്ദേഹം അതിനെതിരെ പ്രതികരിച്ചത് എന്തായാലും അദ്ദേഹം മനസ്സില്‍ നന്മയുള്ളൊരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് അത് തുറന്നു പ്രകടിപ്പിച്ചത്.ഒപ്പം നിന്ന നമ്മുടെ നാട്ടിലെ ആ നേതാക്കന്മാരാരെങ്കിലും ആയിരുന്നെങ്കില്‍ ഒരക്ഷരം മിണ്ടാതെ ആ ചടങ്ങ് ചെയ്ത് പുകഴ്ത്തിപ്പറഞ്ഞ് സ്ഥലം വിടും. കാരണം അവര്‍ക്ക് അത്രമാത്രമെയുള്ളൂ പ്രകൃതിയോടും ചെയ്യുന്ന പണിയോടും കൂറ്. എന്തായാലും ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക, നമ്മുടെ സ്‌കൂളുകളില്‍ നിന്ന് സ്ഥിരമായി മഹാഗണിയും തൂക്കിപോയ ഒരു വംശപരമ്പരയില്‍ പെട്ട കുഞ്ഞുങ്ങളാണ് നമ്മളെല്ലാം. എന്നിട്ടെന്തുണ്ടായ്? ആ മരം നമ്മുടെ നാട്ടില്‍ എന്ത് പരിവര്‍ത്തനം ഉണ്ടാക്കി?

ഒരു ലക്ഷം മരം നടല്‍ പ്രൊജക്ടില്‍ നട്ടതില്‍ അന്‍പത് മരമെങ്കിലും വളരണമെങ്കില്‍ അത് എന്തായിരിക്കണം എന്ന തിരിച്ചറിവുള്ള ഒരാളെ കണ്ടതിനാലും അതിനായ് അദ്ദേഹം ഉച്ചത്തില്‍ ശബ്ദിച്ചതിനാലും മമ്മൂട്ടി, നിങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്! കാരണം നിങ്ങള്‍ ജനിച്ചത് എന്തിനെയും വക്രീകരിച്ച് കാണിക്കുന്ന ഒരു ജനതയുടെ മണ്ണിലാണ്. ഈ പ്രവൃത്തി തുടര്‍ന്ന് കൊണ്ടിരിക്കാന്‍ ആശംസിക്കുന്നു.


Next Story

Related Stories