TopTop

കാനായിയും ടി എസ് തിരുമുമ്പും മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍

കാനായിയും ടി എസ് തിരുമുമ്പും മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍

മാങ്ങാട് രത്നാകരന്‍

കാനായി കുഞ്ഞിരാമന്‍
കാനായി പയ്യന്നൂരിനടുത്തുള്ള ഒരു ഗ്രാമമാണ്. കാനായി കുഞ്ഞിരാമന്റെ പൂര്‍വ്വികര്‍ കാനായി വിട്ട് ചെറുവത്തൂര്‍ കുട്ടമത്ത് ഗ്രാമത്തില്‍ താമസമുറപ്പിച്ചപ്പോഴും കാനായി എന്ന പേര് കൂടെ കൊണ്ടുവന്നു. കാനായി കുഞ്ഞിരാമന്‍ പിറന്ന വീടും വളര്‍ന്ന നാടും കാണാന്‍ ചെറുവത്തൂരിലെത്തുമ്പോള്‍ കാനായിയുടെ സഹോദരന്‍ കാനായി ഗംഗാധരന്‍ കാത്തിരിപ്പുണ്ടായിരുന്നു. കാനായി പിറന്ന വീട്ടിലേക്ക് അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാണെകാണെ കാണാതായിക്കൊണ്ടിരിക്കുന്ന നെല്‍വയലുകളുടെ കരയിലാണ് കാനായി ജനിച്ച വീട്. തകര്‍ന്നുകിടക്കുന്ന ചുമരുകളുടെ കുമ്മായ പാളികളില്‍ കുട്ടിക്കാലത്ത് അദ്ദേഹം കരികൊണ്ട് കോറിയിട്ട ചിത്രങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകണം.

കാനായി ഗംഗാധരന്‍ (സഹോദരന്‍): എല്ലാവര്‍ക്കും കലയുടെ ചെറിയ അഭിരുചിയുണ്ട്. കാനായിയേട്ടന്‍ എന്നാണ് വിളിക്കുക. ഏട്ടനോട് എല്ലാര്‍ക്കും താല്‍പ്പര്യമാണ്. അതുപോലെ തന്നെ ഏട്ടന് എല്ലാരോടും. കലയില്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാം മറക്കും.. മറ്റൊരു കാര്യത്തിലും ശ്രദ്ധയുണ്ടാകില്ല.

ചെറുവത്തൂരിന്റെ വശ്യമായ ഭൂപ്രകൃതി ആസ്വദിച്ച് കാനായി കുഞ്ഞിരാമന്‍ വരച്ചയിടത്തേക്കും ഗംഗാധരന്‍ ഞങ്ങളെ കൊണ്ടുപോയി. തൊട്ടടുത്തുള്ള തിമിരിയിലെ കണ്ണാടിപ്പാറ മുത്തപ്പന്‍ പടിപ്പുരയില്‍ മുത്തപ്പന്‍ തെയ്യം ഒരുങ്ങിയിട്ടുണ്ടായിരുന്നു. സര്‍വ്വത്ര മുത്തപ്പന്‍ മയം. ക്ഷേത്രത്തിന് മുന്നില്‍ ഒതുക്കിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പേരും മുത്തപ്പന്‍.

കുട്ടമത്ത് ഗ്രാമത്തില്‍ 1937-ലാണ് കാനായി കുഞ്ഞിരാമന്‍ ജനിച്ചത്, ഒരു കര്‍ഷക കുടുംബത്തില്‍. തെയ്യത്തിന്റെയും പൂരക്കളിയുടെയും നാട്ടില്‍ ആ അനുഷ്ടാനകലകളായിരുന്നു കാനായിയുടെ മനസ്സില്‍ പതിഞ്ഞ ചിത്രവും ശില്‍പ്പവും. കാനായി ഗ്രാമവും ദേശവും കവിഞ്ഞ് വളരുകയായിരുന്നു. പേരും പെരുമയും കടല്‍ കടക്കുകയായിരുന്നു.

മുക്കാല്‍ നൂറ്റാണ്ടിന്റെ ചെറുപ്പത്തില്‍ കാനായി കുഞ്ഞിരാമന് തിരക്കോട് തിരക്ക്. കോട്ടയം പബ്ലിക്ക് ലൈബ്രറിയ്ക്ക് വേണ്ടി ഒരു ശില്‍പ്പം ഒരുങ്ങുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ സ്റ്റുഡിയോയില്‍ ഒരേ സമയം പല പല ശില്‍പ്പങ്ങളില്‍ പണിയെടുക്കുന്നു, കവിതയെഴുതുന്നു. പൂജപ്പുരയിലെ സ്റ്റുഡിയോയില്‍ വച്ച് അദ്ദേഹം സംസാരിച്ചു. തന്റെ കലാജീവിതത്തെപ്പറ്റി.കാനായി കുഞ്ഞിരാമന്‍: ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എനിക്ക് ചിത്രം വരയ്ക്കുന്നതില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. ചുമരിലൊക്കെ കരിക്കട്ടവച്ച് വരച്ചാല്‍ അച്ചന്‍റേന്ന് അടി കിട്ടും, അടിയെന്നു പറഞ്ഞാല്‍ പൊതിരെ അടികിട്ടും. അത് കലയോടുള്ള വെറുപ്പുകൊണ്ടാണ്, അല്ലാതെ ചുമര് ചീത്തയാക്കിയതുകൊണ്ടല്ല. കലാകാരനാവാന്‍ പാടില്ല.. അതേ സമയം അമ്മാവന്‍ കുട്ടമത്ത് അപ്പുമാഷ്, മാഷായിരുന്നു..... അദ്ദേഹം ഇതിലൊക്കെ താല്‍പ്പര്യമുള്ളയാളായിരുന്നു. എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് അപ്പുമാഷാണ്. ഒരിക്കല്‍ ഞാന്‍ വരയ്ക്കുന്നതുകണ്ടിട്ട്, അദ്ദേഹം രവിവര്‍മ്മയുടെ ലക്ഷ്മിയുടെ ഒരു പെയിന്റിംഗ് കൊണ്ടുവന്നു തന്നു. നിനക്ക് ഇതുപോലെ വരയ്ക്കാന്‍ പറ്റുമോ? ഞാന്‍ അതുനോക്കിയിട്ട് ചോക്കുകൊണ്ട് അതേ പോലെ വരച്ചു. അത് അമ്മാവന് ഭയങ്കര ഇഷ്ടമായി. തീരെ പ്രതീക്ഷിക്കാത്ത രീതിയില്‍ അദ്ദേഹം പിന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ഈ രംഗത്ത് വരുന്നത്. എനിക്കു തോന്നുന്നു നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ്. രണ്ടു ഭാഗവും കുന്നാണ്. അതിന്റെ ഒരു സ്വാധീനം, നാട്ടിന്റെ ഒരു സ്വാധീനം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആ ഒരു സംസ്‌കാരം ഇതുവരെ മാഞ്ഞിട്ടില്ല.

തെയ്യവും തിറയും ഉള്‍പ്പെടെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടതിന്റെയെല്ലാം ദൃശ്യ ഓര്‍മ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കാരണം കാണുന്നതെല്ലാം ഈ രീതിയില്‍ തന്നെ കാണാന്‍ ശീലിച്ചതോണ്ട്.. പിന്നെ അന്ന് വലിയ മുടി തെയ്യം എന്നു പറഞ്ഞാല് വലിയ പ്രതിമപോലെയാണ്... ചിത്രം പോലെയല്ലല്ലോ.. അത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മദ്രാസിലെല്ലാം പഠിക്കാന്‍ പോയപ്പോഴും ഇപ്പോഴുമതിന്റെ സ്വാധീനമുണ്ട്.

ഞാന്‍ ഒന്നിനും കൊള്ളാത്തവനാണെന്നൊരു അപകര്‍ഷതാബോധം ഉണ്ടായിരുന്നു. പഠിക്കാന്‍ കൊള്ളില്ല. ഒന്നിനും കൊള്ളില്ല. കാലിമേച്ച് നടക്കും. കൃഷിപ്പണി മുക്കാലും ചെയ്യും. അമ്മ വീട്ടിലില്ല. അമ്മ പിണങ്ങിപ്പോയതുകൊണ്ട് അച്ഛന്റെ വീട്ടിലാണ് താമസം. അതുകൊണ്ട് അവിടെ എല്ലാ പണിയും ചെയ്യണം. വീട്ടുപണി ചെയ്യണം. പാടത്തെയെല്ലാ പണിയും ചെയ്യണം. അപ്പോള്‍ രാവിലെ അഞ്ച് മണിക്ക് കാലിപൂട്ടാന്‍ പോകുമ്പോള്‍ പണിക്കാരുടെ കൂടെ ഞാനും പോകും. കൃഷിപ്പണിയൊക്കെ ചെയ്യും... അന്ന് വലിയ വിഷമമുണ്ടായിരുന്നെങ്കിലും ഇന്ന് അത് ഭയങ്കര അനുഗ്രഹമായിട്ടു തോന്നുന്നു. ഇപ്പോള്‍ അത് വലിയൊരു പാഠമാണ് ജീവിതത്തിലെ.എസ്.എസ്.എല്‍.സി. പാസായി.. അച്ഛന്‍ പറഞ്ഞു അഡ്വക്കേറ്റ് ആകണം... എഞ്ചിനീയര്‍ എന്നൊക്കെ പറഞ്ഞു. എനിക്ക് സാധിക്കില്ല, കാരണം എസ്.എസ്.എല്‍.സി. തന്നെ എങ്ങനെയോ ഭാഗ്യത്തിന് പാസായതാണ്. മഹാഭാഗ്യമായിരുന്നു. പഠിക്കുന്നതില്‍ മഹാമോശമായിരുന്നു. ആകെയുള്ള ഒരു താല്‍പ്പര്യം ഇത് മാത്രമേയുള്ളു. അന്നും ഇന്നും. ശാന്തിനികേതനില്‍ പഠിക്കണമെന്നാണ് ആഗ്രഹമുണ്ടായിരുന്നത്.. സാമ്പത്തിക സ്ഥിതിയില്ലാത്തോണ്ട്... വീട്ടില്‍ നിന്നും പത്തു പൈസ തരില്ല... അമ്മാവന്റെ ഒരു സുഹൃത്തിനോടൊപ്പം മദ്രാസിലേക്ക് നാടുവിട്ടുപോവുകയായിരുന്നു. മദ്രാസിലെ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍. അന്ന് കെ.സി.എസ്. പണിക്കരായിരുന്നു പ്രിന്‍സിപ്പാള്‍. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് എനിക്കവിടെ അഡ്മിഷന്‍ കിട്ടി.

ബെസ്റ്റ് ഓഫ് അഴിമുഖം


കരിവെള്ളൂരിന്റെ വിപ്ലവ മണ്ണിലൂടെ മാങ്ങാട് രത്നാകരന്‍റെ യാത്ര
നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ
ഗുണ്ടല്‍പേട്ട: പൂപ്പാടങ്ങള്‍ കടന്ന് നക്ഷത്രവേശ്യാലയങ്ങളിലേക്ക്
ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി
കുടജാദ്രിയുടെ നിറങ്ങള്‍അമ്പത്തഞ്ചിലോ അമ്പത്താറിലോ ആണെന്നു തോന്നുന്നു. എറണാകുളത്തെ ഒരു സമ്മേളനം കഴിഞ്ഞ് മംഗലാപുരത്തെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ നെഹ്‌റു പോവുകയായിരുന്നു. അന്ന് തീവണ്ടി പുകവണ്ടിയായിരുന്നല്ലോ. എല്ലാ സ്റ്റോപ്പിലും നിര്‍ത്തും. ചെറുവത്തൂര്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ആ കമ്പാര്‍ട്ട്‌മെന്റിന്റെ നേരെ മുമ്പിലുള്ളത് ഒരു തുണിക്കച്ചവടക്കാരന്റെ ഷോപ്പാണ്. കടക്കാരന്‍ ആവശ്യപ്പെട്ടിട്ട് നെഹ്‌റുവിന്റെ ഒരു അഞ്ചടിക്ക് മേലേ ഉയരമുള്ള ലൈഫ് സൈസില്‍ ഒരു കട്ടൗട്ട് ചിത്രം ഞാന്‍ വരച്ചിരുന്നു. അത് ആവശ്യം കഴിഞ്ഞതിനുശേഷം ഷോപ്പിന്റെ മുന്നില്‍ ഒരു പീഠത്തിനുമുകളില്‍ വച്ചിട്ടുണ്ടായിരുന്നു. അത് നാട്ടുകാര്‍ക്കൊക്കെ വലിയൊരാകര്‍ഷണമായിരുന്നു. അപ്പോള്‍ നെഹ്‌റുവിന്റെ കമ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ തന്നെയായിരുന്നു ഈ കട്ടൗട്ട്. നെഹ്‌റു ഈ കട്ടൗട്ട് കണ്ടിട്ടോ എന്തോ ഇറങ്ങിവന്നു. നെഹ്‌റു വരുന്നെന്ന് പറഞ്ഞ് ജനങ്ങളെല്ലാം കാത്തുനിന്നു.നെഹ്‌റു നടന്നുവന്ന് ആ കട്ടൗട്ടിന് മുന്നില്‍ നിന്നു. നെഹ്‌റു നെഹ്‌റുവിനെ കാണുന്നുവെന്ന് പറഞ്ഞ് വലിയ വാര്‍ത്തയായിരുന്നു. അത് എനിക്ക് സത്യം പറഞ്ഞാല്‍ വലിയ ആവേശമായിരുന്നു. അച്ഛനോട് പലരും പറഞ്ഞു. നെഹ്‌റുവരെ വന്ന് കണ്ടില്ലേയെന്ന്.. അതിന് ഞാനെന്താവേണ്ടത് ഇവിടെ കലാകാരന്റെ ആവശ്യമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. മദ്രാസില്‍ പോയി ശില്‍പ്പം പഠിച്ചു.. പിന്നെ അവിടെ നിന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പ് കിട്ടി. ലണ്ടനിലെ പാലസ് സ്‌കോളര്‍ഷിപ്പ്...ലണ്ടനില്‍ എന്റെ പ്രൊഫസര്‍ തന്നെ റിഗ് ബട്ടര്‍ എന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനാവാന്‍ പറ്റിയത് തന്നെ ഒരു മഹാഭാഗ്യമാണ്.

യക്ഷി... ഒരു പുതുമയല്ലേ.. അത് വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ക്ഷേത്രങ്ങളിലൊക്കെ ധാരാളം ശില്‍പ്പം കണ്ടിട്ടുള്ളവര്‍ക്ക് യക്ഷി ഒരു പുതുമയല്ല. ക്ഷേത്രത്തില്‍ രഹസ്യമായി കാണേണ്ട ഒരു ശില്‍പ്പത്തെ പരസ്യമായിട്ട് ഒരു പാര്‍ക്കില്‍ കൊണ്ടുവച്ചതിന്റെ കുഴപ്പമാണ്. മുക്കോല പെരുമാള്‍ അതിനുശേഷം ചെയ്ത ഒരു ശില്‍പ്പമാണ്. അത് ബോധപൂര്‍വ്വം ചെയ്ത ഒരു മോഡേണ്‍ ശില്‍പ്പമാണ്. അന്നും ഇന്ത്യയില്‍ തന്നെ പബ്ലിക്കില് ഇത്രയും വലിയൊരു മോഡേണ്‍ ശില്‍പ്പം ഇല്ല. ശംഖുമുഖത്ത് ഒരു ശില്‍പ്പം ചെയ്യണമെന്ന് സര്‍ക്കാര്‍ പരിപാടിയിട്ടുണ്ട്. അങ്ങനെയാണ് സാഗരകന്യക... കടലുമായിട്ട് ബന്ധമുള്ള ഒരു ശില്‍പ്പമാണത്.പൂജപ്പുരയില്‍ കാനായിയുടെ സ്വീകരണമുറിയില്‍ ചിത്രശില്‍പ്പകലകളെക്കുറിച്ചുള്ള വലിയ ഗ്രന്ഥശേഖരം. ചെസേനും റൊഥാങ്ങും മൂറും അതില്‍ വിശ്രമിക്കുന്നു. ഒരു പുസ്തക അലമാരയുടെ മുകളില്‍ രാജാരവിവര്‍മ്മ പുരസ്‌കാരം തിളക്കത്തോടെ നില്‍ക്കുന്നു. കാനായി തന്നെ രൂപകല്‍പ്പന ചെയ്ത പുരസ്‌കാര ശില്‍പ്പമാണിതെന്ന വിശേഷണം കൂടിയുണ്ട്.

ടി.എസ്. തിരുമുമ്പ്
താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യം തിരുമുമ്പ് എന്ന ടി.എസ്. തിരുമുമ്പ് വടക്കേ മലബാറിലെ ദേശിയ പ്രസ്ഥാനത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും തിളങ്ങിനില്‍ക്കുന്ന പേരാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് 'പാടുന്ന പടവാള്‍' എന്ന് വിശേഷിപ്പിച്ച തിരുമുമ്പ് വിപ്ലവനായകനായിരുന്നപ്പോള്‍ തന്നെ കവിയും ഗായകനുമായിരുന്നു. യൗവ്വനത്തിലേക്ക് മുതിരും മുമ്പ് തിരുമുമ്പ് ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1928 ല്‍ പയ്യന്നൂരില്‍ നടന്ന നാലാം സംസ്ഥാന സമ്മേളനത്തില്‍ വാളണ്ടിയറായി തിളച്ചുമറിഞ്ഞ രാഷ്ട്രീയത്തില്‍ മുങ്ങിക്കുളിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക്. 1948-ലെ സി.പി.ഐ. രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്നത്തെ കാസര്‍ഗോഡ് താലൂക്കില്‍ നിന്നുള്ള രണ്ടു പ്രതിനിധികളില്‍ ഒരാളായിരുന്നു തിരുമുമ്പ്. സായുധ വിപ്ലവമാണ് ഇന്ത്യയുടെ മോചനമാര്‍ഗ്ഗം എന്ന ബി.ടി.രണദിവെ തീസിസ് പാര്‍ട്ടി അംഗീകരിച്ചതോടെയാണ് അതിനോട് വിയോജിച്ച് തിരുമുമ്പ് രാജിവയ്ക്കുന്നത്. തുടര്‍ന്ന് തിരുമുമ്പ് ആദ്ധ്യാത്മിക ജീവിതത്തില്‍ മുഴുകി. ദേവീഭാഗവതം, ദേവീ മാഹാത്മ്യം, മഹാഭാഗവതം, സൗന്ദര്യലഹരി തുടങ്ങിയ ആദ്ധ്യാത്മിക രചനകള്‍ മലയാളത്തിലേക്ക് പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തു.

പി.വി.പ്രസന്ന (തിരുമുമ്പിന്റെ മകള്‍): ഞാന്‍ ജനിക്കുന്ന ആ ഒരു കാലഘട്ടത്തില്‍ അച്ഛന്‍ സജീവ രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് വീട്ടില്‍ തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് അച്ഛന്റെ ഒരു രാഷ്ട്രീയമുഖത്തെ കുറിച്ച് എനിക്ക് നേരിട്ടൊരു അറിവുമില്ല. പക്ഷേ, അച്ഛന്‍ എന്ന വ്യക്തിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നത്എനിക്കാണെന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയുന്നു. ഞാന്‍ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു. ഞാന്‍ അന്നുമിന്നും എന്റെ ജീവിതത്തിലെ ഒരു റോള്‍ മോഡലായിട്ട് കാണുന്ന പുരുഷന്‍ അച്ഛന്‍ തന്നെയാണ്. അച്ഛന്‍ മരിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞ്, 28-മത്തെ വര്‍ഷമാണ്. അതിനും വളരെ മുമ്പുതന്നെ അമ്മ, ഒരു ബ്രാഹ്മണന്റെ മകളായിട്ട് ജനിച്ചിരുന്ന വ്യക്തിയായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ പുരുഷന്‍മാരോട് ആരോടും സംസാരിക്കാതിരുന്ന... സഹോദരന്‍മാരോട് പോലും വാതില്‍ മറഞ്ഞുനിന്ന് സംസാരിക്കുന്ന ആ ഒരു കാലഘട്ടത്തിലുണ്ടായിരുന്ന അമ്മയെ, സജീവ രാഷ്ട്രീയത്തിലേക്ക് വലിച്ചുകൊണ്ടുവരികയും, സ്റ്റേജില്‍ കയറി പ്രസംഗിക്കാന്‍ പോലും... അച്ഛന്‍ അമ്മയെ എല്ലാ തരത്തിലും സജീവമായ പ്രോത്സാഹനം നല്‍കിയിരുന്നു. അപ്പോള്‍ എനിക്ക് തോന്നുന്നു ആ ഒരു ഘട്ടത്തില്‍ എനിക്ക് ഉണ്ടാകാതിരുന്ന ഒരു ഭാഗ്യവും ഇപ്പോള്‍ ഞാന്‍ ദുഃഖിക്കുന്ന ഒരു കാര്യവുമാണ് അച്ഛനില്‍ നിന്നും സംസ്‌കൃതം പഠിക്കുവാന്‍ എനിക്ക് സാധിച്ചില്ല എന്നുള്ളത്. അച്ഛന്‍ ഒരു പാട് കൃതികള്‍ സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ഞങ്ങള്‍ അമ്മയേയും മക്കളെയുമെല്ലാം സന്ധ്യാ സമയത്ത് ഇരുത്തി വായിച്ചു തരുമായിരുന്നു.

തിരുമുമ്പിന്റെ ത്യാഗോജ്ജ്വലമായ ജീവിതവും തിരുമുമ്പിനൊപ്പമുള്ള ജീവിതവും തിരുമുമ്പിന്റെ പ്രിയപത്‌നി 'തിരുമുമ്പിനൊപ്പം' എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. തിരുമുമ്പ് കടന്നുപോയ കനല്‍വഴികളും ഭക്തിമാര്‍ഗ്ഗങ്ങളുമെല്ലാം അവര്‍ രേഖപ്പെടുത്തുന്നു. ടി.എസ്. സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ സമകാലിക ചരിത്രത്തില്‍ വിളിച്ചുണര്‍ത്തിയത് വി.എസ്.അച്യുതാനന്ദനാണ്. തല നരച്ച വൃദ്ധന്‍മാര്‍ രാഷ്ട്രീയത്തില്‍ നിന്നും ഒഴിയണമെന്ന് വി.എസിനെ ഉദ്ദേശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ വി.എസ്. പരിചയാക്കിയത് ടി.എസിന്റെ പ്രശസ്തമായ കാവ്യശകലമാണ്.

തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം
തലനരയ്ക്കാത്തതല്ല എന്റെ യുവത്വവും
മുടിയാ, ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്തതാണെന്റെ യൗവ്വനംതിരുമുമ്പ് ആ കവിതയെഴുതുവാനുള്ള സാഹചര്യം തിരുമുമ്പിന്റെ രാഷ്ട്രീയ സഹചാരിയായ എ.വി.കുഞ്ഞമ്പുവിന്റെ മകനായ കരിവള്ളൂര്‍ മുരളി ഓര്‍മ്മിക്കുന്നു.

കരിവള്ളൂര്‍ മുരളി (എ.വി.കുഞ്ഞമ്പുവിന്റെ മകന്‍): അഭിനവഭാരതി യൂത്ത് സംഘത്തിന്റെ സമ്മേളനത്തില് തിരുമുമ്പിന് പ്രവേശനം കിട്ടുന്നില്ല. തിരുമുമ്പിന് പ്രായം കൂടുതലെന്ന് പറഞ്ഞിട്ട് അവര്‍ അദ്ദേഹത്തിന് അംഗത്വം കൊടുത്തില്ല. അംഗത്വം തരുന്നില്ലെങ്കിലും എനിക്കൊരു കവിത വായിക്കാന്‍ സമ്മതം തരണമെന്ന് പറഞ്ഞ് സമ്മേളന വേദിയില്‍ ഈ കവിത വായിക്കുകയായിരുന്നു തിരുമുമ്പ്.

(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)


Next Story

Related Stories