TopTop
Begin typing your search above and press return to search.

മംഗളം സിഇഒ തുലച്ചത് ഒരു ചാനലിന്റെ ഭാവി കൂടിയാണ്

മംഗളം സിഇഒ തുലച്ചത് ഒരു ചാനലിന്റെ ഭാവി കൂടിയാണ്

"ഡേയ്, കക്കൂസ്സു മുറിച്ചു ജയിലിൽ പോകാൻ നോക്കല്ലേ" ആന മണ്ടത്തരങ്ങൾ കാണിക്കുന്നവർക്ക് പണ്ടൊക്കെ നാട്ടിൻപുറത്തുകാർ നല്‍കിപ്പോന്നിരുന്ന ഒരു ഉപദേശമായിരുന്നു ഇത്. കെണിയൊരുക്കി ബ്രേക്കിംഗ് ന്യൂസ് പുറത്തു വിടുകയും അത് വഴി ഒരു മന്ത്രിയെ രാജിയിലേക്കു നയിക്കുകയും ചെയ്ത ശേഷം തങ്ങൾ എന്തോ മഹത്തായ കാര്യം ചെയ്തുവെന്ന മട്ടിൽ ഞെളിഞ്ഞു നടന്നിരുന്ന മംഗളം ചാനലിന്റെ സി ഇ ഒ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ സ്വന്തം ചാനലിലൂടെ തെറ്റ് ഏറ്റുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയത് നാട്ടിൻപുറത്തുകാരുടെ ആ പഴയ ഉപദേശമാണ്.

എന്തൊക്കെ ഗീർവാണങ്ങളായിരുന്നു തുടക്കത്തിൽ. മംഗളം ആദ്യം അവകാശപ്പെട്ടിരുന്നത് മന്ത്രി തന്റെ അടുക്കൽ പരാതിയുമായി വന്ന ഒരു വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് തങ്ങൾ സംപ്രേക്ഷണം ചെയ്തതെന്നാണ്. ഇതിനെതിരെ സോഷ്യൽ മീഡിയയും മറ്റും ശക്തമായി പ്രതികരിച്ചപ്പോൾ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉണ്ടായി. പരാതിക്കാരിയുടെ ഐഡന്റിറ്റിറ്റി തല്ക്കാലം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും ആവശ്യം വരുമ്പോൾ അവർ പുറത്തു വരുമെന്നുകൂടി പറഞ്ഞുകളഞ്ഞു. എന്നാൽ വിമർശനം കടുക്കുകയും സ്ഥാപനത്തിലെ തന്നെ ഒരു വനിതാ മാധ്യമ പ്രവർത്തക രാജി വെക്കുകയും അവരുടെ പാത മറ്റു ചില ജീവനക്കാർ കൂടി പിന്തുടരുകയും ജുഡീഷ്യൽ അന്വേഷണത്തിന് പിന്നാലെ പോലീസ് അന്വേഷണം കൂടി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ മറ്റു മാർഗമില്ല എന്ന നിലയിലാണ് ഇപ്പോൾ ഇങ്ങനെ ഒരു ഖേദ പറച്ചിലുമായി ചാനൽ മേധവി രംഗത്ത് വന്നിരിക്കുന്നത്.

വെറും ഒരു ഖേദപ്രകടനത്തിൽ ഒതുക്കാവുന്ന കുറ്റമല്ല ഇത്. മന്ത്രിയുടെ കാര്യം മാറ്റി നിറുത്തിയാൽ തന്നെ സ്വന്തം സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ സംശയത്തിന്റെ കുന്തമുനയിലേക്കു വലിച്ചെറിഞ്ഞ ഈ അപരാധം ഒരു ഖേദപ്രകടനത്തിലൂടെ തേച്ചുമായ്ച്ച് കളയാൻ കഴിയില്ലല്ലോ. ഇതര ചാനൽ പ്രവർത്തകർക്കും ഈ സംഭവം മാനഹാനി വരുത്തി എന്നാണ് അവർ നൽകിയിട്ടുള്ള പരാതി. അവരുടെ പരാതിയും ഈ ഖേദത്തിൽ അലിഞ്ഞു ഇല്ലാതായാൽ നന്ന്.

ആദ്യം പറഞ്ഞതിന് ഘടക വിരുദ്ധമായി പരാതിക്കാരിയായി ഒരു വീട്ടമ്മ ഇല്ലെന്നും ചാനലിലെ ഒരു ജീവനക്കാരിയെ ഉപയോഗിച്ച് നടത്തിയ ഒരു സ്റ്റിങ് ഓപ്പറേഷൻ ആയിരുന്നു എന്നൊക്കെയാണ് മംഗളം സി ഇ ഒ ഇന്നലെ പറഞ്ഞത്.

ഏതൊരു പുതിയ ചാനലും പത്രവും അത് ലോഞ്ച് ചെയ്യുന്ന ദിനത്തിൽ നല്ലൊരു ബ്രേക്കിംഗ് വാർത്ത ആഗ്രഹിക്കുക എന്നത് തികച്ചും സ്വാഭാവികം. ഇതിനുവേണ്ടി ഒരു പക്ഷെ അവർ ചിലപ്പോൾ സ്റ്റിങ് ഓപ്പറേഷന് പോലും മുതിർന്നേക്കാം. പണ്ട് കൊടും കുറ്റവാളികളെ കുടുക്കാൻ പോലീസ്സ് ഉപയോഗിച്ചിരുന്ന സ്റ്റിങ് ഓപ്പറേഷൻ ഇന്ന് ചാനലുകളും ടാബ്ലോയിഡ് പത്രങ്ങളും ഇടയ്ക്കിടെ ഉപയോഗിക്കുന്നുവേന്നതും ശരി തന്നെ. എന്നാൽ ഇവരൊക്കെ സ്റ്റിങ് ഓപ്പറേഷൻ നടത്തുന്നത് കുറ്റകൃത്യങ്ങളും കുറ്റവാളികളെയും വെളിയിൽ കൊണ്ടുവരുന്നതിനാണ്. അല്ലാതെ ആരുടെയെങ്കിലും ശൃംഗാര ഭാഷണം ചോർത്തി അത് പുറത്തുവിട്ട് രസിക്കുന്നതിനുവേണ്ടിയല്ലെന്ന് എന്തേ മംഗളം സി ഇ ഓ ഓർത്തില്ല?

സ്റ്റിങ് ഓപ്പറേഷൻ എന്ന് മംഗളം ഇപ്പോൾ പറയുന്നുണ്ടെങ്കിലും സത്യത്തിൽ 'ഹണി ട്രാപ്പ്' എന്ന വിശേഷണം തന്നെയാണ് ഈ ഏര്‍പ്പാടിന് കൂടുതൽ ഇണങ്ങുക. ജീവിത പങ്കാളിയെ സംശയിക്കുന്ന ഭാര്യ, ഭർത്താവിനെ തുറന്ന്‌ കാട്ടാൻ സ്വീകരിക്കുന്ന ആ ഏർപ്പാട് ഇവിടെ ഒരു ചാനൽ ചെയ്തുവെന്ന വ്യത്യാസം മാത്രമേ ഉള്ളു. ഇത്തരം ഒരു നടപടിയിലൂടെ ചാനൽ ചെയ്തത് അതിന്റെ ഭാവി തുലയ്ക്കുക മാത്രമല്ല, ഏറെ പ്രതീക്ഷയോടെ മാധ്യമ രംഗത്തേക്ക് കടന്നുവന്നവരുടെ ഭാവി കൂടി ഇരുട്ടിലാക്കിയിരിക്കുന്നു. അതോടൊപ്പം ഒരു മഞ്ഞപ്പത്ര സംസ്കാരം ചാനൽ രംഗത്തേക്ക് അധിനിവേശിപ്പിച്ച് മാധ്യമ പ്രവർത്തനത്തിന്റെ മാന്യത തകർത്തിരിക്കുന്നു.

ഒരു പക്ഷെ ചാനലിന് ആദ്യ വീഴ്ച പാഠമാക്കി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെ. അപ്പോഴും മുന്നേ പറഞ്ഞ ആ പഴയ നാട്ടിൻ പുറത്തുകാരുടെ ഉപദേശം ഓർമയിൽ വെച്ചാൽ നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories