TopTop
Begin typing your search above and press return to search.

നേരിട്ടുകളയും എന്നൊക്കെ പേടിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതാണ്

നേരിട്ടുകളയും എന്നൊക്കെ പേടിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതാണ്

വിമര്‍ശിക്കാന്‍ അവകാശമുണ്ടെങ്കില്‍ അതു നേരിടാനുള്ള ബാധ്യതയുമുണ്ട്. ജനാധിപത്യത്തില്‍ സ്റ്റേറ്റിനും പൗരനും ഈ നിയമം ബാധകമാണ്. നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്കും ഇതില്‍ വിടുതല്‍ നല്‍കുന്നില്ല. എന്നാല്‍ സ്‌റ്റേറ്റിനെക്കാളും പൗരനെക്കാളും വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതു മാധ്യമങ്ങള്‍ തന്നെയാണെന്നു കാണാം. തങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം, എന്തും പറയാം. തിരികെയുണ്ടായാല്‍ അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാകും. അടിച്ചമര്‍ത്തലും ഫാസിസവുമാകും. നമ്മുടെ മാധ്യമരംഗത്തിന്റെ തീര്‍ത്തും മോശമായ പ്രവണതയാണത്.

മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെതെന്നു പറയുന്ന ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട രീതി മംഗളം ചാനലിനെതിരേ ഉയര്‍ത്തുന്ന കടുത്ത വിമര്‍ശനങ്ങളോട് ചാനല്‍ സ്വീകരിക്കുന്ന അസഹിഷ്ണുതപരമായ നിലപാട് കാണുമ്പോള്‍ ഇതൊന്നുകൂടി ബോധ്യപ്പെടുകയാണ്.

തങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചവരെ ഭീഷണിയുടെ സ്വരം മുഴക്കിയാണ് മംഗളം സിഇഒ നേരിടുന്നതെന്നാണു ആക്ഷേപം. വിമര്‍ശനങ്ങളെ യുക്തിപരമായ എതിര്‍വാദങ്ങള്‍ കൊണ്ട് നേരിടേണ്ടതിനു പകരം തങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിച്ചാല്‍ നേരിട്ടുകളയും എന്ന ഭയപ്പെടുത്തല്‍ ഒരു മാധ്യമപ്രവര്‍ത്തകനു ചേരുന്നതാണോ എന്ന് 30 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയം അവകാശപ്പെടുന്ന എ അജിത് കുമാര്‍ സ്വയം പരിശോധിക്കേണ്ട കാര്യമാണ്.

മംഗളം ചാനലിനെതിരേ പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലിനെ നിശിതമായി വിമര്‍ശിക്കുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ അജിത് കുമാര്‍ നേരിടുന്നതാകട്ടെ ഓണ്‍ലൈനിലെ 'വിഡ്ഡി'കളുടെ വിമര്‍ശനം എന്ന നിലയ്ക്കാണ്. മംഗളം എന്തോ പാതകം ചെയ്തതുപോലൊണു ചാനലിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും അഴിമതിക്കെതിരേയും നിലപാടുള്ളവരാണ് എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

അജിത് കുമാര്‍ പറയുന്ന മറ്റു ന്യായങ്ങള്‍ ഇതൊക്കെയാണ്; മന്ത്രി തന്നെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി ഒരു വീട്ടമ്മ തങ്ങളെ സമീപിക്കുകയായിരുന്നു. അവരാണ് ഫോണ്‍ സംഭാഷണം കൈമറുന്നത്. ആ സംഭാഷണം സ്ത്രീയുടെ ഐഡന്റിറ്റി വെളിപ്പെടാത്തവണ്ണം എഡിറ്റ് ചെയ്തശേഷം ചാനലിലൂടെ പുറത്തുവിടുകയായിരുന്നു. മന്ത്രിയുടെ രാജിയല്ലായിരുന്നു തങ്ങളുടെ ലക്ഷ്യം. ഒരു മന്ത്രിയുടെ അധികാര ദുര്‍വിനിയോഗവും സ്ത്രീകളുടെ നേര്‍ക്കുള്ള അതിക്രമവും തുറന്നു കാട്ടുകയായിരുന്നു ലക്ഷ്യം.

ഇത്തരത്തില്‍ തങ്ങള്‍ നടത്തിയ മാധ്യമധര്‍മത്തെ മറഞ്ഞിരുന്നുകൊണ്ട് ആക്രമിക്കുകയും തെറിപറയുകയും ചെയ്യുന്നവരെ ആരെയും വെറുതെ വിടില്ലെന്നാണ് അജിത് കുമാര്‍ പറയുന്നത്. അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്. മാത്രമല്ല, തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കൊന്നും അതിനുള്ള അര്‍ഹതയില്ലെന്നും ഓണ്‍ലൈന്‍ മീഡിയാകളിലെ വിഡ്ഡികളാണവര്‍ എന്നും പരിഹസിക്കുന്നു.

മംഗളം പുറത്തുവിട്ട വാര്‍ത്തയുടെ എത്തിക്‌സിനെ ചോദ്യം ചെയ്തു രംഗത്തുവന്നവരും ആ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നവരുടെയും കൂട്ടത്തില്‍ മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുണ്ട്. എന്നാല്‍ സ്വന്തം കൂട്ടത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ച് അവരുടെ എതിര്‍പ്പുകള്‍ക്ക് യുക്തിസഹമായ മറുപടി നല്‍കേണ്ടതിനു പകരം അധിക്ഷേപിക്കാനും പരിഹസിക്കാനുമാണ് മംഗളവും അതിന്റെ തലപ്പത്തുുല്ലാവരും മുതിര്‍ന്നത്. മനോരമ ചാനലിലെ പ്രമോദ് രാമനെതിരെ ഉണ്ടായ പരിഹാസം അതിനുദാഹരണമാണ്. ഇത് മാധ്യമപ്രവര്‍ത്തനമല്ല, അമേധ്യപ്രവര്‍ത്തനമാണ് എന്ന പ്രമോദിന്റെ വിമര്‍ശനത്തെ അജിത് കുമാര്‍ നേരിട്ടത് പ്രമോദിന്റെ കഥകളാണ് അമേധ്യപ്രവര്‍ത്തനം എന്ന രീതിയിലാണ്. ഇത്തരത്തിലാണ് ഓരോരുത്തരോടും ചാനലും അതിന്റെ പ്രതിനിധികളും സമീപിച്ചത്. എന്നാല്‍ ഇവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി ഒരു ജേര്‍ണലിസ്റ്റ് എത്തിക്‌സില്‍ നിന്നുകൊണ്ട് നല്‍കാന്‍ ചാനല്‍ സാരഥികള്‍ക്കു കഴിഞ്ഞിട്ടില്ല.

ശശീന്ദ്രന്‍ വാര്‍ത്തയില്‍ ഉയരുന്ന പ്രധാന ചോദ്യം ആരാണ് പരാതിക്കാരി എന്നാണ്? എന്താണ് പരാതിയെന്നാണ്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും മറുപടി ഒരുതരം ഒഴിഞ്ഞുമാറലാണ്. മന്ത്രി സ്ഥിരമായി ശല്യം ചെയ്യുന്നു എന്നതാണ് പരാതി എന്നു മാത്രം പറയുന്ന ചാനല്‍ ബക്കിയെല്ലാം ആ സ്ത്രീയുടെ സ്വകാര്യത മാനിച്ചു ഒളിച്ചുവയ്ക്കുന്നു; അവരുടെ സ്വകാര്യത മാനിക്കേണ്ടതാണ് എന്ന കാര്യത്തില്‍ യാതൊരു സംസയവുമില്ല, അദ്ദേഹം പറയുന്നത് പോലെ പൊതുസമൂഹത്തിന് കൊത്തിപ്പറിക്കാന്‍ ഇട്ടു കൊടുക്കേണ്ടതുമില്ല. എന്നാല്‍, നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരു മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച കാര്യങ്ങളെക്കുറിച്ചാണ് മേല്‍പ്പറഞ്ഞിട്ടുള്ളവര്‍ സംശയങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്; അതിന്റെ നൈതികതയെ കുറിച്ചാണ്.

എന്നാല്‍, അധികാര ദുര്‍വിനിയോഗം നടത്തുന്ന ഒരു മന്ത്രിയെക്കുറിച്ചുള്ള ഇത്രവലിയ തെളിവ് കൈയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പരാതിക്കാരിയായ സ്ത്രീ പൊലീസിലോ മുഖ്യമന്ത്രിക്കോ പരാതി നല്‍കാതിരുന്നത് എന്നുള്ള ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന നിലപാടാണ്‌ ചാനലിന്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച പരാതി ഒരു പോലീസ് സ്റ്റേഷനിലും ഒരു വീട്ടമ്മയും നല്‍കിയിട്ടില്ല എന്നാണ് അറിവ്. തങ്ങള്‍ സ്റ്റിംഗ് ഓപ്പറേഷനോ ഹണി ട്രാപ്പോ നടത്തിയിട്ടില്ലെന്നു ചാനല്‍ ആണയിടുമ്പോള്‍, അവര്‍ക്ക് കിട്ടിയിരിക്കുന്ന തെളിവ് ഒരു സ്ത്രീ നല്‍കിയതു തന്നെയാകാം. എങ്കില്‍ ആ സ്ത്രീ തനിക്കെതിരേ ഉണ്ടായ അപമാനത്തിനു മുന്‍മന്ത്രിക്കെതിരേ പൊലീസില്‍ പരാതി നല്‍കുന്നില്ല എന്നത് യുക്തിക്കു നിരക്കുന്നില്ല.

സ്ത്രീ എന്തു പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് മന്ത്രി ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതെന്നോ, സ്ത്രീയും മന്ത്രിയുമായി എത്രകാലത്തെ പരിചയം ഉണ്ടെന്നുമൊക്കെയുള്ള ചോദ്യത്തിനും തങ്ങളല്ല ആ സ്ത്രീ തന്നെയാണു മറുപടി പറയേണ്ടതെന്നും മംഗളം അധികാരി ന്യായം പറയുന്നു. രണ്ടുപേര്‍ക്കിടയിലെ സംഭാഷണത്തില്‍ മന്ത്രിയുടെ ശബ്ദം മാത്രം കേള്‍പ്പിക്കുകയും പരാതിക്കാരിയുടെ ശബ്ദം മുറിച്ചു മാറ്റുകയും ചെയ്യുമ്പോള്‍ പിന്നീടുണ്ടാകുന്ന നിയമപ്രശ്‌നങ്ങളെ കുറിച്ച് സ്ത്രീസംരക്ഷകരായ ഒരു ചാനലിന് ബോധ്യം ഇല്ലാതെ പോവുകയായിരുന്നോ? ശബ്ദം കൊണ്ട് ഐഡന്റിഫൈ ചെയ്യാന്‍ മാത്രം സുപരിചിതയായ ഒരു സ്ത്രീയാണോ അവരെന്നും ചോദ്യമുണ്ട്.

എന്നാല്‍ തങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതു ധാര്‍മികതയുടെ പ്രശ്‌നമായി കണ്ടാണെന്നും നിയമം നോക്കിയല്ലായെന്നും ചാനല്‍ തന്നെ പറയുമ്പോള്‍ ആ ധാര്‍മികതയില്‍ ഉണ്ടായ പിഴവുകളെയാണു വിമര്‍ശിക്കുന്നത്. അതു മനസിലാക്കാന്‍ 30 വര്‍ഷത്തെ അനുഭവ പരിചയമുള്ള മംഗളം ചാനല്‍ മേധാവിക്കു കഴിയാതെ പോകുന്നതെന്താണ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇന്നലെ ചാനലില്‍ സ്വയം ന്യായീകരിക്കലുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ ആര്‍. അജിത്ത് കുമാറിന്റെ നാവ് ഒന്നു പിഴച്ചിരുന്നു. പരാതിക്കാരി എവിടെ എന്ന ചോദ്യത്തിന് അവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും വേണ്ടി വന്നാല്‍ നമ്മള്‍ പുറത്തുകൊണ്ടുവരുമെന്നും അജിത് കുമാര്‍ പറയുന്നു. പെട്ടെന്നു തന്നെ പിണഞ്ഞ അബദ്ധം, ആവശ്യമെങ്കില്‍, അവര്‍ തയാറാണെങ്കില്‍ എന്ന് തിരുത്തിയെങ്കിലും ആ നാക്കുപിഴ ചില സംശയങ്ങളെ ബലപ്പെടുത്തുന്നില്ലേ എന്നു തന്നെയാണു സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒക്കെ ചെയ്യുന്നത് എന്നു പറയുന്ന ചാനല്‍ സാമൂഹിക പ്രവര്‍ത്തകയായ സോണിയാ ജോര്‍ജ് ഉന്നയിച്ച വിമര്‍ശനത്തിന് എന്തു മറുപടി പറയും? "ഒരു സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം മംഗളം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായത്. ചാനല്‍ ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടു മൂന്നു പാനല്‍ ചര്‍ച്ചകള്‍ ഉണ്ടെന്നും അതില്‍ ഒന്നില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിളി. 10-11 വരെയുള്ള സമയമാണ് എനിക്കു നല്‍കിയിരുന്നത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്‍ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുള്ളൂ എന്നും. സ്ത്രീ സുരക്ഷ, അവകാശങ്ങള്‍, അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്‍ബന്ധപൂര്‍വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്. സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഇൗ ചാനലിന്റെ വിശ്വാസ്യതയും ധാര്‍മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്‍പ്പിക്കുകയും അത് കുട്ടികള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരെ മാററി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള്‍ എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ!" അവര്‍ ചോദിച്ചത്? ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിച്ച ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയുടെ അഭിപ്രായത്തോട് ചര്‍ച്ചയില്‍ പങ്കെടുത്ത ചാനല്‍ മേധാവികളില്‍ ഒരാള്‍ പറഞ്ഞ മറുപടി "അത് സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ പറയുന്നതാവും" എന്നായിരുന്നു.

ഇത്തരം വിഷയങ്ങളില്‍ സെന്‍സിറ്റീവ് ആവുക എന്നതും യുക്തിപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതും മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിത്തോളം അടിസ്ഥാനപരമായി ഉണ്ടാകേണ്ടുന്ന ഒരു കാര്യമാണ് എന്നാണ് ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ വ്യക്തമാക്കാന്‍ ആഗ്രഹിച്ചത് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അതല്ലാതെ, മംഗളത്തിന് ചാനല്‍ നടത്താന്‍ അര്‍ഹതയില്ലെന്നോ ഏതെങ്കിലും മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുകൊണ്ടു വരുന്നത് ധാര്‍മികമല്ലന്നോ അല്ല. അജിത്‌ കുമാറിന്റെ തന്നെ വാക്കുകളില്‍ മൂന്ന് മന്ത്രിമാരെ രാജി വയ്പ്പിച്ചിട്ടുള്ള പത്രമാണ്‌ മംഗളം. അതിലൊന്നും ആര്‍ക്കും എതിര്‍പ്പും ഇല്ല. ഇനി ശശീന്ദ്രന്‍ രാജി വയ്ക്കുക എന്നത് തങ്ങളുടെ അജണ്ട അല്ലായിരുന്നു എന്നും അദ്ദേഹം തന്നെ തുടര്‍ന്നു പറയുന്നു. പിന്നെ എന്തിനായിരുന്നു ഇത്തരമൊരു 'വാര്‍ത്ത' പുറത്തു വിട്ടത്? ആള്‍ക്കൂട്ട വിചാരണയക്ക് ഒരാളെ വിട്ടുകൊടുക്കാനോ? അതോ കേരളീയ 'സംസ്ക്കാരത്തിന്റെ സദാചാര മൂല്യം' കാത്തു സൂക്ഷിക്കാനോ? അത്തരം കാര്യങ്ങളോട് എതിര്‍പ്പുള്ളവര്‍ ഇനിയും പ്രതികരിച്ചു എന്നിരിക്കും, ഭീഷണിയും പരിഹാസവും അശ്ലീല പരാമര്‍ശങ്ങളും കൊണ്ട് അവരുടെ വായടപ്പിക്കാം എന്നു കരുതുന്നത് മൂഡത്വമാകും എന്ന് 'വിചാരണ' പരിപാടി കഴിഞ്ഞ് അവര്‍ നല്‍കിയിട്ടുള്ള മറുപടി തന്നെ സാക്ഷ്യം.


Next Story

Related Stories