TopTop
Begin typing your search above and press return to search.

'മംഗളം' ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍; ധാര്‍മ്മിക രോഷങ്ങളുടെയും സാമൂഹിക ബഹിഷ്കരണങ്ങളുടെയും രാഷ്ട്രീയമെന്ത്?

ജാതി കേന്ദ്രീകൃതമായ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഒട്ടും മുക്തമല്ലാത്തതും ജാതിയുടെ മൂലധനത്തെ അതിസമര്‍ത്ഥമായി ഉപയോഗിക്കുകയും അതിന്‍റെ പാട്രിയാര്‍ക്കല്‍ ഘടനയെ കൃത്യമായി പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണ് നമ്മുടെ മാധ്യമ മേഖല. സോഷ്യല്‍ എക്സ്ക്ലൂഷനുകള്‍ ഏറ്റവും സ്വാഭാവികമായി തന്നെ ഇവിടെ ഉത്പാദിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. മണ്ഡലാനന്തര കാലഘട്ടത്തില്‍ നമ്മുടെ മാധ്യമ ലോകം സ്വീകരിച്ച വരേണ്യ മൂല്യബോധത്തിന്‍റെ വിഴുപ്പുകള്‍ പേറിയ സംവരണ വിരുദ്ധ നിലപാടുകള്‍ പരിശോധിച്ചാല്‍ മാത്രം മതി ഈ സോഷ്യല്‍ എക്സ്ക്ലൂഷനുകള്‍ ഇത്രമേല്‍ സ്വാഭാവികമായി ഇവിടെ നടക്കുന്നതിന്‍റെ പൊരുള്‍ മനസിലാകാന്‍.

ഇരുണ്ട-കീഴാള പെണ്‍/ആണ്‍ ശരീരങ്ങളുടെ ദൃശ്യതയെ ബോധപൂര്‍വ്വം നിരാകരിക്കുന്ന നിലപാട് തന്നെയാണ് ഇന്നോളം നമ്മുടെ സവര്‍ണ്ണ മാധ്യമ ലോകം സ്വീകരിച്ചിട്ടുള്ളത്. ലിബറല്‍-പുരോഗമന നാട്യങ്ങള്‍ അരങ്ങു വാഴുന്ന നമ്മുടെ മാധ്യമ ലോകത്ത് കീഴാള-ന്യൂനപക്ഷ ശരീരങ്ങളുടെ സാമീപ്യം പോലും ‘അശുദ്ധി’യുടെ ഉത്പാദനമായി വിലയിരുത്തപ്പെടുന്നത് കാണാന്‍ സാധിക്കും. ‘പവിത്ര'വും ‘ശുദ്ധ’വുമായി ഇടങ്ങളെ വേര്‍തിരിക്കുകയും അത് സാമൂഹികവും സാംസ്കാരികവുമായ അധികാരപ്രയോഗത്തിന്‍റെ ഭാഗമായി മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന ബ്രാഹ്മണിക തത്വശാസ്ത്രം പരോക്ഷമായും പ്രത്യക്ഷമായുമൊക്കെ മാധ്യമങ്ങള്‍ പ്രയോഗിക്കുന്നുണ്ട് എന്നതാണ് സത്യം. ദളിത്‌-ആദിവാസി-ബഹുജന്‍ ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം എത്നിക് സവിശേഷതകളെ മുന്‍നിര്‍ത്തി തങ്ങളുടെ 'മെറിറ്റ്‌' ഏറ്റവും അധികം ചോദ്യം ചെയ്യപ്പെടുന്നതും ഒരുപക്ഷേ മാധ്യമ മേഖലയില്‍, പ്രത്യേകിച്ച് ദൃശ്യ മാധ്യമ മേഖലയില്‍ ആണെന്ന് തോന്നുന്നു.

ദളിതത്വം പേറുന്ന ഇരുണ്ട ശരീരങ്ങള്‍ പൊതുബോധത്തിന് അസ്വീകാര്യമാണെന്ന് മാധ്യമങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്നിടത്ത് പുരോഗമന ലേബലിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ജാതിയുടെ പുളിച്ചുതികട്ടല്‍ തന്നെയാണ് പതഞ്ഞു പൊന്തി വരുന്നത്. പോപ്പുലര്‍ കള്‍ച്ചര്‍ എന്ന വരേണ്യ നിര്‍മ്മിതിയെ തലോടി വളര്‍ത്തുകയും പൊതുബോധത്തെ ആവോളം തൃപ്തിപ്പെടുത്തി ഒരു തരത്തിലുള്ള ജനാധിപത്യ ഇടപെടലുകള്‍ക്കും അതില്‍ അവസരം നല്‍കാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മാധ്യമ ലോകത്ത് അതുകൊണ്ട് തന്നെ എക്സ്ക്ലൂഷന്‍ എന്നത് അത്രമേല്‍ സ്വാഭാവികമായി തന്നെ എക്സിക്യൂട്ട് ചെയ്യപ്പെടുന്നുണ്ട്. ശിരോവസ്ത്രം ധരിച്ച ഒരു മുസ്ലിം അവതാരകയോ ഇരുണ്ട നിറമുള്ള അവതാരകരോ നമ്മുടെ മുഖ്യധാര ചാനലുകളില്‍ സ്വാഭാവികമായ ഇടം നേടിയിട്ടില്ലെന്നത് തന്നെയാണ് മാധ്യമങ്ങള്‍ നടത്തുന്ന ബോധപൂര്‍വ്വമായ സോഷ്യല്‍ എക്സ്ക്ലൂഷനുകളുടെ പ്രത്യക്ഷമായ തെളിവുകളിലൊന്ന്.

നിലവില്‍ മംഗളത്തിന്‍റെ വിവാദ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള സംവാദങ്ങളാണ് ധാര്‍മ്മികതയെ കുറിച്ചും അത് വഴി എക്സ്ക്ലൂഷനുകളെ കുറിച്ചുമുള്ള ആശങ്കകള്‍ കൂടുതല്‍ സജീവമാക്കിയതെന്ന് തോന്നുന്നു. 2005ല്‍ വര്‍ക്കലയില്‍ രൂപീകൃതമായ ഡിഎച്ച്ആര്‍എം എന്ന ദളിത്‌ സംഘടനയെ ഭീകരവാദികളായി ചിത്രീകരിച്ചു കൊണ്ട് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഒരുപോലെ നടത്തിയ കടന്നാക്രമണങ്ങള്‍ ഏത് ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ചാണ് നമ്മള്‍ അളക്കേണ്ടത്? ഇക്കാലയളവില്‍ വര്‍ക്കലയില്‍ നടന്നിട്ടുള്ള പ്രാദേശിക അക്രമങ്ങളും കൊലപാതകവും എല്ലാം ഡിഎച്ച്ആര്‍എമ്മിന്‍റെ തലയില്‍ കെട്ടിവെച്ചു കൊണ്ട് വാര്‍ത്തകള്‍ ചമച്ച മാതൃഭൂമിയും മനോരമയും അടക്കമുള്ള മാധ്യമ മുത്തശ്ശിമാര്‍ പരസ്പരം മത്സരിച്ച കാഴ്ച്ചകള്‍ പൊതു സമൂഹം കണ്ടതാണ്. മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കറുത്ത തൊലി ഉള്ളവരൊക്കെ തീവ്രവാദികളായി ചിത്രീകരിക്കപ്പെടുകയും ദളിത്‌ കോളനികള്‍ ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ ധാര്‍മ്മിക ബോധമുള്ള എത്ര മാധ്യമ പ്രവര്‍ത്തകര്‍ ആത്മരോഷം കൊണ്ട് സ്വന്തം സ്ഥാപനത്തില്‍ നിന്നും രാജി വെച്ച് പുറത്തു പോവുകയുണ്ടായി?

വര്‍ക്കല സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ദളിത്‌ സ്ത്രീകള്‍ ഒന്നിച്ച് സത്യഗ്രഹം നടത്തിയപ്പോള്‍ അതിനെതിരെ പരസ്യമായി സംഘപരിവാര്‍ നടത്തിയ ആക്രമണത്തെ ലഘൂകരിച്ചു കൊണ്ട് സമരപന്തലില്‍ 'കല്ലേറ്' നടന്നു എന്ന് 'നിഷ്പക്ഷമായി' റിപ്പോര്‍ട്ട് ചെയ്ത മലയാള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ധാര്‍മ്മികതയെ കുറിച്ചാണ് ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്? ഇപ്പറഞ്ഞ വര്‍ക്കല സംഭവുമായി ബന്ധപ്പെട്ട് ദളിത്‌ കോളനികളില്‍ നടന്ന ഭരണകൂട വേട്ടയില്‍ സുഭദ്ര എന്ന പ്രായമായ സ്ത്രീയെ പോലീസ് ചവിട്ടി കാനയില്‍ ഇട്ടതും, മറ്റൊരു ദളിത്‌ സ്ത്രീയായ സുജ ഗോപാലന്‍ എന്ന ഗര്‍ഭിണിയുടെ അടിവയറ്റില്‍ പോലീസ് ലാത്തി കൊണ്ട് അടിച്ച് അവരുടെ ഗര്‍ഭം അലസിപ്പോയതും ഒന്നും ഒരു മാധ്യമങ്ങളും കണ്ടിരുന്നില്ല. ചുരുങ്ങിയപക്ഷം വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചകളില്‍ പോലും ഇതൊന്നും കടന്നു വന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2007-2008 കാലയളവില്‍ കൊല്ലത്തിനടുത്തുള്ള നൈനാംകോണത്ത് ദളിത്‌ കോളനിയില്‍ പോലീസ് ഇരച്ചു കയറി സ്ത്രീകളെയും കുഞ്ഞുളെയുമടക്കം ഭീകരമായി മര്‍ദ്ദിച്ച് കൊണ്ട് നടത്തിയ കുടിയൊഴിപ്പിക്കല്‍ സാമൂഹിക പ്രതിബദ്ധതയുള്ള എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു?

ഹിന്ദുത്വ അധീശ ബോധം ഏറിയും കുറഞ്ഞുമൊക്കെ പല കാലഘട്ടങ്ങളിലായി നമ്മുടെ മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ ലവ് ജിഹാദ് വിവാദങ്ങള്‍ സൃഷ്ടിച്ച് കേരളത്തിലെ മുസ്ലിം സമുദായത്തെ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ വേട്ടയാടിയ രീതി ആരും അങ്ങനെ മറന്നു കാണാനിടയില്ല. ശ്രീരാമസേന പോലുള്ള തീവ്ര ഹൈന്ദവ സംഘടനകളും പ്രവീണ്‍ തൊഗാഡിയ പോലുള്ള ഹിന്ദുത്വ ഫാസിസ്റ്റുകളും ഉന്നയിച്ച ലവ് ജിഹാദ് ആരോപണങ്ങള്‍ അതേപടി പകര്‍ത്തിയെഴുതാനും അതിനെ അധികരിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകള്‍ മെനഞ്ഞും മുഖ്യധാര മാധ്യമങ്ങള്‍ നടത്തിയ 'സ്തുത്യര്‍ഹ' മാധ്യമപ്രവര്‍ത്തനം എത്ര പ്രശംസിച്ചാലും മതി വരില്ല! മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് പുരോഗമന മുഖം മൂടിയണിഞ്ഞ മൃദു ഹൈന്ദവ കേരളത്തില്‍, മുസ്ലിം അപരവത്കരണ പൊതുബോധത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌. ലവ് ജിഹാദ് കഥകളെ ശക്തിപ്പെടുത്തും വിധം മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചു കൊണ്ട് ഒരു ഹൈന്ദവ-മാധ്യമ സിന്‍ഡിക്കേറ്റ് തന്നെ ഇവിടെ രൂപം കൊള്ളുകയുണ്ടായി. മാധ്യമ ധാര്‍മ്മികത എന്നത് കേവലം ഹൈന്ദവ-വരേണ്യ ധാര്‍മ്മികത മാത്രമാണെന്ന് ഉറപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ 'പുരോഗമന' കേരളത്തില്‍ നിന്നും നമുക്ക് ചൂണ്ടി കാണിക്കാനാവും.

അധികാരവും സാമൂഹികഘടനയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തെ സൂക്ഷ്മ തലത്തില്‍ നിന്നു കൊണ്ട് മാനുവല്‍ കാസ്റ്റല്‍സ് ഒരിക്കല്‍ വിശകലനം ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ അടിസ്ഥാനപരമായി ഒരു മധ്യവര്‍ഗ്ഗ പ്രതിനിധിയാണ്. മധ്യവര്‍ഗ്ഗ-ഉപരിവര്‍ഗ്ഗ താത്പര്യങ്ങളുടെ സംരക്ഷണവും അതിന്‍റെ പ്രോപ്പഗണ്ടയുമാണ്‌ അവ മുന്നോട്ട് വെയ്ക്കുന്നത്. ടെലിവിഷനും നവമാധ്യമങ്ങളും അടക്കം ഇതേ മധ്യവര്‍ഗ്ഗ സമൂഹവുമായി തന്നെയാണ് സംവദിക്കാന്‍ ശ്രമിക്കുന്നതും. സ്വാഭാവികമായും പവര്‍ സ്ട്രക്ച്ചറില്‍ താഴെത്തട്ടിലുള്ള ദളിത്‌-ആദിവാസി-ബഹുജന്‍-ന്യൂനപക്ഷ വിഭാഗങ്ങള്‍ മാധ്യമങ്ങളുടെ അധികാരഘടനയ്ക്ക് അകത്തും പുറത്തും ഒരേപോലെ അദൃശ്യരാകുന്നു. ഇത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍റെ വലിയ തകരാറുകളില്‍ ഒന്നാണ്.

'ഫോര്‍ത്ത് എസ്റ്റേറ്റ്' എന്ന സങ്കല്‍പം തന്നെ എത്രത്തോളം വരേണ്യമാണ് എന്നതിന്‍റെ ഉദാഹരണം കൂടെയാണ് മാധ്യമങ്ങള്‍ ഉത്പാദിപ്പിക്കുന്ന സദാചാര ഭീതിയും അവയുടെ മധ്യവര്‍ഗ്ഗ താത്പര്യങ്ങളും എല്ലാം. ഇന്ത്യന്‍ സാമൂഹിക പരിസരത്തില്‍ ഹിന്ദുത്വ അധീശ വ്യവഹാരത്തെ ഉള്‍ക്കൊള്ളുന്ന നമ്മുടെ മാധ്യമ ലോകം കീഴാള-ന്യൂനപക്ഷ വിഭാഗങ്ങളുടെ ദൃശ്യതയെ കുറിച്ച്, അവരുടെ പ്രാതിനിധ്യത്തെ കുറിച്ച് ഒട്ടും ആശങ്കപ്പെടുന്നില്ലെന്ന് മാത്രമല്ല ദളിത്‌-മുസ്ലിം വിരുദ്ധ പൊതുബോധം ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട് താനും. അങ്ങനെ വരുമ്പോഴാണ് സോഷ്യല്‍ എക്സ്ക്ലൂഷന്‍ എന്നത് അതീവ ഗൌരവമേറിയ ഒരു പ്രശ്നമായി മാധ്യമങ്ങള്‍ക്ക് നേരെ നമുക്ക് ഉന്നയിക്കേണ്ടി വരുന്നത്.

ജനപ്രിയത, സര്‍ക്കുലേഷന്‍, ടിആര്‍പി എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മാധ്യമങ്ങളെ പൊതുവില്‍ രണ്ട് തട്ടുകളായി വിഭജിക്കാമെന്ന് തോന്നുന്നു. മംഗളം, കൗമുദി, ജനയുഗം, തേജസ്‌, ജീവന്‍ ടിവി, അമൃത, മീഡിയ വണ്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമായും ഇതില്‍ താഴെത്തട്ടില്‍ തന്നെയായിരിക്കും വരിക. പ്രാഥമികമായ അറിവ് പ്രകാരം ദളിത്‌ പ്രാതിനിധ്യം കുറേയൊക്കെ അവകാശപ്പെടാന്‍ കഴിയുന്നത് താഴെത്തട്ടിലുള്ള ഇത്തരം മാധ്യമങ്ങളിലാണെന്നും അതില്‍ തന്നെ 'മംഗളം' ആണ് മുന്‍പന്തിയിലെന്നും മാധ്യമപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതായത് മധ്യവര്‍ഗ്ഗ-വരേണ്യ താത്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ തന്നെയും തൊഴില്‍ ചെയ്യാനുള്ള പൗരാവകാശത്തിന്‍റെ ഭാഗമായിട്ടെങ്കിലും കീഴാള പ്രാതിനിധ്യത്തെ ഈ ഗണത്തില്‍പ്പെട്ട മാധ്യമങ്ങള്‍ കുറച്ചൊക്കെ അംഗീകരിക്കുന്നുണ്ടെന്നതാണ് സത്യം. വീണ്ടും ആവര്‍ത്തിക്കുന്നു, തൊഴില്‍ ചെയ്യാനുള്ള പൗരാവകാശത്തിന്‍റെ ഭാഗമായി തന്നെയാണ് കീഴാള-ബഹുജന്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം മംഗളം പോലുള്ള 'രണ്ടാം നിര' മാധ്യമങ്ങള്‍ ഉറപ്പു വരുത്തുന്നത്.

അങ്ങനെയെങ്കില്‍ നിലവില്‍ മംഗളവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് തൊഴില്‍ നിഷേധം ഉണ്ടാകുന്നു എന്ന് ആരോപിക്കുന്ന 'പ്രിവിലേജ്ഡ് മാധ്യമ പ്രവര്‍ത്തകര്‍, തങ്ങളുടെ മാധ്യമ സ്ഥാപനങ്ങള്‍ കാലാകാലങ്ങളായി എക്സ്ക്ലൂഡ് ചെയ്തു കൊണ്ടിരിക്കുന്ന ദളിത്‌-ആദിവാസി-ബഹുജന്‍-ന്യൂനപക്ഷങ്ങളുടെ തൊഴില്‍ നിഷേധങ്ങളെ, അവരുടെ പൗരാവകാശ ലംഘനങ്ങളെ ഏത് രീതിയിലാണ് സമീപിക്കുന്നത് എന്നറിയാന്‍ അതീവ താത്പര്യമുണ്ട്. ചുരുക്കത്തില്‍ തൊഴില്‍ നിഷേധങ്ങളും, പൗരാവകാശവുമൊക്കെ ഇരയുടെ (?) ജാതി-സാമ്പത്തിക മൂലധനത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുകയും ചര്‍ച്ചയാവുകയും ചെയ്യുന്നതെന്ന് വരുന്നു.

മറ്റൊന്ന് സ്ത്രീകളുടെ ഇടങ്ങള്‍ സംബന്ധിച്ച ആകുലതകളാണ് മംഗളം വിവാദം ഉയര്‍ത്തിക്കൊണ്ടു വന്ന മറ്റൊരു വിഷയം. നിലവിലെ ജാതി കേന്ദ്രീകൃത-പാട്രിയാര്‍ക്കല്‍ സമൂഹത്തിന്‍റെ റിഫ്ലക്ഷന്‍സ് സ്വാഭാവികമായും നമ്മുടെ മാധ്യമങ്ങളുടെ അധികാരഘടനയിലും നിലനില്‍ക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. കേരളത്തില്‍ നിരവധി ടാബ്ലോയിഡ് പത്രങ്ങളുണ്ട്. അവയില്‍ മിക്കതും ഇക്കിളിപ്പെടുത്തുന്നതോ ലൈംഗിക ചുവയുള്ളതോ ആയ തലക്കെട്ടുകളോടെയാണ് പുറത്തിറങ്ങുന്നത്. മലയാളി പുരുഷ ലൈംഗിക ചോദനകളെ പരിപോഷിപ്പിക്കുന്ന ഇത്തരം പത്രങ്ങളില്‍ നിരവധി സ്ത്രീ തൊഴിലാളികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പ്രാധാന്യത്തോടെ തന്നെ നാം നോക്കിക്കാണണം. ടാബ്ലോയിഡ് ജേര്‍ണലിസത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന, നില്‍ക്കേണ്ടി വരുന്ന 'അണ്ടര്‍ പ്രിവിലേജ്ഡ്' ആയിട്ടുള്ള വനിതാ മാധ്യമ പ്രവര്‍ത്തകരും വലിയ രീതിയില്‍ ഇടങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്‍റെ സ്വത്വ പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ്. ഇക്കൂട്ടര്‍ക്ക് സ്വന്തം സ്ഥാപനങ്ങളിലെ ആണധികാരത്തോട് മാത്രമല്ല, മുഖ്യധാര മാധ്യമങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന 'ശുദ്ധ' ഇടങ്ങളോടു കൂടിയാണ് കലഹിക്കേണ്ടതായി വരുന്നത്. അതായത് സ്ത്രീ ഇടങ്ങളെ കുറിച്ച് നാം സംസാരിക്കുമ്പോഴും പല വിധത്തിലുള്ള മൂലധനത്തിന്‍റെ അതിരുകള്‍ ആ ഒരു സ്പെയ്സിനെ വീണ്ടും വിഭജിക്കുന്നുണ്ടെന്ന് ചുരുക്കം. സ്ത്രീ ഇടങ്ങളെ കുറിച്ചുള്ള സംവാദത്തിലും ജാതി-സാമ്പത്തിക-സാമൂഹിക മൂലധന താത്പര്യങ്ങള്‍ പ്രത്യക്ഷമായി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ തൊഴില്‍ നിഷേധത്തെ കുറിച്ചും ഇടങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ പോലും 'ജാതി' എന്നതൊരു മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്നു എന്ന് സാരം.

ഇവിടെ മംഗളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പോലും സദാചാര മലയാളിയുടെ ലൈംഗിക ചോദനകളെ ഒളിഞ്ഞും തെളിഞ്ഞും ശമിപ്പിച്ചിരുന്ന ടാബ്ലോയിഡ് വാര്‍ത്തകള്‍ അതിന്‍റെ അതിരുകളെ ലംഘിച്ചു കൊണ്ട് സ്വീകരണ മുറിയിലേക്ക് നേരിട്ട് കയറി വന്നതിന്‍റെ ഞെട്ടലില്‍ നിന്നും ഉണ്ടായതാണെന്ന് തോന്നുന്നു. നിലവില്‍ മംഗളത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ പലതുണ്ടെങ്കിലും (ഹണി ട്രാപ്പ് നടന്നുവെന്ന ചാനലിന്‍റെ വെളിപ്പെടുത്തലും അംഗീകരിക്കുന്നു), പക്ഷേ മധ്യവര്‍ഗ്ഗ-ഉപരിവര്‍ഗ്ഗ മലയാളികള്‍ പണിതുയര്‍ത്തിയ ടെലിവിഷന്‍ സംസ്കാരത്തെ മംഗളത്തിന്‍റെ 'ഒളിഞ്ഞുനോട്ടം' കളങ്കപ്പെടുത്തി എന്നതാണ് ആ ചാനലിനു നേരെ ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങളുടെയെല്ലാം പ്രധാന കാതലെന്ന് ഒരു സൂക്ഷ്മ വിശകലനം നടത്തിയാല്‍ വ്യക്തമാകും. വാര്‍ത്തയുടെ ധാര്‍മ്മികതയെക്കാളുപരി 'പുരോഗമന' മലയാളി കുടുംബത്തിന്‍റെ സദാചാര കെട്ടുറപ്പിനെ, അതിന്‍റെ ധാര്‍മ്മികതയെ മംഗളം അലോസരപ്പെടുത്തി എന്നതാണ് ചാനലിനെതിരെ ഇത്രയധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിന്‍റെ മുഖ്യ കാരണങ്ങളിലൊന്ന്. ഇവിടെ ടാബ്ലോയിഡ് ജേര്‍ണലിസത്തിന്‍റെ ശരി/തെറ്റ് ബൈനറികളല്ല വിഷയം, മറിച്ച് അതിന്‍റെ സോഷ്യല്‍ അക്സപ്റ്റന്‍സാണെന്ന് പ്രത്യേകം പറയുന്നു.

ചാനലുകളില്‍ നിന്നും ചാനലുകളിലേക്കും പത്രങ്ങളില്‍ നിന്നും പത്രങ്ങളിലേക്കും നിഷ്പ്രയാസം ചേക്കേറാന്‍ കഴിയുന്ന പ്രിവിലേജ്ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നമ്മള്‍ ഉന്നയിക്കുന്ന എക്സ്ക്ലൂഷനുകളുടെ രാഷ്ട്രീയ പ്രശ്നങ്ങളും അതിന്‍റെ അപകടങ്ങളുമൊന്നും ഒരു തരത്തിലും ആശങ്കയുണ്ടാക്കാന്‍ സാധ്യതയില്ല. എക്സ്ക്ലൂഷനുകള്‍ സംബന്ധിച്ച സംവാദം വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ മാത്രമേ അത് ഉത്പാദിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ പല വിധ മുഖങ്ങള്‍ തിരിച്ചറിയാനെങ്കിലും കഴിയുകയുള്ളു.

ഏതായാലും 'പ്രൌഡ് റ്റു ബി എ ജേര്‍ണലിസ്റ്റ്' എന്നൊക്കെ പറഞ്ഞ് 'ശുദ്ധ', 'പവിത്ര' വാദങ്ങള്‍ ഉന്നയിച്ച് ബ്രാഹ്മണിക അധീശത്വം പിന്‍പറ്റുന്നവരോട് സാമൂഹിക ബഹിഷ്കരണങ്ങളുടെ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരു തരത്തിലുള്ള ഡിസ്കോഴ്സുകളും സാധ്യമാണെന്ന് കരുതുന്നില്ല. അതിനാല്‍ തന്നെ തങ്ങളുടേതായ കംഫര്‍ട്ട് സോണുകളില്‍ നിന്നു കൊണ്ട് ജാതി-സാമ്പത്തിക-ഇത്യാദി മൂലധനങ്ങളുടെ പിന്‍ബലത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളോട് അനുഭാവം പുലര്‍ത്താന്‍ തത്കാലം യാതൊരു നിര്‍വാഹവുമില്ല. ചുരുക്കി പറഞ്ഞാല്‍ കീഴാള പ്രാതിനിധ്യം, ലൈംഗികത, സദാചാരം തുടങ്ങിയ കലര്‍പ്പുകളോടുള്ള മധ്യവര്‍ഗ്ഗ മലയാളിയുടെ, പ്രിവിലേജ്ഡ് മാധ്യമപ്രവര്‍ത്തകരുടെ അസഹിഷ്ണുത കൂടിയാണ് 'പ്രൌഡ് റ്റു ബി എ ജേര്‍ണലിസ്റ്റ്' എന്ന ടാഗ് ലൈനില്‍ മുഴച്ചു നില്‍ക്കുന്നതെന്ന് നിസംശയം പറയേണ്ടി വരും.

മംഗളം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories