TopTop
Begin typing your search above and press return to search.

അവരൊക്കെ ഇന്നും മാന്യതയുടെ മുഖംമൂടിയില്‍; ചൂണ്ടക്കൊളുത്തിലെ ആ സ്ത്രീയോ?

അവരൊക്കെ ഇന്നും മാന്യതയുടെ മുഖംമൂടിയില്‍; ചൂണ്ടക്കൊളുത്തിലെ ആ സ്ത്രീയോ?

കുറെ നാളുകൾക്കു മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാഥ തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്നു. അതേസമയം ആ ജാഥയ്ക്കരികിലൂടെ മുഷിഞ്ഞ വേഷം ധരിച്ച ഒരു സ്ത്രീ അല്പം വേച്ചു വേച്ചു നടന്നു പോകുന്നുണ്ടായിരുന്നു. ജാഥാംഗങ്ങളിലൊരാൾ ആ സ്ത്രീയെ കാലുയർത്തി ഒരു ചവിട്ട്. അവർ മറിഞ്ഞു വീണു. അവരെ പുലഭ്യം പറഞ്ഞ് വീണ്ടും ആക്രമിക്കാനയാൾ ഒരുങ്ങിയതും ആരൊക്കെയോ അയാളെ തടുത്തു. ആ പ്രവർത്തിക്ക് അയാൾ പറഞ്ഞ ന്യായം അവർ മദ്യപിച്ചിരുന്നു എന്നും അഭിസാരികയാണ് എന്നുമായിരുന്നു. ആ സ്ത്രീയെ കണ്ടാൽ അറിയാമായിരുന്നു എത്രത്തോളം ദാരിദ്ര്യത്തിലും കഷ്ടതയിലും കൂടിയാണ് അവര്‍ കടന്നു പോകുന്നതെന്ന്. പക്ഷേ ആ അവസ്ഥയിലും അവർ സദാചാരി ആയില്ല എന്നതാണ് സമൂഹത്തിന്റെ പ്രശ്നം.

ആ പാർട്ടി പ്രവർത്തകൻ ഒരു പ്രതിനിധിയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ- സദാചാര മേധാവിത്വത്തിന്റെ പ്രതിനിധി. മദ്യപിച്ചു നടന്നു പോകുന്ന ഒരു പുരുഷനെയോ, പ്രഖ്യാപിത സാന്മാർഗിക വ്യവസ്ഥകൾക്കെതിരെ പെരുമാറുന്ന ഒരു പുരുഷനെയോ ആ കാരണം കൊണ്ട് മാത്രം ആരും ആക്രമിച്ചതായി കണ്ടിട്ടില്ല. പ്രാകൃത സമൂഹത്തെ അപേക്ഷിച്ച് പരിഷ്കൃത സമൂഹത്തിൽ സ്ത്രീകളുടെ മേലുള്ള ആധിപത്യം പുരുഷന് എളുപ്പത്തിൽ സാധിക്കുന്ന ഒന്നാണ്, കാരണം അവന് സദാചാരം എന്ന ആശയത്തിന്റെ പിന്‍ബലമുണ്ട്. ആ സദാചാരം പരിപാലിക്കേണ്ടത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തവും. പുരുഷനുണ്ടാകുന്ന സദാചാരഭ്രംശത്തിന്, ജൈവിക ചോദനയുടെ ആധികാരികതയും അവര്‍ തന്നെ കൽപ്പിക്കുന്നുണ്ട്.

ഇതിപ്പോൾ ഓർക്കാൻ കാരണം രണ്ട് സംഭവങ്ങളാണ്. ഒന്ന്, പഴയൊരു സഹപ്രവർത്തകയെ കാണാനിടയായി. പല വിശേഷങ്ങളും പങ്കുവച്ച കൂട്ടത്തിൽ അവരുടെ ഒരു അനന്തിരവന്റെ വിവാഹമോചന വാർത്തയും സംഭാഷണവിഷയമായി. പെൺകുട്ടിക്ക് പരപുരുഷബന്ധമാണ് ആരോപിക്കുന്നത്. അതിന് ന്യായീകരണവുമുണ്ട്. പണ്ട് അവളുടെ അമ്മയ്‌ക്ക് സ്വഭാവദൂഷ്യമുണ്ടായിരുന്നത്രേ. ആ സ്വഭാവദൂഷ്യമെന്നത് മറ്റൊരാളുമായി അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധവും. ഏറ്റവും തമാശയായി തോന്നിയത് അച്ഛനെക്കുറിച്ച് കേട്ടപ്പോഴാണ്. അയാൾ കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട് സ്വമേധയാ വിരമിച്ച ആളാണ്. പക്ഷെ അതൊരു സ്വഭാവദൂഷ്യമായി കരുതുന്നേ ഇല്ല, എന്ന് മാത്രമല്ല അദ്ദേഹം വളരെ സാധുവും മാന്യനുമാണത്രേ. മാന്യതയുടെ നിർവചനങ്ങൾ ഇവയൊക്കെയാണ്!

രണ്ടാമത്തെ സംഭവം മന്ത്രി എകെ ശശീന്ദ്രനെ കെണിയിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ആക്ഷേപങ്ങളാണ്. ഒരു രീതിയിലും ന്യായീകരിക്കാവുന്ന പ്രവർത്തിയല്ല അവർ ചെയ്തത്. എന്നിരിക്കിലും അവർ ഇര തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചൂണ്ടക്കൊളുത്തിൽ കുരുക്കിയിടപ്പെട്ട ഇര. അങ്ങനെയൊരു ഇരയാവാൻ അവർ നിർബന്ധിതയായതിന് പല കാരണങ്ങളും ഉണ്ടാവാം. ആ കാരണങ്ങളൊന്നും തന്നെ അവരെ കുറ്റവിമുക്തയാക്കുന്നുമില്ല. അങ്ങനെയൊരു ഇരയാവാൻ തയ്യാറായതിലൂടെ അവരപമാനിച്ചത് സ്വപ്രയത്നം കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും തങ്ങളെ അടയാളപ്പെടുത്തിയ ഒരു കൂട്ടം സ്ത്രീകളെയാണ്.

ഇതൊക്ക അംഗീകരിക്കുമ്പോഴും സുപ്രധാനമായ കാര്യം ഇതൊന്നുമല്ല. ചൂണ്ടയിൽ കുരുക്കപ്പെട്ട സ്ത്രീ ഏതളവിൽ കുറ്റം ചെയ്തോ അതേ അളവിലോ അതിലും പലപടി മുകളിലോ ചൂണ്ട ഉണ്ടാക്കാൻ പദ്ധതി ഇട്ടയാളും ചൂണ്ട നിർമ്മിച്ചയാളും ഇരയെ കൊളുത്തിയിട്ടയാളും കുറ്റവാളികളാണ്. എന്നിട്ടും ചൂണ്ടയിലെ ബെയ്റ്റിന് ഒളിവിൽ പോകേണ്ടി വരുമ്പോൾ ചൂണ്ടയുടെ ഉടമസ്ഥൻ നെഞ്ച് വിരിച്ച് നിന്ന് വെല്ലുവിളിക്കുന്നു.

ഈ രണ്ട് സംഭവങ്ങളിലും സ്ത്രീയാണ് പ്രധാന കുറ്റവാളി. സാമൂഹ്യസദാചാര സംഹിതകൾക്കെതിരേ പ്രവർത്തിച്ചു എന്നതുകൊണ്ട് മാത്രം. അതിലും സദാചാരം എന്നത് സ്ത്രീയുടെ ലൈംഗികതയോട് ചേർന്നതും. പുരുഷന്റെ മദ്യപാനമോ കൈക്കൂലിയോ ഒന്നും തന്നെ സ്ത്രീയുടെ ലൈംഗിക അപഭ്രംശത്തോളം അധമമല്ല. അതുകൊണ്ടാണ് അങ്ങേയറ്റം നികൃഷ്ടമായ ചെയ്തികൾക്കു ശേഷവും അജന്താലയം അജിത്കുമാറിനും കൂട്ടാളികൾക്കും അഹങ്കാരത്തോടെ പൊതുസമൂഹത്തിന് മുന്നിൽ നിൽക്കാനാവുന്നത്. പണത്തിനും പദവിക്കും വേണ്ടി ഇത്രയേറെ നീചപ്രവൃത്തി ചെയ്താലും സമൂഹം ഇവർക്ക് ഭ്രഷ്ട് കൽപ്പിക്കാത്തത്.

ഒരു നേരത്തെ ആഹാരത്തിന് ശരീരം വിൽപനയ്ക്ക് വയ്ക്കുന്ന സ്ത്രീകളെ അക്കാരണം കൊണ്ടു മാത്രം അസ്പൃശ്യരും അധമകളുമായി വിലയിരുത്തുന്ന സമൂഹത്തിന് അജിത് കുമാറിന്റെയും കൂട്ടാളികളുടെയും പ്രവർത്തികൾ വെറുമൊരു 'അപലപനീയം' എന്ന വിശേഷണത്തിനപ്പുറം മറ്റൊന്നുമാവില്ല എന്നുറപ്പാണ്. റിക്കോർഡ് ചെയ്യപ്പെട്ട ശബ്ദശകലങ്ങളല്ല അശ്ളീലം, മറിച്ച് അതിലേക്കു മെനഞ്ഞെടുത്ത സാഹചര്യങ്ങളാണ് എന്ന് എത്രപേർ വിലയിരുത്തുന്നുണ്ടാവും? എത്രപേർ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുമായി സംസർഗത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കും? ഇനിയൊരു മാധ്യമസ്ഥാപനവും ആ സ്ത്രീയ്ക്ക് ജോലി നൽകാൻ സാധ്യതയില്ല. പക്ഷേ ഈ മാധ്യമശിങ്കങ്ങളെ ആരൊക്കെ അകറ്റിനിർത്തും? ആരൊക്കെ ഇവരോട് നിസ്സഹകരിക്കും?

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല എങ്കിൽ കുറ്റവാളികളായ അജിത് കുമാറിനേയും കൂട്ടാളികളേയുമൊക്കെ സമൂഹം വളരെ പെട്ടന്ന് തന്നെ വീണ്ടും അംഗീകരിക്കും. നാളെ ഇവരൊക്കെ മന്ത്രിമാരുടേയും ഉന്നത പോലീസുദ്യോഗസ്ഥരുടേയുമൊക്കെ തോളുരുമ്മി വിലസുന്നതും കാണാനാവും. ഇവരൊക്കെയായി ബന്ധം സ്ഥാപിക്കാൻ ആളുകൾ മത്സരിക്കും. ബന്ധുവാകുന്നതിൽ അഭിമാനിക്കും. അപ്പോഴും ആ സ്ത്രീ ചൂണ്ടക്കൊളുത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടാവും. അവർ മാത്രമല്ല അവരുടെ തലമുറകൾ പോലും...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories