TopTop
Begin typing your search above and press return to search.

നിയമസഭ മാണിക്ക് കിടപ്പറയാകുമോ?

നിയമസഭ മാണിക്ക് കിടപ്പറയാകുമോ?

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിക്ക് നിയമസഭ ഇന്ന് കിടപ്പറയാകുമോ? എന്തായാലും കാര്യങ്ങളുടെ പോക്ക് പന്തിയല്ലെങ്കില്‍ ചെലപ്പോള്‍ ആയേക്കും. അങ്ങനെ വന്നാല്‍ ഡപ്യൂട്ടി സ്പീക്കറുടെ വസതിയായിരിക്കും മാണിയുടെ 'മണി' അറയാകുക. പുതിയ ഗൃഹപ്രവേശത്തിന് മുന്നോടിയായി രാവിലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനും മാണി മറന്നില്ല. സാധാരണ ബജറ്റ് ദിവസം രാവിലെയാണ് അദ്ദേഹം പള്ളിയില്‍ പോകാറ്. എന്നാല്‍ ബജറ്റ് ദിവസം അന്തിയുറക്കവും അത്താഴവും കഴിക്കുന്നിടത്തു നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന വെളിപാടാണ് മാണിയെ പുതിയൊരു കീഴ് വഴക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല പതിമൂന്ന് എന്ന അക്കം തലക്ക്മീതെ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അനിഷ്ടങ്ങളൊഴിവാക്കുന്നതിനാണ് മാണിയുടേയും, മുന്നണി സഹചാരികളുടേയും നീക്കം.

അങ്ങനെയിരിക്കുമ്പോള്‍ ക്രമസമാധാന പാലകരാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സഭക്കകത്ത് കിടക്കുക. എന്നാല്‍ കൂടെ ചാരി നില്‍ക്കുന്നവന്‍മാര്‍ക്ക് ഇതിനോടത്ര രസമില്ല. കാരണം പാര്‍ട്ടിയുടേയും മാണിയുടേയും ഇമേജിനെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. പക്ഷേ ദോഷൈകദൃക്കുകള്‍ അങ്ങനെ പലതും പറയും. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല. പിന്നല്ലേ ഇപ്പോ. എന്ന നിലപാടിയാണ് ബാറിലെ മാണിക്യം.

എന്തൊക്കെ സംഭവിച്ചാലും മാണി തന്നെ ബജറ്റവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ എന്ത് വിലകൊടുത്തും കുഞ്ഞൂഞ്ഞിന്റെ വാക്ക് പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വം കൂടി ചുമലിലുണ്ട്. അതിനാല്‍ മാനം പോയാലും വേണ്ടില്ല ബജറ്റവതരിപ്പിക്കുക തന്നെ വേണം എന്ന നിലപാടിലാണിപ്പോ മാണി സാര്‍.

മാണി ബജറ്റവതരിപ്പിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് എല്‍ഡിഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരസജ്ജരായിക്കഴിഞ്ഞു. എന്നാല്‍ പുതിയ നീക്കത്തെ എങ്ങനെ നേരിടണമെന്നത് സമരക്കാര്‍ക്കിടയില്‍ അശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. എല്‍ഡിഎഫാണെങ്കില്‍ സഭക്കകത്തേക്ക് തന്നെ ആരേയും കടക്കാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ്. ഒരു പടികൂടി കടന്ന് സഭക്കകത്ത് കുത്തിയിരിക്കുകയാണിപ്പൊ അവര്‍.

സമരത്തെ നേരിടാന്‍ എആര്‍, എസ്എപി, കമാന്‍ഡോസ്, ദ്രുതകര്‍മ്മസേന ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെയാണ് തിരുവനന്തപുരത്ത് വിന്യസിച്ചിരിക്കുന്നത്. ഇവര്‍ 150 മീറ്റര്‍ അകലെ ബാരിക്കേഡ് തീര്‍ത്ത് സമരക്കാരെ തടയും. ഇവര്‍ക്കായി ജലപീരങ്കി, ടിയര്‍ഗ്യാസ്, ഗ്രനേഡ് ഉള്‍പ്പെടെയുള്ളവയും ഒരുക്കും.കൂടാതെ നിയമസഭ ഇരിക്കുന്നതിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിക്കാനും ആലോചിക്കുന്നുണ്ട്.


Next Story

Related Stories