TopTop
Begin typing your search above and press return to search.

മണിപ്പൂര്‍ കത്തുന്നു; ദുരിതം മാത്രം ബാക്കിയായ ഒരു ജനതയ്ക്കു മേല്‍ പുതിയ പ്രതിസന്ധികളും

മണിപ്പൂര്‍ കത്തുന്നു; ദുരിതം മാത്രം ബാക്കിയായ ഒരു ജനതയ്ക്കു മേല്‍ പുതിയ പ്രതിസന്ധികളും
വിവിധ സായുധ വിഭാഗങ്ങള്‍ തമ്മില്‍ ദശകങ്ങളായുള്ള ഏറ്റുമുട്ടല്‍, വംശീയ കുട്ടക്കൊലകള്‍, ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങള്‍, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ 1980ല്‍ ഏര്‍പ്പെടുത്തിയ സൈന്യത്തിന് പ്രത്യേകാധികാങ്ങള്‍ നല്‍കുന്ന നിയമം (AFSPA), അതിനു ശേഷമുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, കാണാതാകലുകള്‍, സൈന്യം കൂട്ട ബലാത്സംഗം ചെയ്ത ശേഷം വെടിവച്ചു കൊന്ന താങ്ജാം മനോരമ, മണിപ്പൂരി പോരാട്ടത്തിന്റെ ഭാഗമായി ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇറോം ശര്‍മിള.... ഇന്ത്യയുടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒരിക്കലും സമാധാനമുണ്ടായിട്ടില്ല. ഒരു ഭാഗത്ത് മ്യാന്‍മാറും മറ്റ് ഭാഗങ്ങളില്‍ നാഗാലാന്‍ഡും അസമും മിസോറാമുമായി അതിര്‍ത്തി പങ്കിടുന്ന ഈ ചെറിയ സംസ്ഥാനം അതുകൊണ്ടു തന്നെ ഈ മേലഖയിലുണ്ടാകുന്ന ഏത് പ്രശ്‌നങ്ങളിലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ജനതയാണ്. അതിന്റെ ഏറ്റവും ഒടുവിലുത്തെ സംഭവമാണ് 55 ദിവസമായി മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (UNC) ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം. അതിന്റെ പ്രതികാരമായി മണിപ്പൂരിലെ ഭൂരിപക്ഷ മേതെയ് (Meitei) സമുദായം നാഗാ ഭൂരിപക്ഷ ജില്ലകളിലേക്ക് തിരിച്ചും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു. മണിപ്പൂര്‍ അക്ഷരാര്‍ഥത്തില്‍ കത്തുകയാണ്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മണിപ്പുരില്‍ നാഗാ യുണൈറ്റഡ് കൗണ്‍സില്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നത്. തലസ്ഥാനമായ ഇംഫാലിലേക്കുള്ള രണ്ട് പ്രധാന റോഡുകളായ ദേശീയപാത2, 37 എന്നിവ പൂര്‍ണമായി ഉപരോധിച്ചു. UNC പ്രസിഡന്റ് ഗെയ്‌ദോണ്‍ കാമേയി, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ലാംകാംങ് എന്നിവരെ അറസ്റ്റ് ചെയ്‌തോടെ നവംബര്‍ 25ന് ഇംഫാല്‍ പൂര്‍ണമായി അടച്ചിടാനായിരുന്നു UNCയുടെ ആഹ്വാനം. UNC ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 55 ദിവസമായിട്ടും അത് തുടരുകയാണ്. അതിനിടെ, പ്രഖ്യാപിച്ച നോട്ട് നിരോധനം കൂടിയായതോടെ ജനം വലഞ്ഞു. പെട്രോളിന് ലിറ്ററിന് 200 രൂപ, പാചകവാതക സിലിണ്ടറിന് 3000 രൂപ എന്ന വിധത്തില്‍ വില കുതിച്ചുകയറി. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാതായി. അക്രമ സംഭവങ്ങള്‍ ഉണ്ടായതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതിന് ഇളവു ലഭിക്കുന്ന സമയങ്ങളില്‍ ജനം ആദ്യം തുറന്നിരിക്കുന്ന ഏതാനും എ.ടി.എമ്മുകളിലേക്കും തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങാനുമായി ക്യൂ നില്‍ക്കുന്ന കാഴ്ചയായിരുന്നു മണിപ്പൂരിലെങ്ങും.

നവംബര്‍ 18ന് ഇംഫാലിലെ തദ്ദേശീയരായ മെതേയ് ജനങ്ങള്‍ ഉപരോധത്തിനെതിരെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ക്രിസ്തുമസ് അവധിക്കായി സ്വന്തം നാടുകളിലേക്ക് പോകാനിരുന്ന ഇംഫാലില്‍ താമസിക്കുന്ന നാഗാ വംശജരെ അതിന് അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് നാഗാ, കുക്കി വംശജര്‍ പരമ്പരാഗതമായി താമസിക്കുന്ന ജില്ലകളിലേക്ക് പോയ ട്രക്കുകളും യാത്രാ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ഇതോടെ, മണിപ്പൂരിലെ മലമ്പ്രദേശ ജില്ലകളിലേക്ക് പോകാനിരുന്ന നാഗാ വംശജര്‍ ഇപ്പോള്‍ ഇംഫാലില്‍ കുടുങ്ങിയിരിക്കുകയാണ്. ക്രിസ്തുമസ് ദിനം യാതൊരു ആഘോഷങ്ങളുമില്ലാതെ കഴിഞ്ഞു പോയി. സ്ഥിതിഗതികള്‍ നേരിടാന്‍ അര്‍ധസൈനിക വിഭാഗത്തെ വന്‍തോതില്‍ വിന്യസിച്ചിരിക്കുന്നു.ഇതിനിടെയാണ് 2017 ആദ്യം മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍ ഇതും ഒരു കാരണമാണ്. മുഖ്യമന്ത്രി പദത്തില്‍ മൂന്നാം വട്ടം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടം കൂടിയാണ്. അസം പിടിച്ചതോടെ ഏതു വിധേനെയും മണിപ്പൂര്‍ കൂടി കീഴടക്കാനുള്ള പദ്ധതികളുമായി ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. മണിപ്പൂരിലെ 60 സീറ്റില്‍ 40 സീറ്റും മേതെയ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള സമതല മേഖലകളിലാണ്. കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുള്ള ഒരു വഴിയായി ഇബോബി സിംഗ് കണ്ടുപിടിച്ചത് നാഗാ, കുക്കി ഭൂരിപക്ഷ മേഖലകളിലെ ജില്ലകളെ വിഭജിച്ച് പുതിയ ഏഴ് ജില്ലകള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു. ഇത് നാഗകളെ കൂടുതല്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആരോപിച്ച് UNC നവംബര്‍ ഒന്നിന് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. എന്നാല്‍ ഇബോബി തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയും ഏഴ് ജില്ലകള്‍ക്ക് രുപം നല്‍കുകയും ചെയ്തു.

സാമ്പത്തിക ഉപരോധം മുന്നോട്ടു പോയതോടെ ഇംഫാല്‍ നിവാസികളുടെ കഷ്ടപ്പാടുകള്‍ക്കൊപ്പം അമര്‍ഷവും ഏറിവന്നു. അതിന് പ്രധാനമായി രണ്ടു കാരണങ്ങളുണ്ട്. നവംബര്‍ ഒന്നിനാണ് മണിപ്പൂരികളെ സംബന്ധിച്ചുള്ള പ്രധാന ഉത്സവമായ നിംഗോള്‍ ചകൗബ. അന്ന് വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ അമ്മമാരുടെ വീടുകളിലേക്ക് തിരിച്ചു വരുന്ന ദിവസമാണ്. മറ്റൊന്ന് നാഗകളുമായി പരമ്പരാഗത വൈരമുള്ള കുക്കികളുടെ കാര്‍ഷികോത്സവം തുടങ്ങുന്നതും അന്നാണ്. എന്നാല്‍ നവംബര്‍ ഒന്നിന് സാമ്പത്തിക ഉപരോധം നിലവില്‍ വന്നതോടെ ഇതെല്ലാം അസ്തമിച്ചു. തങ്ങളുടെ ഉത്സവം അലങ്കോലപ്പെടുത്തിയ നാഗാകള്‍ക്കുള്ള തിരിച്ചടിയായാണ് ക്രിസ്തുമസ് സമയത്ത് മേതെയ് വംശജര്‍ തിരിച്ചും ഉപരോധം ഏര്‍പ്പെടുത്തിയതും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതും.

രാഷ്ട്രീയപരമായി നോക്കിയാല്‍ ഇബോബി സിംഗ് തന്റെ രാഷ്ട്രീയ സാധ്യതകള്‍ വര്‍ധിപ്പിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പുരിലെ ജനസംഖ്യയില്‍ 60 ശതമാനത്തോളം മേതെയ് വംശജരാണ്. ഇവര്‍ സമതലങ്ങളില്‍ താമസിക്കുന്നു. ബാക്കിയുള്ള 40 ശതമാനം പേര്‍ മലമ്പ്രദേശങ്ങളിലും. മേതെയ് വംശജരില്‍ 41 ശതമാനം വരുന്ന ഹിന്ദുക്കളാണ് ഭൂരിപക്ഷം. ബാക്കിയുള്ളവര്‍ ക്രിസ്ത്യന്‍ മതവിഭാഗവും സൂര്യനെ ആരാധിക്കുന്ന പ്രാദേശിക മതമായ സനാമഹിസത്തില്‍ വിശ്വസിക്കുന്നവരുമാണ്. അതേ സമയം, മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ വിഭാഗമായ നാഗാ വംശജര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മത വിശ്വാസികളാണ്. അതായത്, മണിപ്പൂര്‍ ജനസംഖ്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യമാണെങ്കിലും വംശീയപരമായി ഇവര്‍ തമ്മിലുള്ള വിടവാണ് ഇപ്പോള്‍ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ സാധ്യത ഉപയോഗിച്ചു കൊണ്ടുതന്നെ ഭുരിഭാഗം വരുന്ന ഹിന്ദു, ക്രിസ്ത്യന്‍, സനാമഹിസ വിശ്വാസികളായ മേതെയ് വംശജരെ നാഗാ വംശജര്‍ക്ക് എതിരാക്കാന്‍ ഇബോബിക്ക് കഴിഞ്ഞിരിക്കുന്നു. UNC ഏര്‍പ്പെടുത്തിയ ഉപരോധത്തെ ശക്തമായി ചെറുക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ മണിപ്പൂരികള്‍ക്കു മുന്നില്‍ ഇബോബി.

എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നതും ശ്രദ്ധേയമാണ്. കാരണം, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലുള്ള പങ്ക് എന്താണ് എന്നുള്ളതാണ് പരിശോധിക്കേണ്ടത്. ഇപ്പോള്‍ മണിപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാഗകളും മേതെയ്കളുമായുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്നതു മാത്രമാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ചെയ്യുന്നത്. നേരത്തെയുണ്ടായിരുന്നു നാഗാ-ഇന്ത്യ പ്രശ്‌നങ്ങള്‍ക്കു പകരം നാഗാ ദേശീയതയും മണിപ്പൂരും തമ്മിലുള്ള പ്രശ്‌നങ്ങളായി കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നു ചുരുക്കും. UNCയുടെ ആവശ്യം മണിപ്പുരിനെ വിഭജിച്ച് നാഗാകള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകള്‍ നാഗാലാന്‍ഡിനോട് ചേര്‍ത്ത് ഗ്രേറ്റര്‍ നാഗാലാന്‍ഡ് നാഗാലിം രൂപീകരിക്കണമെന്നാണ്. ഇതിനെതിരാണ് മണിപ്പൂരികള്‍. ഈ സാഹചര്യത്തില്‍ നാഗാ ദേശീയതാവാദം മണിപ്പൂരിനെ വിഭജിക്കുന്ന വിധത്തിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നു പറയേണ്ടി വരും.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാര്‍മികത്വത്തില്‍ ഇന്ത്യ നാഗ ചര്‍ച്ചകളുടെ പ്രധാന മധ്യസ്ഥന്‍ ആര്‍.എന്‍ രവിയും നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡി (NSCN-IM) ന്റെ നേതാവ് ടി. മുയ്‌വയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സമാധാനക്കരാറില്‍ ഒപ്പുവച്ചത്. നാഗാലാന്‍ഡില്‍ നടക്കുന്ന സായുധ പോരാട്ടങ്ങള്‍ക്ക് അറുതി വരുത്തുക എന്നതായിരുന്നു കരാര്‍ വിവരങ്ങള്‍ പുറത്തുവിടാതെ, നാടകീയമായി പ്രഖ്യാപിക്കപ്പെട്ട ഈ  വെടിനിര്‍ത്തല്‍ കരാറിിന്റെ ഉദ്ദേശം. എന്നാല്‍ മ്യാന്‍മാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (കെപ്ലാങ്) എന്ന ശക്തമായ ഗ്രൂപ്പിനെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയില്ല. ഒപ്പം, മണിപ്പൂരില്‍ ഇപ്പോള്‍ ഡചഇ നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധങ്ങള്‍ അടക്കമുള്ളവയിലും കേന്ദ്രം ശ്രദ്ധ കൊടുത്തില്ല. കാരണം NSCN-IM ആണ് UNC പിന്നിലെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. സാമ്പത്തിക ഉപരോധത്തിന് NSCN-IM കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കാശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവുമധികം പ്രശ്‌നബാധിത സംസ്ഥാനമാണ് മണിപ്പൂര്‍ ഇന്ന്. പതിറ്റാണ്ടുകളായി ദുരിതം മാത്രം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് മേലാണ് 55 ദിവസമായി സാമ്പത്തിക ഉപരോധം നിലനില്‍ക്കുന്നത്. നോട്ട് നിരോധന പരിപാടി വന്നതോടെ കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയെങ്കിലും അസ്വസ്ഥതകള്‍ കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഇവിടെ നിരോധിച്ചിരിക്കുകയാണ്. അപ്പോള്‍ NSCN-IM-നുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞാല്‍ മാത്രമേ ഇപ്പോള്‍ UNC ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം അടക്കമുള്ളവയുമായി യഥാര്‍ഥ കാര്യങ്ങള്‍ പുറത്തു വരൂ. ഇത്തരത്തിലൊരു കരാര്‍ നിലവില്‍ വന്നിട്ടും ഈ മേഖലയിലെ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള സമാധാനവും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കെട്ടിഘോഷിക്കപ്പെട്ട് വെളിപ്പെടുത്തിയ കരാര്‍ പരാജയമായിരുന്നുവെന്ന സൂചനകളും ഈ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ സാധ്യതകള്‍ക്കു മേലും ഈ കരാര്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. നാഗകളുമായി ചേര്‍ന്ന് ബി.ജെ.പി തങ്ങളെ വഞ്ചിക്കുകയായിരുന്നു ഈ കരാറിലൂടെ എന്നാണ് മണിപ്പൂരികള്‍ ഇപ്പോള്‍ പറയുന്നത്.

Next Story

Related Stories