TopTop

മനീഷ് സിസോദിയക്കെതിരെ കേസ്; ആപിനെ കുരുക്കാന്‍ സി ബി ഐ

മനീഷ് സിസോദിയക്കെതിരെ കേസ്; ആപിനെ കുരുക്കാന്‍ സി ബി ഐ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്ര കുമാറിനെതിരെ കേസ് എടുത്തതിന്റെ പിന്നാലെ ഡല്‍ഹി സര്‍ക്കാരിനെതിരെ വീണ്ടും സിബിഐ നടപടി. ഉപമുഖ്യമന്ത്രി മനേഷ് സിസോദിയ്ക്കും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ പുത്രി സൗമ്യ ജെയ്‌നുമെതിരെ രണ്ട് പ്രാഥമിക അന്വേഷണങ്ങള്‍ നടത്താന്‍ സിബിഐ തീരുമാനിച്ചു. 'ടോക് ടു എകെ' എന്ന എഎപി സര്‍ക്കാരിന്റെ സാമൂഹിക മാധ്യമ പ്രചാരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലാണ് സിസോദിയയ്‌ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ മൊഹല്ല ക്ലീനിക് പദ്ധതിയുടെ ചുമതലക്കാരിയായി നിയമിക്കപ്പെട്ടതിനെ കുറിച്ചാണ് സൗമ്യ ജെയ്‌നെതിരായ അന്വേഷണം.

ഡല്‍ഹി സര്‍ക്കാരിന്റെ വിജിലന്‍സ് വകുപ്പ് രജിറ്റര്‍ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങള്‍. ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗാണ് കേസുകള്‍ സിബിഐയ്ക്ക് വിട്ടത്. ഷുംഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഇത്. ക്രമവിരുദ്ധം എന്ന് ആരോപണം നേരിടുന്ന ഏഴ് കേസുകളാണ് ജംഗ് സിബിഐയ്ക്ക് അയച്ചുകൊടുത്തത്. ഇതില്‍ രണ്ട് എണ്ണത്തില്‍ എഫ്‌ഐആര്‍ ഇട്ട സിബിഐ മൂന്നെണ്ണത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് മാതൃകയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും സംവേദിക്കുന്നതിനായി ടോക് ടു എകെ എന്ന പേരില്‍ ഒരു പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഡല്‍ഹി സര്‍ക്കാര്‍ രൂപം കൊടുത്തിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രചാരണം ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ എതിര്‍ത്തതോടെയാണ് പദ്ധതി വിവാദമായത്. ഡല്‍ഹിയില്‍ പ്രസിദ്ധമായ ഒരു പിആര്‍ കമ്പനിയെ പരിപാടിയുടെ പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിച്ചതായും ഇതിന് 1.5 കോടി രൂപ വകയിരുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് വകുപ്പും വിഷയം ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാരിന് നഷ്ടം വരുത്തിയ പദ്ധതിയില്‍ സിസോദിയയുടെയും മറ്റുള്ളവരുടെയും പങ്കാണ് അന്വേഷിക്കുന്നതെന്ന് ഔദ്ധ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മോദിജിക്ക് സ്വാഗതം ഓതുന്നതായി സിസോദിയ ട്വിറ്ററില്‍ പ്രതികരിച്ചു. നാളെ രാവിലെ തന്റെ ഓഫീസിലും വീട്ടിലും സിബിഐ ഉദ്യോഗസ്ഥരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ 'ഭീരു' എന്ന് വീണ്ടും വിശേഷിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിഷയത്തോട് പ്രതികരിച്ചത്. 'ഹോ മോദിജി! നിങ്ങള്‍ കൈക്കൂലി വാങ്ങുകയും ഞങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു....ഇതുകൊണ്ടാണ് താങ്കളെ ഞാന്‍ ഒരു ഭീരുവെന്ന് വിളിക്കുന്നത്....നിങ്ങള്‍ക്ക് ഗോവയും പഞ്ചാബും നഷ്ടപ്പെടുമ്പോള്‍, നിങ്ങള്‍ സിബിഐ കളികളുമായി രംഗത്തെത്തുന്നു,' എന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. കെജ്രിവാളിനെതിരെ മൊഴി നല്‍കിയാല്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് സിബിഐ വാഗ്ദാനം ചെയ്തതായി കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു രാജേന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Next Story

Related Stories