TopTop
Begin typing your search above and press return to search.

കൊച്ചി ബിനാലെ സെലിബ്രിറ്റി ഷോ ആകില്ല; പുതിയ സി ഇ ഒ മഞ്ജു സാറാ രാജന്‍/അഭിമുഖം

കൊച്ചി ബിനാലെ സെലിബ്രിറ്റി ഷോ ആകില്ല; പുതിയ സി ഇ ഒ മഞ്ജു സാറാ രാജന്‍/അഭിമുഖം

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സിഇഒ ആയി ചുമതലയേറ്റെടുത്ത മഞ്ജു സാറാ രാജനുമായി അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ സംസാരിക്കുന്നു. കെബിഎഫിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മഞ്ജു സിഡ്‌നിയിലെ മാക്വെയര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ജേണലിസം ബിരുദം നേടിയശേഷം ഹോങ്‌കോങില്‍ പ്രശസ്തമായ ടൈം മാഗസീന്റെ ഏഷ്യന്‍ പതിപ്പിലിടക്കം പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ചു. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് ഇന്ത്യയുടെ സ്ഥാപക പത്രാധിപ കൂടിയാണ് മഞ്ജു സാറാ രാജന്‍.

കെ ആര്‍ ധന്യ: കൊച്ചി-മുസിരിസ് ബിനാലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറില്‍ നിന്ന് സി.ഇ.ഒ.യിലേക്കുള്ള സ്ഥാനക്കയറ്റം. ബിനാലെ തുടങ്ങാന്‍ മൂന്ന് ആഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിരവധിയല്ലേ?

മഞ്ജു സാറാ രാജന്‍: ഇപ്പോള്‍ ശരിക്കും ഇതൊരു സാങ്കേതികമായ മാറ്റം മാത്രമാണ്. ഇത്തവണത്തെ ബിനാലെയില്‍ സി.ഇ.ഒ. എന്ന പദവി എനിക്ക് പൂര്‍ണതോതില്‍ വിനിയോഗിക്കാനോ, അതനുസരിച്ച് പ്രവര്‍ത്തിക്കാനോ ആവുമെന്ന് തോന്നുന്നില്ല. അതുണ്ടാവുക അടുത്ത ബിനാലെയിലായിരിക്കും. ഞാന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്നു. ആ സ്ഥാനത്തേക്ക് പുതിയ ഒരാളെ നിയമിക്കുന്നത് വരെ എനിക്ക് ആ ജോലികളും തുടരണം. 43 ഇ-മെയിലുകള്‍ക്കാണ് ഞാനിന്ന് മറുപടി നല്‍കേണ്ടത്. അതും ചെയ്യുന്നുണ്ട്. അതു കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിനായി തിരയണം, പബ്ലിസിറ്റിയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇത്രയും ജോലികള്‍ തീര്‍ത്തതിന് ശേഷമേ മാനേജ്‌മെന്റ് എന്ന ജോലിയിലേക്ക് എനിക്ക് പ്രവേശിക്കാനാവൂ. തിങ്കളാഴ്ച മുതല്‍ ഞാന്‍ സി.ഇ.ഒ. പദവിയിലാണ്. നിരവധി കാര്യങ്ങള്‍ മാനേജ് ചെയ്യണം. തുടര്‍ച്ചയായി വര്‍ക്ക് ചെയ്ത്‌കൊണ്ടേയിരിക്കണം. ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ എന്നെക്കൊണ്ടാവുന്ന പോലെ ശ്രമിക്കുകയാണ്. വളരെ സപ്പോര്‍ട്ടീവ് ടീമുള്ളതാണ് എന്റെ കരുത്ത്. സി.എഫ്.ഒ. ട്രീസയും ട്രസ്റ്റികളും എല്ലാം നല്ല സപ്പോര്‍ട്ടാണ്.

ധന്യ: ബിനാലെ ഫൗണ്ടേഷന്റെ തലപ്പത്ത് രണ്ട് സ്ത്രീകള്‍. ഇത് ബിനാലെ സംബന്ധിച്ച തീരുമാനങ്ങളിലും, പ്രയോഗത്തിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടാക്കുമോ?

മഞ്ജു: ബിനാലെ നടത്തുന്നത് നൂറ് വിവാഹങ്ങള്‍ ഒന്നിച്ച് നടത്തുന്നത് പോലെയാണെന്ന് ഞാന്‍ പറയാറുണ്ട്. പൂക്കള്‍ വേണം, വെള്ളവും ഭക്ഷണവും വേണം, ഇന്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധിക്കണം, അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് ആലോചിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത്. സത്യത്തില്‍ ആര്‍ട്ട് ബിനാലെയുടെ ചെറിയ ഒരു ഭാഗം മാത്രമാണ്. പോസിറ്റീവും നെഗറ്റീവുമായ വെല്ലുവിളികളെ ഇക്കാര്യത്തില്‍ എനിക്കും സി.എഫ്.ഒ.യ്ക്കും നേരിടാനുണ്ട്. ഇനി മൂന്നാഴ്ച മാത്രമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതിന്റെ ഭാഗമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെല്ലാം സ്‌ട്രോങ് സ്പിരിറ്റുണ്ട്. എന്നാല്‍ ഒരു ഓര്‍ഗനൈസേഷണല്‍ സിസ്റ്റം ബേസ് രൂപപ്പെട്ട് വരുന്നതേയുള്ളൂ. അതാണിനി ആവശ്യം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് എന്തെല്ലാം കുറവുകളാണുള്ളതെന്ന് പഠിച്ച് മുന്നോട്ട് പോവണം.ധന്യ: കൊച്ചി ബിനാലയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

മഞ്ജു: മുംബൈയില്‍ നിന്ന് മാറി കോട്ടയം അയ്മനത്തായിരുന്നു കുറച്ചുനാളായി താമസം. കഴിഞ്ഞ ഡിസംബറില്‍ കെ.ബി.എഫ്. പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അവര്‍ നടത്തിയ ഒരു ഇവന്റിലേക്ക് എന്നെ ക്ഷണിച്ചു. ഞാന്‍ അതില്‍ പങ്കെടുത്തു. തുടര്‍ന്ന് ഫിബ്രവരിയില്‍ ബിനാലെയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ക്ഷണിച്ചു. എനിക്കതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. contemporary artലും ഏസ്തറ്റിക്‌സിലും അതിയായ താത്പര്യമുള്ളയാളാണ് ഞാന്‍. അതുകൊണ്ട് അപ്പോള്‍ തന്നെ ക്ഷണം സ്വീകരിച്ചു. വേണമെങ്കില്‍ ചെയ്യാം, വേണ്ടെങ്കില്‍ ചെയ്യേണ്ട എന്നതാണ് ഇവിടുത്തെ പ്രത്യേകത. എനിക്ക് ചെയ്തുകൊണ്ടിരിക്കാനാണ് താത്പര്യം. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആയിരിക്കുമ്പോഴും ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് നടത്തിക്കൊണ്ട് പോവുമ്പോഴുള്ള എന്റെ പരിചയത്തില്‍ നിന്ന് മറ്റ് മേഖലകളിലും കൈവയ്ക്കാനായി. വ്യക്തിബന്ധങ്ങളുപയോഗപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടാക്കിയെടുക്കാനും മറ്റും കഴിഞ്ഞു.

ധന്യ: ആദ്യ ബിനാലെ അഭിമുഖീകരിക്കേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ ഇപ്പോഴത്തെ ബിനാലെ എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ട്?

മഞ്ജു: കുറേയേറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. കാരണം ഇതിപ്പോള്‍ എസ്റ്റാബ്ലിഷ്ഡ് ആയല്ലോ. എസ്റ്റാബ്ലിഷ്ഡ് ആയ ബിനാലെയുമായി സഹകരിക്കാന്‍ നിരവധി പേര്‍ തയ്യാറാവുന്നുണ്ട്. സര്‍ക്കാരും വേണ്ട പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് വെറുതെ കളയാന്‍ പണമില്ല. ബിനാലെയ്ക്ക് വേണ്ടി ലഭിക്കുന്നത് ബിനാലെയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ മാത്രമേ തികയുന്നുള്ളൂ. പക്ഷെ കേരളത്തില്‍ നിന്ന് കോര്‍പറേറ്റ് പാര്‍ട്ണര്‍ഷിപ്പ് ഇതേവരെ ലഭിച്ചിട്ടില്ലെന്നതാണ് ദു:ഖകരമായ സത്യം. കേരളക്കാര്‍ക്ക് വേണ്ടി അവരുടെ സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു സംരംഭത്തിന് അത്തരമൊരു സഹകരണം ആവശ്യമാണ്. പക്ഷെ അത് ഇതേവരെ ഉണ്ടായിട്ടില്ല. നിലവില്‍ ലുലുവും, സൗത്ത് ഇന്ത്യന്‍ ബാങ്കും മാത്രമാണ് സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിനാലെയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള വര്‍ക്ക്‌ഷോപ്പ് നടത്തി. അത് സ്‌പോണ്‍സര്‍ ചെയ്തത് ഒരു ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്. നമ്മുടെ കുട്ടികള്‍ക്കായി നടത്തുന്നത് എന്ന ബോധ്യത്തില്‍ നിന്നെങ്കിലും കേരളത്തില്‍ നിന്ന് കൂടുതല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രതീക്ഷിക്കുകയാണ്.

ധന്യ: ആദ്യ ബിനാലയെ കുറേയെങ്കിലും മലയാളികള്‍ സംശയക്കണ്ണോടെയാണ് കണ്ടത്. അതില്‍ നിന്ന് എത്രമാത്രം മാറ്റമുണ്ടായെന്നാണ് കരുതുന്നത്?

മഞ്ജു: സാധാരണക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. എങ്കിലും സ്‌പോണ്‍സര്‍ഷിപ്പിനോ മറ്റോ സമീപിക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ബിനാലെ നടത്തുന്നത് എന്നത് പോലുള്ള ചോദ്യങ്ങള്‍ ഞങ്ങള്‍ ഇപ്പോഴും അഭിമുഖീകരിക്കാറുണ്ട്. ബിനാലെ കണ്ടിട്ട് ഞങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല, പിന്നെ ഞങ്ങളെന്തിനാണ് വരുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. സത്യത്തില്‍ എന്തെങ്കിലും മനസ്സിലാവണമെന്ന് കരുതി നിങ്ങള്‍ വരേണ്ടതില്ല. ലോകത്തിലെ മികച്ച കലാകാരന്‍മാരുടെ സൃഷ്ടികള്‍ കാണുക, അത് അനുഭവിക്കുക-അതൊക്കെയല്ലേ വലിയ കാര്യങ്ങള്‍. 98 കലാകാരന്‍മാരുടെ വ്യത്യസ്തമായ വര്‍ക്കുകള്‍ കാണുമ്പോള്‍ അതിലൊന്നെങ്കിലും ഒരാള്‍ക്ക് അനുഭവവേദ്യമാവാതിരിക്കുമോ? നിങ്ങള്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമുള്ള പാട്ടുകള്‍ കേള്‍ക്കുന്നില്ലേ, സിനിമകള്‍ കാണുന്നില്ലേ, പിന്നെ എന്തിനാണ് ആര്‍ട്ടിനെ മാത്രം മാറ്റി നിര്‍ത്തുന്നത്. അതും നിങ്ങളുടെ സ്വന്തം നാട്ടില്‍, നിങ്ങള്‍ക്കായി,നിങ്ങളുടെ കുട്ടികള്‍ക്കായി ചെയ്യുന്ന ഒന്നിന്റെ മൂല്യം എന്താണ് ആളുകള്‍ തിരിച്ചറിയാത്തതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

സമകാലീന കലയെക്കുറിച്ച് മലയാളികള്‍ക്കുള്ള അറിവ് വളരെ പരിമിതമാണ്. ആ അറിവ് വിശാലമാക്കുക എന്നതാണ് ഏറ്റവും വലിയ ടാസ്‌ക്. ചെറുപ്പം മുതലെ ആര്‍ട്ട് കാണാനും അറിയാനും അനുഭവിക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. പൊതുവെ അംഗീകരിക്കപ്പെടുന്ന ഒന്നാക്കി സമകാലീനകലയെ മാറ്റിയെടുക്കണം. പക്ഷെ അതിന് ആവശ്യമായ ഗാലറി സിസ്റ്റം പോലും നമുക്കില്ല. അതിനെല്ലാം പലഭാഗത്തു നിന്നുമുള്ള പിന്തുണ ആവശ്യമാണ്.

ധന്യ: മൂന്നാം ബിനാലയെക്കുറിച്ച്..

മഞ്ജു: ഇത്തവണത്തേത് സ്പിരിച്വല്‍ ബിനാലെ എന്ന് വിളിക്കാവുന്നതാണ്. ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ഒരു ഫിലോസഫര്‍ ആണ്. അതനുസരിച്ചുള്ള ഗുണപരമായ മാറ്റങ്ങള്‍ ബിനാലെയ്ക്കുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ എന്ന് സാധാരണനിലയ്ക്ക് വിളിക്കപ്പെടുന്ന ആര്‍ട്ടിസ്റ്റുകള്‍ മാത്രമായിരിക്കില്ല അതില്‍ പങ്കെടുക്കുന്നത്. മറിച്ച് എഴുത്തുകാര്‍, കവികള്‍, നര്‍ത്തകര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍-അങ്ങനെ കലാകാരന്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും. അവര്‍ ബിനാലെയില്‍ ചെയ്യാന്‍ പോവുന്നതും വ്യത്യസ്തമായ കാര്യമാണ്. ഒരു കവിയ്ക്ക് കവിതയെഴുതാനും അവതരിപ്പിക്കാനുമാവും. പക്ഷെ 'how can a poet make art expression?. അതാണ് ചോദ്യം. അതാണ് അവര്‍ ചെയ്യാന്‍ പോവുന്നത്. ഒരു എഴുത്തുകാരന്‍ എങ്ങനെയാണ് contemporary artനെ വിഷ്വലൈസ് ചെയ്യുക എന്നത് നിങ്ങള്‍ക്കവിടെ കാണാന്‍ പറ്റും. സ്റ്റുഡന്റ്‌സ് ബിനാലെയും ബിനാലെയുടെ ഏറ്റവും പ്രധാന ഭാഗമാണ്.

ധന്യ: ബിനാലെ മൂന്നാം പതിപ്പിലേക്ക് കടക്കുമ്പോഴും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

മഞ്ജു: എല്ലാ വാദങ്ങളും നല്ലതാണ്. ഞങ്ങള്‍ക്ക് ചിലത് ചെയ്യാനുണ്ട്. അതിന് ഞങ്ങളെല്ലാം സജ്ജരാണ്. നിങ്ങള്‍ അതിന് തയ്യാറാണോ എന്ന് മാത്രമേ ചോദ്യമുള്ളൂ. നമ്മുടെ നാട്ടില്‍ ജീവിച്ച് ലോകത്തിലെ പലഭാഗത്തു നിന്നും വരുന്ന കലാ ചിന്തകളും, സംസ്‌കാരവും കാണാനും അനുഭവിക്കാനും കഴിയുമെങ്കില്‍ അതിനെക്കാള്‍ അപ്പുറമൊന്നുമില്ല. പക്ഷെ ഞങ്ങളുടെ ഓര്‍ഗനൈസേഷണല്‍ സ്ട്രക്ചര്‍ കുറേക്കൂടി ഡെവലപ് ആവാനുണ്ട്. അത് ആയിവരും.ധന്യ: ബിനാലെകള്‍ സെലബ്രിറ്റി ഷോകള്‍ ആകുന്നു എന്ന ആക്ഷേപമുണ്ടല്ലോ...

മഞ്ജു: ഇത്തവണ എന്തായാലുമില്ല. അതെനിക്ക് ഉറപ്പിച്ച് പറയാനാവും. വളരെ നല്ല ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുക്കുന്നത്. ഇതില്‍ സെലബ്രിറ്റികളായവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ.

ധന്യ: ആര്‍ട്ടില്‍ വിവിധതരം ലാംഗ്വേജുകള്‍ പലയിടത്തായി രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഇവയില്‍ ചിലതിനെ കൊള്ളുകയും മറ്റ് ചിലതിനെ തള്ളുകയുമാണെന്നും വിമര്‍ശനമുണ്ട്.

മഞ്ജു: നോക്കൂ, ആര്‍ട്ടിസ്റ്റ് തന്നെയാണ് യഥാര്‍ഥ ക്യൂറേറ്റര്‍. അവരുടെ ഉള്ളിലുള്ള instinct വച്ച്, ഫിലോസഫി വച്ച്, അവര്‍ക്ക് സ്വതന്ത്രമായി കാര്യം ചെയ്യാം. അവര്‍ക്ക് ഏത് കാര്യത്തെ വേണമെങ്കിലും അഡ്രസ്സ് ചെയ്യാമല്ലോ. അതിന് ആരാണ് തടസ്സം? വ്യത്യസ്തമായ ആശയങ്ങള്‍, ചിന്തകള്‍, വ്യവഹാരങ്ങള്‍-ഇതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് ബിനാലെയുടെ ആശയം തന്നെ. മണിപ്പൂര്‍ കലാക്ഷേത്രയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകള്‍ ഇവിടെയെത്തുന്നുണ്ട്. അവര്‍ ഒരു തരത്തില്‍ അരിക് വത്ക്കരിക്കപ്പെട്ടവരാണ്. എന്നാല്‍ അവര്‍ ഇവിടെയുണ്ട്.

ധന്യ: വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടും ജീവിത സാഹചര്യങ്ങളാല്‍ അത് നടക്കാതെ പോവുന്ന നിരവധി ആര്‍ട്ടിസ്റ്റുകളുണ്ട്. അത്തരക്കാരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകമായി റിസര്‍ച്ച് ചെയ്യാറുണ്ടോ?

മഞ്ജു: തീര്‍ച്ചയായും. അഡ്വൈസറി കമ്മിറ്റികളുണ്ട്. അവരുടെ റെക്കമെന്‍ഡേഷന്‍സ് കണക്കിലെടുത്താണ് ആര്‍ട്ടിസ്റ്റുകളെ തീരുമാനിക്കുന്നത്.

ധന്യ: ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റില്‍ നിന്ന് പൂര്‍ണമായും വിട്ടു. ഇപ്പോള്‍ ബിനാലെ സി.ഇ.ഒ. ഇതോടൊപ്പം മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടോ?

മഞ്ജു: ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റിന്റെ ഫൗണ്ടര്‍ എഡിറ്റര്‍ ആണ് ഞാന്‍. 2015 ജൂണില്‍ ഞാന്‍ കുട്ടികളോടൊപ്പം കോട്ടയം അയ്മനത്ത് താമസമാക്കിയപ്പോള്‍ അതിലെ സേവനം അവസാനിപ്പിച്ചു. എനിക്ക് പകരം അവര്‍ വേറൊരാളെ നിയമിച്ചു. അയാള്‍ ഒരു ബ്രിട്ടീഷുകാരനായിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ അവര്‍ക്ക് ആവശ്യം വന്നാല്‍ സഹായത്തിനായി എന്നെ ഒരുവര്‍ഷത്തേക്ക് എഡിറ്റര്‍-അറ്റ് ലാര്‍ജ് ആയി നിയമിച്ചു. അതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ആറ് വര്‍ഷത്തോളം എന്റെ കുഞ്ഞിനെപ്പോലെ നോക്കിയതുകൊണ്ട് എ.ഡി. വിട്ട് ഇനിയൊരു മാധ്യമ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ഇപ്പാള്‍ ഒരു നാഷണല്‍ ഡെയ്‌ലിയില്‍ കോളം ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. അവസാന തീരുമാനമായിട്ടില്ല. ഒരു പുസ്തകത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. moving out of city, moving to Kerala-പുസ്തകത്തിന്റെ പ്രമേയമതാണ്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories