TopTop
Begin typing your search above and press return to search.

മഞ്ജു എന്ന സൂപ്പര്‍സ്റ്റാറും സ്മിത എന്ന അശ്ലീല നടിയും

മഞ്ജു എന്ന സൂപ്പര്‍സ്റ്റാറും സ്മിത എന്ന അശ്ലീല നടിയും

മഞ്ജു വാര്യര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന ഉള്ളതോ ഇല്ലാത്തതോ ആയ ഒരു കൂട്ടായ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഹൗ ഓള്‍ഡ് ആര്‍ യുു, മഞ്ജു വാര്യര്‍ എന്ന നടിക്ക് താരമായല്ലാതെ തിരിച്ചുവരാന്‍ പറ്റില്ല എന്ന വസ്തുത തന്നെയാണ് തെളിയിക്കുന്നത്. ഒരു മധ്യവര്‍ഗ സംസ്‌കാരം നിര്‍ണയിക്കുന്ന അതിരുകള്‍ക്കുള്ളില്‍ ബഹുസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന താരവ്യവസ്ഥ എന്ന ആണ്‍വ്യവസ്ഥയുടെ ഭാഗമായല്ലാതെ, 15 വര്‍ഷങ്ങള്‍ക്കു മുമ്പ്, സ്‌ത്രൈണമായ കാമുകീ ഭാവങ്ങള്‍ക്ക് വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ മഞ്ജുവിന് തിരിച്ചുവരവ് സാധ്യമല്ല തന്നെ.

പെണ്ണത്തത്തിന്റെ മെരുങ്ങാത്ത തെറിപ്പുകളെ ഒരുകാലത്ത് ആവിഷ്‌കരിച്ച മഞ്ജുവിനെ, ക്ലീഷേ കുടുംബ വ്യവസ്ഥയില്‍ നിന്നും ഇറങ്ങിവന്ന മഞ്ജുവിനെ, ആണത്തവത്ക്കരിച്ച് മെരുക്കി എന്നതാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിജയവും മഞ്ജുവിന് ഇപ്പോള്‍ ലഭിക്കുന്ന സ്വീകരണവും കാണിക്കുന്നത്.

വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കു ശേഷം സ്ത്രീ സ്വപ്നങ്ങള്‍ക്ക് പരിധികളില്ല എന്ന് തിരിച്ചറിഞ്ഞ് കുടുംബത്തിനകത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നിരുപമ എന്ന കഥാപാത്രത്തിനുപരി മഞ്ജു എന്ന നടിയുടെ, 15 വര്‍ഷത്തിനു ശേഷം കുടുംബത്തില്‍ നിന്നുള്ള ഇറങ്ങിവരവാണ് സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഏതായാലും വിവാഹം, കുടുംബം എന്ന വ്യവസ്ഥയില്‍ നിന്നും ഇറങ്ങിവന്ന പെണ്ണിനോട് മലയാളി പ്രേക്ഷകന് തോന്നുന്ന ബഹുമാനമോ ആരാധനയോ അല്ല ഹൗ ഓള്‍ഡ് ആര്‍ യു സ്വീകരിക്കപ്പെടാന്‍ കാരണം. മറിച്ച് അങ്ങനെയൊരു ഇറങ്ങിവരവിനെ താരവത്ക്കരിച്ച് / ആണത്തവത്ക്കരിച്ച് സിനിമയിലൂടെ കുടുംബം എന്ന വ്യാഖ്യാനത്തിനുള്ളില്‍ മഞ്ജുവിനെ മെരുക്കുന്നു എന്നതുകൊണ്ടാണ്. സ്ത്രീ സ്വാതന്ത്ര്യം എന്നത് നിരുപമയെ പോലെ കുടുംബത്തിനുള്ളില്‍ സ്വന്തം ഭര്‍ത്താവിനും കുട്ടിക്കുംവേണ്ടി നേടേണ്ട ഒന്നാണെന്നും മഞ്ജുവിനെ പോലെ അത് കുടുംബം വിട്ടുപോയിട്ടല്ലെന്നുമുള്ള സിനിമയുടെ പ്രഖ്യാപനങ്ങള്‍ കൊണ്ടുമാണ്.

മഞ്ജു എന്ന കാമുകിയുടെ മാനിഫെസ്‌റ്റോ

വൈകാരികമായ പെണ്ണത്തത്തെ പലരീതിയിലും പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളായിരുന്നു മഞ്ജുവിന്റേത്. 1995-ല്‍ സാക്ഷ്യം മുതല്‍ 1999-ല്‍ പത്രം വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് മഞ്ജു അഭിനയിച്ച 20 സിനിമകളില്‍ ഭൂരിപക്ഷവും കാമുകീ വേഷങ്ങളായിരുന്നു. തന്നേക്കാള്‍ താഴ്ന്ന ജാതിയിലുള്ളവനും (കളിയാട്ടം) പാവപ്പെട്ടവനും (ഇരട്ടക്കുട്ടികളുടെ അച്ഛന്‍) അന്യമതസ്ഥനും (കണ്ണെഴുതി പൊട്ടുംതൊട്ട്) ഉള്‍പ്പെട്ട വിവാഹേതര (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), വിവാഹത്തില്‍ എത്താത്ത (പ്രണയ വര്‍ണങ്ങള്‍, സല്ലാപം, കന്‍മദം), വിവാഹം കഴിക്കുന്ന (ദയ) തുമായ, കാമുകര്‍ ഉള്‍പ്പെടുന്ന വിശാലമായ പ്രണയാനുഭവങ്ങളുടെ ലോകമാണ് മഞ്ജു അഞ്ചു വര്‍ഷം കൊണ്ട് അഭിനയിച്ച് തീര്‍ത്തത്. രമണനും കൊച്ചുമുതലാളിയും ചന്തുവും ദേവദാസ ഗാഥകള്‍ പാടിയ മലയാള സിനിമയ്ക്ക് വ്യത്യസ്തമായ കാഴ്ചയാണിത്. സീമ, അംബിക, മാധവി, ശാരി മുതലായ 80-കളിലെ ശരീരം മാത്രമല്ലാത്ത, മനസും വികാരവുമുള്ള നായികമാരുടെ ഒറ്റപ്പെട്ട പിന്‍ഗാമിയാണ് ആ നിലയ്ക്ക് മഞ്ജു. കുടുംബം, വിവാഹം എന്നീ ആഖ്യാനങ്ങള്‍ക്കു പുറത്തു നിന്ന് പലപ്പോഴും ഭ്രാന്തിന്റേയും (പ്രണയവര്‍ണങ്ങള്‍, തൂവല്‍ക്കൊട്ടാരം) മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് (സല്ലാപം) തിരിച്ചവരികയും ചെയ്ത കാമുകിയായിരുന്നു മഞ്ജു. കുടുംബത്തിന്റെ സംരക്ഷിതാവസ്ഥയ്ക്ക് പുറത്ത്, പ്രണയത്തിന്റെ അനുഭവങ്ങളും പാളിച്ചകളും ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥകളെ അഭിനയിച്ചവതരിപ്പിച്ചവള്‍. സാമ്പ്രദായികമായ നായികാ സങ്കല്‍പ്പങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങാതെ തെറിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ഈ സിനിമകളിലേത്. കഥാപാത്രങ്ങളില്‍ മാത്രമല്ല, അഭിനയം എന്ന കലയും മഞ്ജുവിന് തെറിപ്പുകള്‍ പരീക്ഷിക്കേണ്ട ഇടമായിരുന്നു. തങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍, അതിനപ്പുറവും, തന്റേതായ പുതുമയും പലമയും അഭിനയത്തില്‍ എന്നും കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടിയാണ് മഞ്ജു എന്നത് പല സംവിധായകരുടേയും അഭിപ്രായമാണ്.

ഇത്തരം തെറിച്ച സ്വഭാവങ്ങള്‍ കുടുംബവ്യവസ്ഥിതിക്ക് അസ്വാരസ്യം ഉണ്ടാക്കും എന്നതിനാലാവാം, അഭിനയിച്ച 20 സിനിമകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മഞ്ജു ഭാര്യയായി വരുന്നത് (കളിവീട്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്). ഇവയിലാകട്ടെ, (കളിവീടിലെ മൃദുല, ഇരട്ടക്കുട്ടികളുടെ അച്ഛനിലെ അനുപമ) സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളുമുള്ള, ഭര്‍ത്താവില്‍ നിന്നും വ്യത്യസ്തമായ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമുള്ള, അതുകൊണ്ടു തന്നെ ഭര്‍ത്താവുമായി പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്യുന്ന ഭാര്യയാണ് മഞ്ജു. ഇത്തരം സ്‌ത്രൈണമായ തെറിപ്പുകള്‍ ഉണ്ടാക്കുന്ന സ്വാതന്ത്ര്യമാണ് താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴു തന്റേതായ, വ്യത്യസ്തമായ, ശക്തമായ ഒരു പ്രതിച്ഛായ, നടി എന്ന രീതിയില്‍ മഞ്ജുവിന് സാധ്യമായത്. അല്ലാതെ പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആഖ്യാനങ്ങളില്‍ നിന്നും ഉണ്ടായ, തൊലിപ്പുറത്തുള്ള സ്വാതന്ത്ര്യമല്ല അത്. പ്രണയിക്കുന്ന പുരുഷനെ കിട്ടാതെ മറ്റൊരാളെ സ്വീകരിക്കേണ്ടി വരുന്ന കഥാപാത്രങ്ങളാകട്ടെ (സല്ലാപം, സമ്മര്‍ ഇന്‍ ബത്‌ലഹേം) ഭര്‍ത്താവുമായി പിണങ്ങി പിന്നീട് തിരിച്ചുവരുന്ന കഥാപാത്രങ്ങളാകട്ടെ (ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കളിവീട്), പുരുഷനെ മത്സരിച്ച് തോല്‍പ്പിച്ച് ശക്തി തെളിയിക്കേണ്ട ഗതികെട്ട സ്ത്രീയല്ല ഇവയൊന്നിലും.

വൈകാരികതയിലൂന്നിയ ഇത്തരം സ്‌ത്രൈണമായ തെറിപ്പുകളെ ആണത്തത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനാണ് പിന്നീട് വന്ന സിനിമകള്‍ (കന്‍മദം, പത്രം) ശ്രമിച്ചിട്ടുള്ളതെന്ന് കാണേണ്ടതാണ്. കന്‍മദത്തിലെ ഭാനു, പത്രത്തിലെ ദേവിക, വിശേഷിപ്പിക്കപ്പെടുന്നത് ആണായി ജനിക്കേണ്ടവള്‍, ആണിനെ പോലെ ധൈര്യമുള്ളവള്‍ എന്നിങ്ങനെയാണ്. പെണ്ണിന്റേയും പെണ്ണത്തത്തിന്റേയും എക്‌സ്‌പൈറി ഡേറ്റ് തീരുമാനിക്കുന്നത് സിനിമയാണ്, പെണ്ണല്ല എന്നാണ് ഇത്തരം ആണത്തവത്ക്കരണം കാണിക്കുന്നത്. ഇത്തരം വ്യാഖ്യാനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു.

റേഡിയോ അനൗണ്‍സറായ ഭര്‍ത്താവ് 14 വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന് നിറം മാറുകയും ഭാര്യ സ്മാര്‍ട്ട് അല്ലെന്നു പറയുകയും ചെയ്യുമ്പോള്‍ ഭാര്യക്കുണ്ടാകുന്ന തിരിച്ചറിവാണ് സിനിമയുടെ പ്രമേയം. സവര്‍ണന്റെ മകളുടെ വിവാഹത്തിന് വിളമ്പാന്‍ ആരോഗ്യകരമായ പച്ചക്കറി നട്ടുണ്ടാക്കി തന്റെ സ്മാര്‍ട്‌നെസ് തെളിയിക്കാന്‍ കിട്ടുന്ന അവസരം നിരുപമ പാഴാക്കുന്നില്ല. അതിന്റെ വിജയം നല്‍കിയ ദേശീയാംഗീകാരം കൊണ്ട് ഭര്‍ത്താവിനും മനകള്‍ക്കും അഹങ്കരിക്കാന്‍ പറ്റുന്ന സ്മാര്‍ട്ട് ആയ ഭാര്യയായും അമ്മയായും തിരിച്ചുവരുന്ന, യു.ഡി ക്ലര്‍ക്ക് ആയ, 36-കാരി പെണ്ണിന്റെ കഥയാണ് ഹൗ ഓള്‍ഡ് ആര്‍ യു. നിരുപമയുടെ (മഞ്ജുവിന്റെ) 14 വര്‍ഷം മുന്‍പത്തെ, സ്‌ത്രൈണമായ തെറിപ്പുകളെ കുടുംബത്തിന്റെ ഭദ്രതയ്ക്കു വേണ്ടി മെരുക്കുന്ന കാഴ്ചാണ് അത്. അതിനായി ഇരയാക്കപ്പെടുന്നതാകട്ടെ രാജീവ് എന്ന ഭര്‍ത്താവിന്റെ കഥാപാത്രവും. മലയാള സിനിമയുടെ സ്ത്രീപക്ഷം ഇപ്പോഴും പുരുഷനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ വേവലാതിപ്പെടുന്നു എന്നതു തന്നെ അതിന്റെ മാറാന്‍ മനസില്ലാത്ത പുരുഷകേന്ദ്രീകൃത അധികാരത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ചായില്യം, 22 എഫ്‌കെ എന്നീ സ്ത്രീപക്ഷക്ഷ സിനിമകള്‍ പിന്തുടര്‍ന്നതും ഇതേ യുക്തിയാണ്. ഇങ്ങനെ പുരുഷനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതിലൂടെ പുരുഷനെ പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ മാറ്റമില്ലാത്ത ഏകാധിപതിയായും സ്ത്രീയെ അതിനോട് പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്ത ഇരയായും സ്ഥാപിക്കുന്നു. മഞ്ജു എന്ന താരത്തിനു വേണ്ടി അപരവത്ക്കരിക്കപ്പെട്ട, കുറ്റമാരോപിക്കപ്പെട്ട പുരുഷ കഥാപാത്രമാണ് ഭര്‍ത്താവായ രാജീവ്.

മലയാള സിനിമാ ചരിത്രം നോക്കുകയാണെങ്കില്‍ താരം എന്ന സ്വരൂപ നിര്‍മാണത്തിന് ഇത്തരം അപരവത്ക്കരണം മുഖ്യഘടകമായിരുന്നെന്നു കാണാം. കുറ്റാന്വേഷണം എന്ന, ഏറെ ജനപ്രിയമായ കാലഘട്ടമായ എണ്‍പതുകളുടെ അവസാനം താരനിര്‍മാണത്തിന്റെ കാലഘട്ടം കൂടിയായിരുന്നു. യവനിക (1982)യില്‍ തുടങ്ങി കരിയില കാറ്റു പോലെ (1986), ഉത്തരം (1989), മുഖം (1990) മുതലായ സിനിമകളും സേതുരാമയ്യര്‍ സീരീസുകളും വരുന്നത് ഈ സമയത്താണ്. ഈ സിനിമകള്‍, പുരുഷനെ നീതിയുടെ പോരാളിയായി സ്ഥാപിക്കുകയും അത്തരം പുരുഷന്മാരെ താരമാക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനുള്ള ന്യായീകരണങ്ങളുമായി മാറി.

നീതിയുടെ പോരാളിയായി മാതൃകാ പുരുഷനെ നിര്‍വചിക്കുന്നതിനൊപ്പം, ആ സ്ഥാനത്തിനു പുറത്തു നില്‍ക്കുന്ന അപരരായ സ്ത്രീകളും പുരുഷന്മാരും ആരൊക്കെ എന്നതും സ്ഥാപിക്കുന്നുണ്ട്. ഈ സിനിമകളില്‍ കൊല്ലപ്പെടുന്ന സ്ത്രീകള്‍ (പുരുഷന്മാരും) ഏതെങ്കിലും രീതിയില്‍ സാമ്പ്രദായികമായ പെണ്ണിടത്ത് നിന്ന് കുതറാനും ചട്ടക്കൂടുകള്‍ ലംഘിക്കാനും ശ്രമിച്ചവരാണ്. ജാഗ്രതയിലെ അശ്വതി തന്നെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ പ്രതികരിക്കുന്നവളാണെങ്കില്‍, തയ്യല്‍ക്കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിധവയാണ് സേതുരാമയ്യര്‍ സി.ബി.ഐ (2002)ല്‍ കൊല്ലപ്പെടുന്ന മോസി. നേരറിയാന്‍ സി.ബി.ഐ (2005) ലെ കൊല്ലപ്പെട്ട മൈഥിലി നട്ടപ്പാതിരയ്ക്ക് കാമുകനുമായി സംസാരിക്കാനും അവനെ കാണാനും മുറിയില്‍ നിന്നു പുറത്തിറങ്ങിയവളാണ്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പി (1988)ലെ കൊല്ലപ്പെടുന്ന ഓമനയാകട്ടെ, നേരെയുള്ള അതിക്രമങ്ങള്‍ സഹിക്കാന്‍ കഴിയാതെ ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിക്കുന്നവളും.

യവനികയിലും കരിയില കാറ്റുപോലെയും എന്നീ സിനിമകളില്‍ കൊല്ലപ്പെടുന്ന പുരുഷന്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. വിവാഹേതര, വിവാഹിതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടവനോ (കരിയില കാറ്റുപോലെയില്‍ കൊല്ലപ്പെടുന്ന സംവിധായകന്‍) അതിന് ആഗ്രഹമുള്ളനോ (യവനികയിലെ നാടക നടന്‍) ആണ് അവര്‍. മാത്രമല്ല, റേപ്പ് ചെയ്യപ്പെട്ട സ്ത്രീകളെ (ജാഗ്രത, ഉത്തരം) കൊല്ലുന്നതിലൂടെ ഈ സിനിമാ വ്യഖ്യാനങ്ങള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ജീവിക്കേണ്ടതില്ലെന്ന യുക്തിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ സിനിമകളിലെ അപരവത്ക്കരണം സ്ത്രീകളില്‍ ഒതുങ്ങുന്നതല്ല.

ഇവയില്‍ കുറ്റവാളികളെന്ന് തെളിയിക്കപ്പെടുന്നവര്‍, വീണ്ടും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന കുടുംബ വ്യവസ്ഥയുടെ കന്യകാത്വത്തെ ചോദ്യം ചെയ്യുന്നവരാണ്. ജാഗ്രതയിലെ വക്കീലായ സുകുമാരന്‍ നായര്‍, സേതുരാമയ്യര്‍ സി.ബി.ഐയിലെ മോന്‍സി എന്നിവര്‍ കുടുംബ വ്യവസ്ഥയുടെ പവിത്ര സങ്കല്‍പ്പത്തെ തങ്ങളുടെ അടക്കാനാവാത്ത കാമനകള്‍ കൊണ്ട് തകിടം മറിക്കുന്നവരാണ്. ഇങ്ങനെ അതിര്‍ത്തികള്‍ കടക്കുന്ന സ്ത്രീകളെ കൊല്ലുകയും അതിനു കാരണക്കാരായ പുരുഷന്മാരെ കുറ്റക്കാരാക്കുകയും ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ പുരുഷനാണ് കുറ്റാന്വേഷണ സിനിമകളിലെ താരം. യഥാര്‍ഥ പുരുഷന്‍ ആരാണെന്നും അയാളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഈ സിനിമകള്‍ പറഞ്ഞുതരുന്നു. യവനികയില്‍ നിന്നും സേതുരാമയ്യരിലേക്ക് വരുമ്പോഴേക്കും കുറ്റവാളിയെ കണ്ടെത്തുന്നതില്‍ നിന്നും ഫോക്കസ് കുറ്റാന്വേഷകനിലാകുന്നത് യാദൃശ്ചികമല്ല. സേതുരാമയ്യര്‍ എന്ന ബ്രാഹ്മണനിലെത്തുമ്പോഴേക്ക് കുറ്റാന്വേഷണത്തില്‍ നിന്നും കുറ്റാന്വേഷകനിലേക്ക് അഥവാ കഥയില്‍ നിന്നും പുരുഷ താരത്തിലേക്കുള്ള മാറ്റം കാണാം.

പുരുഷതാരം എന്നത് വെറുമൊരു കര്‍തൃസ്ഥാനമല്ലെന്നും ജാതി, മത, ലിംഗ, പ്രദേശാടിസ്ഥാനത്തില്‍ അപരരായ പുരുഷ / സ്ത്രീകളെ ശിക്ഷിക്കാന്‍ അധികാരമുള്ള, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട, മധ്യവര്‍ഗ പുരുഷകേന്ദ്രീകൃത സ്ഥാനമാണെന്നും പ്രഖ്യാപിക്കുകയാണീ സിനിമകള്‍. അപരവത്ക്കരണത്തിലൂന്നിയ ഒരു പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ് താരവത്ക്കരണം. ഇതേ വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് മഞ്ജു എന്ന പെണ്ണ് താരമായ ഹൗ ഓള്‍ഡ് ആര്‍ യു.

മഞ്ജുവിന്റെ താരവത്ക്‌രണത്തിനു വേണ്ടി അപരവത്ക്കരിക്കപ്പെട്ട പുരുഷനാണ് ഭര്‍ത്താവായ രാജീവ്. ഇവിടെ നിരുപമയും ഭര്‍ത്താവായ രാജീവും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ നിര്‍മിതികള്‍ തന്നെയാണ്. പുരുഷന്മാര്‍ എന്നും ഒരേപോലെയാണെന്നും അവര്‍ക്ക് മാറ്റം സാധ്യമല്ലെന്നുമുള്ള പിന്തിരിപ്പന്‍ വാദമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. സംവാദം സാധ്യമല്ലാത്ത അടഞ്ഞ വാതിലുകളാണ് ആണുങ്ങള്‍ എന്ന് സിനിമ പ്രഖ്യാപിക്കുന്നു.

വിവാഹത്തിനു മുമ്പുള്ള ഊര്‍ജസ്വലയായ നിരുപമയെ ഓര്‍ക്കാന്‍ 14 വര്‍ഷത്തിനിപ്പുറം ഭര്‍ത്താവിനെ കുറ്റക്കാരനാക്കാതെ സാധ്യമാകുന്നില്ലെന്നത് സിനിമ ഉയര്‍ത്തുന്ന സ്ത്രീവാദത്തിന്റെ ന്യൂനതയാണ്. ആണ്‍താരത്തിനു പകരം പെണ്‍താരത്തെ പ്രതിഷ്ഠിച്ചാല്‍ നേടാന്‍ കഴിയുന്ന അത്രയും ലളിതമായ സമവാക്യമാണ് സ്ത്രീപക്ഷമാവുക എന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ യുക്തി. താരവ്യവസ്ഥ, അതിന്റെ മധ്യവര്‍ഗ പരിമിതികള്‍ക്കുള്ളില്‍ നിന്നുണ്ടാകുന്ന തുറസുകളെ പോലും കാണാന്‍ കൂട്ടാക്കുന്നില്ല സംവിധായകന്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍
നായര്‍ - തീയ്യ സഖ്യം സിനിമയില്‍: ചില ജാ-തീയ്യ ചിന്തകള്‍
അന്യവല്‍ക്കരിക്കപ്പെട്ട ആണത്തങ്ങള്‍ അഥവാ സിനിമയിലെ വിജാ-തീയ്യര്‍
പ്രവാസിയല്ലാത്ത ശ്യാമപ്രസാദും ഇംഗ്ളീഷ് എന്ന സിനിമയും
ജീത്തു ജോസഫിനും എബ്രിഡ് ഷൈനും ഒരു തുറന്ന കത്ത്


താരസംസ്‌കാരം വിപണിയുമായും സാങ്കേതികത, ദൈനംദിന ജാതി, ലിംഗ, പ്രദേശ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാറുന്ന ഉപഭോഗ സമൂഹങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. പരിധികള്‍ നിര്‍ണയിക്കുന്നത് ഒരു മതേതരര മധ്യവര്‍ഗമാണെങ്കിലും സിനിമ താരത്തേയും താരം സിനിമയേയും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. പപ്പയുടെ സ്വന്തം അപ്പൂസിലെ മകന്റൊപ്പം കളിക്കാന്‍ സമയമില്ലാത്ത സീരിയസ് അച്ഛനില്‍ നിന്നും ഡാഡി കൂളിലെ കളിയച്ഛനിലേക്കും വല്യേട്ടനില്‍ നിന്ന് ഹിറ്റ്‌ലറില്‍ നിന്നുമുള്ള ഏട്ടനില്‍ നിന്നും പോക്കിരി രാജയിലെ ഏട്ടനിലേക്കും നൃത്തം അറിയാത്ത മമ്മൂട്ടിയില്‍ നിന്നും അറിയാത്ത നൃത്തം ചെയ്ത് ചിരിപ്പിക്കുന്ന മമ്മൂട്ടിയിലേക്കുള്ള മാറ്റവും ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ നിന്നും ബല്‍റാം Vs താരാദാസിലേക്കും അവിടെ നിന്നും കള്ളനായ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിലേക്കും സീരിയസ് വേഷങ്ങളില്‍ നിന്നും ഹാസ്യാഭിനയത്തിലേക്കുള്ള മാറ്റവും, ഇങ്ങനെ താരവും ഉപഭോഗ സമൂഹവും സിനിമയും തമ്മിലുള്ള ഇടപെടലുകളില്‍ നിന്നുണ്ടാകുന്നതാണ്. മധ്യവര്‍ഗ സംസ്‌കാരം സാധ്യമാക്കുന്ന ഇത്തരം ബഹുസ്വരങ്ങള്‍ പോലും കണക്കിലെടുക്കാത്ത ആണിനെ (പെണ്ണിനേയും) വ്യവസ്ഥാപിത പുരുഷമേധാവിത്വത്തിന്റെ ചട്ടക്കൂട് ആവശ്യപ്പെടുന്ന സ്വഭാവങ്ങള്‍ വച്ച് നിര്‍വചിക്കാനാണ് റോഷന്‍ ആന്‍ഡ്രൂസ് എന്നും താത്പര്യം കാണിച്ചിട്ടുള്ളത്. താരത്തേയും ഫാന്‍ എന്ന കര്‍തൃത്തേയും അപ്രസക്തമാക്കി സിനിമ സംവിധായകന്റെ കലയാണെന്ന് പ്രഖ്യാപിച്ചാണ് ആന്‍ഡ്രൂസ് ഉദയനാണ് താരം എന്ന ആദ്യ സിനിമയെടുക്കുന്നത്. ഫാന്‍സിനെ കളിയാക്കുന്ന താരവും വിഡ്ഡിയായ താരവും താരത്തെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാന്‍ അറിയുന്ന സംവിധായകനുമുള്‍പ്പെട്ട ഒരു ലോകമാണ് ഉദയനാണ് താരത്തില്‍ നമ്മള്‍ കാണുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു എന്ന പെണ്ണിനെ എങ്ങനെ താരമാക്കി അവരുടെ പെണ്ണത്തത്തെ ഒതുക്കാം എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് കാണിച്ചുതരുന്നത്.

എം.സി.പി ആയ പുരുഷന്‍ എന്ന മാറാത്ത അധികാരസ്ഥാനത്തെ രാജീവിലൂടെ കാണിക്കുന്നതിലൂടെ ഒരുതരത്തിലും മാറ്റാന്‍, അതുമായി സംവദിക്കാന്‍ കഴിവില്ലാത്ത, ഏജന്‍സി ഇല്ലാത്ത പെണ്ണിനെയാണ് റോഷന്‍ ആന്‍ഡ്രൂസ് സങ്കല്‍പ്പിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമ എന്ന കഥാപാത്രം ഇത്തരത്തില്‍ ബലഹീനയാണ്. കുടുംബം, വിവാഹം എന്നീ വ്യവസ്ഥിതിക്ക് പുറത്ത് യുക്തി കണ്ടെത്തുന്ന മഞ്ജു ഉള്‍പ്പെട്ട നായികമാരെ, നിരുപമയുടെ വിജയം പരാജയപ്പെടുത്തുകയാണ്. സ്മിത മുതല്‍ ഷക്കീല വരെയുള്ള നടിമാരെ കുടുംബം എന്ന ആഖ്യാന പരിസരത്തിന് പുറത്ത് നിന്നതുകൊണ്ടു മാത്രം അശ്ലീലതയുടെ, ലൈംഗിക വൈകൃതത്തിന്റെ പ്രതിനിധികളായി മാറ്റിയ പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് നിരുപമയും. സ്മിത, ഷക്കീല തുടങ്ങിയവര്‍ മലയാള സിനിമയില്‍ തുറന്ന കാമനകളുടെ അപര ഇടങ്ങളെ, മഞ്ജു തന്നെ ആവിഷ്‌കരിച്ച കാമുകിയുടെ അപ(ാ)ര സാധ്യതകളെ നിരുപമയുടെ കുടുംബത്തിനകത്തെ വിജയം കണ്ണടച്ചിരുട്ടാക്കുന്നു. കുടുംബത്തിനു പുറത്ത്, വിവാഹത്തിനപ്പുറത്ത് സാധ്യമായ അപര ഇടങ്ങളെയും സ്‌നേഹങ്ങളെയും ബന്ധങ്ങളെയും അവ ആവിഷ്‌കരിച്ച് നടികളെയും നിഷേധിക്കുന്നിടത്താണ് നിരുപമ എന്ന താരത്തിന്റെ തിരിച്ചുവരവ് സ്വീകാര്യമാകുന്നത്.

തിരിച്ചു വരാന്‍ പറ്റാതിരുന്ന ദളിത് ക്രിസ്ത്യന്‍ ആയ ആദ്യ മലയാളി നായിക റോസിയും സാമ്പ്രദായികമായ കുടുംബവ്യവസ്ഥയ്ക്ക് പുറത്ത് ചിന്തിച്ചതു കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന ശോഭ മുതല്‍ കുടുംബത്തില്‍ നിന്ന് ഇറങ്ങിവരാന്‍ ധൈര്യപ്പെട്ട മഞ്ജു വരെയുള്ള നടിമാര്‍ കുടുംബത്തിനകത്തെ നിരുപമയുടെ തിരിച്ചുവരവിലൂടെ, ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ്, തിരിച്ചു പോകേണ്ടവരാണെന്ന് ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഹൗ ഓള്‍ഡ് ആര്‍ യു.


Next Story

Related Stories