TopTop
Begin typing your search above and press return to search.

സോഷ്യല്‍ മീഡിയ ‘വഞ്ചിക്കപ്പെടാനും’ കൂടിയുള്ളതാണ്, ഹേ!

സോഷ്യല്‍ മീഡിയ ‘വഞ്ചിക്കപ്പെടാനും’ കൂടിയുള്ളതാണ്, ഹേ!

ഇഞ്ചിപ്പെണ്ണ്


കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, മലയാളികള്‍ വാഴുന്ന ഗൂഗിള്‍ പ്ലസ്സ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഒരു 'കള്ളം' പൊളിക്കപ്പെടുകയുണ്ടായി. ഗൂഗിള്‍ പ്ലസ്സിലെ സ്ഥിരം ഉപയോക്താക്കളില്‍ ചിലര്‍ ഒത്തുകൂടുകയും നാലഞ്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ കേരളത്തില്‍ ജീവിക്കുന്ന അരുണ്‍ വിജയകുമാര്‍ എന്ന ചെറുപ്പക്കാരന്‍ പടച്ചുവിട്ടുവെന്നു പറയപ്പെടുന്ന കള്ളത്തരങ്ങള്‍ അന്വേഷിക്കുകയും അവയെല്ലാം വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തു.അരുണ്‍ എന്ന വ്യക്തിക്ക് നാസയില്‍ ജോലി കിട്ടിയെന്നും അമേരിക്കന്‍ ഗവണമെന്റ് ജോലി ചെയ്യാനായി പല ഇളവുകള്‍ അനുവദിച്ചുവെന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. വാര്‍ത്തകള്‍ ഉണ്ടായതു പത്രങ്ങളില്‍ തന്നെയാണ്. തുടര്‍ന്ന് അരുണിനു സ്വീകരണവും മറ്റും സംഘടിപ്പിക്കാനും അരുണിനെ കാര്യമായി തന്നെ ആഘോഷിക്കാനും പത്രങ്ങള്‍ തന്നെ മത്സരിച്ച് ഇറങ്ങുകയും ചെയ്തു. പ്രത്രപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ആ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ചതുമില്ല. ഇന്റര്‍നെറ്റില്‍ വിസാ നിയമങ്ങളെക്കുറിച്ച് അഞ്ച് നിമിഷം കൊണ്ട് പരതി എടുക്കാവുന്ന വിവരങ്ങള്‍ പോലും നോക്കാന്‍ ഒരു പത്രവും മിനക്കെട്ടതുമില്ല. പ്രത്യക്ഷമായി സംശയം തോന്നുന്ന ഈ വാര്‍ത്തയില്‍ ഇന്ത്യയുടേയും കൂടുതലായിട്ട് മലയാളിയുടേയും അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പത്രസ്ഥാപനം നടത്തിക്കൊണ്ട് പോകാനും ഉള്ള നെട്ടോട്ടത്തിനിടയില്‍ പത്രപ്രവര്‍ത്തനം എന്ന ജോലി എന്താണെന്ന് മറന്നു പോവുന്നത് എങ്ങനെ എന്ന് ആരും ദയവായി ചോദിച്ച് വേദനിപ്പിക്കരുത്.ഇതുകൊണ്ടൊക്കെ കൂടി വടക്കുനോക്കിയന്ത്രത്തില്‍ രണ്ട് റേഡിയോകള്‍ കേട്ട് ധൃതിയില്‍ വാര്‍ത്ത എഴുതുന്ന, അങ്ങിനെ പത്രം നടത്തുന്ന ഇന്നസന്റ് അഭിനയിച്ച 'തലക്കുളം സാര്‍' എന്ന കഥാപാത്രത്തില്‍ നിന്ന്‍ എന്തെങ്കിലും പുരോഗതി നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുള്ളതായി തോന്നാന്‍ വലിയ കാരണങ്ങളും ഉണ്ടായിട്ടില്ല. അരുണിന്റെ ജോലി സംബന്ധമായ വിവരങ്ങള്‍ അന്വേഷിഷിക്കുന്ന യഥാര്‍ത്ഥ പത്രപ്രവര്‍ത്തന ജോലി ഏറ്റെടുത്തത് ഗൂഗിള്‍ പ്ലസ്സിലെ കുറച്ച് ആളുകളാണ്. അതുവരെ സംഭവിച്ച കാര്യങ്ങള്‍ ആശാവഹമായിരുന്നു.അതിനുശേഷം സംഭവങ്ങള്‍ തിരിഞ്ഞു മറിഞ്ഞു. അവരില്‍ ഒരാള്‍ പരിചയമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ, അരുണിന്റെ വീട് തേടി വിടുന്നു. എസ്.പി റാങ്കിലുള്ള ജെ. ജയന്ത് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ യാതൊരു നിയമസാധുതയുമില്ലാത്ത നെറ്റിസണ്‍ പോലീസ് എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പിന്റെ ഉടമ കൂടിയായിരുന്നു. (ജയന്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നെറ്റിസണ്‍ ഗ്രൂപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജയന്ത് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ആ ഫേസ് ബുക്ക് ഗ്രൂപ്പ് സജീവവുമല്ല). അരുണിന്റെ വീട്ടിലെത്തി, അരുണ്‍ പ്രചരിപ്പിച്ചുവെന്ന് പറയുന്ന 'കള്ള'ങ്ങളെക്കുറിച്ചെല്ലാം ഈ പോലീസ് ഉദ്യോഗസ്ഥന്‍ 'ചോദ്യം ചെയ്യുന്നു'. അരുണ്‍ കള്ളം പറഞ്ഞുവെന്ന് വെളിപ്പെടുത്തിയതായി ജയന്തും, ഗൂഗിള്‍ പ്ലസ്സിലെ ആളുകളും തെളിവു സഹിതം വ്യക്തമാക്കുകയും ചെയ്യുന്നു.

ഇതിനിടെ ജയന്തിനെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി, ഗൂഗിള്‍ പ്ലസ്സില്‍ എഴുതിയത് 'ചെക്കന്‍ വിരണ്ട് പോയി' എന്നാണ്. തുടര്‍ന്ന് ജനതയുടെ കമന്റാരവങ്ങള്‍. കള്ളനെ പിടിച്ചു കെട്ടിയവരുടെ ചാട്ടവാറടിയുടേയും അട്ടഹാസങ്ങളുടെയും ഭീകരത. ആകെക്കൂടി നാട്ടില്‍ പ്രധാനമായി നടക്കുന്ന ഒരു ക്രിമിനല്‍ കുറ്റം കള്ളം പറഞ്ഞ് പരത്തുക എന്നതും, അത് അന്വേഷിക്കാന്‍ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനെ പറഞ്ഞ് വിടുകയും ചെയ്യുന്നതിലെ ജനാധിപത്യ ലംഘനത്തെക്കുറിച്ച് 'ക്ലാസ്സെടുക്കാന്‍' ചെന്ന എന്നോട് ജനക്കൂട്ടം പറഞ്ഞത്, എനിക്ക് കൊതിക്കെറുവ് ആണെന്നാണ്. എനിക്ക് നാസയിലും, അതു കൂടാതെ നാട്ടില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനേയും പരിചയമില്ലാത്തതിന്റേയും, ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെ ഒന്നു പറഞ്ഞ് വിടാന്‍ പറ്റാത്തതിന്റേയും കൊതിക്കെറുവ് എന്നില്‍ ആരോപിച്ച്, അതുവരെ ഒരാളോടും കള്ളം പറഞ്ഞിട്ടില്ലാത്ത, ഒരിക്കല്‍ പോലും കണ്ണാടി നോക്കിയിട്ടില്ലാത്ത നാട്ടുകൂട്ടം സായൂജ്യമടഞ്ഞു.'കൊണ്ട് നടന്നതും നീയേ ചാപ്പ കൊണ്ടോയ് കൊന്നതും നീയേ ചാപ്പ' എന്നായി മാധ്യമങ്ങളുടെ കാര്യങ്ങള്‍. പിന്നീട് അവര്‍ അരുണിനെതിരെ പടവാളേന്തി. മാതൃഭൂമി വാര്‍ത്തയിലെ വരികളില്‍, വിവരസാങ്കേതികവിദ്യയിലെ
വൈദഗ്ദ്ധ്യവും ഭാവനാവിലാസവും ഉപയോഗിച്ച് മാധ്യമങ്ങളെയും സമര്‍ഥമായി കബളിപ്പിച്ചു (നാസയും ദേശസ്‌നേഹവും; അരുണ്‍ പറഞ്ഞതെല്ലാം നിറംപിടിപ്പിച്ച നുണകള്‍) എന്നു മാത്രമേയുള്ളൂ.അരുണിന്റെ കള്ളങ്ങള്‍, മാനസിക നിലവാരം തുടങ്ങി പലതിലേക്കും 'വെളിച്ചം'വീശി പിന്നീട് പല പത്രങ്ങളും പേജുകള്‍ നിറച്ചു. അതുവരെ തങ്ങള്‍ക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചോ തങ്ങളില്‍ ഒരാള്‍ പോലും ഈ വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാത്തതിനെക്കുറിച്ചോ എവിടേയും ഒന്നുമില്ല. പീലാത്തോസ് നാണിക്കും വിധം കൈകഴുകി അവര്‍ പുതിയ കഴുമരങ്ങള്‍ പണിതു. സോഷ്യല്‍ മീഡിയ ആകട്ടെ പൊളിഞ്ഞ കള്ളങ്ങള്‍ക്ക് മുകളില്‍ പല വിശ്വാസങ്ങളും പണിതുകൊണ്ടിരുന്നു.സുനിത ദേവദാസ് എന്ന മാധ്യമപ്രവര്‍ത്തകയിലേക്ക് ഇനി ഫോക്കസ് തിരിക്കണം. മീഡിയാ വണ്‍-ലെ പത്രപ്രവര്‍ത്തകന്‍ അജിംസ് 'മഞ്ജു ജയരാജ്' എന്ന നാമത്തില്‍ സുനിതയോട് ചാറ്റ് നടത്തിയെന്നും സ്ത്രീയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തുവെന്നും സുനിത അവകാശപ്പെടുന്നു. തെളിവിനായി അവര്‍ തമ്മിലുള്ള ചാറ്റ് ശകലങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. സുനിതയുടെ പക്ഷത്ത് കബളിപ്പിക്കപ്പെട്ടതിന്റെ കോപമുണ്ട്, ആശങ്കയുണ്ട്. പക്ഷെ അതുകൂടാതെ സുനിത ചോദിക്കുന്നു; ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെയൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതെങ്കില്‍ സാധാരണക്കാരില്‍ നിന്നും നാം എന്താണ് പ്രതീക്ഷിക്കേണ്ടത്? (മഞ്ജു ജയരാജ് ആരായിരുന്നു?)എപ്പോഴാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സാധാരണക്കാരല്ലാതായിത്തീര്‍ന്നത്? എപ്പോള്‍ മുതലാണ് രണ്ട് പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ ഒരാള്‍ കള്ളം പറഞ്ഞുവെന്നത് ക്രിമിനല്‍ കുറ്റമായി മാറിയത്? എന്നു മുതലാണ് എല്ലാവരും ധര്‍മ്മിഷ്ഠരും ഹരിശ്ചന്ദ്രന്മാരും ആയത്? കബളിക്കപ്പെടുമ്പോള്‍ മാത്രം എത്ര പെട്ടെന്നാണ് ധര്‍മ്മത്തിന്റെ ശംഖ് നാദം മുഴങ്ങുന്നത്.

ഏറ്റവും ഭംഗിയായി വ്യക്തിത്വം മാറ്റിമറിക്കാന്‍ പറ്റിയ ഇടമാണ് ഇന്‍റര്‍നെറ്റ്. മുഖമില്ലാത്തവരുടെ നഗരമാണിത്. പ്രൊഫൈല്‍ ചിത്രങ്ങളില്‍ എല്ലാം സോപ്പ് പരസ്യങ്ങളുടെ മിഴിവാണ്. സന്തോഷമായിരിക്കുന്നവരെക്കൊണ്ടും യാത്രകള്‍ ചെയ്യുന്നവരുടേയും പൂച്ചക്കുട്ടികളുടേയും ആനന്ദകരമായ കുടുംബജീവിതങ്ങളുടെയും കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിവരങ്ങള്‍ കൊണ്ടും ഹിന്ദി സിനിമയെ വെല്ലുന്ന ഫീല്‍ഗുഡ് ഫാക്റ്ററുകളുള്ള ഒരു കവലയാണ്. ഇവിടെ എന്താണ് വ്യാജം? എന്താണ് യാഥാര്‍ത്ഥ്യം?നിങ്ങള്‍ക്കും എനിക്കും വ്യജമായിരിക്കാന്‍ വേണ്ടി തന്നെയാണ് ഇന്റെര്‍നെറ്റ് ഫ്രന്റിയര്‍ ഫൗണ്ടേഷനും അനോണിമസ് സെര്‍വറുകളും പ്രവര്‍ത്തിക്കുന്നത്. വ്യാജമായിരിക്കുക എന്നത് എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ അവകാശമാണ്. 1988-ല്‍ ആദ്യമായി തുടങ്ങിയ അനോണിമിറ്റി സര്‍വീസുകള്‍ അവകാശങ്ങളായി തീരുന്നതിനു വേണ്ടിയാണ് ജോഹാന്‍ ജെള്‍ഫ് ഹെല്‍സിംഗികളും ഡേവ് മാക്കും പടപൊരുതിയത്. വ്യജമായിരിക്കുക എന്ന അവകാശത്തിനു വേണ്ടി അതാതു സ്ഥലങ്ങളിലെ നിയമങ്ങളെ ഭേദിച്ചും മാറ്റി എഴുതിപ്പിച്ചും പല ഗ്രൂപ്പുകളും പോരാട്ടങ്ങള്‍ തുടരുന്നുണ്ട്. ഇവിടെ നിങ്ങള്‍ വ്യാജമായിരിക്കാത്തത് നിങ്ങളുടെ തിരഞ്ഞെടുക്കല്‍ മാത്രമാണ്. പാസ്പോര്‍ട്ടിലെ പേരും നാളും ഫോട്ടോയും പതിച്ചാലും ഒന്നാന്തരം വ്യജന്മാരായി വാഴാന്‍ മലയാളികള്‍ക്ക് ഫേസ്ബുക്ക് തന്നെ വേണോ?സുനിതയുടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് വിശാഖ് ശങ്കര്‍ എഴുതിയ (മഞ്ജു ജയരാജ്: അനോണി അസ്തിത്വത്തിലെ അന്യ!) എന്ന ലേഖനത്തില്‍ നിന്ന്; തന്റെ യഥാര്‍ത്ഥസ്വത്വത്തെ മറച്ചുവച്ച്, മറ്റൊരാളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരാളുമായി വ്യക്തിബന്ധം ഉണ്ടാക്കുന്നത് പ്രകടവും പ്രത്യക്ഷവുമായ തെറ്റ് തന്നെയാണ്. അത്തരം ഒരു കൃത്യത്തെയാണ് വിശ്വാസവഞ്ചന എന്ന് വിളിക്കുന്നത്. അതിനെയാണ് വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ച് പലരും ചേര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.പ്രസ്തുത ലേഖനത്തെ അനുകൂലിച്ചുകൊണ്ട് ആള്‍ക്കൂട്ട രഥങ്ങള്‍ ഉരുളുന്നുണ്ട്. സ്വന്തമായിട്ട് പല തരം അനോണി ഐഡികള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷെ 'മാന്യത' വിട്ട് ഒരു കളിക്കും നിന്നിട്ടില്ലായെന്നും വിശാഖ് എഴുതിയതിനെ ഉദ്ധരിച്ച് കൊണ്ട് പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാണീ ഇന്റെര്‍നെറ്റ് അമ്മാവന്മാര്‍; മാന്യതയും തെറ്റും ശരിയും തീരുമാനിക്കാന്‍? ഒരാള്‍ താന്‍ ഒരു സ്ത്രീ ഐഡിയാണെന്ന് പറഞ്ഞതാണോ തെറ്റ്? അത് വെച്ച് രണ്ട് മാസം ഫേസ് ബുക്കില്‍ സജീവമായതാണോ തെറ്റ്?ഇംഗ്ലണ്ടില്‍ നിന്നു മെയ് ഫ്ലവര്‍ എന്ന കപ്പലില്‍ അമേരിക്കയിലേക്ക് കുടിയേറിയ 'second sons' ആദ്യം ചെയ്തത് അവരുടെ പേരിന്റെ വാലുകള്‍ കളയുകയായിരുന്നു. ശ്വാസം മുട്ടുന്ന രാജവാഴ്ചയില്‍ നിന്നും നിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയവര്‍ തന്നെ ഇന്റര്‍നെറ്റിന്റെ അനോണിമിറ്റിയെ സംരക്ഷിക്കുന്നതില്‍ അത്ഭുതമില്ല. നിങ്ങളെഴുതുന്ന ഓരോ വാക്കും നിങ്ങളുടെ ഓരോ പ്രവര്‍ത്തികളും ആരോ സസൂക്ഷ്മം പരിശോധിക്കുകയും പിന്നീട് ക്രിമിനലായി തരം തിരിക്കുകയും ചെയ്യാമെന്ന സ്‌റ്റേറ്റുകളുടെ അധികാരത്തെ കൊഞ്ഞനം കുത്തുകയാണ് വ്യാജന്മാര്‍. നല്ല വ്യജന്മാരെന്നും മാന്യന്മാരല്ലാത്ത വ്യാജനമാരെന്നൊന്നും തരംതിരിവുമില്ല. 'നല്ല' വ്യാജന്മാരെ വളര്‍ത്തിയെടുക്കുന്ന കോണ്‍വെന്റ് സ്‌കൂള്‍ ഇടവുമല്ല സൈബര്‍ സ്പേസ്. ഒരാളില്‍ തന്നെ പല തരം വ്യക്തിത്വങ്ങളും നിക്ഷിപ്തമാക്കാന്‍ പ്രാപ്തമായ ഒരിടം മാത്രമാണത്.

അതേ സമയം ഇന്റെര്‍നെറ്റിന്റെ ഉപയോഗം തുടങ്ങി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതുവരെ മലയാളക്കരയില്‍ നേരം വെളുത്തിട്ടുമില്ല, സൂര്യന്‍ ഉദിച്ചിട്ടുമില്ല. രാഷ്ട്രീയം തര്‍ക്കിക്കുമ്പോള്‍ യഥാര്‍ത്ഥ ഐഡികളില്‍ നിന്നും പിന്നീട് തെറി വിളിക്കാന്‍ പലവിധ വ്യാജ ഐഡികളില്‍ നിന്നും സ്ത്രീകളെക്കുറിച്ചും ഇഷ്ടപ്പെടാത്തവരെക്കുറിച്ചും ഗോസിപ്പിനും ഗ്രൂപ്പുകളും മറ്റും പണിതവര്‍ തന്നെ സന്മാര്‍ഗ്ഗത്തെക്കുര്‍ച്ചും സ്വഭാവശുദ്ധിയെക്കുറിച്ചും വാചാലരാകുന്ന കാഴ്ചക്ക്, കിട്ടിയ കള്ളനെ വളഞ്ഞിട്ട് തല്ലുന്ന മാടമ്പികളുടെ ഛായ മാത്രമേയുള്ളൂ.ആര്‍ക്കും എന്തു പേരും സ്വീകരിക്കാം. എന്തു സ്വത്വവും സ്വീകരിക്കാം. എന്തു കള്ളവും പറയാം. അവനവന്‍ ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ബാധകമുള്ളൂ. നാളെ നിങ്ങളൊരു റോബോട്ടാണെന്ന് വരെ ആര്‍ക്കും ഇന്റനെറ്റില്‍ ധൈര്യമായി പരിചയപ്പെടുത്താം. സുപ്രീം കോടതി എടുത്തു കളഞ്ഞ 66എ സദാചാര പോലീസുകാര്‍ അറിഞ്ഞ മട്ടില്ല. അതുകൊണ്ട് കൂടുതല്‍ മഞ്ജുമാര്‍ വരട്ടെ. കൂടുതല്‍ വ്യാജ ഐഡികളും അതില്‍ ചാറ്റുകളും നിറയട്ടെ. രണ്ട് മനുഷ്യര്‍ തമ്മിലുള്ള സൗഹൃദത്തില്‍ ചതിയും വഞ്ചനയും വേദനയും കാപട്യവും എല്ലാമുണ്ടാവും. അതു മാത്രമേ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ചാറ്റുകളിലും ഉണ്ടാവാന്‍ സാദ്ധ്യതയുള്ളൂ. മിണ്ടുന്ന എല്ലാ പ്രാണികളേയും പിടിച്ച് ദയവായി ക്രിമിനലുകളാക്കാതിരിക്കൂ.മുട്ടിനു മുട്ടിന് സംഘികളെ തുരത്തുന്നു എന്ന് അവകാശ വാദങ്ങളുന്നയിക്കാനും നരേന്ദ്ര മോദിയുടെ ഭീകരതതെയെക്കുറിച്ച് കൈ കുഴയും വരെ എഴുതാനും കഴിയുന്നുണ്ട്. സ്വന്തമായി പൊലീസും പട്ടാളവും ഭരണവും കിട്ടുന്ന വരേയുള്ളൂവോ നമ്മളിലെ സംഘി സടകുടഞ്ഞെഴുന്നേല്‍ക്കാന്‍?ഇങ്ങനെയൊക്കെ സദാചാര കവിത എഴുതി തകര്‍ക്കുന്നവരോട് ഒരു ചോദ്യം, കവി ഹൃദയം എന്നാല്‍ നാലു വരികള്‍ ചുരുക്കി എഴുതാന്‍ മാത്രമുള്ളതാണോ?സത്യവാങ്ങ് മൂലം ഇന്റര്‍നെറ്റിനു സമര്‍പ്പിക്കുന്നു: ഞാന്‍ ഒരു അമേരിക്കന്‍ ചാര വനിതയാണ്. സി.എ.എയില്‍ ജോലി ചെയ്യുന്നു, ഇടക്ക് കൊച്ചിയില്‍ വന്ന്, മത്തി അച്ചാറു രൂപത്തിലും വറുത്തും പൊള്ളിച്ചും കടത്തുന്നു.(Reporter at Global Voices. Blogging in English and Malayalam. Indulges in issues regarding women’s rights, subaltern studies, travel, food)അഴിമുഖം പ്രസിദ്ധീകരിച്ച ഇഞ്ചിയുടെ മറ്റ് ലേഖനങ്ങള്‍:


കുട്ടികളുടെ കോടതി എന്ന അസംബന്ധവും പിന്തുണക്കാരും


വസന്തങ്ങള്‍ ചെറിമരങ്ങളോട് ഒരു പുല്ലും ചെയ്യുന്നില്ല


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories