TopTop
Begin typing your search above and press return to search.

ഇതാ കറന്‍റ് വില്‍ക്കുന്നൊരു പഞ്ചായത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ- പരമ്പര ഭാഗം 2

ഇതാ കറന്‍റ് വില്‍ക്കുന്നൊരു പഞ്ചായത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ- പരമ്പര ഭാഗം 2

രാകേഷ് നായര്‍

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രാദേശിക ഗവണ്‍മെന്റുകള്‍ എന്ന നിലയില്‍ വികസനത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. സുസ്ഥിര വികസനം സാധ്യമാക്കാന്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന വേറിട്ട ശ്രമങ്ങളെ നോക്കികാണാന്‍ ശ്രമിക്കുകയാണ് അഴിമുഖം ഈ അന്വേഷണ പരമ്പരയിലൂടെ.

ഇതാ വൈദ്യുതി വില്‍ക്കുന്നൊരു പഞ്ചായത്ത്..! വേണമെങ്കില്‍ ലോകത്തില്‍ തന്നെ ഇങ്ങനെയൊരു പ്രവര്‍ത്തി നടത്തുന്ന ആദ്യത്തെ പഞ്ചായത്ത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇടുക്കി ജില്ലയിലെ മങ്കുളം ഗ്രാമ പഞ്ചായത്തിന്റെ കഥ കേരളത്തിന്റെ വികസന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ വിജയത്തിന്റെ കഥയാണ്.

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് അത് ഇലക്ട്രിസിറ്റി ബോര്‍ഡിന് വില്‍ക്കുകയാണ് മാങ്കുളമിപ്പോള്‍. എന്നാല്‍ വെളിച്ചം കയറിവാരാതിരുന്നൊരു കാലമുണ്ടായിരുന്നു മാങ്കുളത്തിന്. അവിടെ ഇരുട്ടിന്റെ കരിമ്പടക്കെട്ടിനകത്തിരുന്ന് വെളിച്ചം സ്വപ്‌നം കണ്ട കുറെ ജനങ്ങളും താമിസിച്ചിരുന്നു. പ്രതിസന്ധികളുടെ മലമുടികള്‍ കടന്ന് തങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറുന്നൊരു കാലം വരുന്നതും കാത്തവര്‍ കഴിഞ്ഞു.

ആദ്യം മാങ്കുളത്തെ ഒന്നു പരിചയപ്പെടാം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാങ്കുളം. 2000 ഓക്ടോബര്‍ 2ാം തിയതിയാണ് മാങ്കുളം പഞ്ചായത്ത് രൂപീകൃതമാകുന്നത്. അതുവരെ മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. മാങ്കുളത്തിനുമുണ്ട് അത്തരം കഥകള്‍. മുമ്പ് പൂഞ്ഞാര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍ കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. തമിഴ് മലയാള സങ്കര സംസ്‌കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് മറയൂര്‍ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചുവെന്നും പറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഈ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്‌ളോക്കിലുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും, മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.

തമിഴ്‌നാടിനോട് തൊട്ടുകിടക്കുന്ന മാങ്കുളം ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്‌കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.മാങ്കുളത്തെ മൂടിയിരുന്ന ഇരുള്‍
എന്നാല്‍ ഈ കാര്‍ഷിക ഗ്രാമത്തിന്റെ ഏറ്റവും വലിയ സങ്കടം വൈദ്യുതിയുടെ ലഭ്യതയില്ലായ്മയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട വൈദ്യുത നിലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ തന്നെ ഒരു പഞ്ചായത്തിനായിരുന്നു ഈ ദുര്‍ഗതി എന്നതായിരുന്നു വിരോധാഭാസം.

വൈദ്യുതി കടന്നെത്താനുള്ള ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു പ്രധാന തടസ്സം. മൂന്നാറില്‍ വൈദ്യുതി വിതരണം ഏറ്റെടുത്തിരുന്നത് ടാറ്റയായിരുന്നു. അവര്‍ക്ക് മാങ്കുളത്തേക്ക് വൈദ്യുതി എത്തിക്കുന്നതില്‍ വലിയ താല്‍പര്യമൊന്നുമില്ലായിരുന്നു. കെസ്ഇബിക്കാണെങ്കില്‍ അതിലേറെ ബുദ്ധിമുട്ട്. ഈ കൊടുങ്കാട്ടിലൂടെ എങ്ങനെ ലൈന്‍ വലിക്കാനാണ്. എത്രയോ മരങ്ങള്‍ വെട്ടണം. ഏതൊക്കെ മലയുടെ മുകളില്‍ കേറണം. ആര്‍ക്ക് വെളിച്ചം കിട്ടുന്ന കേസാണെങ്കിലും ശരി, ഒരൊറ്റ മരവും മുറിക്കരുതെന്ന വാശിയിലായിരുന്നു വനംവകുപ്പും. അത്രയൊന്നും ബുദ്ധിമുട്ട് സഹിച്ച് കുറെ ജനങ്ങള്‍ക്ക് വെളിച്ചം എത്തിക്കണമെന്ന് ആര്‍ക്കുമൊരു നിര്‍ബന്ധവുമില്ലായിരുന്നു. ഇങ്ങനെയൊക്കെയായപ്പോള്‍ പത്തുപതിനായിരം ജനങ്ങളുടെ വെളിച്ചമെന്ന സ്വപ്‌നം വെറും സ്വപ്‌നമായി തന്നെ നിലനിന്നു.

എന്നാല്‍ പ്രകൃതി മാങ്കുളത്ത് കാത്തുവച്ചിരുന്ന ചില അത്ഭുതങ്ങളുണ്ടായിരുന്നു. ആരൊക്കെ തടഞ്ഞാലും അവിടുത്തെ ജനങ്ങളുടെ വെളിച്ചമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രകൃതിയുടെ ആ അത്ഭുതങ്ങള്‍ മതിയായിരുന്നു.

പ്രകൃതി നല്‍കിയ വെളിച്ചം
മാങ്കുളത്തുകാര്‍ കുത്തുകളെന്ന് വിളിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് നേരത്തെ പറഞ്ഞ അത്ഭുതങ്ങള്‍. തങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത് തുടങ്ങിയ ഈ കുത്തുകള്‍ സഹായകമാകുമെന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അവര്‍ ചെറിയ ടര്‍ബണേറ്റുകള്‍ ഉണ്ടാക്കി അവ മാന്‍പവറില്‍ പ്രവര്‍ത്തിപ്പിച്ച് ചെറിയ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. ഒന്നോ രണ്ടു ബള്‍ബുകള്‍ തെളിക്കാന്‍ അതുമതിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്ന ആ വൈദ്യുതി ഉത്പാദനം മാങ്കുളം ടൗണില്‍ ഹോം സ്‌റ്റേ നടത്തുന്ന ജോസേട്ടന് നല്ല ഓര്‍മ്മയുണ്ട്. ഇന്നിപ്പോള്‍ കറണ്ട് ഉണ്ട്. എങ്കിലും വീടിനു ചേര്‍ന്നുള്ള ചായ്പ്പില്‍ ഇപ്പോഴും പഴയ ടര്‍ബണേറ്റുകളും ഉപകരണങ്ങളും സൂക്ഷിച്ചുവച്ചിട്ടുണ്ട് ജോസേട്ടന്‍. ജോസേട്ടനെപ്പോലുള്ളവര്‍ ചെറിയ തോതില്‍ നടത്തിയ ആ പ്രവര്‍ത്തികള്‍ പിന്നീട് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.മാങ്കുളം മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലം. മാങ്കുളത്തേക്ക് വൈദ്യുതി ലൈനുകള്‍ വലിക്കാനുള്ള ബുദ്ധിമുട്ടികളും അതേസമയം ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ട പഞ്ചായത്ത് 1996 ല്‍ ജനകീയാസൂത്രണം നടപ്പിലാക്കിയ സമയത്ത്, മാങ്കുളത്ത് സ്വന്തമായൊരു വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള തീരുമാനമെടുത്തു. സില്‍ക്കിനെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. 40 ലക്ഷം രൂപ അന്ന് ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. എങ്കിലും പദ്ധതി ആരംഭിക്കാന്‍ സാധിച്ചില്ല. പിന്നീട് മാങ്കുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം വീണ്ടും നക്ഷത്ര കുത്തില്‍ ഒരു വൈദ്യുതനിലയം സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. 2004 ല്‍ സില്‍ക്കിന് തന്നെ പദ്ധതിയുടെ ചുമതല കൈമാറി. വകയിരുത്തിയത് 7 ലക്ഷം രൂപയും. 2005 ല്‍ മൈക്രോ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. 110 കിലോവാള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ടു വൈദ്യുത പ്രൊജക്ടുകളാണ് അന്ന് യാഥാര്‍ത്ഥ്യമായത്. 11 കെ വി ലൈന്‍ വലിച്ച് 350 കുടുംബങ്ങള്‍ക്ക് അതിലൂടെ വൈദ്യുതിയെത്തിക്കാന്‍ സാധിച്ചു. ആദിവാസി ഈരുകളുള്‍പ്പെടെ മൂവായിരത്തി മുന്നൂറ്റമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു പഞ്ചായത്തില്‍ 350 എന്നത് അത്രവലിയ സംഖ്യയൊന്നുമല്ല.പക്ഷെ ഒരിക്കലും വൈദ്യുതി കടന്നെത്തില്ലെന്നു കരുതിയൊരിടത്ത് അവര്‍ സ്വയം ഉണ്ടാക്കിയെടുത്ത വൈദ്യുതി, അതൊരു ചെറിയ വിഭാഗത്തിന് മാത്രമായിട്ടാണെങ്കില്‍ പോലും വെളിച്ചം നല്‍കുമ്പോള്‍ അതിന് പൂര്‍വമാതൃകകളൊന്നുമില്ലായിരുന്നു. കൂടുതല്‍ കുടുംബങ്ങളിലേക്ക് വെളിച്ചം എത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തികപ്രയാസങ്ങളും പഞ്ചായത്തിന് തടസ്സമായി. ഇതിനിടയിലാണ്, 2006 ല്‍ രാജീവ് ഗാന്ധി വൈദ്യുതീകരണ പദ്ധതി മൂന്നാറിലും നടപ്പാക്കാന്‍ തീരുമാനമായതോടെ അതിന്റെ ഗുണം മാങ്കുളത്തിനും കിട്ടി. ഇതിന്‍പ്രകാരം മുനിയറവരെ കെഎസ്ഇബി 11 കെവി ലൈന്‍ വലിച്ച് വൈദ്യുതി എത്തിച്ചു. അവിടെ നിന്നു മൂന്നു കിലോമീറ്റര്‍ ദൂരത്തേക്ക് പഞ്ചായത്തിന്റെ പ്രൊജക്ടിന്റെ ഭാഗമായി കറണ്ട് എത്തിച്ചു. ഇതിനായി 50 ലക്ഷം രൂപയാണ് പഞ്ചായത്തിന് ചെലവായത്. ഈ തുക അവര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചുണ്ടാക്കുകായായിരുന്നു.

വൈദ്യുതിയുടെ കാര്യം പറഞ്ഞപോലെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും മാങ്കുളത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനൊരു ഉപായം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് വൈദ്യുതി പ്രൊജക്ട് ആംരംഭിച്ച സമയത്ത് തന്നെ ബിഎസ്എന്‍എല്ലുമായി ഒരു കരാര്‍വച്ചു. ബിഎസ്എന്‍എല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനു പകരമായി അവര്‍ക്ക് ആവശ്യമുള്ള 25 കിലോ വാള്‍ട്ട് വൈദ്യുതിയും ടവറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലവും പഞ്ചായത്ത് സൗജന്യമായി കൊടുക്കും. പക്ഷെ ഈ പദ്ധതി പാളി. മാന്‍പവറില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയില്‍ നിന്ന് ബിഎസ്എന്‍എല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പവര്‍ വേരിയേഷനായിരുന്നു പ്രശ്‌നം. ഇതുമൂലം ബിഎസ്എന്‍എല്ലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തന്മൂലം ഈ സംയുക്ത പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അവര്‍ വിമുഖത കാട്ടി.കറണ്ട് വിറ്റ് നേടുന്ന ലക്ഷങ്ങള്‍
കെഎസ്ഇബിയുടെ വൈദ്യുതിലൈനുകള്‍ വന്നുനില്‍ക്കുന്ന മുനിയറയുടെ താഴെയുള്ള പത്തോളം വാര്‍ഡുകളിലും വൈദ്യുതി എത്തിക്കേണ്ട ചുമതല പഞ്ചായത്തിന് ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ഇബി മുന്നോട്ടുവച്ച നിബന്ധന, ഒന്നുകില്‍ മാങ്കുളത്തെ 13 വാര്‍ഡുകളിലും പഞ്ചായത്ത് തന്നെ വൈദ്യുതി എത്തിക്കുക, അതിനാവശ്യമായ വൈദ്യുതി നിലവില്‍ ഈടാക്കുന്ന നിരക്കില്‍ തന്നെ ബോര്‍ഡ് നല്‍കാമെന്നും ഉപാധിവച്ചു. പക്ഷെ, അതൊരു ഭാരിച്ച ഉത്തരവാദിത്വമായിരുന്നു. പഞ്ചായത്തിന് ആകെയുള്ളത് പ്ലാന്‍ ഫണ്ട് മാത്രമാണ്, തനതു ഫണ്ടില്ല; പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു അതെക്കുറിച്ചു പറയുന്നു, 'നമുക്ക് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റില്ലെങ്കില്‍ വൈദ്യുതി വിതരണത്തിന്റെ ചുമതല ബോര്‍ഡിന് കൈമാറേണ്ടി വരും. കോടികള്‍ വേണ്ടിവരുന്നൊരു ചുമതല ഏറ്റെടുക്കാനുള്ള കഴിവ് നിലവില്‍ പഞ്ചായത്തിന് ഇല്ലാത്തതിനാല്‍ രണ്ടാമത്തെ തീരുമാനം തന്നെ നടപ്പാക്കാന്‍ പഞ്ചായത്ത് തയ്യാറാവുകയാരുന്നു. എന്തായാലും ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കണം. അതാണ് പ്രധാനം. അതോടുകൂടി പഞ്ചായത്തിന്റെ 11 കെ വി ലൈനുകള്‍ ബോര്‍ഡിന് വിട്ടുകൊടുക്കാനുമായി 2008 ല്‍ സംസ്ഥാന സര്‍ക്കാരുമായി സംസാരിച്ച് ധാരണയെത്തി. ഇതിന്‍ പ്രകാരം നമുക്കുണ്ടായ മുതല്‍ മുടക്ക് ബോര്‍ഡ് തിരികെ തന്നു. പവര്‍ ഹൗസ് പഞ്ചായത്തിന്റെ അധീനതയില്‍ തന്നെ നിലനിര്‍ത്തി. എഗ്രിമെന്റ് പ്രകാരം പഞ്ചായത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡ് ഏറ്റെടുക്കും. 2010 ല്‍ നമ്മള്‍ സിങ്കര്‍ണേഷന്‍ സിസ്റ്റവും സ്പീഡ് ഗവര്‍ണേര്‍ സിസ്റ്റവും ഘടിപ്പിച്ച് വേരിയേഷന്‍ ഇല്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാഹചര്യം നമ്മള്‍ സൃഷ്ടിക്കുകയും ചെയ്തു. നിലവില്‍ 70 കിലോവാള്‍ട്ട് വൈദ്യുതി നമ്മള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ വൈദ്യുതി വൈദ്യുതി ബോര്‍ഡിന് കൈമാറുന്നു. യൂണിറ്റിന് നാലു രൂപ എണ്‍പത്തിയെട്ട് പൈസയാണ് ഇതിന് ബോര്‍ഡ് നല്‍കുന്നത്. പ്രതി മാസം ഈയിനത്തില്‍ ഒന്നര ലക്ഷം രൂപ പഞ്ചായത്ത് ഇപ്പോള്‍ നേടുന്നുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉത്പാദത്തിന് ഇടിവു വരുന്നത്. വെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് കാരണം.'

കൂടുതല്‍ സാഹചര്യങ്ങള്‍,പക്ഷെ പണമില്ല
ഇപ്പോള്‍ നക്ഷത്ര കുത്തിലാണ് പവര്‍ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതേപോലെ മറ്റു കുത്തുകളിലും വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. പക്ഷെ അതിനു വരുന്ന ഭാരിച്ച ചെലവ് താങ്ങാന്‍ പഞ്ചായത്തിന് കഴിയില്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. മാങ്കുളത്തെ 13 കുത്തുകളുടെ സര്‍വേ എടുത്തുപോയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു മാത്രം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അനര്‍ട്ട് ഇവിടെ നിശബ്ദമായിരിക്കുന്നതാണ് പ്രധാനപ്രശ്‌നം. സര്‍വേ എടുത്തുപോയിരിക്കുന്ന വൈദ്യുതി പദ്ധതികള്‍ വളരെ കുറഞ്ഞ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഏകദേശം ഒരു കോടി ചെലവില്‍ 150 കിലോവാള്‍ട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാമെന്നതാണ് പ്രധാനസംഗതി. എന്നിരിക്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിന്നില്ലെന്നത് ഗുരുതരമായ വീഴ്ച്ച തന്നെയാണ്.ഇപ്പോഴും മാങ്കുളത്ത് മുഴുവന്‍ പ്രദേശത്ത് വൈദ്യുതി എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. ആദിവാസി ഊരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാങ്കുളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ഗ്രാമമാക്കി മാറ്റാന്‍ ഇവിടെയുള്ള സാഹചര്യം തന്നെ ഉപയോഗപ്പെടുത്തിയാല്‍ മതി. ലൈനുകള്‍ വലിക്കാനും പോസ്റ്റുകള്‍ സ്ഥാപക്കാനും പുറത്തുനിന്നുള്ളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അതിനു വേണ്ടി എന്തു ചെയ്യാനും ഇവിടുത്തെ ഗ്രാമവാസികള്‍ തയ്യാറാണ്. പണ്ടും പോസ്റ്റുകള്‍ ചുമന്ന് മലമുകളില്‍ കയറിയതും അതെല്ലാം കുഴിച്ചിട്ടതും ഇതേ ഗ്രാമവാസികള്‍ തന്നെയായിരുന്നു. കാരണം അവര്‍ക്ക് വെളിച്ചം വേണം.

സ്വന്തമായി ജലവൈദ്യുതി പദ്ധതി സ്ഥാപിച്ച് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് എന്ന ഖ്യാതി പേറുന്ന മാങ്കുളത്തെ ഇനിയും കൂടുതല്‍ തിളക്കത്തോടെ ലോകത്തിന് മുന്നില്‍ നിര്‍ത്താന്‍ കഴിയും. അതിന് അവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.

മാങ്കുളം എന്ന ടൂറിസ്റ്റ് സ്‌പോട്ട്
മൂന്നാറിന്റെ സൗന്ദര്യം തേടി വരുന്നവര്‍ അടുത്തകാലം വരെ മാങ്കുളത്തെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാങ്കുളം കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അതിന്റെതായ സ്ഥാനം അടയാളപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. മാങ്കുളത്ത് ഒരേ സമയം ചൂടും തണുപ്പും ഇവ രണ്ടും ഇടകലര്‍ന്ന കാലാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇതു തന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുവരുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ആനക്കുളവും വിവിധ കുത്തുകളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ആനകള്‍ കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന ആനക്കുളം ഒരു പ്രധാന ടൂറിസം സ്‌പോട്ടാണ്.

ഈ പരമ്പരയില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ആദ്യ ലേഖനം

മാലിന്യ സംസ്കരണത്തിന്റെ ആറ്റിങ്ങല്‍ മാതൃക


Next Story

Related Stories