ന്യൂസ് അപ്ഡേറ്റ്സ്

മനോഹര്‍ പരീക്കറിന് ഡല്‍ഹി ഭക്ഷണം മടുത്തു; ഗോവന്‍ ഭക്ഷണത്തിലേക്ക് മടങ്ങാന്‍ മോഹം

ബിജെപി അധികാരത്തില്‍ വന്നാല്‍ പരീക്കര്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് ഗോവന്‍ ഭക്ഷണത്തിലേക്ക് മടങ്ങാന്‍ മോഹം. ഡല്‍ഹിയിലെ ഭക്ഷണം തന്റെ നാല് കിലോ കുറച്ചെന്നും പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗോവയില്‍ ഇന്നലെ നടന്ന എക്കാലത്തെയും റെക്കോഡ് വോട്ടെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പരീക്കര്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. ഇതേക്കുറിച്ച് പരോക്ഷമായി വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാവിലെ ഗോവയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം ബിജെപി രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന് അവകാശപ്പെട്ടു. ബട്ടര്‍ ചിക്കനേക്കാള്‍ താങ്കള്‍ ഇപ്പോഴും ഗോവന്‍ മീന്‍ കറിക്ക് മുന്‍ഗണന നല്‍കുന്നുവോയെന്ന് ഒരു മാധ്യമപ്രവര്‍ത്തകനാണ് ചോദിച്ചത്. ഡല്‍ഹിയിലെത്തിയതോടെ താന്‍ നാല് കിലോ കുറഞ്ഞെന്നും അതിന്റെ കാരണം ഭക്ഷണമാണെന്നും പരീക്കര്‍ പറഞ്ഞു. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല, എനിക്ക് പറയാനാകുന്നത് ഇത്രമാത്രം ‘ഞാന്‍ ഗോവന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ അതില്‍ നിന്നും എന്താണെന്ന് വച്ചാല്‍ മനസിലാക്കിക്കൊള്ളൂ’.

83 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ഗോവയില്‍ ഇക്കുറി റെക്കോഡ് പോളിംഗാണ്. രാജ്യത്തെ തന്നെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണിത്. 17 രാഷ്ട്രീയ പാര്‍ട്ടികളും 58 സ്വതന്ത്രര്‍ ഉള്‍പ്പെടെ 251 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. 40 സീറ്റുകളാണ് ഗോവന്‍ നിയമസഭയിലുള്ളത്. മര്‍ഗോവയിലെ ഒരു ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഇവിടെ റീപോളിംഗ് നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍