TopTop
Begin typing your search above and press return to search.

മനോരമയിലും മാതൃഭൂമിയിലുമുള്ള പത്രപ്രവര്‍ത്തകരെ മുതലാളിമാര്‍ 'കൈകാര്യം' ചെയ്യുന്ന വിധം

മനോരമയിലും മാതൃഭൂമിയിലുമുള്ള പത്രപ്രവര്‍ത്തകരെ മുതലാളിമാര്‍ കൈകാര്യം ചെയ്യുന്ന വിധം

അഴിമുഖം പ്രതിനിധി

21 വര്‍ഷം മനോരമ ദിനപ്പത്രത്തിന്റെ കോഴിക്കോട് ബ്യൂറോയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത മോഹന്‍ ചെറൂപ്പ മാധ്യമരംഗത്തേയും കോഴിക്കോടന്‍ സൗഹൃദങ്ങളേയും വിട്ടുപോയത് മേയ് 25-ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ്. അര്‍ബുദം കാര്‍ന്ന് തിന്നുന്ന ശരീരവുമായി മരണത്തോട് മല്ലിടുമ്പോഴും മനോരമയില്‍ നിന്ന് താന്‍ എഴുന്നേറ്റുപോയ സീറ്റിലേക്ക് വീണ്ടും തിരിച്ചുവരണമെന്ന വല്ലാത്തൊരു പ്രതീക്ഷ ആ മനുഷ്യന്റെ വാക്കുകളിലുണ്ടായിരുന്നു. അത്രമാത്രം ആത്മബന്ധമുണ്ടായിരുന്നു ചെറൂപ്പയ്ക്ക് മനോരമയോട്. 21 കൊല്ലം ഒരേ സീറ്റിലിരുന്ന് ഒരേ പണിതന്നെ ചെയ്തു പോന്നൊരു ജേര്‍ണലിസ്റ്റ് വേറെയുണ്ടൊയെന്നു ചോദിച്ചാല്‍ ഉണ്ടാവില്ലെന്നുതന്നെ ഉത്തരം.

ചെറൂപ്പയുടെ മരണം വൈകി സംഭവിച്ചതിനാല്‍ പിറ്റേദിവസത്തെ പത്രങ്ങളിലൊന്നും ആ വാര്‍ത്ത ഉണ്ടായിരുന്നില്ല. പക്ഷെ രാവിലെ വൈകിയാണെങ്കിലും വിവരമറിഞ്ഞവരെല്ലാം ആ വാര്‍ത്തയ്ക്കുവേണ്ടി മനോരമ എല്ലാപേജുകളും മറിച്ചു നോക്കി. ചരമപേജില്‍ പലതവണ സൂക്ഷ്മനിരീക്ഷണം നടത്തി. കാരണം പുലര്‍ച്ചെ മൂന്നിന് നഗരത്തില്‍ ആരെങ്കിലും മരിച്ചാലും മനോരമ അവരുടെ പ്രൊഫഷണലിസത്തിന്റേയും മാതൃഭൂമിയോടുള്ള മത്സരത്തിന്റേയും ഭാഗമായി സിറ്റി എഡിഷനില്‍ ഒന്നാം പേജില്‍ തന്നെ നല്‍കാറുണ്ട്. അപ്പോള്‍ ചെറൂപ്പ മരിച്ചത് രണ്ടരയ്ക്കാണ്. മാത്രമല്ല അറിയാന്‍ കൂടുതല്‍ സാധ്യത മനോരമയിലെ പത്രപ്രവര്‍ത്തകര്‍ക്കുമാത്രം. എന്നിട്ടും ആ വാര്‍ത്ത വെളിച്ചം കണ്ടില്ല. അങ്ങനെ ഒരു വാര്‍ത്ത മനോരമയില്‍ വരാന്‍ 27-ന് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു. ശരിക്കും ചെറൂപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടിയത് അപ്പോഴാണ്.

ചെറൂപ്പയെന്ന സ്വന്തം പത്രപ്രവര്‍ത്തകനെ ചരമപേജില്‍ മനോരമ കൊല ചെയ്തിരിക്കുന്നു. പത്രപ്രവര്‍ത്തകനും എല്‍ഐസി ഏജന്റുമായ മോഹന്‍ ചെറൂപ്പ അന്തരിച്ചു. എന്നിട്ട് ഒറ്റക്കോളത്തില്‍ താഴെ എവിടെയോ മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നു എന്നും ചേര്‍ത്തിട്ടുണ്ട്. രാവിലെ 12 മുതല്‍ രാത്രി ഒമ്പതുവരെ മനോരമ ബ്യൂറോയില്‍ ഒരു അവധിപോലും എടുക്കാതെ ജോലി ചെയ്ത ചെറൂപ്പ അവിടുത്തെ 'സ്ഥിരജീവനക്കാരന്‍' അല്ലാത്തതിന്റെ പേരില്‍ മാത്രം എവിടയോ ഉള്ള പത്രപ്രവര്‍ത്തകനും എല്‍ഐസി ഏജന്റുമായി മാറി.

മനോരമയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരുടെ പട്ടികയില്‍ മോഹന്‍ ചെറൂപ്പയെന്ന പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി കോഴിക്കോട്ടെ മനോരമ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ചെറൂപ്പ മനോരമയുടെ ജില്ലാബ്യൂറോയിലെ റിപ്പോര്‍ട്ടറാണ്. അതുകൊണ്ടുമാത്രമാണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോഴിക്കോട് ജില്ലാകമ്മറ്റി ചെറൂപ്പയുടെ കുടുംബത്തെ സഹായിക്കാന്‍ സഹായനിധി ഉണ്ടാക്കിയതും. അല്ലാതെ മനോരമയുടെ ജില്ലയുടെ എവിടെയോ ഉള്ള പ്രദേശിക ലേഖകനെ (പ്രദേശിക ലേഖകന്‍മാര്‍ മോശക്കാരായതുകൊണ്ടല്ല, കാരണം ഓരോ ജില്ലയിലും ഓരോപത്രങ്ങള്‍ക്കും നിരവധിയായ പ്രാദേശിക ലേഖകന്‍മാരുണ്ടാകും; അവരെയെല്ലാം സഹായിക്കാന്‍ ഒരു യൂണിയന് കഴിയണമെന്നില്ല) സഹായിക്കാന്‍ വേണ്ടി ആയിരുന്നില്ല അത്.

എല്‍ഐസി ഏജന്റാവുക എന്നത് ഒരു മോശം ജോലിയല്ല. പക്ഷെ കോഴിക്കോട്ടെ പത്ര സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊന്നും അറിയാത്ത ഒരു എല്‍ഐസി ഏജന്റ് പണി മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി (ഒരു സ്റ്റാഫ് റിപ്പോര്‍ട്ടര്‍ക്ക് മനോരമ നിശ്ചയിച്ച സമയത്തിലും ഒന്നോരണ്ടോ മണിക്കൂര്‍ കൂടുതല്‍) ജോലി ചെയ്‌തൊരാള്‍ക്കുമേല്‍ എന്തിനായിരുന്നു അടിച്ചേല്‍പിച്ചത്. അതിലും നല്ലത് അങ്ങനെ ഒരു വാര്‍ത്ത കൊടുക്കാതിരിക്കലായിരുന്നില്ലേ?

25-ന് പുലര്‍ച്ചെ ചെറുപ്പയുടെ മരണം ഡെസ്‌കില്‍ (മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗം ജോലി ചെയ്യുന്ന ഇടം) എത്തിയപ്പോള്‍ വാര്‍ത്ത എങ്ങനെ കൊടുക്കണമെന്നറിയാതെ അരമണിക്കൂറോളം അവിടെ ചര്‍ച്ച നടന്നു എന്നാണ് അറിയുന്നത്. ഒടുക്കം വന്ന തീരുമാനം വാര്‍ത്ത പിറ്റേദിവസത്തേക്ക് മാറ്റിവെക്കാനായിരുന്നു. അങ്ങനെ ഒരു ദിവസം മുഴുന്‍ ചര്‍ച്ച നടത്തിയശേഷമാണ് തൊട്ടടുത്ത പത്രത്തേക്കാള്‍ 50 ലക്ഷം കൂടുതലുണ്ടെന്നു പറയുന്ന പത്രം ചെറൂപ്പയെ എല്‍ഐസി ഏജന്റാക്കി അവതരിപ്പിച്ചത്.

ഇന്ന് മനോരമയിലോ മറ്റേത് സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന മുതലാളിയുടെ അംഗീകാരമെന്നു പറയുന്ന കത്ത് പെട്ടിയില്‍ സൂക്ഷിച്ചവരേക്കാള്‍, ചെറൂപ്പയെപ്പോലെ, കഴിവും പ്രാപ്തിയുമുള്ള മികച്ച നിരവധി പത്രക്കാര്‍ ഈ മനോരമ - മാതൃഭൂമികളിലുണ്ട്. നാളെ അവരൊക്കെ എല്‍ഐസി ഏജന്റോ ഐഎസ്‌ഐ ഏജന്റോ ഒക്കെ ആവുന്ന കാലം അതിവിദൂരമല്ല.

ഇനി ഇതിനോട് കൂട്ടിവായിക്കാനുള്ളത് മാതൃഭൂമിയിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി.നാരായണന്റെ കാര്യമാണ്. നാരായണന്‍, മേല്‍പ്പറഞ്ഞതും മോഹന്‍ ചെറൂപ്പക്കില്ലാത്തതുമായ മുതലാളിയുടെ എല്ലാ അംഗീകാര കത്തുകളുമുണ്ടായിരുന്ന പത്രപ്രവര്‍ത്തകനാണ്. മജീദിയ വേജ് ബോര്‍ഡ് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു വര്‍ഷം മുമ്പ് കോഴിക്കോട്ട് മാതൃഭൂമി ഓഫീസിനുമുമ്പിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കാരണമാണ് നാരായണനെ സസ്‌പെന്‍ഷനിലേക്കും തുടര്‍ന്ന് പുറത്താക്കലിലേക്കും നയിച്ചത്.

നാരായണനെ പുറത്താക്കിയതുപോലല്ലെങ്കിലും മാനേജ്‌മെന്റിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നും ത്രിപുര വരേയുള്ള ദൂരത്തേക്ക് നാടുകടത്തപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തിലുണ്ട്. മാതൃഭൂമിയില്‍ മാത്രമല്ല അത് മനോരമയിലും ഉണ്ട്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മാതൃഭൂമി ഓഫീസിലേക്ക് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചുകൊണ്ട് മാതൃഭൂമിയുടെ മുതലാളി നാരായണനെ തിരിച്ചെടുക്കുമെന്നോ മനോരമയും മാതൃഭൂമിയും കേരളത്തിന് പുറത്തേക്ക് തട്ടിക്കളിക്കുന്ന മാധ്യമപ്രവര്‍ത്തകരെ തിരിച്ചുവിളിക്കുമെന്നോ യൂണിയന്‍ ഭാരവാഹികളോ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരോ കരുതുന്നില്ല.

കാരണം മാധ്യമങ്ങളൊന്നും ഇവിടുത്തെ സാധാരണക്കാര്‍ വിശ്വസിക്കുന്നതുപോലെ സ്വതന്ത്രമല്ല. സ്വതന്ത്ര്യം എന്ന വാക്കിനുപോലും ഈ ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ സ്ഥാനമില്ല. മാധ്യമ മുതലാളി പറയുന്നിടത്തേക്ക് ഒടിയുകയും വളയുകയും ഇരിക്കുകയും ചാടുകയും ചെയ്യുന്ന ഒരു യന്ത്രമനുഷ്യന്‍ എന്നതിനപ്പുറത്ത് ഇനി ഈ ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories