TopTop
Begin typing your search above and press return to search.

മനുഷ്യസംഗമത്തിനു മതസംഘടനകൾ വേണമോ; അല്ലെങ്കിൽ ആരാണ് മനുഷ്യർ?

മനുഷ്യസംഗമത്തിനു മതസംഘടനകൾ വേണമോ; അല്ലെങ്കിൽ ആരാണ് മനുഷ്യർ?

ഫാസിസത്തിനെതിരായുള്ള മനുഷ്യസംഗമത്തില്‍ ആരൊക്കെ വേണം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. മനുഷ്യത്വത്തെ, മനുഷ്യത്വത്തെ മാത്രം അംഗീകരിക്കുന്ന, മതം തലയില്‍ ചുമന്നു നടക്കാത്ത ഏതൊരാള്‍ക്കൂട്ടത്തേയും വ്യക്തികളേയും നമുക്കിതില്‍ പങ്കെടുപ്പിക്കാം. നിലവില്‍ ഇരവാദത്തിനു പ്രസക്തിയുള്ളതു കൊണ്ടാകണം സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ, മതത്തിന്റെ മുഖംമൂടി ഒളിപ്പിച്ചുവെച്ചിട്ട് പൊതുസമൂഹത്തിലിറങ്ങിയ മുസ്‌ലിം സംഘടനകളെ വിളിക്കാത്തത് ഇപ്പോഴൊരു വിവാദവിഷയമായിരിക്കയാണ്. സത്യത്തില്‍ ഇവര്‍ക്ക് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ മറ്റൊരു മുഖമാണുള്ളത്. അല്ലെങ്കില്‍ തീവ്രഹൈന്ദവസംഘടനകള്‍ക്കും സമാനമായ മുഖംമൂടികളുള്ള സാംസ്‌കാരിക, സാമൂഹ്യ ഇടപെടല്‍ സംഘടനകളുണ്ട്.

വനവാസി കല്യാണ്‍ , സരസ്വതി വിദ്യാമന്ദിര്‍ , തണല്‍ , എന്നിങ്ങനെ അസംഖ്യം സേവന സംഘടനകള്‍ തീവ്ര ഹൈന്ദവവാദികളുടെ മൃദുമുഖമായിട്ടു പല സംസ്ഥാനങ്ങളില്‍ പല പേരില്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ആ സേവനപ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് പിന്നില്‍ നില്ക്കുന്ന തീവ്രഹിന്ദുത്വവാദികള്‍ ധര്‍മ്മത്തിന്റെ പേരില്‍ പണം പിരിക്കുന്നതും പൊതുസമൂഹത്തിന്റെ സ്വീകാര്യതക്കായി അണിഞ്ഞൊരുങ്ങുന്നതും. അതേ ധര്‍മ്മം തന്നെയാണ് സോളിഡാരിറ്റി, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിങ്ങനെയുള്ള, പിന്നില്‍ ആരാണെന്ന് ഒറ്റയടിക്ക് മനസിലാവാത്ത, എന്നാല്‍ വ്യക്തമായ അജണ്ടകളുള്ള ആള്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. അതിനൊപ്പം തങ്ങള്‍ മുസ്ലിംമതവാദികള്‍ അല്ല എന്ന് തോന്നിക്കാനും മതേതരം ആണെന്നു കാണിക്കാനും വേണ്ടി പണമോ തത്തുല്യമായ സേവനങ്ങളോ കൊടുത്ത് നിലനിര്‍ത്തിയിരിക്കുന്ന അമുസ്ലിങ്ങളായിട്ടുള്ള മനുഷ്യരെ കാണിച്ച് മതേതരത്വം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

എസ് ഡി പി ഐ, പിഡിപി യോഗങ്ങളിലും പത്രസമ്മേളനങ്ങളിലും മതേതരെന്ന് കാണിക്കാന്‍ പ്രത്യക്ഷപ്പെടാറുള്ള പെയ്ഡ് പ്രവര്‍ത്തകരുണ്ട്. തീവ്രഹിന്ദുസംഘടനകള്‍ ക്രിസ്ത്യന്‍, മുസ്ലിം നാമധാരികളെ ഉപയോഗിക്കുന്ന അതേ ക്രമത്തില്‍ ഇസ്ലാം സംഘടനകളിലെ ഹിന്ദു നാമധാരികളുടെ കൂലി പ്രസംഗം (തീര്‍ച്ചയായും അത് അങ്ങനെ അല്ല എന്നു പറയാന്‍ ഈ സംഘടനകള്‍ നാടകങ്ങള്‍ പലതു കളിക്കാറുണ്ട് ) നമ്മള്‍ കേള്‍ക്കാറുള്ളതല്ലേ? മതസംഘടനകളെല്ലാം കളിക്കുന്ന ഈ മണ്ടന്‍ കളി നമുക്കു് മനസ്സിലാവില്ലെ? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയാക്കുന്നവരും ഭാരത രക്ഷയ്ക്ക് ഹിന്ദു ഉണരണമെന്നും ഭാരതം സുവിശേഷവത്ക്കരിക്കണം എന്നുമൊക്കെ ഉറക്കെ പറഞ്ഞു നടക്കുന്ന മതങ്ങളെ പൊതുജനത്തിനു മനസിലാവുന്നില്ല എന്നാണ് ഇവര്‍ ധരിച്ചിരിക്കുന്നതെങ്കില്‍ അതല്പം കടന്ന കയ്യാണ്. ഫാസിസ്റ്റ് വിരുദ്ധമതേതരമഹാസംഗമത്തില്‍ തീര്‍ച്ചയായിട്ടും പങ്കെടുക്കാന്‍ യോഗ്യതയില്ലാത്ത കൂട്ടങ്ങളാണ് മേല്‍പ്പറഞ്ഞ എല്ലാ സംഘടനകളും.

നമുക്ക് വേണ്ടത് മനുഷ്യരുള്ള നല്ലൊരു നാളെയാണ്. മനുഷ്യര്‍ക്ക് മതങ്ങളെ പേടിയില്ല, മതങ്ങള്‍ക്ക് സ്വതന്ത്രരായ മനുഷ്യരെ അമ്പേ പേടിയാണ്. അതുകൊണ്ടാണ് ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് ലജ്ജ എന്ന നോവല്‍ എഴുതിയ തസ്‌ലിമ നസ്‌റീനെ കൊല്ലാന്‍ ഉത്തരവിട്ടത്. അതുകൊണ്ടാണ് അക്ഷരം പഠിക്കണം എന്നു സ്വപ്നം കണ്ട മലാല യൂസഫിനെ വെടിയുണ്ടകള്‍ കൊണ്ടു കീഴടക്കാം എന്നു കരുതിയത്. അതുകൊണ്ടാണ് ഗോവിന്ദ് പന്‍സാരെയെ കുരുതി കൊടുത്തത്. അതുകൊണ്ടാണ് കുല്‍ബര്‍ഗിയെ ഇല്ലാതാക്കിയത്. അതുകൊണ്ടാണ് സനല്‍ ഇടമറുകിനെ നാടുകടത്തിയത്. അതുകൊണ്ടു മതമേ, മതത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന തീവ്രപിശാചുക്കളേ, നിങ്ങളുടെ മുഖംമൂടിയെ പൊളിച്ചെറിയാനാണ് ഈ മഹാസംഗമം. ദയവു ചെയ്ത് ആട്ടിന്‍തോലിട്ട് ഈ വേദിയിലേക്കെത്താമെന്നു കരുതരുത്. ഇത് മനുഷ്യര്‍ക്കുള്ള ഇടമാണ്. മനുഷ്യരെന്ന് അവകാശപ്പെടാന്‍ വേണ്ടി കപടവേഷമിട്ട മതവാദികള്‍ക്കുള്ളതല്ല. അത്രമാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories