TopTop
Begin typing your search above and press return to search.

ഞാന്‍ മാവോയിസ്റ്റല്ല, മനുഷ്യാവകാശ പ്രവര്‍ത്തകന്‍-തുഷാര്‍ നിര്‍മല്‍ സാരഥി

ഞാന്‍ മാവോയിസ്റ്റല്ല, മനുഷ്യാവകാശ പ്രവര്‍ത്തകന്‍-തുഷാര്‍ നിര്‍മല്‍ സാരഥി

കെ പി എസ് കല്ലേരി

ഏറണാകുളത്തെ മാവോയിസ്റ്റ് അക്രമത്തിന്റെ ഉത്തരവാദികളെത്തേടി പൊലീസ് തെക്ക് വടക്ക് ഓടുന്നതിനിടേയാണ് തുഷാര്‍ നിര്‍മല്‍ സാരഥിയെ കോഴിക്കോട്ട് വെച്ച് കണ്ടുകിട്ടിയത്. ജാനുവരി 31നു ഇറങ്ങിയ മാതൃഭൂമി ദിനപത്രത്തില്‍ തുഷാറിന്റെ പേരുപറഞ്ഞില്ലെങ്കിലും ഏറണാകുളത്തെ പ്രമുഖ അഭിഭാഷകന്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. അതിന്റെ ചുവടുപിടിച്ച് പൊലീസിനൊപ്പം മാവോയിസ്റ്റ് വേട്ട നടത്തികൊണ്ടിരിക്കുന്ന ചില ചാനലുകളും വാര്‍ത്ത തൊടുത്തുവിട്ടു. ഏറണാകുളത്തെ ദേശീയ പാത അതോറിറ്റി ഓഫീസ് ആക്രമണത്തില്‍ പൊലീസ് തിരയുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തുഷാര്‍ നിര്‍മല്‍ സാരഥി പൊലീസ് കസ്റ്റഡിയില്‍. ഈ സമയത്തെല്ലാം തുഷാര്‍ കോഴിക്കോട്ട് സുഹൃത്ത് രജീഷ് കൊല്ലംകണ്ടിക്കൊപ്പമായിരുന്നു.

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ട് നടക്കുന്ന പ്രതിരോധ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തുഷാര്‍. ശനിയാഴ്ച നടക്കുന്ന പരിപാടിക്കായി വ്യാഴാഴ്ച രാവിലെ തന്നെ എത്തി. രാത്രി ഇവിടുത്ത പരിപാടിയുടെ സംഘാടകര്‍ക്കൊപ്പം പോസ്റ്ററെഴുതിയും ഒട്ടിക്കുകയും ചെയ്തശേഷം അന്ന് രാത്രി രജീഷ് കൊല്ലംകണ്ടിയുടെ വീട്ടില്‍ അന്തിയുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് തന്നെക്കുറിച്ചുള്ള വിവിധങ്ങളായ വാര്‍ത്തകള്‍ പരക്കുന്നതറിഞ്ഞത്. അങ്ങനെ ഗ്രോ വാസുവുമായി ആലോചിച്ചപ്പോള്‍ താന്‍ ഒളിവിലോ അറസ്റ്റിലോ അല്ലെന്നും കോഴിക്കോട്ടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടെന്നും അറിയിക്കാന്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തി. അങ്ങനെ ഒരു വാര്‍ത്തസമ്മേളനം നടക്കുമ്പോള്‍ മാത്രമാണ് നാലുഭാഗത്തും കണ്ണുണ്ടെന്ന് അവകാശപ്പെടുന്ന കേരള പൊലീസ് തുഷാറിന്റെ സാന്നിദ്ധ്യം അറിയുന്നത്.

ഏറണാകുളം പൊലീസ് കണ്ണിലെണ്ണയൊഴിച്ച് തിരയുന്ന മാവോയിസ്റ്റ് ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തുഷാറിനെ വാര്‍ത്തസമ്മേളനത്തിനുശേഷം ടൗണ്‍പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മാവോയിസ്റ്റിനെ കൈയ്യില്‍കിട്ടിയാല്‍ പുലര്‍ത്തേണ്ട അതീവ ജാഗ്രതയിലായിരുന്ന പിന്നീട് കാര്യങ്ങള്‍. നളന്ദയില്‍ നിന്നും കസ്റ്റഡിയിലെടുത്ത തുഷാറിനെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. ഗ്രോവാസുവും സംഘവും ടൗണ്‍പൊലീസ് സ്റ്റേഷനും എസി ഓഫീസും കമ്മീഷണര്‍ഓഫീസുമെല്ലാം കയറിയിറങ്ങി. ഒടുക്കം രാത്രി എട്ടോടെ നഗരത്തില്‍ നിന്നും മാറി കാടുപോലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചെമ്മങ്ങോട് പൊലീസ്‌ സ്റ്റേഷനില്‍ വെച്ച് തുഷാറിനെ കണ്ടെത്തി. അവിടുന്ന് രാത്രി പത്തോടെതന്നെ ഏറണാകുളം തൃപ്പുണിത്തറ ഹില്‍പാലസ് പൊലീസിന് കൈമാറുകയും ചെയ്തു.

ചെമ്മങ്ങാട് പൊലീസ്‌സ്റ്റേഷനില്‍ വെച്ച് തുഷാറിനെ കാണുമ്പോള്‍ അയാള്‍ പറഞ്ഞത് ഇത്രമാത്രം. 'ഞാനൊരു മാവോയിസ്റ്റല്ല, മനുഷ്യാവകാശ പ്രവര്‍ത്തകന്‍മാത്രം. മാവോയിസ്റ്റുകളുടെ പേരുപറഞ്ഞ് കോടികള്‍ അടിച്ചുമാറ്റുന്ന ഓപ്പറേഷന്റെ ഭാഗമായി നൂറുകണക്കായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുകയാണ്. അതിനെതിരെ ശബ്ദമുര്‍ത്തിയതിന്റെ പേരിലാണ് എന്നേയും അറസ്റ്റ് ചെയ്യുന്നത്. ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ വരും നാളുകളില്‍ പതിനായിരങ്ങളെ ഇവര്‍ക്ക് അറസ്റ്റ് ചെയ്യേണ്ടിവരും...'തുഷാറിനെ കണ്ട് പുറത്തിറങ്ങിയ വര്‍ഗീസിന്റെ പഴയ സന്തത സഹചാരിയും കോഴിക്കോട്ടെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു രോഷാകുലനായാണ് പ്രതികരിച്ചത്.

"മനുഷ്യാവകാശ പ്രവര്‍ത്തകരെ സംസ്ഥാന പോലീസ് അര്‍ബന്‍ ഗറില്ലകളാക്കി മാറ്റുകയാണ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനും അഡ്വക്കറ്റുമായ തുഷാര്‍ നിര്‍മല്‍ സാരഥിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. കേരളത്തിലെ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ അണിനിരക്കണം." അത്രയും പറയുമ്പോള്‍ പ്രായം തളര്‍ത്താത്ത ആ വിപ്ലവവീര്യം സര്‍ക്കാരിനും പൊലീസിനുമെതിരായ രോഷത്താല്‍ തിളക്കുന്നുണ്ടായിരുന്നു.

"നിയമവ്യവസ്ഥയേയും ജനാധിപത്യ മൂല്യങ്ങളേയും അട്ടിമറയ്ക്കുന്ന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായാണു കൊച്ചിയിലെ ദേശീയ പാതാ അഥോററ്റി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്തത്. ഇപ്പോള്‍ തുഷാറടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും. ഭരണകൂടത്തിന്റെ ഇത്തരം ജനാധിപത്യ നടപടികളില്‍ പ്രതിഷേധിക്കാനായി ഇന്ന് (ജനുവരി 31) കോഴിക്കോട് സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധ കണ്‍വന്‍ഷന്‍ നടത്തുന്നുണ്ട്. കണ്‍വന്‍ഷന്‍ നടത്തുന്നതു സംബന്ധിച്ചു ജനുവരി 15 -ന് തീരുമാനിച്ചിരുന്നു. കണ്‍വന്‍ഷന്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നതും യു.എ.പി.എ. പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും." ഗ്രോവാസു പറഞ്ഞു.


Next Story

Related Stories