TopTop
Begin typing your search above and press return to search.

മാവോയിസ്റ്റുകളെ ശിക്ഷിക്കരുത്, അവര്‍ക്ക് വേണ്ടത് ചികിത്സയാണ്

മാവോയിസ്റ്റുകളെ ശിക്ഷിക്കരുത്, അവര്‍ക്ക് വേണ്ടത് ചികിത്സയാണ്

മാവോയിസ്റ്റുകള്‍ ക്രിമിനലുകളല്ല. ശുദ്ധാത്മാക്കളാണ്. അതുകൊണ്ടാണ്, കേരളത്തില്‍ ഒരു മധുരമനോഹര മനോജ്ഞ ചൈന ഉണ്ടാക്കിക്കളയാം എന്ന് ചാപിള്ളയായി പിറന്ന് 48 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ ചിന്തിയ്ക്കുന്നത്.

കമ്മ്യൂണിസം ഓട്ടവീണ ബലൂണ്‍ ആയി മാറിയ കഥയും മാവോയുടെ ചൈനയില്‍പ്പോലും കമ്മ്യൂണിസം മഷിയിട്ടു നോക്കിയാലും കാണാന്‍ കഴിയില്ല എന്ന കാര്യവും കേരളത്തിലെ മാവോയിസ്റ്റുകള്‍ അറിഞ്ഞിട്ടേയില്ല. അവര്‍ വിമോചനത്തിനുള്ള സായുധവിപ്ലവം സ്വപ്നം കണ്ടുറങ്ങുകയാണ്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു എന്നത് അറിയാതെ 30 വര്‍ഷം ഫിലിപ്പൈന്‍ കാടുകളില്‍ ഒളിച്ചു താമസിച്ച ഹീറു ഒണോഡ (Hiroo Onado) എന്ന ജപ്പാന്‍ പട്ടാളക്കാരനെപ്പോലെയാണ് അവര്‍.

മാവോയിസ്റ്റുകളെ ആരോ ചക്കിനുചുറ്റുമായി കെട്ടിയിട്ടിരിയ്ക്കുകയാണ്. അവര്‍ ഇന്നും - തങ്ങളുടെ മുന്‍തലമുറക്കാരായ നക്‌സലൈറ്റുകളെപ്പോലെ - പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. നിരപരാധികളെപ്പോലും കൊല്ലുന്നു. കാട്ടില്‍ ഒളിച്ചിരിയ്ക്കുന്നു.

മാവോയിസത്തിലും ആരോ ദുര്‍മന്ത്രവാദം ചെയ്തിരിക്കുന്നു. നക്‌സലിസത്തിലെന്നപോലെ മാവോയിസത്തിന്റെ നേതൃത്വത്തിലും പെറ്റിബൂര്‍ഷ്വകള്‍ വന്നെത്തുന്നത് അതുകൊണ്ടാണ്. (അതൊരുപക്ഷെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ മുഴുവന്‍ ദിര്‍വിധി ആയിരിക്കാം. ആര്‍.എസ്.എസിന്റെ തലപ്പത്തെത്തുന്നതുപോലെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തും പെറ്റി ബൂര്‍ഷ്വകളായ സവര്‍ണ്ണര്‍ മാത്രമേ എത്തുകയുള്ളു.)നക്‌സലൈറ്റുകളെപ്പോലെ മാവോയിസ്റ്റുകളും ചില സത്യങ്ങള്‍ ഒരിക്കലും അംഗീകരിയ്ക്കില്ല.

ഒന്ന്, കേരള സമൂഹം ഒരു കാലത്തും തങ്ങളെ സ്വീകരിച്ചിട്ടില്ല. രണ്ട്, തങ്ങള്‍ക്ക് വിപ്ലവം അറിയില്ല. മൂന്ന്, പൊലീസുകാര്‍ക്ക് വിപ്ലവകാരികളെ തിരിച്ചറിയാന്‍ കഴിയില്ല. (ഈ കാരണം കൊണ്ടാണ് പൊലീസുകാര്‍ മാവോയിസ്റ്റുകളെ വേട്ടയാടുന്നത്.)

ടെലിവിഷന്‍ സീരിയലുകളേക്കാള്‍ വിരസമായ മാവോയിസ്റ്റ് സീരിയലിന്‌റെ ഏറ്റവും പുതിയ എപ്പിസോഡാണ് രൂപേഷ് - ഷൈന ദമ്പതികളുടേയും കൂട്ടാളികളുടേയും അറസ്റ്റ്. അറസ്റ്റ് ചെയ്തവരെ കൊടുംകുറ്റവാളിയെന്നപോലെ മുഖം മൂടിക്കൊണ്ടുപോകുന്നു. (യഥാര്‍ത്ഥ കൊടുംകുറ്റവാളികള്‍ രാജ്യം ഭരിക്കുന്നു). തങ്ങളെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് മാവോയിസ്റ്റുകള്‍ പത്രക്കാരോട് വിളിച്ചുപറയുന്നു. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങളും മരണത്തിന് തൊട്ടുമുമ്പുള്ള മാവോയിസ്റ്റ് നേതാക്കളുടെ വിപ്ലവമൊഴിമുത്തുകളും തങ്ങളുടെ ചാനലിന്റെ മാത്രം എക്‌സ്‌ക്ലൂസീവ് ആക്കാന്‍ ഓരോ ചാനല്‍ തൊഴിലാളിയും വെമ്പിനടക്കുന്നു. അതും കൂടെ കണ്ടിട്ട് രാത്രിയിലെ പതിവ് കുപ്പി പൊട്ടിയ്ക്കാമെന്ന് കരുതി മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നു. ആകെ ഒരു ഉത്സവ അന്തരീക്ഷം.

ഇതിനിടയ്ക്ക് മറ്റൊരു സെന്‍സേഷണല്‍ പ്രോഗ്രാം തയ്യാറായിവരുന്നു. പഴയ കുന്നിയ്ക്കല്‍ നാരായണന്‍ - മന്ദാകിനി - അജിത കഥ പോലെ ഒന്ന് രൂപേഷ് - ഷൈന - ആമി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി തയ്യാറാക്കിവരുന്നു. വിപ്ലവകാരികളായ മാതാപിതാക്കളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന ആമിയുടെ ബൈറ്റ്‌സുകള്‍ ഇതിനകം ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു. വിപ്ലവകാരികള്‍ ആയ മാതാപിതാക്കള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ആമിയുടെ ബൈറ്റും വന്നു കഴിഞ്ഞു.

ഈശ്വരാ! വീണ്ടും ഒരു അജിതയോ!

മാവോയിസ്റ്റ് വിപ്ലവത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് വിപ്ലവത്തിന്റെ ജനനം അറിയണം. 1967 മേയ് 25 ന് ബംഗാളിലെ നക്‌സല്‍ബാരി എന്ന സ്ഥലത്തായിരുന്നു ജനനം. ഗര്‍ഭധാരണം അതിനു കുറേ നാള്‍ മുമ്പു നടന്നിരുന്നു. ചാരുംമജൂംദാര്‍ എന്ന ഒരു ജന്മി കുടുംബാംഗമായിരുന്നു പ്രധാന ഉത്തരവാദി. ബംഗാളിനപ്പുറം വാര്‍ത്തയാകാന്‍ സാധ്യതയില്ലാതിരുന്ന ഈ ജനനത്തെ ഒരു അന്താരാഷ്ട്ര വാര്‍ത്തയാക്കിയത് ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയിലെ ശുദ്ധാത്മാവായ ഏതോ പത്രപ്രവര്‍ത്തകനായിരുന്നു. വിപ്ലവത്തിന്റെ ഉദയം എന്നൊക്കെ കാച്ചിവിട്ട വാര്‍ത്തയുടെ റേഡിയോ പകര്‍പ്പുകേട്ടപ്പോള്‍ മാവോ സൂക്തങ്ങള്‍ ആഹരിച്ചു പിറന്ന ആ കുഞ്ഞ് തരളിതയായി.

അങ്ങനെയാണ് കേരളത്തിലെ കുറേ പെറ്റിബൂര്‍ഷ്വകള്‍ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വന്നത്. അവരില്‍ പ്രധാനികളായിരുന്നു കുന്നിക്കല്‍ നാരായണന്‍, വര്‍ഗീസ്, മന്ദാകിനി, ഫിലിപ്പ് എം.പ്രസാദ്, ടി.വി. അപ്പു തുടങ്ങിയവര്‍. കുന്നിയ്ക്കലിന്റെയും മന്ദാകിനിയുടെയും വിപ്ലവസംവാദങ്ങള്‍ ഗര്‍ഭത്തില്‍ വച്ചു തന്നെ കേട്ടുഗ്രഹിച്ച അവരുടെ മകള്‍ അജിതയും നേതൃനിരയ്ക്കു തൊട്ടുതാഴെത്തന്നെയുണ്ടായിരുന്നു.

ലോകത്തെ അമ്പരപ്പിക്കുന്ന ഒരു വിപ്ലവത്തിന് കേരളം സാക്ഷിയാകണമെന്ന് കുന്നിയ്ക്കല്‍ നാരായണന് തോന്നി. ആയുധധാരികളല്ലാത്ത ജന്മിമാരെ ആക്രമിക്കണം എന്ന മജ്ജുംദാറിന്റെ അഭിപ്രായത്തിനെതിരായി ആയുധധാരികളായ പോലീസുകാരെ ആക്രമിക്കണമെന്നായിരുന്നു കുന്നിക്കല്‍ നാരായണന്റെ തീരുമാനം. (അതായത്, തുടക്കത്തില്‍ തന്നെ പ്ലാന്‍ ഓഫ് ആക്ഷനില്‍ അടിസ്ഥാന വ്യത്യാസമുണ്ടായി. പില്‍ക്കാലത്ത്, അമീബ പോലെ നക്‌സല്‍കുഞ്ഞ് വിഘടിച്ചു വളരാന്‍ ഒരു പക്ഷെ, ഇത് കാരണമായിരുന്നിരിക്കാം.) എന്നാല്‍ മജ്ജുംദാറിനെക്കാള്‍ കൂടിയ വിപ്ലവകാരി താനാണെന്ന് ലോകത്തിനെ ബോധ്യപ്പെടുത്താനായിരുന്നു കുന്നിയ്ക്കല്‍ നാരായണന്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് അക്കാലത്തെ കുന്നിയ്ക്കലിന്റെ സന്തതസഹചാരിയായിരുന്ന ഫിലിപ്പ് എം. പ്രസാദ് വിശ്വസിയ്ക്കുന്നു. (rediff.com, July 10, 2012)കുന്നിയ്ക്കലിന്റെ ഇരുമുഖമുള്ള ആക്രമണം ഇപ്രകാരമായിരുന്നു. 1968 നവംബര്‍ 21 ന് കണ്ണൂരിലെ തലശ്ശേരി പോലീസ് സ്റ്റേഷന്‍ ഒരു സംഘം ആക്രമിക്കുന്നു. ആയുധങ്ങള്‍ കൈക്കലാക്കുന്നു. ആ മഹത്തായ വിപ്ലവത്തിന്റെ വാര്‍ത്ത അടുത്തദിവസം കേരളത്തിലാകെയും ചൈനയില്‍ പ്രത്യേകമായും എത്തുന്നു. 23 ന് വയനാട്ടിലെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ രണ്ടാമത്തെ സംഘം ആക്രമിക്കുന്നു. വിപ്ലവം കത്തിപ്പടരുന്നു എന്ന് ബോധ്യപ്പെടുത്താനാണീ ഇരട്ട വിപ്ലവം. തലശ്ശേരിയിലെ വിപ്ലവത്തിന് കുന്നിയ്ക്കല്‍ നേതൃത്വം നല്‍കും. പുല്‍പ്പള്ളിയിലെ വിപ്ലവത്തിന് വര്‍ഗ്ഗീസ് നേതൃത്വം നല്‍കും. രണ്ടു വിപ്ലവനേതാക്കളും സംഘങ്ങളും വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ വച്ച് കണ്ടുമുട്ടും. പിന്നീട്, കേരളം മുഴുവന്‍ കത്തിപ്പടരാനായുള്ള മഹത്തായ വിപ്ലവത്തിന് തിരുനെല്ലിയില്‍ വച്ച് തിരികൊളുത്തും.

പക്ഷെ, പദ്ധതി പൊളിഞ്ഞു. ആയിരം പേരെ കൂട്ടിയായിരുന്നു തലശ്ശേരി ആക്ഷന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍, ആകെ 315 പേര്‍ മാത്രമേ എത്തിയുള്ളു. എത്തിയ വിപ്ലവകാരികളില്‍ ഭൂരിഭാഗവും ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. കനത്ത കാവലുള്ള പൊലീസ് സ്റ്റേഷന്‍ അന്ന് ആക്രമിക്കേണ്ട എന്ന് ഉടന്‍ തീരുമാനമായി. വിപ്ലവകാരികളുടെ വിറയലിന് താല്‍ക്കാലിക ശമനം വന്നു. അടുത്ത ദിവസത്തേക്ക് ആക്ഷന്‍ നിശ്ചയിച്ചുവെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ എത്തിയുള്ളു. ഒറ്റ രാത്രികൊണ്ടുതന്നെ വിപ്ലവവീര്യം വിറച്ച് ആവിയായിപ്പോയി. വന്നവരേയും വച്ചുകൊണ്ട് വിപ്ലവം നടത്താന്‍ തന്നെ നേതൃത്വം തീരുമാനിച്ചു. പക്ഷെ, കാവല്‍ നിന്ന പോലീസുകാരന്‍ അപായമണി മുഴക്കിയതോടെ ഒരാളൊഴിച്ച് ബാക്കി എല്ലാ വിപ്ലവകാരികളും ഓടിപ്പോയി. അവശേഷിച്ച ആ ഒരാള്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു കൈബോംബ് എറിഞ്ഞു. അതൊട്ടു പൊട്ടിയുമില്ല. ആ ഒരാള്‍ കുന്നിയ്ക്കല്‍ നാരായണന്‍ അല്ലായിരുന്നു. കേരളത്തിലെ ആദ്യത്തെ നക്‌സലന്‍ ആക്ഷന്റെ ചുരുക്കം ഇതാണ്.

തലശ്ശേരിയിലെ വിപ്ലവജ്വാലയെക്കുറിച്ചുള്ള റേഡിയോ വാര്‍ത്ത കാത്തിരുന്ന വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് (ആ സംഘത്തിലായിരുന്നു ഫിലിപ്പ് എം.പ്രസാദും അജിതയും) അത്തരമൊരു വാര്‍ത്ത കിട്ടിയില്ല. എന്നാലും, സ്ഥലത്തെ എം.എസ്.പി. ക്യാമ്പ് ആക്രമിക്കാനും തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും അവിടുത്തെ രേഖകള്‍ നശിപ്പിക്കാനും അവിടെ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന വഴി രണ്ടു ജന്മിമാരുടെ വീട് കൊള്ളയടിക്കാനും തീരുമാനിച്ചു.

ബെസ്റ്റ് ഓഫ് അഴിമുഖം

ആരാണ് മുരളി കണ്ണമ്പിള്ളി? കെ വേണു തന്റെ പഴയ സഖാവിനെ ഓര്‍ക്കുന്നു
മാവോയിസ്റ്റുകളുടെ അറസ്റ്റും രമേശ് ചെന്നിത്തലയുടെ മേനി പറച്ചിലും
‘തെണ്ടികൾ’ എന്ന് വിളിച്ചോളു; പ്രതിനിധീകരിക്കുന്നു എന്ന് ഭാവിക്കരുത്
ജനാധിപത്യത്തിന് ചില ജാഗ്രതകള്‍ ആവശ്യമാണ്; തല്‍ക്കാലം അതിങ്ങനെയാണെന്നേയുള്ളൂ
കുറ്റമൊന്നും കാണാതിരുന്നിട്ടും പിന്നെയെന്തിനവരെ ഭരണകൂടത്തിന് വിട്ടുകൊടുത്തു?
മാവോയിസത്തിന് കേരളത്തില്‍ എന്തു പ്രസക്തി? അഭിമുഖം/കെ.പി സേതുനാഥ്
കേരളത്തെ ഹിപ്പോക്രസിയുടെ സമൂഹമാക്കിയത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍-അഭിമുഖം/കെ.പി സേതുനാഥ്
കേരളീയത്തെ മാവോയിസ്റ്റാക്കേണ്ടത് ആരുടെ ആവശ്യമാണ്?- എഡിറ്റര്‍ ശരത് എഴുതുന്നു
കേരളത്തിലെ മാവോകള്‍; മിത്തും യാഥാര്‍ഥ്യവും
ഇങ്ക്വിലാബില്‍ നിന്ന് ചുംബിലാബിലേക്ക്; നക്‌സലിസം നനഞ്ഞ പടക്കം- സിവിക് ചന്ദ്രന്‍ എഴുതുന്നു
കേരളവും മാവോയിസ്റ്റുകളും : ആദിവാസികള്‍ക്ക് ആയുധം നല്കുമ്പോള്‍
ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി
വിപ്ലവാര്യന്റെ പ്രവചനങ്ങള്‍; സിവിക് ചന്ദ്രന് മറുപടി

ആദിവാസികളും കര്‍ഷകരും ഉള്‍പ്പെടെ 400 പേരെയാണ് വിപ്ലവസഖാക്കളായി തിരഞ്ഞെടുത്തത്. എന്നാല്‍ ആക്ഷനെത്തിയത് അമ്പതുപേര്‍ മാത്രം. അവര്‍ വയര്‍ലസ് സ്റ്റേഷന്‍ ആക്രമിച്ചു. വയര്‍ലസ് ഓപ്പറേറ്ററെ കഴുത്തറുത്ത് കൊന്നു. എന്നാല്‍, ഇതിനിടയ്ക്കു തന്നെ അമ്പതു പേരില്‍ ഭൂരിഭാഗം വിപ്ലവകാരികളും ഓടിയൊളിച്ചു. പോലീസ് സ്റ്റേഷന്‍ ആക്രമണം, അതുകൊണ്ടുതന്നെ വേണ്ടെന്നു വച്ചു. തിരിച്ചുപോകുന്ന വഴി രണ്ടു ജന്മിമാരുടെ വീട് കൊള്ളയടിച്ചു. ധാന്യശേഖരവും പണവും ആദിവാസികള്‍ക്ക് വിതരണം ചെയ്തു. വിപ്ലവവും വിതരണവും ഒറ്റയടിക്ക്!

തലശ്ശേരിയിലെ വിപ്ലവകാരികളെ അടുത്തദിവസം തന്നെ പൊലീസ് പിടിച്ചു. പുല്‍പ്പള്ളി സംഘം കുറച്ചുനാള്‍ തിരുനെല്ലിക്കാട്ടില്‍ അലഞ്ഞു. ചില ഒറ്റുകാരെ അവരുടെ കുടിലില്‍ നിന്ന് പിടിച്ചിറക്കിക്കൊന്നു. (വിപ്ലവജ്വാല അണയാതെ സൂക്ഷിക്കണമല്ലോ). പിന്നീട് വിപ്ലവകാരികളെ പൊലീസ് പിടിച്ചു. വര്‍ഗീസിനെ വെടിവച്ചുകൊന്നു. രണ്ടിടത്തും വിപ്ലവകാരികളെ ചൂണ്ടിക്കാട്ടികൊടുത്തത് നാട്ടുകാരായിരുന്നു. (History of Naxalism in Kerala, Lalu John Philip).വാസ്തവത്തില്‍ വിപ്ലവം അന്നുതന്നെ പൂട്ടേണ്ടതായിരുന്നു. പക്ഷെ, ജയിലിനകത്താകാത്ത സഖാക്കള്‍ തലശ്ശേരി പുല്‍പ്പള്ളി ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത് കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചുകൊണ്ടാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ വന്ന സഖാക്കള്‍ പക്ഷെ, കാവല്‍ക്കാരന്റെ വെടികൊണ്ട് വേലായുധന്‍ എന്ന സഖാവ് വീണതോടെ നാലുപാടും ചിതറി ഓടി. ഓടുന്നതിന് മുമ്പ് അവര്‍ പൊലീസ് സ്റ്റേഷനിലേക്ക് കുറച്ച് ലഘുലേഖകള്‍ വലിച്ചെറിഞ്ഞു. ''തലശ്ശേരി-പുല്‍പ്പള്ളി ആക്രമണങ്ങള്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീജ്വാല ലോകത്ത് ഒരു ശക്തിക്കും കെടുത്താന്‍ കഴിയില്ല'' എന്നതായിരുന്നു ലഘുലേഖയുടെ സാരാംശം.

അന്നു ചിതറി ഓടിയവരും ആക്ഷനില്‍ പങ്കെടുക്കാത്ത വിപ്ലവകാരികളും പ്രത്യേകം പ്രത്യേകം നക്‌സലൈറ്റ് ഗ്രൂപ്പുകളുണ്ടാക്കി. അങ്ങനെ, ആകെയുള്ള നക്‌സലൈറ്റുകളുടെ എത്രയോ ഇരട്ടി നക്‌സലൈറ്റ് ഗ്രൂപ്പുകളുണ്ടായി! കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയാതെ കൈവശം വച്ച ലഘുലേഖകള്‍ പുതിയ ഗ്രൂപ്പുകള്‍ സംരക്ഷിച്ചു. ഗ്രൂപ്പുകള്‍ കേരളത്തില്‍ പലയിടത്തും ആക്രമണം നടത്തി. ചിലര്‍ ഒറ്റുകാരെ കൊന്നു. ചില ഇടത്തരം ജന്മിമാരുടെ കഴുത്തറുത്ത് പൊതുനിരത്തില്‍ വച്ചു. ചില തലകള്‍ മതിലിനു മുകളില്‍ വച്ചു. ചിലരെ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നു. എല്ലായിടത്തും കൊള്ളയടിച്ചു. ലഘുലേഖകള്‍ വിതറി. മഹത്തായ വിപ്ലവം പലയിടങ്ങളിലായി കെട്ടിപ്പൊക്കിയ ചായപ്പീടികകള്‍ പോലെ ആയി. ഓരോ ചായക്കടയിലും വില്പന സാധനങ്ങള്‍ അതാതു പീടികമുതലാളിമാര്‍ തീരുമാനിക്കും. ഒരു മുതലാളിക്ക് മറ്റേ മുതലാളിയെ പിടിക്കില്ല. അവന്റെ ചായയില്‍ കടുപ്പം പോര; അങ്ങനെ പല കുറവുകള്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇങ്ങനെ സ്വന്തം വിപ്ലവകച്ചവടം നടത്തിക്കൊണ്ടിരുന്ന ചായപ്പീടിക്കകാരെല്ലാം അഖിലേന്ത്യാതലത്തില്‍ ഒരു ബ്രാന്‍ഡ് നെയിമിന്റെ കീഴില്‍ തുടര്‍ന്നുള്ള വിപ്ലവ കച്ചവടം നടത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2004-ല്‍ വിവിധ മാവോയിസ്റ്റ് - നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ ഒന്നിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചത്. മാവോയിസ്റ്റുകളെ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. (ചില സംസ്ഥാനങ്ങളിലെ ചാരായ നിരോധനം പോലെ. സംഗതി ലഭ്യമാണ്) അങ്ങനെ നിരോധിക്കപ്പെട്ട മാവോയിസ്റ്റുകള്‍ ഇന്ത്യയിലും കേരളത്തിലും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരുന്നു. അവരുടെ ലക്ഷ്യം വിപ്ലവത്തിലൂടെ ഭരണം അട്ടിമറിക്കുകയും വര്‍ഗ്ഗരഹിത സമൂഹം കെട്ടിപ്പടുക്കുകയുമാണ്. അതേ, ആ പഴയ മാര്‍ക്‌സിയന്‍ സ്വപ്നം!

ഈ വിപ്ലവകാരികളെ, പക്ഷെ ഇന്ത്യയിലെ മറ്റു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി താരതമ്യം ചെയ്യരുത്. മുഖ്യധാരാ പാര്‍ട്ടികള്‍ പാര്‍ലമെന്റ് എന്ന പന്നിക്കൂട്ടില്‍ എങ്ങനെയെങ്കിലും ഒന്നു കയറിപ്പറ്റാന്‍ സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ എന്ത് വിപ്ലവത്തിനും - കൂടെയുള്ള സഖാവിന്റെ കഥകഴിച്ചിട്ടാണെങ്കില്‍ പോലും - തയ്യാറാണ്.

ഒറ്റ ബ്രാന്‍ഡ് നെയിമില്‍ വന്നശേഷമാണ് മാവോയിസ്റ്റുകള്‍ കെന്‍റകി ചിക്കന്‍ കടയേയും പ്രായാധിക്യം കൊണ്ട് നടക്കാന്‍ പോലും കഴിയാത്ത രാഷ്ട്രീയക്കാരെയും രാഷ്ട്രീയവും മാവോയിസവും എന്തെന്നു പോലുമറിയാത്ത സാധാരണ ഇന്ത്യക്കാരെയും ബോംബെറിഞ്ഞും ട്രെയിന്‍ മറിച്ചുമൊക്കെ ആക്രമിക്കുന്നത്. ആ മഹാവിപ്ലവകാരികളില്‍ കേരളത്തിന്റെ നേതൃത്വം നല്‍കുന്നവരാണെത്രെ രൂപേഷും കൂട്ടരും. അവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ഭേദ്യം ചെയ്യുന്നത്.പൂനയില്‍ നിന്നും അറസ്റ്റ് ചെയ്ത മാവോയിസ്റ്റാണ് മുരളി കണ്ണമ്പിള്ളി. കണ്ണമ്പിള്ളിയുടെ അറസ്റ്റിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ചാണ് മണ്‍മറഞ്ഞ കുറേ നക്‌സലൈറ്റുകളും പ്രാദേശിയ - ദേശീയതലത്തിലുള്ള ഇടതുപക്ഷ ബുദ്ധിജീവികളും തുറന്നകത്തിലൂടെ സമൂഹത്തിന്റെ മനസാക്ഷിയെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ കാലയളവിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊന്ന ആയിരക്കണക്കിന് നിരപരാധികളെ ഈ മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും നാളിതുവരെ കണ്ടിട്ടില്ല. എന്തിന്, അത്തരമൊരു ആക്ഷനെ അപലപിച്ചിട്ടുപോലുമില്ല.

മണ്‍മറഞ്ഞ നക്‌സലൈറ്റുകളില്‍ ചിലരുടെ മരണാനന്തര കഥ കൂടി മനസ്സിലായാല്‍ മാത്രമേ മാവോയിസത്തിന്റെ കാലികപ്രസക്തി എന്താണെന്നും എത്രത്തോളമാകുമെന്നും വ്യക്തമാകുകയുള്ളു.

''ഒന്‍പതു കൊല്ലത്തെ ജയില്‍വാസം കഴിഞ്ഞ് ഞാന്‍ പുറത്തുവരുമ്പോള്‍ പ്രസ്ഥാനം മാഞ്ഞുപോയിരുന്നു. ഇനി ഒരിക്കലും പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത വിധം സാഹചര്യങ്ങള്‍ മാറിയിരുന്നു. അതുകൊണ്ട് സാധാരണ കുടുംബജീവിതത്തിലേക്കു ഞാന്‍ പോയി.'' എന്നാണ് അജിത പറഞ്ഞത്. (History of Naxalism in Kerala- Lalu John Philip)

സാധാരണ ജീവിതമാണ്, യഥാര്‍ത്ഥ വര്‍ഗ്ഗസമരം സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്ന പോസ്റ്റ് മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിലേക്ക് അജിതയെ കൊണ്ടെത്തിച്ചത്. ഇരയായ സ്ത്രീയുടെ മോചനം കൗണ്‍സിലിംഗിലൂടെ സാധ്യമാകും എന്ന തിരിച്ചറിവിലൂടെ 'അന്വേഷി' എന്ന എന്‍.ജി.ഒ. രൂപീകരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി ഏതൊക്കെ സ്ത്രീകളോടൊപ്പം എന്നൊക്കെ എവിടെവച്ച് ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് 'അന്വേഷി' ഗവേഷണം നടത്തി. ഗവേഷണ പ്രബന്ധം മൂലധനമാക്കിയപ്പോള്‍ പ്രോജക്ടുകള്‍ ധാരാളമായി ലഭിച്ചുതുടങ്ങി. (പഴയ വിപ്ലവ പ്രവര്‍ത്തനം പോലെയല്ല എന്‍.ജി.ഒ. പ്രവര്‍ത്തനം. ഇതിന് നല്ല സ്‌കോപ്പ് ഉണ്ട്.) യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (2000-2003) വരെയും തുടര്‍ന്ന് ടാറ്റാ ട്രസ്റ്റിന്റെ പണവും ഉപയോഗിച്ച് കേരളത്തില്‍ സ്ത്രീശാക്തീകരണ വിപ്ലവം തുടരുന്നു. അജിത എന്‍.ജി.ഒ. ഉടമയായതുകൊണ്ടും ഭര്‍ത്താവ് യാക്കൂബ് കോണ്‍ട്രാക്ടര്‍ ആയതുകൊണ്ടും മകള്‍ വിപ്ലവജ്വാലയായി വളര്‍ന്നില്ല. വളര്‍ത്തിയില്ല.

അജിത പറഞ്ഞത് ശരിയാണ്. എല്ലാം മാറിപ്പോയിരിക്കുന്നു. ടാറ്റ, ബിര്‍ല തുടങ്ങിയ പഴയ കുത്തക മുതലാളിമാര്‍ പോലും ഇന്ന് ചെറുകച്ചവടക്കാരാണ്. വമ്പന്‍മാര്‍ വേറെയുണ്ട്. അംബാനി, ആദാനി തുടങ്ങിയവര്‍. അതുകൊണ്ട് ടാറ്റയുടെ പണം സ്വീകരിക്കാം. കുറച്ചുകഴിഞ്ഞ് അംബാനിയുടേയും അദാനിയുടെയും പിന്നെ ക്ലിന്റണ്‍ ഫൗണ്ടേഷന്‍. ആഗോളതലത്തില്‍ സ്ത്രീശാക്തീകരണം നടത്തണമെങ്കില്‍ ക്ലിന്റണ്‍ സഹായിക്കണം. (ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം).

വിപ്ലവത്തിന്റെ തീജ്വാലയില്‍ നിന്ന് ആത്മീയതയുടെ ശാന്തിതീരത്തണിഞ്ഞ ഏറ്റവും പുതിയ അരബിന്ദോയാണ് ഫിലിപ്പ് എം.പ്രസാദ്. അരബിന്ദോയെപ്പോലെ സ്വയം ആള്‍ദൈവമായി പ്രഖ്യാപിക്കുകയല്ല; ഒരാള്‍ദൈവത്തിന്റെ അനുയായി ആകുകയാണ് ഫിലിപ്പ് ചെയ്തത്. ഫിലിപ്പ് അങ്ങനെയാണ്. ''പണ്ട് ഞാന്‍ കുന്നിക്കല്‍ നാരായണന്റെ 'ചേല'യായിരുന്നു.'' (rediff.com, July 10, 2012). സായിബാബ എന്ന ആള്‍ദൈവത്തിന്റെ ഉത്തമപ്രചാരകനാണ് ഫിലിപ്പ്. പുല്‍പ്പള്ളി സ്റ്റേഷനാക്രമണത്തിനു തിരഞ്ഞെടുത്ത നവംബര്‍ 23 സായിബാബയുടെ ജന്മദിനമായിരുന്നു എന്ന് ഫിലിപ്പ് പിന്നീടെന്നോ ആണ് തിരിച്ചറിഞ്ഞത്. (rediff.com, July 10, 2012) തങ്ങള്‍ കൊളുത്തുന്ന വിപ്ലവാഗ്നിയില്‍ ലോകം മുഴുവന്‍ മാറിമറിയും എന്ന് 21-ാമത്തെ വയസ്സില്‍ കരുതിയ ഫിലിപ്പ് അതേ വിശ്വാസത്തോടെ മരിച്ചുപോയ സായിബാബയിലൂന്നിയ ആത്മിയതയാണ് മാവരാശിയുടെ മോചനമാര്‍ഗ്ഗമെന്ന് വിശ്വസിക്കുന്നു. വീട്ടില്‍ വിപ്ലവസംവാദങ്ങള്‍ കേട്ടുവളരാത്തതുകൊണ്ടാകാം, ഫിലിപ്പിന്റെ മക്കള്‍ മാവോയിസത്തിലേക്ക് എടുത്തെറിയപ്പെട്ടില്ല. അല്ലെങ്കില്‍, ബുദ്ധിശാലിയായ ഫിലിപ്പ് അവര്‍ക്ക് ആ വഴി കാട്ടിക്കൊടുത്തില്ല.48 വര്‍ഷത്തെ നക്‌സലൈറ്റ് - മാവോയിസ്റ്റ് വിപ്ലവ പരമ്പരകള്‍ക്കുശേഷം ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം എത്രത്തോളമായി?

നൂറ്റി ഇരുപതിലേറെ കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 40 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ജീവിച്ചു പോകാനുള്ള മിനിമം ആഹാരം കഴിക്കാനാവശ്യമായ പണത്തിന്റെ കണക്കനുസരിച്ചാണ് ദാരിദ്ര്യരേഖ നിര്‍ണ്ണയിക്കുന്നത്. അതുപോലും ഇല്ലാത്തവരാണ് 40 കോടി ജനങ്ങള്‍ എന്നര്‍ത്ഥം. പക്ഷെ, ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ 2015 ലെ ഫോര്‍ബ്‌സ് മാഗസിന്റെ പട്ടികയില്‍ 90 ഇന്ത്യാക്കാരുണ്ട്. ഇതൊരു സര്‍വ്വകാല റിക്കാര്‍ഡാണത്രെ! (അതേ! ശതകോടീശ്വരന്‍മാരുടെ എണ്ണം കൂടുന്നത്) 64 കോടി ഇന്ത്യാക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യമില്ല; 23 കോടി ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ കൂരയില്ല. പക്ഷെ, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ നാലുപേരടങ്ങുന്ന കുടുംബത്തിന് താമസിയ്ക്കാന്‍ നൂറുകോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച വീടിന് 27 നിലകളുണ്ട്. 30 കൊല്ലം മുമ്പ് ബജാജ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഗൗതം അദാനി ഏതു നിമിഷവും മുകേഷ് അംബാനിയെ മറികടക്കാനുള്ള ടോപ്പ് ഗിയറില്‍ ആണ്. 20 വര്‍ഷം മുമ്പ് സ്വര്‍ണ്ണം ഉരച്ചുനോക്കാനിരുന്ന ടി.എസ്.കല്യാണരാമന്‍ ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന 61 കല്യാണ്‍ ജുവലേഴ്‌സ് കടകളുടെ ഉടമയാണ്. യാത്ര ചെയ്യാന്‍ 200 കോടി രൂപയ്ക്ക് ജറ്റ് വിമാനം വാങ്ങുന്നു. ഇന്ത്യയുടെ ഭരണം മോദി കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ കേരളത്തിന്റെ ഭരണം ഉമ്മന്‍ചാണ്ടി ബാര്‍ മുതലാളിമാര്‍ക്കും സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കും വിട്ടുകൊടുത്തു. ഇന്ത്യയും കേരളവും വളരുകയാണ്.

അപ്പോഴും മാവോയിസ്റ്റുകള്‍ തൊഴിലാളി വര്‍ഗ്ഗ വിപ്ലവം സ്വപ്നം കാണുന്നു. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ചെറിയ ഔട്ട്‌ലെറ്റുകള്‍ ആക്രമിക്കുന്നു. എവിടെയോ ഒരു കളക്ടറെ തടഞ്ഞുവയ്ക്കുന്നു. മറ്റൊരിടത്ത് തീവണ്ടി അട്ടിമറിക്കുന്നു. വിപ്ലവം വരുന്നു എന്നു പറയുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. കാട്ടില്‍ ഒളിയ്ക്കുന്നു. മുരളി കണ്ണമ്പിള്ളിയെപോലുള്ള മാവോയിസ്റ്റായി രൂപപരിണാമം വന്ന നക്‌സലൈറ്റുകള്‍ കഴിഞ്ഞ 40 വര്‍ഷമായി ഇത്തരം വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിപരമായ നേതൃത്വം കൊടുത്തുവരികയായിരുന്നത്രെ!

വാസ്തവത്തില്‍ മാവോയിസ്റ്റുകളെ ശിക്ഷിക്കാമോ? അവര്‍ക്ക് വേണ്ടത് വിദഗ്ധ ചികിത്സയല്ലേ? അത് കൊടുക്കാതിരിക്കുന്നതാണ് അവരോട് ചെയ്യുന്ന യഥാര്‍ത്ഥ മനുഷ്യാവകാശ ലംഘനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories