TopTop
Begin typing your search above and press return to search.

നിലമ്പൂര്‍; സി പി എം കയറിക്കളിക്കുന്ന ഫാസിസത്തിന്റെ വഴികള്‍

നിലമ്പൂര്‍; സി പി എം കയറിക്കളിക്കുന്ന ഫാസിസത്തിന്റെ വഴികള്‍

കേരളത്തിലെ നക്സൽ വേട്ടയ്ക്ക് മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ കേരളത്തിൽ സമാനതകൾ ഇല്ലാത്ത പോലീസ് പീഡനത്തിന്റെ ചരിത്രം കൂടിയാണ് എഴുപതുകളിലെ നക്സൽ വേട്ട. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ നക്സൽ വേട്ടയിൽ ജനാധിപത്യ മര്യാദകൾ എല്ലാം മറികടന്നു വ്യക്തികളെ കൊല്ലുന്ന അവസ്ഥയിലുടെ കടന്നു പോകുമ്പോഴും കേരളത്തിൽ അതൊരു അക്കാദമിക വിഷയമോ പിന്നെ ഒറ്റപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിലുമായി ഒതുങ്ങി നിന്നിരുന്നു. എന്നാൽ രാജ്യത്തിന്റ മറ്റ് ഭാഗങ്ങളിൽ ഇതായിരുന്നില്ല അവസ്ഥ. ബൂർഷ്വാ ജനാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നത് എന്ന് പൂർണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള സായുധ സമരമാണ് മാവോയിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വെച്ചതും പ്രവർത്തിക്കുന്നതും. രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കുന്ന വംശീയ/സാമ്പത്തിക/കുടുംബ വാഴ്ചകളും ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും പരിഗണിക്കുമ്പോൾ രാജ്യത്ത് ബൂർഷ്വാ ജനാധിപത്യമാണ് നിലനിൽക്കുന്നത് എന്ന വാദത്തെ അംഗീകരിക്കേണ്ടിവരും. ജനാധിപത്യസ്ഥാപനങ്ങൾ നിലനിൽക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഭൂരിഭാഗത്തിനും ലഭ്യമല്ലാത്ത ഒരു സമൂഹത്തിൽ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്ന ഭരണകൂടത്തിന്റെ അധികാരം പൊതുസമൂഹത്തിൽ സ്ഥാപിച്ചെടുക്കുന്നതിലൂടെയും അതോടൊപ്പം ദേശവും ദേശീയതയും പരമമായ അവകാശമായി സംരക്ഷിക്കപ്പെടണം എന്ന ആശയത്തെ പൗരധർമ്മമായി അവതരിപ്പിക്കുന്നതിലൂടെയും ആണ്. ഇന്ത്യൻ ഭരണകൂടം ഈ കാര്യത്തിൽ ഒരുപാട് മുന്നേറിക്കഴിഞ്ഞു.

രാജ്യത്ത് പൌരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ ഉണ്ടാകുന്ന വീഴ്ചകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് പിന്നിൽ വര്‍ദ്ധിച്ചുവരുന്ന 'ഭരണകൂടത' യുണ്ട്. ഭരണകൂടമാണ് ശരി എന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ പാർലമെന്ററി രാഷ്ട്രീയം മാറുന്നുണ്ട്. അതിന്റെ തെളിവുകൾ ആണ് യു എ പി എ നിയമവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാശ്മീരിലും നടപ്പിലാക്കിവരുന്ന സെന്യത്തിന് നല്കുന്ന അമിതാധികാരവും. ഇത് ന്യൂനപക്ഷ- ദളിത്-ആദിവാസി വിഭാഗത്തിൽ പെടുന്ന ഒരു കൂട്ടം ഇരകളെ സൃഷ്ടിക്കാൻ ഇടയാക്കി. ഭരണകൂടത്തിന് ഇവർ രാജ്യദ്രോഹികൾ കൂടിയാണ്. ഇത്തരം രാജ്യദ്രോഹികളുടെ കൂട്ടത്തിൽ രാജ്യത്തെ പാർലിമെന്ററി ഇടതുപക്ഷത്തിൽനിന്നുള്ള ഇരകൾ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് കിട്ടുന്ന ഭരണകൂട വിശദീകരണത്തിന് ദേശീയതയുടെയും ഭീകരവാദത്തിന്റെയും പശ്ചാത്തലം ഉണ്ടാകുന്നത്. മുന്‍ ആഭ്യന്തര മന്ത്രിയായ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിൽ മാവോയിസ്റ്റുകൾ രാജ്യദ്രോഹികളും അക്രമകാരികളും ആണ് അതുകൊണ്ട് തന്നെ അവരെ ഈ രീതിയിൽതന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇതിൽ നിന്നും വ്യത്യസ്‍തമായ ഒരു അഭിപ്രായം പറഞ്ഞത് സി പി ഐ മാത്രമാണ്. അതിന് കാരണം അടിയന്തരാവസ്ഥ കാലത്ത് പാർട്ടി സ്വീകരിച്ച നിലപാടിൽ നിന്നുള്ള തിരുത്തൽ കൂടിയാകാം ഇത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കേരളത്തിൽ പോലീസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ പൊതുസമൂഹം ചർച്ച ചെയ്തിരുന്നത്. എന്നാൽ ഒന്നര വർഷത്തെ ഈ വാർത്തകൾ സൂക്ഷ്മമായി വായിക്കുന്ന ആർക്കും ഇതിലെ പൊരുത്തക്കേടുകൾ മനസിലാകും. അതിൽ പ്രധാനം കേരളത്തിൽ വന്നു എന്ന് പറയുന്ന മാവോയിസ്റ്റുകളുടെ എണ്ണവും അവരെ കണ്ടവർ നൽകിയ വിവരണവുമാണ്. നമ്മുടെ നാട്ടിലെ പത്രങ്ങൾ പൊലീസ് നൽകുന്ന വാർത്തകൾ അപ്പടി പകർത്തുന്ന രീതി പലപ്പോഴും മാവോയിസ്റ്റ് സാന്നിധ്യത്തെ കേരളം അഭിമുഖീകരിക്കാൻ പോകുന്ന വൻഭീഷണിയാണ് എന്ന പ്രതീതി ഉണ്ടാക്കി. സാധാരണ മനുഷ്യർ കണ്ടതും കേട്ടതുമായ അനുഭവങ്ങളെ അതിശയോക്തിയോടെ പൊലീസ് സാന്നിധ്യത്തിൽ മാധ്യമങ്ങളോട് വിവരിച്ചത് വാർത്തയായി മാറി. ഇത്തരം വാർത്താ നിർമ്മിതികളും അവ സർക്കാരിന്റെ പ്രവർത്തികളെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നതും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പതിവാണ്. പലപ്പോഴും പ്രതിരോധ പ്രസ്ഥാനങ്ങളെ ജനവിരുദ്ധമാക്കി തീർക്കുന്നതിൽ ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. എല്ലാത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന രാഷ്ട്രീയ ലക്‌ഷ്യം ഉണ്ട്. അതോടൊപ്പം തന്നെ ഭരണകൂടമാണ് ആത്യന്തികമായ ശരി എന്ന രീതിയിലേക്ക് കേരള സർക്കാർ മാറുന്നുണ്ട് എന്ന് പറയേണ്ടിവരും. കാരണം കൊല്ലപ്പെട്ടവർ കേരളത്തിലെ പൊതുജീവിതത്തിനോ ദേശസുരക്ഷക്കോ എന്തുതരം ഭീഷണിയാണ് ഉയർത്തിയത് എന്ന്പറയാനുള്ള ബാദ്ധ്യത കൊല്ലാൻ ഉത്തരവ് ഇട്ടവർക്കുണ്ട്. ടി പി ചന്ദ്രശേഖരൻ സിപി എമ്മിനും, അരിയിൽ ഷുക്കൂർ പാർട്ടി നേതാക്കൻന്മാർക്കും ഉണ്ടാക്കിയ ഭീഷണി പോലെ ഈ കൊല്ലപ്പെട്ടവർ കേരളീയ സമൂഹത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടാക്കിയിരുന്നു എന്ന് അറിയാൻ സമൂഹത്തിന് അവകാശമുണ്ട്. ഇനി സമൂഹത്തെ മാറ്റിനിർത്തിയാൽ ഇവരുടെ രാഷ്ട്രീയത്തോട് അനുഭാവമുള്ള മനുഷ്യരോട് വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.ഇതൊരുഏറ്റുമുട്ടൽ കൊലപാതമാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പ്രതിരോധിക്കാനും അത്തരം ജനാധിപത്യ വേദികളിൽ ഭരണകൂടത്തെ വിമർശിക്കാനും ഉള്ള രാഷ്ട്രീയ ധാർമ്മികത സിപി എമ്മിന് നഷ്ടമായികഴിഞ്ഞു. ചത്തീസ്‌ഗഢ് ഭരിക്കുന്ന ബി ജെ പി സർക്കാർ മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി പ്രത്യക നിയമം തന്നെ (Chhattisgarh Special Public Security Act, 2005) നടപ്പിലാക്കി, ഇതിൽ നിന്നും വ്യത്യസ്തമായി സി പിഎമ്മിന് ഒരു രാഷ്ട്രീയം ഈ കാര്യത്തിൽ ഇല്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ കൊലപാതകം. സി പി എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തവും പോലീസിന്റെ കഴിവില്ലായ്മയും ഇതിൽ പ്രകടമാണ്. സി പി എം നേതാക്കന്മാരുടെ അറിവില്ലായ്മ നവമാധ്യമങ്ങളിൽ അവർ പ്രകടിപ്പിച്ച അഭിപ്രായത്തിൽ തന്നെ വ്യക്തമാണ്. ഈ കൊലപാതകത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മുൻപ് എസ് ആകൃതിയിൽ ഉള്ള കത്തിയെ കുറിച്ച് വരെ പത്രസമ്മേളനം നടത്തി വിശദീകരിച്ച നേതാവാണ് എന്നും കു‌ടി ഓർക്കണം.

പോലീസ് നടത്തിയ കൊലപാതകത്തെ ഭരണകൂടത്തിന്റെ രാഷ്ട്രീയ വിജയമായി ആഘോഷിക്കുന്ന രാഷ്ട്രീയം ഫാസിസത്തിന്‍റേതാണ്. ആ വഴിയിലേക്ക് സി പി എം നടന്നുകയറിയാൽ ഉണ്ടാകുന്ന രാഷ്ട്രീയ നഷ്ടം മനസിലാക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം നിലമ്പൂര്‍ മാവോയിസ്റ്റ് കൊലപാതകത്തിലൂടെ പ്രകടമാക്കപ്പെട്ടു എന്ന് തന്നെ കരുതാം.


Next Story

Related Stories