TopTop

പൊലീസ് ബ്രീഫിംഗ് വിഴുങ്ങുന്ന മാധ്യമങ്ങളേക്കാള്‍ മാവോയിസ്റ്റുകളെ ജനം വിശ്വസിച്ചാല്‍ അവരെ കുറ്റം പറയരുത്

പൊലീസ് ബ്രീഫിംഗ് വിഴുങ്ങുന്ന മാധ്യമങ്ങളേക്കാള്‍ മാവോയിസ്റ്റുകളെ ജനം വിശ്വസിച്ചാല്‍ അവരെ കുറ്റം പറയരുത്
നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊലചെയ്യപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്ന സന്ദേഹം ആദ്യം പ്രകടപ്പിച്ചത് മാധ്യമങ്ങള്‍ ആയിരുന്നു. അവരുടെ ആവേശ പ്രകടനത്തിനു മുന്‍പില്‍ ഏതു മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രണമിച്ചു പോകുന്ന തരത്തിലായിരുന്നു ആദ്യ കുറച്ചു ദിവസങ്ങളിലെ റിപ്പോര്‍ട്ടിങ്. എന്നാല്‍ പിന്നീട് ആ ഒച്ചയും ബഹളവും നേര്‍ത്തു നേര്‍ത്ത് ഇല്ലാതാകുന്നതാണു കണ്ടത്. എന്തിനേറെ നിലമ്പൂര്‍ വന മേഖലയിലെ വസന്തത്തിന്റെ പുതിയ ഇടിമുഴക്കം സംബന്ധിയായി ഒരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയ പരമ്പര എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട സചിത്ര കുറ്റാന്വേഷണ ത്രില്ലറിനും അകാല മരണം സംഭവിച്ചു ( ഒരു പക്ഷെ പരമ്പരക്കാരന്‍ ഇത്രയേ എഴുതാന്‍ ഉദ്ദേശിച്ചിരുന്നുള്ളോ എന്ന് തോന്നിപ്പിക്കുന്ന ഒരു കോലം കെട്ട അവസ്ഥ പ്രസ്തുത രചനക്ക് വന്നു വന്നു ഭവിച്ചു എന്നതുകൊണ്ട് ഈയുള്ളവന് വെറുതെ തോന്നിപ്പോകുന്നതുമാകാം. അതുകൊണ്ടു മുന്‍കൂര്‍ ജ്യാമ്യം അപേക്ഷിക്കുന്നു എന്നൊന്നും ചിന്തിച്ചു പോകരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ടു താനും).

പതിവുപോലെ നമ്മുടെ മാധ്യമങ്ങള്‍ പോലീസ് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങിത്തുടങ്ങിയിക്കുന്നു. തണ്ടര്‍ ബോള്‍ട്ട് കണ്ടെത്തിയെന്ന് പറയപ്പെടുന്ന പെന്‍ഡ്രൈവുകള്‍ നമുക്കാകെ ഭക്ഷണമായിക്കൊണ്ടിരിക്കുന്നു. വാര്‍ത്തകളുടെ അഥവ വാര്‍ത്ത അറിയിക്കുന്നതിന്റെ ഡ്രൈവ് വീണ്ടും ഹൈജാക് ചെയ്യപ്പെട്ടിരിക്കുന്നു എന്നൊരു തോന്നല്‍. അതുകൊണ്ടു തന്നെ നിജസ്ഥിതി അറിയാന്‍ വല്ലാത്തൊരു ബുദ്ധിമുട്ട്. അതൊരു പക്ഷെ അധികം വൈകാതെ തന്നെ നമ്മുടെ പോലീസ് വ്യക്തത വരുത്തിത്തരുമെന്ന കാര്യത്തില്‍ ഒട്ടും ആശങ്കയില്ല. അനീതികള്‍ക്കു കൂട്ടു നിന്ന് സുഖിച്ചുപോയ ഒരു സംവിധാനത്തെ ഇളക്കി പ്രതിഷ്ഠിക്കുക എന്നത് ഏറെ ബദ്ധപ്പാടുള്ള കാര്യം തന്നെ. പോലീസ് ഒരു ഭരണ സംവിധാനത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചിന്ത നല്ലതു തന്നെ. ഭരണകൂടങ്ങള്‍ നിലനില്‍ക്കാന്‍ അവര്‍ അവിഭാജ്യ ഘടകം തന്നെ. പക്ഷെ ലോക്കല്‍ രാഷ്ടിയം കളിച്ചുനടുക്കുന്ന അവരില്‍ എത്ര പേര്‍ എന്ന ചോദ്യത്തിന്റെ പ്രശക്തി കേരളത്തിലെ ഭരണ മാറ്റത്തിനും ശേഷവും ബാക്കി നില്‍ക്കുന്നു എന്ന കാര്യം വിസ്മരിക്കാതിരുന്നാല്‍ നന്ന്.

ഏറെ കാലം പല പല പത്രങ്ങള്‍ക്കായി പല പല ദേശങ്ങളില്‍ തൊഴില്‍ ചെയ്ത എന്നെ ഏറെ അലസരപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. പ്രതേകിച്ചും ആന്ധ്രയിലും മഹാരാഷ്ട്രയിലും ഒക്കെ കണ്ട കാര്യങ്ങള്‍. ആന്തുലെ ഒരു ഉറുപ്പിക ലീസ്സിനു പതിച്ചു നല്‍കിയ പ്രസ് ക്ലബ്ബില്‍ ഇരുന്ന് കോപ്പികള്‍ ചമയ്ക്കുന്ന ലേഖകര്‍. അവര്‍ ഗ്രാമങ്ങള്‍ കണ്ടിരുന്നില്ല. മറാത്തി ലേഖകര്‍ എഴുതി അയയ്ക്കുന്ന കോപ്പികള്‍ക്കും അപ്പുറം അവര്‍ക്കു പഥ്യം പോലീസ് കമ്മീഷണറുടെ ബ്രീഫിങ് തന്നെയായിരുന്നു. ആന്ധ്രയില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു നക്‌സല്‍ പരമ്പര ചാമക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും മറ്റൊന്നായിരുന്നില്ല. മലയാളിയും പൊതു താല്പര്യ പ്രവര്‍ത്തകനും ഒക്കെയായിരുന്ന ഒരാളുടെ മാളത്തിലാണ് അന്ന് ആദ്യം എത്തിയത്. അദ്ദേഹം അന്ന് ഒരു കൊച്ചു പത്രം സ്വന്തമായി നടത്തുന്നുണ്ട്. മാതൃഭൂമിയിലും മറ്റും ഇടക്കിടെ നക്‌സലിറ്റുകളെക്കുറിച്ചും അവര്‍ക്കെതിരേ പോലീസ് നടത്തുന്ന നായാട്ടിനെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന ആ മലയാളി മനുഷ്യാവകാശ കുന്തമുന അന്നത്തെ രാത്രിയില്‍ തന്ന റമ്മിനൊപ്പം പരിചയപ്പെടുത്തിയത് അന്നത്തെ ഹൈദരാബാദ് ഡിസിപിയെ ആയിരുന്നു. കാര്‍ക്കളയിലേക്ക് ഒരു പോലീസ് ചാരന്‍ ആയി പോകാന്‍ അത്ര താല്പര്യം ഇല്ലാതിരുന്നതിനാല്‍ മറ്റൊരു കാരണം ചൊല്ലി പിന്‍വാങ്ങി.അന്നാണ് ഒരു കാര്യം കൃത്യവും വ്യക്തവുമായി മനസ്സിലായത്. ഗ്രാമങ്ങളെ അറിയാത്തവരോ അവിടെ നടക്കുന്ന യഥാര്‍ത്ഥ വസ്തുതയോ അറിയാത്തവരാണ് അപ്പ് കണ്‍ട്രി മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും എന്നത്. യാഥാര്‍ഥ്യങ്ങളെ തുറന്നു കാട്ടാന്‍ അന്നും പലരും ബദ്ധപ്പെടുന്നിതിനിടയില്‍ തന്നെയായിരിന്നു ഈ പോയകാല അവതാരങ്ങളും. ആ ദു:സ്ഥിതി ഇന്നും മാറിയിട്ടില്ല. എങ്കിലും അപ്പ് കണ്‍ട്രി എന്നു പണ്ട് നമ്മള്‍ പറഞ്ഞിരുന്ന ദേശങ്ങളില്‍ നിന്നും പലപ്പോഴും സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സുകളെ മാത്രം നമ്പുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു.

സത്യം പറഞ്ഞാല്‍ കിര്‍ത്താഡ്‌സ് നല്‍കുന്ന കണക്കിന് അപ്പുറം കേരളത്തിലെ പ്രാക്തനവും അല്ലാത്തതുമായ ഗോത്ര വര്‍ഗങ്ങളെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാം എന്ന വലിയ ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം കരുളായിലെ മലമുത്തന്മാര്‍ തുടങ്ങി ആനക്കയത്തിനടത്തു പാറ ഗുഹകളില്‍ വസിക്കുന്ന ആളറോ നിലമ്പൂരിലെ ചോലനായ്ക്കന്മാരോ മാത്രമല്ല കാട് എന്നു നമ്മള്‍ മറന്നു പോകുന്ന ഒരു ദുരവസ്ഥയുണ്ട്.

പണിയര്‍ പണ്ടേ കാടിറങ്ങി. ചോലനായ്ക്കരും കാട്ടുനായ്ക്കരും ഒക്കെ ഇന്നും കാട്ടില്‍ തന്നെയുണ്ട്. ആദിവാസി ആയിട്ടും അങ്ങനെയൊരു പട്ടം ചാര്‍ത്തികിട്ടാത്ത മറാത്തി നായ്ക്കന്മാരും ഇന്നും കാസര്‍ഗോട്ടെ പനത്തടിയില്‍ ഔദാര്യം കാത്തു കഴിയുന്നു. കാട് പോലും നമ്മള്‍ മറന്നു പോകുന്നു. കാട്ടില്‍ നിന്നും പറിച്ചു നടപ്പെട്ട ആദിവാസിക്കും കാട് കൈയേറിയ കുടിയേറ്റക്കാരനും ഇന്നും പുലിയെയും ആനയെയും പേടിയാണ്.

ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഒഴുക്കുന്ന കോടികള്‍ ഏതു പുഴയിലാണ് ഒഴുകി പോകുന്നതെന്ന ചോദ്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുള വിഭാഗത്തില്‍ പെട്ട അഗളിയില്‍ വില്ലേജ് ഉദ്യോഗസ്ഥനായിരുന്ന ശ്രീധരന്‍ ചോദിച്ചിരുന്നു. പെന്തക്കോസ്തുകാരും സംഘികളും ചേര്‍ന്ന് സ്വന്തം ജനത്തെ വേട്ടയാടുന്നതിനെക്കുറിച്ച് ശ്രീധരന്‍ ഏറെ അസ്വസ്ഥതപ്പെട്ടിരുന്നു. പിന്നീട് ഒരിക്കല്‍ കേട്ടത് ശ്രീധരന്‍ ആത്മഹത്യ ചെയ്തുവെന്നാണ്.

ഒരു പക്ഷെ പരാജയപ്പെട്ട വര്‍ഗീസിന്റെ വിപ്ലവ പാതയാവാം അതല്ലെങ്കില്‍ കാട്ടികുളത്തെ പെന്തക്കോസ്തുകാരില്‍ നിന്നും അഗളിയിലെ വിവേകാനന്ദ എന്ന് പേരിട്ട സ്വയം സേവക് സംഘ് പരിവാര്‍ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാനാവാതെയുമാകാം ശ്രീധരന്‍ സ്വയം മരണം വരിച്ചത്.
ശ്രീധരന് പുതിയകാല വിപ്ലവ പാതകളെ ഏറ്റെടുക്കാന്‍ പറ്റാതെ പോയി എന്ന് കരുതി സമാധാനിക്കാനാവുമോ? അസ്വാരസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വനമേഖലകളെയും ഒരു കൂട്ടം മനുഷ്യരേയും എല്ലാ സര്‍ക്കാരുകളും കാണാതെ പോകുന്നിടത്തു പുതിയ വിപ്ലവകാരികള്‍ കടന്നു വരുന്നതിനെ തോക്കുകൊണ്ടല്ല എതിര്‍ക്കേണ്ടത് യാഥാര്‍ഥ്യ ബോധത്തോടുകൂടിയാണ്.

പാകമാകുമ്പോള്‍ തനിയെ കൊഴിഞ്ഞു വീഴുന്ന ആപ്പിളല്ല വിപ്ലവം എന്നു പറഞ്ഞത് ചെ ഗുവേര തന്നെയാണ്. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞിരുന്നു ചെ ഗുവേര; നിശ്ശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് ഒരുപാട് വഴികള്‍ ഉണ്ടാകാം. ഭീരു, വന്നെന്നെന്‍ നെഞ്ചില്‍ നിറ ഒഴിക്കൂ. അപ്പോഴും ഓര്‍ക്കണം നീ ഒരു മനുഷ്യനെ മാത്രമാണ് ഇല്ലാതാക്കുന്നതെന്ന്. ഇത് തന്നെയാണ് ഹെമിങ് വേയും പറഞ്ഞത്- 'കൊല്ലാം, പക്ഷെ ഇല്ലാതാക്കാന്‍ ആവില്ല എന്ന്. ചെ പറഞ്ഞവര്‍ ഇന്നും നിലനില്‍ക്കുന്നു. ഫാസിസ്റ്റു ഭരണകൂട ഭീകരതയായും അതിനോട് സന്ധി ചെയ്യുന്ന പുതിയകാല പേരില്‍ മാത്രം വിപ്ലവം വിളമ്പുന്നവരായാലും.

ഇപ്പറഞ്ഞതു കൊണ്ട് മവോയിസ്റ്റുകളെ ന്യായീകരിച്ചു എന്ന് വാദിച്ചു ജയിക്കാന്‍ ശ്രമിക്കരുത്. നീതിയെക്കുറിച്ചു പറയുമ്പോള്‍ മുഖം തിരിഞ്ഞു ആസനം ചൊറിഞ്ഞു കാട്ടുന്ന ഇത്തരം ഏര്‍പ്പാടുകളെ കുറിച്ച് സ്വയ നിര്‍ണയം നടത്തേണ്ടവര്‍ ഇങ്ങനെ പോയാല്‍ മാവോയിസ്റ്റുകള്‍ പറയുന്നതാണ് ശരിയെന്ന് ഒരു വേള പാവം ജനവും ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.ഒരു നേരത്തെ ആഹാരം മാത്രമല്ല യഥാര്‍ത്ഥ വാര്‍ത്ത എന്ന് എന്തുകൊണ്ട് പുതു തലമുറക്കാര്‍ ഓര്‍ക്കുന്നില്ല എന്നു വിലപിക്കാന്‍ സമയമില്ല. മുതലാളിയും മാറിമാറി വരുന്ന എഡിറ്റര്‍മാരും കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു മാധ്യമ ലോകത്തു പുതുതായി എന്തെങ്കിലും എന്നൊക്കെ ചിന്തിച്ചു വരുന്നവരെ നിരുസാഹപ്പെടത്താനല്ല ഇത്രയും കുറിച്ചത്.

വാക്ക് പൂക്കും കാലം എന്നൊക്കെ പറഞ്ഞ് ഒരു ചാനലില്‍ ഒരു ബ്രഹ്മാണ്ഡ ഏര്‍പ്പാട് തന്നെ നടക്കുന്ന ഇക്കാലത്ത് ഇത്തരം സചിത്ര ലേഖനങ്ങള്‍ ഒക്കെ നല്ലതു തന്നെ. 'മാര്‍ത്താണ്ഡവര്‍മ' രചിച്ച സിവി രാമന്‍ പിള്ളയോ ഇന്ദുലേഖക്കാരന്‍ ചന്തുമേനോന്‍ മജിസ്‌ട്രേറ്റോ അതോ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരോ അതോ അവര്‍ക്കു ശേഷം വന്നവരും വന്നുകൊണ്ടിരിക്കുന്നവരും ഒക്കെയാണോ നമ്മുടെ മാതൃഭാഷയെ ഇത്രമേല്‍ ചൊങ്കത്തിയാക്കിയതെന്ന ചര്‍ച്ചകള്‍ കേരളപിറവിയുടെ അറുപതാം നിറവില്‍ നല്ലതു തന്നെ. ചര്‍ച്ചകള്‍ പൊടിപൊടിക്കട്ടെ. ഇക്കാര്യത്തില്‍ ഒരൊറ്റ സങ്കടമേയുള്ളു. ഉള്ളത് ഉള്ളതുപോലെ തുറന്നു പറയാന്‍ വികെഎന്‍ എന്ന നാണു നായര് ഇല്ലാതെ പോയല്ലോ എന്ന ഒരൊറ്റ സങ്കടം.

താന്‍ എങ്ങനെ കവിത എഴുത്തിലേക്കും വിപ്ലവ ചിന്തകളിലേക്കും എത്തിപെട്ടുവെന്ന് പാബ്ലോ നെരൂദ എഴുതി (കവിത പോയറ്ററി). താന്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റും കവിയുമായെന്നു സ്റ്റീഫന്‍ സ്‌പെന്‍ഡറ്റും എഴുതി 'ദി റോഡ് നോട് ടേക്കണ്‍ 'എന്ന കവിതയിലൂടെ. സ്‌പെന്‍ഡര്‍ പിന്നീട് കമ്മ്യൂണിസം വെടിഞ്ഞുവെന്നത് മറ്റൊരു കാര്യം.

പണ്ടൊരിക്കല്‍ ചെ ഗുവേര വിപ്ലവ വഴികള്‍ കൃത്യമായി കുറിച്ച് വെച്ചിരുന്നു. അക്കാര്യങ്ങള്‍ ഒക്കെ നാളിതു വരെ പറഞ്ഞു അര്‍മാദിച്ചവര്‍ ചെഗുവേരിയന്‍ വിപ്ലവ പാതയോ അതോ മോചിതമായ നരേന്ദ്ര മോദി ലൈനോ പിന്തുടരുന്നതെന്ന ആശങ്ക ബിനോയ് വിശ്വത്തിനെ വല്ലാതെ പിന്തുടരുന്നുണ്ട്. ബിനോയിയുടെ പാര്‍ട്ടി പണ്ട് ചെയ്ത കുറ്റങ്ങളെക്കുറിച്ചുള്ള കുറ്റബോധമാണോ അതോ വലിയേട്ടനെ ഒന്ന് ഇരുത്താന്‍ ഉള്ള ഏര്‍പ്പാടാണോ എന്നൊന്നും അറിയില്ല. ഇരു കമ്മ്യൂണിസ്‌റ് പാര്‍ട്ടികളും അവര്‍ക്കിടയിലെ മൂപ്പിളമ തര്‍ക്കങ്ങളും കൊതിക്കെറുവുകളും സ്വയം പറഞ്ഞു തീര്‍ക്കട്ടെ.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories