Top

മാവോയിസ്റ്റ് വേട്ട; ഫണ്ട് ചോദിക്കലിന്റെ കൊലപാതക വഴികള്‍; ആരോപണങ്ങള്‍ ശരിവയ്ക്കപ്പെടുന്നു?

മാവോയിസ്റ്റ് വേട്ട; ഫണ്ട് ചോദിക്കലിന്റെ കൊലപാതക വഴികള്‍; ആരോപണങ്ങള്‍ ശരിവയ്ക്കപ്പെടുന്നു?
കേരളത്തിലെ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ നിലപാട്, മറ്റ് സംസ്ഥാനങ്ങളിലേത് പോലുള്ള മാവോയിസ്റ്റ് വേട്ട ഇവിടെ വേണ്ട എന്നാണ്. കേരളത്തിലെ മാവോയിസ്റ്റ് വേട്ട, കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തട്ടാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നിലമ്പൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നില്‍ ഒരു ഐപിഎസ് ലോബി പ്രവര്‍ത്തിക്കുന്നു എന്നാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ കാനം ആരോപിച്ചത്. മാവോയിസ്റ്റ് വേട്ടാ നാടകങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ താല്‍പര്യം കേന്ദ്ര ഫണ്ടാണെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ശരിയാണെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. കേരളത്തിലെ മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേന കൂടി വേണമെന്നും കൂടുതല്‍ പണം വേണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നു. ഇതിന് മാത്രം എന്ത് വലിയ മാവോയിസ്റ്റ് ഭീഷണിയാണ് കേരളത്തിലുള്ളത് എന്ന ചോദ്യമാണ് ന്യായമായും ഉയരുന്നത്.

ഒരു ബറ്റാലിയന്‍ കൂടി വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് അനൂകൂല പ്രതികരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം കൂടുതല്‍ പണം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഭരണതലത്തിലും പൊലീസ് സംവിധാനത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം നിര്‍ണായകമാണ്. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പശ്ചിമഘട്ട വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. എന്നാല്‍ കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യവും സംഘടനയും ദുര്‍ബലമാണെന്നത് യാഥാര്‍ത്ഥ്യമാണ്. മാവോയിസ്റ്റ് അനുഭാവം ആരോപിച്ച് യുഎപിഎ ചുമത്തുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷ് കൊല്ലക്കണ്ടി പറഞ്ഞ കാര്യം പ്രസക്തമാണ്. "ദുര്‍ബലമായ മിലിട്ടറി സംവിധാനവും ദുര്‍ബലമായ സംഘടനാ സംവിധാനവുമാണ് കേരളത്തില്‍ നിലവില്‍ അവര്‍ക്കുള്ളത്. ഇതിനെ വല്ലാതെ പെരുപ്പിച്ചു കാണിക്കുന്ന ഒരു സമീപനം സംസ്ഥാന സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്." രജീഷ് പറയുന്നു.

നേരത്തെ ഡല്‍ഹിയില്‍ നടന്ന യോഗത്തിലും പിണറായി വിജയന്‍ കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 5 വടക്കന്‍ ജില്ലകളില്‍ (പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍) മാവോയിസ്റ്റ് പ്രവര്‍ത്തനം ഗൗരവതരമായ പ്രശ്‌നമായി മാറിയിട്ടുണ്ട് എന്നാണ് അന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. ഈ വാദവും അതിനെ മുന്‍നിര്‍ത്തിയുള്ള ആവശ്യവും എത്ര മാത്രം പരിഹാസ്യവും അയുക്തികവുമാണെന്ന് ആലോചിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുകയും മറിച്ചുള്ള പൊലീസ് വാദങ്ങള്‍ ദുര്‍ബലമായിരിക്കുകയും ചെയ്യുന്നതിനിടയിലാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് കൂടുതല്‍ കേന്ദ്ര ഫണ്ട് വേണമെന്ന് ചോദിച്ചുള്ള സര്‍ക്കാരിന്‌റെ ആര്‍ത്തി. ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ പൊലീസിന്‌റെ നേതൃത്വത്തിലുള്ള നടപടികള്‍ വലിയ വിവാദം സൃഷ്ടിക്കുകയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റ് വേട്ടയിലായാലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലായാലും യുഎപിഎ ചുമത്തുന്നതിലായാലും സംഘപരിവാര്‍ താല്‍പര്യത്തിനൊപ്പമാണ് കേരള പൊലീസ് എന്ന നില വന്നിരിക്കുന്നു.

ഓരോ വര്‍ഷവും തണ്ടര്‍ബോള്‍ട്ടിന് ലഭിക്കുന്ന കേന്ദ്രഫണ്ട് എത്രയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. എന്നാല്‍ ശത കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഓരോ വര്‍ഷവും ലഭിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തണ്ടര്‍ബോള്‍ട്ടിന്‌റെ പ്രസക്തി ഇല്ലാതാവുന്നു, തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്ക് ശമ്പളമില്ല, തണ്ടര്‍ബോള്‍ട്ട് പ്രതിസന്ധിയില്‍ എന്നീ തരത്തിലുള്ള റിപ്പോര്‍ട്ടുകളൊക്കെ നേരത്തെ വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്‌റെ കാലത്താണ് കേരളത്തിന്‌റെ വനമേഖലയില്‍ ആദ്യമായി പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ അടക്കമുള്ള വനമേഖലകളില്‍ വലിയ തിരച്ചില്‍ തണ്ടര്‍ബോള്‍ട്ട് നടത്തി. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും കേന്ദ്ര ഫണ്ട് നേടാനുമുള്ള നാടകമാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളെന്ന ആരോപണം അന്ന് ശക്തമായി ഉയര്‍ന്നു.

ഇപ്പോള്‍ മാവോയിസ്റ്റ് ഭീക്ഷണി ഉണ്ട് എന്നു പറയുന്ന പ്രദേശങ്ങളിലെ സാമൂഹ്യ - സാമ്പത്തിക നിലയെ അഭിസംബോധന ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനം ഉണ്ടാകുന്നു എന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ ആ സാമൂഹിക, സാമ്പത്തിക കാരണങ്ങളെയാണ് അഭിസംബോധന ചെയ്യേണ്ടത്. പശ്ചിമഘട്ട മേഖല, ശക്തമായ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ ഉള്ള ഇടമാണ് എന്നത് മറ്റൊരു വശം. വിവാദമായ ചക്കിട്ടപ്പാറ മേഖലയിലെ ഇരുമ്പയിര്‍ ഖനനം അടക്കം പല രീതിയിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ഭാവിയില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള പദ്ധതികളാണ്. ഖനി, ക്വാറി, ഭൂമാഫിയകളുടെ താല്‍പര്യ സംരക്ഷണവും മാവോയിസ്റ്റ് ഭീതി പരത്തുന്നതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം നിലമ്പൂരിലെ ഓപ്പറേഷന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായുണ്ടായ നീക്കത്തിന് ഒടുവിലാണ് വെടിവയ്പുണ്ടായതും രണ്ട് മാവോയിസ്റ്റ്കളെ വധിച്ചതും. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലതും മറച്ചു വയ്ക്കാം എന്നുള്ളത് ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും നടക്കുന്ന ഗൂഡാലോചനകള്‍ക്ക് കുട പിടിക്കുന്നുണ്ടോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories