TopTop
Begin typing your search above and press return to search.

മനുഷ്യര്‍ രക്തം കൊടുത്ത് നേടിയെടുത്ത അന്തസ്സിലാണ് ഇന്നത്തെ ഭരണകൂടം നിലനില്‍ക്കുന്നതെന്ന്‍ പിണറായി മറക്കരുത്

മനുഷ്യര്‍ രക്തം കൊടുത്ത് നേടിയെടുത്ത അന്തസ്സിലാണ് ഇന്നത്തെ ഭരണകൂടം നിലനില്‍ക്കുന്നതെന്ന്‍ പിണറായി മറക്കരുത്

പ്രമീള ഗോവിന്ദ് എസ്.

മാല്‍ക്കന്‍ഗിരിക്കും ഭോപ്പാലിനും ശേഷം വീണ്ടും ഒരു വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്ത കേള്‍ക്കുന്നത് കേരളത്തില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്കും തള്ളിക്കളയാനാവില്ല. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ടൗണില്‍ നിന്ന് പിടിച്ച് കാടിനുള്ളില്‍ കൊണ്ട് വന്നു കൊല്ലുകയായിരുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടാകാനുള്ള സാദ്ധ്യതയാണ് ഗ്രോ വാസു ഉള്‍പ്പടെയുളള മനുഷ്യവകാശ പ്രവര്‍ത്തകര്‍ ചുണ്ടികാട്ടുന്നത്. രക്ഷപെട്ടു എന്ന് പറയുന്ന ഏഴ് പേര്‍ ജിവനോടെയുണ്ടോ കൊല്ലപ്പെട്ടോ എന്ന് പോലും സൂചനകളില്ല. സംഘപരിവാര്‍ ഫാസിസസത്തിന്റെ മറ്റൊരു മുഖമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനുമുള്ളതെന്ന് ഗ്രോ വാസു ആരോപിക്കുന്നു. കരിനിയമങ്ങളെ കൂട്ടുപിടച്ച് നിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കി നടത്തുന്ന ഭരണകൂട കൊലപാതകങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കുള്ള സമ്മതി നിര്‍മ്മിച്ചെടുക്കല്‍ തന്ത്രങ്ങള്‍ പലതാണ്. ഗ്രോ വാസുവിന് പറയാനുള്ളത്.

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെയാണ്. പോലീസിന്റെ ഒരു രോമത്തിന് പോലും കുഴപ്പംപറ്റിയിട്ടില്ല. സിആര്‍പിഎഫ് ആണോ ലോക്കല്‍ പോലീസാണോ ഏറ്റുമുട്ടല്‍ നടത്തിയത് എന്നത് പോലും പുറത്ത് പറഞ്ഞിട്ടില്ല. ബാഹ്യലോകത്തിന് സത്യം മനസ്സിലാക്കാന്‍ പറ്റാത്ത തരത്തില്‍ പോലീസ് കാട് വളഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരെ ആദിവാസി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കണ്ടിരുന്നതായി റിപ്പോട്ടുകള്‍ ഉണ്ട്. എന്നാല്‍ കള്ളക്കഥകള്‍ ചമയ്ക്കാന്‍ ഭരണകൂടത്തെ സഹായിക്കുന്ന തരത്തിലായിരുന്നു അഞ്ചാറു മാസമായി പത്ര റിപ്പോര്‍ട്ടുകള്‍ എന്നും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുറിവേറ്റു എന്ന പറയുന്ന സോമന്റെ കാര്യത്തിലും ആശങ്കകള്‍ നിലനില്‍ക്കുന്നു. ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെങ്കില്‍ ആ ആളിനെ ചികിത്സിച്ച് ശ്രുശ്രുഷിച്ച് സുഖപ്പെടുത്തി പുറം ലോകത്തേക്ക് വിടുമെന്ന് വിശ്വസിക്കാന്‍ വയ്യ. യഥാര്‍ത്ഥത്തില്‍ മൂന്നാളേയും വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടാവണം. ഇത്തരം കഥകള്‍ പരത്തിയാല്‍ ഭരണകൂടത്തിന്റെ ഭാഗം ജനം വിശ്വസിക്കുമെന്ന ധാരണയായിലാകാം. രാഷ്ട്രീയ ശത്രുക്കളെ വെടിവെച്ച് കൊല്ലുന്ന രീതിയാണ് ഭരണകൂടം ഇപ്പോള്‍ പിന്തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50-ലേറേ പേരാണ് ഇത്തരത്തില്‍ ഭരണകൂട ഭീകരതക്ക് ഇരകളായി കൊല്ലപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയത്തിനെ രാഷ്ട്രീയം കൊണ്ട് നേരിടാനും ആശയത്തെ ആശയം കൊണ്ട് നേരിടാനും കഴിഞ്ഞിരുന്ന കാലം കടന്ന് പോയിരിക്കുന്നു.

70 വര്‍ഷമാകാന്‍ പോകുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്. പക്ഷെ ഇപ്പോഴും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലേതിന് സമാനമായ അവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. 2500-ഓളം കുട്ടികള്‍ പോഷകാഹാരക്കുറവ് മുലം ഒരു ദിവസം രാജ്യത്ത് മരിക്കുന്നു. ഇതിനെതിരേ 70 വര്‍ഷം കൊണ്ട് മാറി മാറി ഭരിച്ചവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ പുതിയ തലമുറക്ക് ചിന്തിക്കേണ്ടി വരും. അതിനെയൊക്കെ ഇങ്ങനെയാണ് നേരിടാന്‍ തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അതിനെ സംബന്ധിച്ച് ഫാസിസം എന്നേ ഒറ്റവാക്കില്‍ പറയാന്‍ സാധിക്കൂ.

കേരളത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നതിന് 90 ശതമാനവും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും കേരളസര്‍ക്കാരും തന്നെയാണ്. കടന്നുവന്ന പാതയെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് ബോധ്യമില്ല എന്നത് തന്നെയാണ് പ്രശ്‌നം. 40-കളില്‍ ഇന്നത്തെ നമ്മുടെ മുഖ്യമന്ത്രി ജനിച്ചിട്ടുണ്ടാവില്ല. 1946-48 കാലഘട്ടത്തില്‍ അദ്ദേഹം വളരെ ചെറിയ കുട്ടിയാണ്. എന്ത് അന്തസ്സിന്റെ മുകളിലാണ് ഇതൊക്കെ കെട്ടിപ്പടുത്തിട്ടുള്ളത് എന്ന് അറിയില്ല. അന്നൊക്കെ ഞാന്‍ പ്രസ്ഥാനത്തിന്റെ കൂടെയുള്ളയാളാണ്. അന്നത്തെ ധീരന്മാര്‍ രക്തം കൊടുത്ത് നേടിയതാണ് ഇന്നത്തെ അന്തസ്സ്. നാല്പതിലധികം സഖാക്കളെയാണ് ആ കാലഘട്ടത്തില്‍ ജയിലിലിട്ട് മാത്രം കൊലപ്പെടുത്തിയത്. കേരളത്തില്‍ കമ്മ്യുണിസ്റ്റ് എന്ന പറയാന്‍ പോലും പറ്റാത്ത കാലമായിരുന്നു അത്. ഞാന്‍ എന്റെ കമ്മ്യുണിസറ്റ് അനുഭാവം രാജിവെക്കുന്നു എന്ന് പറഞ്ഞ് ഒരു തുക കൊടുത്ത് പത്രത്തില്‍ പരസ്യം കൊടുക്കുന്ന കാലം. അങ്ങനെയുള്ള കാലഘട്ടത്തില്‍ നിരവധി മനുഷ്യര്‍ രക്തം കൊടുത്ത് നേടിയെടുത്ത അന്തസ്സിലാണ് ഇന്നത്തെ ഭരണകൂടം നിലനില്‍ക്കുന്നത്. ഈ കടുത്ത ത്യാഗത്തെ കുറിച്ച് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത കൂട്ടരായത് കൊണ്ട് ഇവരെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലോ അക്രമികള്‍ എന്ന് പറയുന്നതിലോ തെറ്റില്ല.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചക്കരക്കുടത്തില്‍ കൈയിട്ട് നക്കലും വിപ്ലവവും കൂടി ഒന്നിച്ചു പോകില്ല എന്നും അവര്‍ക്ക് നന്നായി അറിയാം. ചക്കരക്കുടത്തില്‍ കയ്യിട്ടുവാരണം എന്നുള്ളത് കൊണ്ട് വിപ്ലവകാരികളെ മറ്റുള്ളവര്‍ നേരിടുന്ന പോലെ തന്നെ അടിച്ചമര്‍ത്തേണ്ടത് ഇവരുടേയും ആവശ്യമാണ്. സംഘപരിവാര്‍ ഫാസിസത്തെക്കുറിച്ച് കുറ്റം പറയുകയും മറുവശത്ത് അവര്‍ ചെയ്യുന്നതിനേക്കാള്‍ മോശമായി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ നമ്മള്‍ കുറ്റം പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി വന്നപ്പോഴും സംസ്ഥാനത്ത് കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ വന്നപ്പോഴും ഇതാണ് അവസ്ഥ. കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞത് അബദ്ധമായി എന്ന് തോന്നിത്തുടങ്ങുന്നു. യുഎപിഎ അംഗീകരിക്കുന്നില്ല എന്ന് പറയുകയും ഇവര്‍ ഭരണത്തില്‍ വന്ന ശേഷം തന്നെ എത്ര പേരേ യുഎപിഎ ചാര്‍ത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. രണ്ടാഴ്ച മുന്‍പാണ് പോരാട്ടം പ്രവര്‍ത്തകന്‍ ഷാന്റോ ലാല്‍ ഇതേ കരിനിയമം ഉപേയാഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് ഗുരുനാഥന്‍മാര്‍ പഠിപ്പിച്ച് തന്നത് ഇതിനെ കുറിച്ചാണ്.

(ഗ്രോ വാസവുമായി ടെലിഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)

(മാധ്യമ പ്രവര്‍ത്തകയാണ് പ്രമീള)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories