TopTop
Begin typing your search above and press return to search.

നമ്മുടെ പോലീസ് സേനകള്‍ക്കുള്ളത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കുപ്രസിദ്ധ ചരിത്രം; അതിനി കേരളത്തിലേക്കും?

നമ്മുടെ പോലീസ് സേനകള്‍ക്കുള്ളത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കുപ്രസിദ്ധ ചരിത്രം; അതിനി കേരളത്തിലേക്കും?

സുജയ് രാധാകൃഷ്ണന്‍

നിലമ്പൂര്‍ കരുളായിയിലെ വനമേഖലയില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്ന് നടത്തിയ മാവോയിസ്റ്റ് വേട്ടയ്ക്കിടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പട്ടിരിക്കുന്നു. ദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 1970 ഫെബ്രുവരി 18-ന് എ വര്‍ഗീസ് കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് കേരളത്തില്‍ വിമത സായുധ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവര്‍ കൊല്ലപ്പെടുന്നത്. കേരള ചരിത്രത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ കൊലപാതകം. വര്‍ഗീസിന്‌റേത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. നിലമ്പൂരില്‍ അത്തരത്തില്‍ പറയാന്‍ കഴിയുന്ന തെളിവുകളോ സംശയങ്ങളോ ഇപ്പോള്‍ നിലവിലില്ല. മാത്രമല്ല രണ്ട് ഭാഗത്ത് നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവയ്പില്‍ ഭയന്ന് ആദിവാസികള്‍ ഓടിപ്പോയതായും പറയുന്നു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ വഴങ്ങാതെ അവര്‍ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത് എന്നും പറയുന്നു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടേയും ക്യാമ്പിന്‌റേയും വീഡിയോ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വൈഫൈ അടക്കം എല്ലാവിധ സജ്ജീകരണങ്ങളും ക്യാമ്പിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ക്യാമ്പിനെക്കുറിച്ച് കൃത്യമായി മനസിലാക്കി ആസൂത്രണം ചെയ്ത ആക്രമണമാണ് പൊലീസ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് അത്ര ചെറുതല്ലാത്ത ചരിത്രമുണ്ട്. ഒരു പക്ഷെ വര്‍ഗീസിന്‌റെ കൊലയ്ക്ക് പിറകിലേക്കും അത് നീണ്ടേക്കാം. വര്‍ഗീസിനെ കൊല്ലുന്ന എഴുപതുകളില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അത്ര വ്യാപകമായിരുന്നില്ല. അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ 80-കളിലും 90-കളിലും നക്‌സലൈറ്റ് വേട്ടയുടെ പേരില്‍ ആന്ധ്രാപ്രദേശിലും ഗുണ്ടാവിരുദ്ധ ഓപ്പറേഷനുകളുടെ പേരില്‍ മുംബയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലുമെല്ലാം ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ സജീവമായി. ഇതില്‍ പലതും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഗുജറാത്തില്‍ ഇസ്രത് ജഹാന്‍, ജാവേദ് ഷേയ്ഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള, സൊറാബുദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി തുടങ്ങിയവരുടെയെല്ലാം കൊലപാതകം വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വിവാദമായതാണ്. ജമ്മു കാശ്മീരിലും മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും അര്‍ദ്ധ സൈനിക വിഭാഗങ്ങളും നടത്തുന്ന വ്യാജ ഏറ്റമുട്ടലുകളെ സംബന്ധിച്ച് പ്രത്യേകം പറയണ്ട കാര്യമില്ല. പൊലീസും സൈന്യവും നടത്തിയ വ്യാജ ഏറ്റമുട്ടലുകളുമായി ബന്ധപ്പെട്ട് 1528 കേസുകളാണ് മണിപ്പൂരില്‍ നിന്ന് മാത്രം സുപ്രീം കോടതിക്ക് മുന്നിലെത്തിയത്.വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ വേണ്ടിവരുമെന്ന് 2011-ല്‍ ഒരു കേസ് പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റാവുക എന്നത് ഒരു കുറ്റമല്ലെന്നും സുപ്രീംകോടതി വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വ്യാജ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ സഹായകമായിട്ടുണ്ടോ എന്നത് സംശയമാണ്. ഒക്ടോബര്‍ 24ന് ഒഡീഷയിലെ മല്‍ക്കന്‍ഗിരിയില്‍ 28 മാവോയിസ്റ്റുകളെ വധിച്ച ഓപ്പറേഷന്‍ വ്യാജ ഏറ്റമുട്ടലായിരുന്നു എന്ന ആരോപണം ശക്തമാണ്. ഒക്ടോബര്‍ 31ന് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയവരെന്ന് ആരോപിച്ച് സിമി പ്രവര്‍ത്തകരെ വെടിവച്ച് കൊന്ന സംഭവം വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. എന്‍കൗണ്ടറുകളില്‍ നല്ലൊരു പങ്കും ഇത്തരത്തില്‍ സംഭവിക്കുന്നതാണെന്ന് നിഗമനത്തിലെത്താവുന്ന തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ എല്ലായ്‌പ്പോഴും ഇത്തരം സംഭവങ്ങളെ ചുറ്റിപ്പറ്റിയുണ്ടാവും. ഭോപ്പാല്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ചും തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് സംബന്ധിച്ചുമുള്ള ഔദ്യോഗിക വിശദീകരണം പരിഹാസ്യമായിരുന്നു. പക്ഷെ ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ച് ഏതെങ്കിലും കേസുകളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ തന്നെ വിരളമാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇതിന് ഉത്തരവോ അനുമതിയോ നല്‍കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരിക്കലും വിചാരണ ചെയ്യപ്പെടാറുമില്ല.

മാവോയിസ്റ്റ് നേതാവ് ആസാദിന്‌റെ കൊലപാതകം വ്യാജ ഏറ്റമുട്ടലായിരുന്നുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു. ചത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, നക്‌സലൈറ്റ് വേട്ടയുടെ കുപ്രസിദ്ധ ചരിത്രമുള്ള ഐക്യ ആന്ധ്രാപ്രദേശ് വിഭജിച്ചുണ്ടായ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ സംബന്ധിച്ചൊന്നും ഇത്തരം കൊലപാതകങ്ങള്‍ അസാധാരണ സംഭവങ്ങളല്ല. 1995 - 97 കാലത്ത് മാത്രം 99 ഏറ്റുമുട്ടലുകളാണ് മുംബൈ പൊലീസ് നടത്തിയത്. ഇതില്‍ മിക്കതും വ്യാജ എറ്റുമുട്ടലുകളാണെന്ന് ആരോപിച്ച് സന്നദ്ധ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന ആര്‍എം ലോധ അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ 2011-ലെ നിരീക്ഷണത്തില്‍ നിന്ന്‍ വ്യത്യസ്തമായിരുന്നു അന്ന് സുപ്രീംകോടതി നടത്തിയത്. രാജ്യത്തെ പൊലീസുകാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചാണ് അന്ന് കോടതി പറഞ്ഞത്. ഇവിടങ്ങളിലെ പൊലീസ് സേനകള്‍ക്ക് ഏറ്റുമുട്ടലിനായി അല്ലെങ്കില്‍ ആളെ കൊല്ലുന്നതിനായി പ്രത്യേക എന്‍കൗണ്ടര്‍ വിഭാഗങ്ങളുണ്ട്. പക്ഷെ ഇതുവരെ ലോക്ക് അപ്പ് മര്‍ദ്ദന കൊലകളുടെ മാത്രം കുപ്രസിദ്ധിയുള്ള കേരള പൊലീസിന്, വര്‍ഗീസിന്‌റേത് ഒഴിച്ചാല്‍ വ്യാജ ഏറ്റുമുട്ടലിന്‌റെ പാപഭാരമില്ല.

നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തിന്‌റെ നിജസ്ഥിതി അന്വേഷിക്കപ്പെടണമെന്ന തോന്നല്‍ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുണ്ടായിട്ടുണ്ടോ? ഇക്കാര്യത്തില്‍ ആശ്വാസകരമായ എന്തെങ്കിലും തരത്തിലുള്ള പ്രതികരണം വന്നിരിക്കുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‌റെ ഭാഗത്ത് നിന്ന് മാത്രമാണ്. നരേന്ദ്ര മോദി ചെയ്യുന്ന പോലെ കാര്യങ്ങള്‍ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കാനം തുറന്നടിച്ചു. എതിരഭിപ്രായം പറയുന്നവരെ വെടി വച്ച് കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ പോലെ മാവോ വേട്ട ഇവിടെ വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‌റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ പ്രതികരണമുണ്ടായിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. വര്‍ഗീസിന്‌റെ രക്തത്തില്‍ സിപിഐക്കും പങ്കുണ്ടെന്ന് വേണമെങ്കില്‍ പറയാം. ആഭ്യന്തര വകുപ്പ് ഇല്ലായിരുന്നെങ്കില്‍ പോലും സിപിഐ നേതാവ് സി അച്യുതമേനോനായിരുന്നു അക്കാലത്ത് കേരള മുഖ്യമന്ത്രി. എന്നാല്‍ രാഷ്ട്രീയമായി ഏറെ ദുര്‍ബലമായ സിപിഐയില്‍ നിന്നാണ് ഇപ്പോള്‍ ശക്തമായ പ്രതിഷേധ ശബ്ദം ഉയര്‍ന്നിരിക്കുന്നത്. ഏറ്റുമുട്ടല്‍ സംസ്‌കാരം ഇവിടെ വേണ്ട എന്നാണ് കാനം പറഞ്ഞിരിക്കുന്നത്. ഇത് പ്രസക്തമാണ്. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അവരുമായി ചര്‍ച്ച നടത്താനുള്ള സാഹചര്യമാണ് ഒരുങ്ങേണ്ടതെന്നും സിപിഐ ദേശീയ നേതൃത്വവും വളരെ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാല്‍ സിപിഎം ആകട്ടെ ഇക്കാര്യത്തില്‍ അത്ര താത്പര്യം പ്രകടിപ്പിച്ചുമില്ല.മുന്‍ നക്‌സലൈറ്റും സാമൂഹ്യപ്രവര്‍ത്തകനുമായ ഗ്രോ വാസു അടക്കമുള്ളവര്‍ നിലമ്പൂര്‍ വെടിവയ്പില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലമ്പൂര്‍ കാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കില്‍ ഏതെങ്കിലും പൊലീസുകാരന്റെ രോമത്തിനെങ്കിലും പരിക്കേല്‍ക്കുമായിരുന്നു. അതുണ്ടായിട്ടില്ല. 99 ശതമാനവും എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവെച്ച് കൊന്നതാണെന്ന്. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണം. മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിനായി ഹൈക്കോടതിയെ സമീപിക്കും. മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ആളുകളെ വെടിവെച്ചുകൊല്ലുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. അവര്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടത്. അത്തരം പ്രശ്നങ്ങള്‍ ന്യായമാണെങ്കില്‍ അത് പരിഹരിക്കുന്നതിന് പകരം വെടിവെച്ചു കൊല്ലുന്ന രീതി കൂടുതല്‍കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാനേ ഉപകരിക്കൂ. സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും പ്രശ്നങ്ങളെല്ലാം അതുപേലെയുണ്ട്. അവസാനം വന്ന നോട്ട് പ്രതിസന്ധിയടക്കം ഭരണാധികാരികളുടെ കഴിവുകേടിനെയാണ് കാണിക്കുന്നത്ത്. ഇത്തരം കൊള്ളരുതായ്മകള്‍ തുറന്നുകാട്ടാന്‍ വരുന്നവരെ വെടിവെച്ചിടാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. കൊല്ലപ്പെട്ട സംഘത്തിലെ അജിതയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ മദ്രാസില്‍ അഭിഭാഷകയാണ്. അവരുടെ ബന്ധുക്കളോ അഭിഭാഷകരോ ആയവര്‍ മൃതദേഹം സ്വീകരിക്കാനായി പുറപ്പെടുന്നുണ്ട്. കോഴിക്കോട്ട് വേണ്ട സഹായങ്ങള്‍ ചെയ്ത് തരണമെന്നാവശ്യപ്പെട്ട് അവര്‍ വിളിച്ചിരുന്നു. അജിതയെക്കൂടാതെ മറ്റുള്ളവരുടേയും മൃതദേഹങ്ങള്‍ സ്വീകരിക്കാനും അര്‍ഹിക്കുന്ന ബഹുമതി നല്‍കി ഇവിടെ സംസ്‌കാരം നടത്താനും ഞാന്‍ ഒരുക്കമാണ്.- ഗ്രോ വാസു പറഞ്ഞു

കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടര്‍ബോള്‍ട്ടിന് ലഭിക്കുന്നത്. 2013 കാലത്ത് നിലമ്പൂര്‍ കാടുകളില്‍ അരങ്ങേറിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകള്‍ക്കെതിരെ അക്കാലത്ത് വ്യാപക വിമര്‍ശനം വന്നിരുന്നു. മറ്റ് രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം സംഭവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന ആരോപണമടക്കം വന്നു. പശ്ചിമഘട്ട മേഖലയിലോ നിലമ്പൂര്‍ കാടുകളിലോ മാവോയിസ്റ്റ് സാന്നിദ്ധ്യം പൂര്‍ണമായും തള്ളിക്കളയാനാവില്ല. എന്നാല്‍ ഏറ്റുമുട്ടലുകളില്‍ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്വാഭാവികമായ ഏറ്റുമുട്ടലുകളാണോ നടക്കുന്നത്, അതോ കീഴടക്കല്‍ സാധ്യമായവരെ പിടികൂടി വെടിവച്ച് കൊല്ലുകയാണോ? നമ്മുടെ രാജ്യത്തെ പൊലീസ് സേനകള്‍ക്കുള്ള വ്യാജ ഏറ്റമുട്ടല്‍ കൊലപാതകങ്ങളുടെ കുപ്രസിദ്ധ ചരിത്രമാണ് ഇത്തരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നത്.

(അഴിമുഖം സബ് എഡിറ്ററാണ് സുജയ്)


Next Story

Related Stories