TopTop
Begin typing your search above and press return to search.

'ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മോഷ്ടിച്ച' മാരന്മാരും അവസാനിക്കാത്ത രാഷ്ട്രീയ നാടകങ്ങളും

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മോഷ്ടിച്ച മാരന്മാരും അവസാനിക്കാത്ത രാഷ്ട്രീയ നാടകങ്ങളും

'ആയിരം രൂപയും മളളൂരുമുണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമ നാരായണ..' അന്‍പതുകളില്‍ കേരളത്തില്‍ പ്രതിദ്ധ്വനിച്ച നാടോടി ശീലാണിത്. മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്ന പ്രഗത്ഭനായ വക്കീലിന്റെ പ്രതാപത്തെക്കുറിച്ചുള്ളതാണ് ഈ ശീല്. സ്വന്തം കക്ഷിയെ കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ജഡ്ജിയുടെ മുന്നില്‍ വച്ച് മള്ളൂര്‍ ഉണ്ട വിഴുങ്ങിയതുപോലുള്ള കഥകള്‍ കേരളത്തില്‍ പാടിപ്പതിഞ്ഞിരുന്നു. ഒരിക്കല്‍ എറണാകുളത്തെ വക്കീല്‍പയ്യന്മാരുടെ പരിശീലനക്കളരിയില്‍ ഒരു സീനിയര്‍ ജഡ്ജി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'നിയമം ഏറ്റവുമധികം ലംഘിക്കപ്പെടുന്നത് രണ്ടിടത്താണ്. ഒന്ന്, അത് നിര്‍മ്മിക്കപ്പെടുന്നിടത്ത്. രണ്ട്, അത് വ്യാഖ്യാനിക്കപ്പെടുന്നിടത്ത്.'

എയര്‍സെല്‍ -മാക്‌സിസ് കേസില്‍ പ്രതികളായ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനേയും അയാളുടെ സഹോദരന്‍ കലാനിധി മാരനേയും കൂട്ടരേയും ദല്‍ഹിയിലെ പ്രത്യേക കോടതി വെറുതേ വിട്ടുകൊണ്ടുള്ള വിധി വന്നപ്പോള്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള മനസ്സില്‍ കയറിവന്നുപോയതില്‍ തെറ്റുപറയാനാവുമോ? കള്ളപ്പണം വെളിപ്പിക്കലിന്റെ പേരിലാണ് എണ്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാരന്‍ ജന്മികളെ കുടുക്കിയതും കേസ്സെടുത്തതും. എയര്‍സെല്‍ -മാക്‌സിസ് ഇടപാടിലൂടെ മാരന്മാര്‍ വന്‍തുക നേടിയെന്നാണ് ഇഡി അന്ന് കോടതിയില്‍ പറഞ്ഞത്. മാത്രമല്ല വിവിധ ബാങ്കുകളില്‍ കലാനിധി മാരന്റെ പേരില്‍ നിക്ഷേപിച്ചിരിക്കുന്ന 100 കോടിയും 266 കോടി വിലമതിക്കുന്ന സണ്‍ ടിവിയുടെ ചെന്നൈ ആസ്ഥാനവും, കല്‍ കമ്മ്യൂണിക്കേഷന്റെ 171.55 കോടി വിലമതിക്കുന്ന ഭൂമിയും വസ്തുക്കളും ഉള്‍പ്പെടെ മാരന്‍ സംഘത്തിന്റെ 742. 58 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി അന്ന് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

2004-07 കാലഘട്ടത്തില്‍ ദായാനിധി മാരന്‍ കേന്ദ്രമന്ത്രി ആയിരിക്കുമ്പോള്‍ പദവി ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐ ചാര്‍ത്തിയിരുന്ന കേസ്. മലേഷ്യ ആസ്ഥാനമായ മാക്‌സിസ് എന്ന കമ്പനിക്ക് ഓഹരികള്‍ വില്‍ക്കാന്‍ എയര്‍സെല്‍ മേധാവിയായിരുന്ന സി ശിവശങ്കരനുമേല്‍ മാരന്മാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സിബിഐ കണ്ടെത്തി. 2 ജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള കേസുകള്‍ വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ വീമ്പടിച്ചുനടന്ന കലൈജ്ഞര്‍ ഉള്‍പ്പെടെയുളള ഡിഎംകെ നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ഞെട്ടലുണ്ടാക്കിയിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) രാഷ്ട്രീയ ഭാവി തകര്‍ത്തതില്‍ മാരന്‍ സഹോദരന്മാര്‍ക്കുള്ള പങ്ക് അന്ന് ചര്‍ച്ചാവിഷയവുമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനിടയിലാണ് 'മാരന്‍കോടാലി' കരുണാനിധിയുടെ കാലില്‍ വന്നുവീണത്. പ്രതീക്ഷകള്‍ തകര്‍ന്നടിയുന്ന വിധത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിട്ടും കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുന്‍ മന്ത്രിമാരായ ദയാനിധി മാരനേയും എ രാജയേയും തള്ളിപ്പറയാന്‍ ഡിഎംകെ മുന്നോട്ടു വന്നിട്ടില്ല. മാത്രമല്ല അവര്‍ക്ക് കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റു കൊടുത്തു പാര്‍ട്ടി 'മാതൃക' കാട്ടുകയും ചെയ്തിരുന്നു.

എയര്‍സെല്‍ -മാക്‌സിസ് കേസില്‍ ദല്‍ഹിയിലെ പ്രത്യേക കോടതി മാരന്മാരെയും സംഘത്തേയും വെറുതേ വിട്ടിരിക്കാം. എന്നാല്‍ മാരന്മാരെ കാത്തിരിക്കുന്ന മറ്റൊരു സുപ്രധാനമായ കേസുണ്ട്. 2006 -ല്‍ ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ ചെന്നൈയിലെ വീട്ടില്‍ 323 ഹൈസ്പീഡ് ഐഎസ് ഡി എന്‍ ടെലിഫോണുള്ള എക്സേഞ്ച് സ്ഥാപിച്ചെന്നും അതുവഴി ബിഎസ്എന്‍എല്ലിനു 440 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. മാരന്റെ അഡയാറിലെ ബോട്ട് ക്ലബിലുള്ള ആഡംബര ബംഗ്ലാവില്‍ സ്ഥാപിച്ച ഇത്രയും ലൈനുകള്‍ സണ്‍നെറ്റ്‌വര്‍ക്കിനുവേണ്ടി കലാനിധിമാരന്‍ ഉപയോഗിച്ചെന്നും സിബിഐ കണ്ടെത്തിയിരിക്കുന്നു. ദയാനിധിമാരന്‍, കലാനിധിമാരന്‍, ബിഎസ്എന്‍എല്ലിന്റെ അന്നത്തെ ചീഫ് ജനറല്‍മാനേജര്‍ മാരായ (സിജിഎം) കെ ബ്രഹ്മദത്തന്‍, എന്‍ പി വേലുസ്വാമി തുടങ്ങിയവരൊക്കെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളാണ്. ഇതിനിടയില്‍ ബിഎസ്എന്‍എല്ലിലെ മൂന്നോളം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

വളരെ രഹസ്യമായി നടന്ന ഈ കൊള്ളയടി പുറത്തുകൊണ്ടുവന്നത് സംഘപരിവാറിന്റെ സഹയാത്രികനും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കോളമിസ്റ്റുമായ എസ് ഗുരുമൂര്‍ത്തിയായിരുന്നു. (ഇന്നദ്ദേഹം ചോ സ്ഥാപിച്ച തുഗ്ലക്കിന്റെ പത്രാധിപരാണ്). ദയാനിധിമാരന്റെ വീട്ടില്‍ സ്ഥാപിച്ച 323 ലൈനുകളെപ്പറ്റി അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസില്‍ 2011 ല്‍ എഴുതിയ 'മന്ത്രി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മോഷ്ടിച്ചു, ബിഎസ്എന്‍എല്ലിനെ കൊള്ളയടിച്ചു' എന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തത്. എന്നാല്‍ ഗുരുമൂര്‍ത്തിയുടെ വെളിപ്പെടുത്തലുകള്‍ ദയാനിധിമാരനെ ചൊടിപ്പിക്കുകയാണുണ്ടായത്. വീട്ടിലെ അനധികൃത ലൈനുകളെപ്പറ്റിയുള്ള വാര്‍ത്ത നിഷേധിച്ച മാരന്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസയച്ചു. ക്ഷമാപണം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കോടതി കയറ്റുമെന്നും മാരന്‍ ഭീഷണിപ്പെടുത്തി.

44 മാസം ഫ്രീസറിലായ കേസ് തലപൊക്കിയത് ഗുരുമൂര്‍ത്തി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. കോടതി സിബിഐയില്‍ നിന്നും ബിഎസ്എന്‍എല്ലില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. ഇത്രയും ഹെവി ഡ്യൂട്ടിലൈനുകള്‍ പ്രോഗ്രാമിംഗ്, സിനിമകള്‍, വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ വന്‍തോതിലുള്ള ഡിജിറ്റല്‍ ഡേറ്റകള്‍ ട്രാന്‍സ്മിറ്റ് ചെയ്യാന്‍ പോരുന്ന വിധത്തിലുള്ളതായിരുന്നെന്ന് ബിഎസ്എന്‍എല്‍ സമ്മതിച്ചു. ഈ ലൈനുകള്‍ 3.4 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് നെറ്റ് വര്‍ക്ക്‌കേബിള്‍വഴി ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ സ്ഥിതിചെയ്യുന്ന സണ്‍ടിവി ഓഫീസിലാണ് ബന്ധിപ്പിച്ചിരുന്നത്. എന്നാല്‍ ഈ എക്‌ചേഞ്ച് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജരുടെ പേരിലായിരുന്നു എന്നതാണ് തമാശ. ബിസിനസിസ് ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുന്ന മാരന്മാര്‍ ഇവിടെയും അതു പ്രകടിപ്പിച്ചു.

2007 സെപ്തംബറില്‍ ദയാനിധിമാരനെതിരെ കേസ്സെടുക്കാന്‍ ടെലികോം സെക്രട്ടറിക്ക് സിബിഐ നിര്‍ദ്ദേശം കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. കേന്ദ്രമന്ത്രിസഭയിലും ഡിഎംകെയിലും മാരനുണ്ടായിരുന്ന സ്വാധീനമാണ് ഫയലുകള്‍ മുക്കാനും അന്വേഷണം മരവിപ്പിക്കാനും സഹായിച്ചത്. സിബിഐയുടെ 'സാമ്പിള്‍ സ്റ്റഡി' പ്രകാരം വന്‍തോതിലുള്ള അട്ടിമറിയാണ് നടന്നിരിക്കുന്നത്. 24371515 എന്ന നമ്പരില്‍ നിന്നുമാത്രം 2007 മാര്‍ച്ചില്‍ 48,72,027 യൂണിറ്റ് കോളുകളാണ് പോയിരിക്കുന്നത്. അതായത് പ്രതിമാസം ഏതാണ്ട് 49 ലക്ഷം യൂണിറ്റ് മള്‍ട്ടിമീഡിയ ട്രാന്‍സ്ഫര്‍ നടത്തിയിരിക്കുന്നു. അപ്പോള്‍ 323 ഫോണുകളില്‍ നിന്നുള്ള മള്‍ട്ടിമീഡിയ ട്രാന്‍സ്ഫര്‍ ഊഹിക്കാവുന്നതേയുള്ളു. 2007 ജനുവരി മുതല്‍ ഏപ്രില്‍വരെ ബിഎസ്എന്‍എല്ലിനെ കൊള്ളയടിച്ചത് 629.5 കോടി യൂണിറ്റാണ്. കോള്‍ യൂണിറ്റിനു 70 പൈസ റേറ്റ് കണക്കാക്കിയാലും ബിഎസ്എന്‍എല്ലിന്റെ നഷ്ടം 440 കോടിക്കുമേല്‍ ഉയരാമെന്നാണ് സിബിഐ കണക്കാക്കുന്നത്. സണ്‍ടിവി മാത്രമല്ല ഈ നേട്ടം കൊയ്തത്. ഗ്രൂപ്പിന്റെ പത്രമായ ദിനകരന്റെ മധുര യൂണിറ്റിനുവേണ്ടിയും ബിഎസ്എന്‍എല്ലിന്റെ ലൈനുകള്‍ ഉപയോഗിച്ചതായി സിബിഐ പറയുന്നു. പക്ഷേ അവയുടെ നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. 2004 ജൂണ്‍ മുതല്‍ 2007 മേയ് വരെ ആയിരുന്നു ദയാനിധിമാരന്‍ ടെലികോം മന്ത്രിയായിരുന്നത്. ടാറ്റാ ഡിടിഎച്ചിന്റെ മൂന്നിലൊന്നു ഷെയര്‍ കൊടുത്തില്ലെങ്കില്‍ അനുമതികൊടുക്കില്ലെന്ന് രത്തന്‍ ടാറ്റയോടുപോലും പറയാന്‍ മാരന്‍ മടികാണിച്ചില്ല.എന്തായാലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തട്ടിപ്പുക്കേസില്‍ ദയാനിധിമാരന്‍ ശിക്ഷിക്കപ്പെടുമെന്നാണ് സിബിഐ വിശ്വസിക്കുന്നത്. മാരനെതിരേയുള്ള തെളിവുകള്‍ അതിശക്തമാണന്ന് അവര്‍ വാദിക്കുന്നു.

അഴിമതിക്കു കൂട്ടുനിന്നതിന്റെ പേരില്‍ കരുണാനിധിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജനം കൈയ്യാഴിഞ്ഞത് ചരിത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories