TopTop
Begin typing your search above and press return to search.

മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ മധുരം വിളമ്പിയവര്‍ അറിയേണ്ട ചില കാര്യങ്ങള്‍

മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ മധുരം വിളമ്പിയവര്‍ അറിയേണ്ട ചില കാര്യങ്ങള്‍

സന്ദീപ് വെള്ളാരംകുന്ന്‌

മറയൂര്‍ ഉണ്ട ശര്‍ക്കര എന്ന ബ്രാന്‍ഡ് അറിയാത്തവര്‍ കേരളത്തില്‍ നന്നേ കുറവായിരിക്കും. മറയൂര്‍ ചന്ദനം പോലെ തന്നെ ആഗോള പ്രശസ്തമാണ് മറയൂര്‍ ശര്‍ക്കരയും. മോഷ്ടാക്കളുടെ ശല്യമാണ് മറയൂരില്‍ ചന്ദനത്തിനു ഭീഷണിയാകുന്നതെങ്കില്‍ വിപണിയില്ലായ്മയും വിലത്തകര്‍ച്ചയുമാണ് മറയൂര്‍ ശര്‍ക്കരയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നത്. തങ്ങള്‍ നല്‍കുന്നതു മധുരമാണെങ്കിലും നഷ്ടത്തിന്റെ കയ്പുനീര്‍ മാത്രം മാത്രം കുടിക്കുന്നവരാണ് ഇവിടത്തെ ചെറുകിട കര്‍ഷകര്‍. ഇതേ രീതിയില്‍ പോവുകയാണങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മറയൂരിലെ കരിമ്പുകൃഷി തന്നെ ഇല്ലാതാകാനാണു സാധ്യത. ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ നിരക്കു വര്‍ധിപ്പിച്ചതും തമിഴ്‌നാട്ടില്‍ പഞ്ചസാര വില കുറഞ്ഞതുമൂലം അവിടെ കൂടുതല്‍ ശര്‍ക്കര ഉല്‍പ്പാദനം നടക്കുന്നതുമാണ് കര്‍ഷകരെ വലയ്ക്കുന്ന പുതിയ പ്രതിസന്ധിക്കു പിന്നില്‍.

നിലവിലെ അവസ്ഥയില്‍ കരിമ്പുകൃഷി യാതൊരു വിധത്തിലും ലാഭകരമായി കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മറയൂരിലെ കരിമ്പു കര്‍ഷകരെന്ന് കരിമ്പു കര്‍ഷകനും വ്യാപാരിയുമായ ടി രാജന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ പഞ്ചസാരയുടെ വില ഇപ്പോള്‍ 24 രൂപമാത്രമായി കുറഞ്ഞിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന കരിമ്പിന്റെ ഭൂരിഭാഗവും അവര്‍ പഞ്ചസാരയാക്കി വില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ പഞ്ചസാര വില കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ കരിമ്പുകര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ശര്‍ക്കരയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നിലവില്‍ കേരളത്തിലെ വിപണിയില്‍ 30-35 രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശര്‍ക്കര എത്തുന്നുണ്ട്. മറയൂര്‍ ശര്‍ക്കരയ്ക്കു കര്‍ഷകനു നിലവില്‍ 45 രൂപ ലഭിക്കുമ്പോള്‍ ഇതില്‍ അഞ്ചു ശതമാനം നികുതിയായി സര്‍ക്കാരിലേക്കു നല്‍കേണ്ടി വരുന്നുണ്ട്. ഇതോടൊപ്പം കരിമ്പു വെട്ടി ശര്‍ക്കരയാക്കി നല്‍കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രഷര്‍യൂണിറ്റുകള്‍ ഡീസല്‍ വില വര്‍ധനയുടെ പേരില്‍ നിരക്കു വര്‍ധിപ്പിച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായിട്ടുണ്ട്. കരിമ്പിന്‍ നീരു പിഴിഞ്ഞു ശര്‍ക്കരയാക്കി നല്‍കുന്നതിനു ക്രഷര്‍യൂണിറ്റുകള്‍ മുമ്പ് ഈടാക്കിയിരുന്നത് 250 രൂപയാണങ്കില്‍ ഇപ്പോള്‍ 60 കിലോ ശര്‍ക്കര ഉണ്ടാക്കാന്‍ 325 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം 60 കിലോ വരുന്ന ഒരു ചാക്ക് ശര്‍ക്കര ഉണ്ടാക്കാനുള്ള കരിമ്പു വെട്ടുന്നതിന് മുമ്പ് 250 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 350 രൂപയായിട്ടുണ്ട്. ശര്‍ക്കര വിലയാകട്ടെ ചാക്കിന് 3,300 രൂപയില്‍ നിന്ന് 2,700-ലേക്കു കൂപ്പുകുത്തുകയും ചെയ്തു. 'കര്‍ഷകരെ സംരക്ഷിക്കുമെന്നു പറയുന്ന ഹോര്‍ട്ടികോര്‍പ്പോ, ദേവസ്വം ബോര്‍ഡോ ഇതുവരെ ഇവിടെ നിന്നു ശര്‍ക്കര വാങ്ങാന്‍ തയാറായിട്ടില്ല. തിരുവനന്തപുരത്തു നടന്ന കാനന സംഗമത്തില്‍ വനംവകുപ്പ് കുറച്ചു ശര്‍ക്കര ഇവിടെ നിന്നു കൊണ്ടുപോയത് മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ 90 രൂപയ്ക്കാണു ചൂടപ്പം പോലെ വിറ്റത്. എന്നാല്‍ പിന്നീട് ഇക്കോ ഷോപ്പുകളിലൂടെ മറയൂര്‍ ശര്‍ക്കര വില്‍പ്പന നടത്താന്‍ വനംവകുപ്പും തയാറായിട്ടില്ല,' രാജന്‍ കൂട്ടിച്ചേര്‍ക്കുന്നു.



ഒരു കാലത്ത് സമൃദ്ധമായിരുന്ന മറയൂരിലെ കരിമ്പുകൃഷി വ്യാപകമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്തുവര്‍ഷം മുമ്പ് 2,700 ഏക്കറോളമുണ്ടായിരുന്ന കരിമ്പു കൃഷി ഇപ്പോള്‍ 1,200 ഏക്കര്‍ താഴെയായി കുറഞ്ഞിരിക്കുന്നു. മുമ്പ് മറയൂരിന്റെ സമീപ ഗ്രാമങ്ങളായ പട്ടം കോളനി, മാശി, കൂടവയല്‍, മേലാടി എന്നിവിടങ്ങളില്‍ സജീവമായിരുന്ന കരിമ്പുകൃഷി ഇപ്പോള്‍ അടയ്ക്ക പോലുള്ളവയ്ക്കു വഴിമാറിയിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് ഒരു കിലോ ശര്‍ക്കരയ്ക്കു ലഭിച്ചിരുന്നതു നാല്‍പ്പതു രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതു 45 രൂപ മാത്രം. അതേ സമയം വളത്തിന്റെയും മറ്റും വില കൂടുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം ഉല്‍പ്പാദനത്തിലും കുറവു വന്നിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു. ഉല്‍പാദനക്ഷമതയിലും കുറവുണ്ടായി. ഒരു ഏക്കറില്‍ നിന്ന് 90 ചാക്ക് ശര്‍ക്കര ഉല്‍പ്പാദനമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 60 ചാക്കായി കുറഞ്ഞിരിക്കുന്നു. പത്തുവര്‍ഷം മുമ്പ് മുമ്പ് മറയൂരില്‍ എവിടെ തിരിഞ്ഞാലും കരിമ്പു വെട്ടുന്നതും ശര്‍ക്കരയുണ്ടാക്കുന്നതുമായ ആലകള്‍ മാത്രമാണു കാണാനുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു മാത്രമായി ചുരുങ്ങിയിരിക്കുന്നു.



തമിഴ്‌നാട്ടില്‍ നിന്നുള്ള ശര്‍ക്കര കാഴ്ചയ്ക്കു മിഴിവോടെ കുറഞ്ഞ വിലയില്‍ കേരളത്തിലെ വിപണികളിലെത്തുന്നതാണ് മറയൂര്‍ ശര്‍ക്കരയുടെ വിപണി ഇല്ലാതാക്കുന്നത്. അതേസമയം മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്ന ശര്‍ക്കരയെ അപേക്ഷിച്ച് മറയൂര്‍ ശര്‍ക്കരയില്‍ മധുരത്തിന്റെ അംശം 95 ശതമാനത്തോളമാണെന്ന് കര്‍ഷകനായ മണി പറയുന്നു. തമിഴ്‌നാട്ടിലെ ഉപ്പുവെള്ളത്തില്‍ കരിമ്പു വളരുന്നതിനാല്‍ ഇവിടെ ഉണ്ടാക്കുന്ന ശര്‍ക്കരയില്‍ മധുരത്തിന്റെ അംശം 65 ശതമാനം മാത്രമാണ്. എന്നാല്‍ കാഴ്ചയില്‍ നല്ല വെളുപ്പു നിറം ലഭിക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശര്‍ക്കരയ്ക്കാണ് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഈ വെളുപ്പു നിറം ലഭിക്കുന്നത് ഹൈഡ്രോക്‌സിന്‍, സോഡാക്കാരം തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു കൊണ്ടാണെന്നു വാങ്ങുന്നവര്‍ അറിയാറുമില്ല. മറയൂര്‍ ശര്‍ക്കരയ്ക്കാകട്ടെ ഇളംപച്ച കലര്‍ന്ന നിറമാണ്. എന്നാല്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ നല്ല ഉല്‍പ്പന്നം കര്‍ഷകര്‍ക്കു ലഭിക്കുന്നുമില്ല, കര്‍ഷകര്‍ക്കും ഗുണമുണ്ടാകുന്നുമില്ല. 'സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ മറയൂര്‍ ശര്‍ക്കരയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാവൂ,' മണി കൂട്ടിച്ചേര്‍ക്കുന്നു.



കേരളത്തിലെ ആയിരക്കണക്കിനു ക്ഷേത്രങ്ങളില്‍ ദിവസവും പായസനിര്‍മാണത്തിനും മറ്റുമായി നൂറുകണക്കിനു കിലോ ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവിടയൊന്നും മറയൂര്‍ ശര്‍ക്കര എത്തുന്നില്ല. ശബരിമലയില്‍ അരവണ നിര്‍മാണത്തിന് മറയൂര്‍ ശര്‍ക്കര ഉപയോഗിക്കണമെന്ന് 2002-ല്‍ ഹൈക്കോടതിയില്‍ നിന്നു വിധിയുണ്ടായെങ്കിലും ദേവസ്വം ബോര്‍ഡ് ഇതുവരെ ഈ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ മറയൂര്‍ ശര്‍ക്കരയ്ക്കു സ്ഥിരം വിപണി ഉറപ്പാക്കാനാവും. ഒപ്പം മായം ചേരാത്ത ശര്‍ക്കര ഉപയോഗിക്കുന്ന പായസം ഉള്‍പ്പടെയുള്ള പ്രസാദങ്ങള്‍ ഭക്തര്‍ക്കു ലഭിക്കുകയും ചെയ്യും. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനായി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ചുമതലയേറ്റെടുത്തപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു പ്രശസ്തമായ മറയൂര്‍ ശര്‍ക്കര ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നു സംഭരിച്ചു വില്‍പ്പന നടത്തുമെന്ന് എന്നാല്‍ ഈ പ്രഖ്യാപനം പ്രഖ്യാപമായി തന്നെ അവശേഷിക്കുന്നു. ഹോര്‍ട്ടികോര്‍പ്പാകട്ടെ കര്‍ഷകരില്‍ നിന്ന് ഒരു കിലോ ശര്‍ക്കര പോലും സംഭരിക്കാന്‍ തയാറായതുമില്ല.



കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും കര്‍ഷക ക്ഷേമത്തിനുമുള്ള പദ്ധതികള്‍ എവിടെ നിന്നാണ് സര്‍ക്കാരുകള്‍ തുടങ്ങേണ്ടതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മറയൂരിലെ കരിമ്പു കര്‍ഷകരുടെ ഇപ്പോഴത്തെ അവസ്ഥ. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും നിലനില്‍പ്പുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ മറയൂര്‍ ശര്‍ക്കരയ്ക്കു മികച്ചതും സ്ഥിരമായതുമായ വിപണി ഒരുക്കിക്കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.

(ഫോട്ടോകള്‍ ജോമോന്‍ ജോര്‍ജ്ജ്)

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories