TopTop
Begin typing your search above and press return to search.

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പോലും അറിഞ്ഞിരിക്കില്ല മാര്‍ഗത് ഹൊനേക്കര്‍ പോയത്

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പോലും അറിഞ്ഞിരിക്കില്ല മാര്‍ഗത് ഹൊനേക്കര്‍ പോയത്

മാര്‍ഗത് ഹൊനേക്കര്‍ കഥാവശേഷയായി. ഇരുപത്തേഴ് വര്‍ഷം നീണ്ട പ്രവാസജീവിതവും ശാപവും ആത്മനിന്ദയും ചിലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ മേയ് ആറാം തീയതി നിശബ്ദമായി അവസാനിച്ചു. കിഴക്കന്‍ ജര്‍മ്മനി എന്ന ജി.ഡി.ആര്‍. നിലനിന്നിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് ലോകം ആദരാജ്ഞലികള്‍ കൊണ്ട് സംഭവബഹുലമാക്കേണ്ടിയിരുന്ന ഒരു മരണം. ആരും അറിയാതെ, ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാതെ കടന്നുപോയി. കേരളത്തില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പോലും അറിഞ്ഞിരിക്കില്ല മാര്‍ഗത് ഹെനോകറുടെ ദയനീയമായ വിയോഗവൃത്താന്തം.

ജര്‍മ്മന്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്ന പഴയ കിഴക്കന്‍ ജര്‍മ്മനിയില്‍ മൂന്ന് ദശാബ്ദങ്ങളോളം കമ്മ്യൂണിസ്റ്റ് ഏകാധിപതിയായി വാണ എറിക് ഹൊനേകറുടെ മൂന്നാമത്തെ ഭാര്യയെന്ന സ്ഥാനവും പെരുമയും മാത്രമല്ല മാര്‍ഗതിന് ചരിത്രത്തിലുള്ളത്. ജി.ഡി.ആറില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായി കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ചിരുന്ന അവര്‍ 'സോഷ്യലിസ്റ്റ് മാതൃകാ പഠന' പദ്ധതിയിലൂടെ കമ്മ്യൂണിസ്റ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. അതുപോലെ കര്‍ക്കശക്കാരിയായ മാര്‍ഗതിനെ സ്വതന്ത്രസമൂഹം 'രാക്ഷസി' എന്ന് രഹസ്യമായി വിളിച്ചു. മാനവമൂല്യങ്ങള്‍ പഠിപ്പിക്കുന്നു എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ നിലനില്‍പ്പിന് മാത്രം ഉപകരിക്കുന്ന ആശയങ്ങളാണ് സാമൂഹിക പാഠങ്ങള്‍ എന്ന പേരില്‍ മാര്‍ഗത് കിഴക്കന്‍ ജര്‍മ്മനിയില്‍ പ്രചരിപ്പിച്ചത്. സ്വതന്ത്രവിചാരകാംക്ഷികളെ ആശയപരമായി എതിര്‍ക്കുക മാത്രമല്ല അവരുടെ കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അകറ്റുകയും ചെയ്തു. കിഴക്കന്‍ ജര്‍മ്മനിയില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ കലാപം വളരാന്‍ മാര്‍ഗ്ഗത്തിന്റെ 'വിദ്യാഭ്യാസ വിപ്ലവം' ഇടയാക്കി. നാസിസത്തിന്‍ കീഴില്‍ ജനിച്ചുവളര്‍ന്നവരെ നൂതനാശയങ്ങള്‍ കൊണ്ട് ഉല്‍ബുദ്ധനാരാക്കാനല്ല ജി.ഡി.ആര്‍. ഭരണകൂടം യത്‌നിച്ചത്. പകരം 'ജനവിദ്യാഭ്യാസം' എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് വിരോധികളെ മുഴുവന്‍ ശത്രുക്കളും രാജ്യദ്രോഹികളും കുറ്റവാളികളുമായി കണ്ടു പ്രവര്‍ത്തിച്ചു. ജി.ഡി.ആറില്‍ ജീവിതം ദുരിതകരമെന്ന് തോന്നിയവര്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് കൂട്ട പലായനത്തിന് ഒരുങ്ങിയപ്പോള്‍ അവരുടെ മക്കളെ മാര്‍ഗത്തിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളില്‍ നിന്ന് അകറ്റി. ഭര്‍ത്താവായ എറിക് ഹെനേക്കറെ പ്രേരിപ്പിച്ച് 1961 ല്‍ ബര്‍ലിന്‍ മതില്‍ നിര്‍മ്മിച്ച് പടിഞ്ഞാറോട്ടുള്ള ജനപ്രവാഹം തടഞ്ഞു. മക്കളെയും ബന്ധുക്കളെയും വിട്ട് മതില്‍ ചാടി രക്ഷപ്പെടാന്‍ തുനിഞ്ഞ സാഹസികരെ വെടിവച്ച് വീഴ്ത്താന്‍ അതിര്‍ത്തി കാവല്‍സേനയ്ക്ക് ഹൊനേക്കര്‍ ഭരണകൂടം ഉത്തരവ് നല്‍കി. എന്നിട്ടും പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ജീവിതസ്വാതന്ത്ര്യം ഇഷ്ടപ്പെട്ട് ജനങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ ഒഴുകിയപ്പോള്‍ അമേരിക്കന്‍ ചാരന്‍മാരെന്ന് മുദ്രയടിച്ച് ഹൊനേകര്‍ ദമ്പതികള്‍ ലോകത്തിന് മുന്നില്‍ ചെങ്കൊടി ഉയര്‍ത്തിപിടിച്ചുനിന്നത് 33 നീണ്ട വര്‍ഷങ്ങളാണ്. സോവിയറ്റ് യൂണിയന്റെ പിന്തുണയും ശീതയുദ്ധത്തിന്‌റെ കുടയും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള വിയോജിപ്പും കൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാന്‍ കിഴക്കന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല.ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ജി.ഡി.ആറിലും ജനങ്ങളെ സ്വാധീനിച്ചു. കിഴക്കന്‍ ജര്‍മ്മനി രൂപംകൊണ്ടതിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഖ്യഅതിഥിയായി മിഖായേല്‍ ഗോര്‍ബച്ചേവ് ബര്‍ലിനില്‍ എത്തിയിരുന്നു. ''കാലം മാറുകയാണ്. നിലപാടുകള്‍ തിരുത്തേണ്ടി വരും.'' എന്ന് എറിക് ഹെനേകറെയും സഹപ്രവര്‍ത്തകരെയും ഗോര്‍ബച്ചേവ് ഉപദേശിച്ചു. പ്രതിനിധികള്‍ വന്‍കരഘോഷത്തോടെ ഗോര്‍ബച്ചേവിന്റെ വാക്കുകള്‍ സ്വീകരിച്ചപ്പോള്‍ മാര്‍ഗത് തലകുമ്പിട്ട് മരണവാര്‍ത്ത ശ്രവിക്കുംപോലിരുന്നു. ആ ഹേമന്തകാലം ജി.ഡി.ആറില്‍ രാഷ്ട്രീയം വിമത ചര്‍ച്ചകള്‍ കൊണ്ട് ചൂടുപിടിച്ചു. പരിഷ്‌ക്കരണ വാദികള്‍ കൂടുതല്‍ ആവേശഭരിതരായി. അവരുടെ എണ്ണം നാള്‍ തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 'വിമതര്‍' എന്ന് വിളിച്ച് ജി.ഡി.ആര്‍. ഭരണകൂടം അവരെ ഭ്രഷ്ടരാക്കാന്‍ വിഫലശ്രമം നടത്തി. എറിക് ഹൊനേര്‍ക്കു പകരം ഭാര്യ മാര്‍ഗത് ആണ് സര്‍ക്കാരിനു വേണ്ടി സംസാരിച്ചത്. ''വേണ്ടിവന്നാല്‍ ആയുധമെടുത്തും സോഷ്യലിസത്തെ സംരക്ഷിക്കും.'' എന്ന് മാര്‍ഗത് പ്രഖ്യാപിച്ചു. ആരും അതു ചെവിക്കൊണ്ടില്ല. ഭയം ആരെയും പിന്തിരിപ്പിച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇരുജര്‍മ്മനിക്കും ഇടയില്‍ ഉയര്‍ന്നു നിന്ന ബര്‍ലിന്‍ മതില്‍ തകര്‍ന്നു വീണു. ജര്‍മ്മനിയുടെ ഏകീകരണം യാഥാര്‍ത്ഥ്യമായി. ജി.ഡി.ആര്‍. ഭൂപടത്തില്‍ നിന്ന് 1989ല്‍ മാഞ്ഞുപോയി.

ഹൊനേകര്‍ ദമ്പതികള്‍ പദവിയും സ്ഥാനവും വെടിഞ്ഞ് വീട്ടില്‍ ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെട്ടു. എങ്കിലും ജനങ്ങള്‍ അനുവദിച്ചില്ല. ആര്‍ഭാടങ്ങള്‍ നിറഞ്ഞ സര്‍ക്കാര്‍ ഭവനത്തില്‍ നിന്ന് അവരെ തെരുവിലിറക്കിവിട്ടു. ബര്‍ലിനിലെ ഒരു പുരോഹിതന്‍ അവര്‍ക്ക് അഭയം നല്‍കിയെങ്കിലും രോഷാകുലരായ ജനങ്ങള്‍ അവിടെ പാര്‍ക്കാന്‍ അനുവദിച്ചില്ല. മോസ്‌കോയിലെ ചിലിയന്‍ നയതന്ത്രകാര്യാലയത്തില്‍ അഭയം തേടിയ ഹൊനേകര്‍ ദമ്പതികളെ ഭൂതകാലം പിന്നെയും വേട്ടയാടിക്കൊണ്ടിരുന്നു. ബര്‍ലിന്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിമതരെ വെടിവെച്ചുകൊല്ലാന്‍ എറിക് ഹൊനേകര്‍ ഉത്തരവ് നല്‍കിയതിന്റെ രേഖകള്‍ പുതിയ ഭരണകൂടം കണ്ടെത്തി. വന്‍കൂട്ടക്കുരുതിക്ക് വിചാരണ നേരിടാന്‍ ഹൊനേകറെ വീണ്ടും ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി. അതിനിടെ മാര്‍ഗത് ചിലിയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. അര്‍ബുദരോഗം പിടിപെട്ട എറിക്കിനെ കേസിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ ഭാര്യയോടൊപ്പം ചേരാന്‍ സര്‍ക്കാര്‍ അനുവദിച്ചു. 1994 ല്‍ എറിക് ഹെനോകര്‍ അന്തരിച്ചു. മാര്‍ഗത് മകള്‍ സോന്‍ജയോടൊപ്പം ചിലിയിലെ ഏകമുറിയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കഴിയുമ്പോഴും സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമുള്ള മധുരസ്വപ്നങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. എല്ലാ ദിവസവും രാവിലെ അവര്‍ ഇന്റര്‍നെറ്റില്‍ ആകാംക്ഷയോടെ പരതിയിരുന്നത് ഒരു വാര്‍ത്ത മാത്രം അറിയാനായിരുന്നു. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ചുവന്ന തത്വശാസ്ത്രം വിജയക്കൊടി പാറിച്ചോ? കിഴക്കന്‍ ജര്‍മ്മനി കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചുപിടിക്കുമെന്ന് മാര്‍ഗത് മരണം വരെ കിനാവ് കണ്ടു. ചിലിയിലെ സ്‌നേഹിതരെ വിളിച്ചുകൂട്ടി ജി.ഡി.ആറിന്റെ രൂപീകരണ വാര്‍ഷികദിനം ആഘോഷിച്ചു. തന്റെ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ അരിവാള്‍ ചുറ്റിക അടയാളമുള്ള ചെങ്കൊടി നാട്ടി കമ്മ്യൂണിസ്റ്റ് വിപ്ലവം ലോകം കീഴടക്കുന്ന വാര്‍ത്ത കേട്ട് ആഹ്ളാദിക്കാന്‍ വെറുതെ കാത്തിരുന്നു.ചിലിയിലെ ജര്‍മ്മന്‍ എംബസ്സിയില്‍ എല്ലാ മാസവും ആദ്യവാരം മാര്‍ഗത് ഹൊനേകര്‍ പെന്‍ഷന്‍ വാങ്ങാന്‍ ചെന്ന് ഉദ്യോഗസ്ഥരുമായി വഴക്കിട്ടു; നാമമാത്രമായ പെന്‍ഷന്‍ തുക കൊണ്ട് തനിക്കും ഭര്‍ത്താവ് ഉപേക്ഷിച്ച മകള്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്ന് പരിതപിച്ചു. അപ്പോള്‍ ക്യൂബയില്‍ കൂടെക്കൂടെ ഉല്ലാസയാത്ര നടത്തുന്നതോ എന്ന് ഉദ്യോഗസ്ഥര്‍ കളിയാക്കി ചോദിക്കും. ''അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ പണമാണ്. നിന്റെ തന്തയുണ്ടാക്കിയതല്ല.'' എന്ന് അവരെ തെറിവിളിച്ച് മടങ്ങും.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ-കൗമാരകാലജീവിതമായിരുന്നു മാര്‍ഗതിന്റേത്. പിതാവ് വല്ലപ്പോഴും മാത്രം പണിലഭിച്ചിരുന്ന ചെരുപ്പുകുത്തി. അമ്മ ഒരു കമ്പനി തൊഴിലാളി. 1934 ല്‍ നാസികള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്ന മാതാപിതാക്കളെ തടവിലാക്കി. അമ്മ തടവില്‍ കിടന്നു മരിച്ചു. ഇളയസഹോദരനും എട്ടു വയസ്സുള്ള മാര്‍ഗതും അനാഥരെപ്പോലെ ജീവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ യാതനകളിലൂടെ കടന്നുപോയ കൗമാരകാലം പേടിസ്വപ്നങ്ങളുടേതായിരുന്നു. 18-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്ത് സന്ദേശവാഹകരായി പ്രവര്‍ത്തിച്ചു. യുദ്ധം കഴിഞ്ഞപ്പോള്‍ സോവിയറ്റ് നിയന്ത്രിത ജര്‍മ്മനിയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നു. ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്നീ തൊഴില്‍ ചെയ്തിരുന്ന മാര്‍ഗത് തന്റെ പ്രവിശ്യയില്‍ സോഷ്യലിസ്റ്റ് യൂണിറ്റ് പാര്‍ട്ടിയുടെ യുവ വിഭാഗം സെക്രട്ടറിയായി ചുമതലയേറ്റു. 'പ്രക്ഷോഭുക്കളും പ്രചാരങ്ങളും' നടത്തുക എന്നതായിരുന്നു ജോലി. 22-ാം വയസില്‍ മാര്‍ഗത് ജി.ഡി.ആര്‍. പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പാര്‍ട്ടിയിലെ സുന്ദരികളായ അംഗങ്ങള്‍ക്കിടയില്‍ ആകര്‍ഷണ ബിന്ദുവായി കരുതപ്പെട്ടിരുന്ന എറിക് ഹൊനേകറുമായി ഇക്കാലത്ത് മാര്‍ഗത് ഏറെ അടുത്തു. പുനര്‍വിവാഹിതനും മാര്‍ഗതിനെക്കാള്‍ 15 വയസ് കൂടുതലുമുള്ള ആളായിരുന്നു എറിക്. അവരുടെ പ്രണയകാലത്ത് മാര്‍ഗത് ഗര്‍ഭിണിയായി. 1952 ല്‍ മകള്‍ സോന്‍ജ പിറന്നു. പാര്‍ട്ടി നേതാവ് വാള്‍ട്ടര്‍ ഉള്‍ബ്രിഷ് അവരുടെ ബന്ധത്തെ എതിര്‍ത്തു. ഹൊനേകറുടെ രണ്ടാം ഭാര്യ പിണങ്ങിപ്പിരിഞ്ഞു. മറ്റുമാര്‍ഗ്ഗമില്ലാതെ മാര്‍ഗതിനെ എറിക് ഹൊനേകര്‍ വിവാഹം ചെയ്തു. സോന്‍ജയുടെ രണ്ടാം ജന്മദിനവും മാതാപിതാക്കളുടെ വിവാഹവും ഒരു ദിവസമായിരുന്നു.

സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ ഭാര്യമാരെപ്പോലെ ഉത്തരവാദിത്വമില്ലാതെ അമിതാധികാരവുമായി ജീവിക്കാന്‍ മാര്‍ഗത് ഹൊനേകര്‍ ഇഷ്ടപ്പെട്ടില്ല. എറിക് ഹൊനേകറുടെ കീഴില്‍ ജി.ഡി.ആര്‍. മന്ത്രിസഭയില്‍ അവര്‍ അംഗമായി. രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നതുവരെ വിദ്യാഭ്യാസ മന്ത്രിയായി തുടരുകയും ചെയ്തു. മുടി നിറം പിടിപ്പിച്ച് അണിഞ്ഞൊരുങ്ങി പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന മാര്‍ഗതിന്റെ കമ്മ്യൂണിസ്റ്റ് വിമതര്‍ 'പര്‍പ്പിള്‍ വിച്ച്' എന്ന് വിളിച്ചു. രാജ്യത്തെ രഹസ്യപൊലീസിന്റെ നിയന്ത്രണാധികാരം ഉപയോഗിച്ച് വിമതരെ വേട്ടിയാടിയപ്പോള്‍ പാര്‍ട്ടിയിലെ ചില ഉറ്റ സ്‌നേഹിതരും വലയില്‍ വീണതു കണ്ട് മാര്‍ഗത് ഞെട്ടി. ബാല്യകാല സുഹൃത്തും കവിയുമായ വുള്‍ഫ് ബീര്‍മാന്‍ ജി.ഡി.ആറിന്റെ വിമര്‍ശകരുടെ നിലയിലാണെന്നറിഞ്ഞ് സങ്കടപ്പെട്ടു. മാര്‍ഗത് പലതവണ സ്വകാര്യമായി സന്ദര്‍ശിച്ച കവിയായ സ്‌നേഹിതന്റെ നിലപാട് മാറ്റാന്‍ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ബര്‍ലിന്‍ മതില്‍ പൊളിക്കാന്‍ പാട്ടും ശരീരവുമായി കവി മുന്നില്‍ നിന്നു. മാര്‍ഗതിന്റെ സ്വകാര്യദുഃഖങ്ങളില്‍ ഒന്നായിരുന്നു വുള്‍ഫ് ബീര്‍മാന്‍ എന്ന കവിയുടെ നിലപാടെന്ന് ജീവചരിത്രകാരന്‍ എഡ്സ്റ്റലര്‍ പറയുന്നു.

മാര്‍ഗതിന്റെ മരണശേഷം 'ടൈംസ്' പത്രം എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം. ''അനുതാപമില്ലാത്ത സ്ത്രീ. കിഴക്കന്‍ ജര്‍മ്മനിയില്‍ അവരുടെയും ഭര്‍ത്താവിന്റെയും ആധിപത്യകാലത്ത് നടന്ന കൂട്ടക്കുരുതികളില്‍ 89-ാം വയസ്സിലും ഒരു കുറ്റബോധവും ഇല്ലായിരുന്നു. മതിലുചാടിപ്പോകാന്‍ ശ്രമിച്ചവര്‍ വിഡ്ഡികള്‍. മരണവും അവര്‍ക്കുള്ള കുറഞ്ഞശിക്ഷയായിരുന്നു. അതിന് താനെന്തിന് ഖേദിക്കണം? തന്റെ ചര്‍മ്മത്തിന് നല്ല കട്ടിയുണ്ട്. ഇതായിരുന്നു അന്ത്യ നിമിഷം വരെയും മാര്‍ഗത് ഹൊനേകര്‍.'' ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മനുഷ്യവര്‍ഗ്ഗ പ്രേമം! വൃന്ദാകാരാട്ടും സരോജിനി ബാലാനന്ദനും സുശീലാഗോപാലനും ശാരദടീച്ചറും എന്തു ഭേദം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories