TopTop
Begin typing your search above and press return to search.

മരിയ ഷറപോവയുടെ അവിശ്വസനീയ ജീവിതം

മരിയ ഷറപോവയുടെ അവിശ്വസനീയ ജീവിതം

ടീം അഴിമുഖം

ആറാം വയസ്സില്‍ മാര്‍ട്ടിന നവരറ്റിലോവയുടെ ശ്രദ്ധയില്‍പ്പെടുന്നതു വരെ ചെര്‍ണോബില്‍ ആണവ ദുരന്തഭൂമിക്കു സമീപദേശത്ത് വളര്‍ന്നു വന്ന ഒരു സാധാരണ റഷ്യന്‍ പെണ്‍കുട്ടിയായിരുന്നു മരിയ ഷറപോവ. പിന്നീട് ഷറപോവയുടെ ജീവിതത്തില്‍ സംഭവിച്ചത് സ്വപ്‌നസമാനമായ മാറ്റങ്ങളായിരുന്നു. ചില്ലിക്കാശില്ലാതെ ഒരക്ഷരം ഇംഗ്ലീഷു പോലുമറിയാതെ യുഎസില്‍ വന്നിറങ്ങിയ ഷറപോവ ഇന്ന് 200 ദശലക്ഷം ഡോളറോളം വരുന്ന സമ്പാദ്യത്തിനുടമയാണ്.

ഹോളിവുഡ് സ്വപ്‌നങ്ങളെ പോലെ തോന്നിപ്പിച്ചേക്കാമെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നയായ കായികതാരം മരിയ ഷറപോവയുടെ കഥ പ്രതികൂല സാഹചര്യങ്ങള്‍ എന്തു തന്നെയായലും ഒരു വ്യക്തിക്ക് ഇത്രയൊക്കെ ഉണ്ടാക്കിയെടുക്കാന്‍ കരുത്തുണ്ടെന്നതിന് തെളിവാണ്.

ഒരു ഉത്തേജന മരുന്ന് പരിശോധനയില്‍ താന്‍ പരാജയപ്പെട്ടെന്ന തുറന്നു പറച്ചിലോടെ ഷറപോവയുടെ ഈ കഥയുടെ ഒടുക്കം ഇപ്പോള്‍ സംശയങ്ങളുടെ നിഴലിലായിരിക്കുകയാണ്. 'പരിശോധനയില്‍ ഞാന്‍ പരാജയപ്പെട്ടു. അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാനേറ്റെടുക്കുകയും ചെയ്യുന്നു,' 17-ാം വയസ്സില്‍ തന്റെ ആദ്യ വിംബിള്‍ഡന്‍ കീരിടം സ്വന്തമാക്കിയ ഷറപോവ പറയുന്നു. 'കഴിഞ്ഞ 10 വര്‍ഷത്തോളമായി എന്റെ കുടുംബ ഡോക്ടര്‍ എനിക്കു തന്നിരുന്നത് മൈല്‍ഡ്രോനേറ്റ് എന്ന മരുന്നായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷനില്‍ നിന്നും എനിക്കു ലഭിച്ച കത്തില്‍ പറയുന്നത് ഈ മരുന്നിന് മെല്‍ഡോനിയം എന്ന പേരും ഉണ്ടെന്നാണ്. അതെനിക്കറിയില്ലായിരുന്നു.' പ്രതിഭ പൂര്‍ത്തീകരിക്കപ്പെടാതെ പോയെങ്കിലും തന്റെ വന്യമായ സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തേക്ക് വളര്‍ത്തി സമ്പന്നയാക്കിയ ടെന്നീസില്‍ തന്നെ തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഷറപോവ പറയുന്നു.

ഷറപോവ അഞ്ച് ഗ്രാന്‍ഡ് സ്ലാം കീരിടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ഏറ്റവും വലിയ എതിരാളി സെറീന വില്യംസ് 21 കിരീടങ്ങള്‍ ചൂടുകയും ഇപ്പോഴും കളിക്കുകയും ചെയ്യുന്നു. 2004-ല്‍ 17-കാരിയായി വിംബിള്‍ഡണ്‍ കിരീടമണിയുമ്പോള്‍ അത് സൗത്ത് വെസ്റ്റ് ലണ്ടനിലെ പുല്‍മൈതാനത്തെ അവരുടെ ഏക കീരീട നേട്ടമായി മാറുമെന്ന് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. പിന്നീട് ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും ഓരോ തവണയും ഫ്രഞ്ച് ഓപ്പണ്‍ രണ്ടു തവണയും സ്വന്തമാക്കി.

നാലാം വയസ്സിലാണ് ഷറപോവ ആദ്യമായി റാക്കറ്റ് കയ്യിലേന്തുന്നത്. ബലാറസുകാരായ മാതാപിതാക്കള്‍ 1986-ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടോടി വന്ന് താമസമുറപ്പിച്ച സോചിയില്‍ വച്ചായിരുന്നു അത്. പീന്നീട് മാര്‍ട്ടിന നവരറ്റിലോവയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ കൊച്ചുമിടുക്കി നിക്ക് ബൊലെറ്റിറിയുടെ ഫേ്‌ളോറിഡ അക്കാഡമിയിലെത്തുന്നത്. ആന്ദ്രെ അഗസിയുടേയും മോണിക്ക സെലസിന്റേയും കളരിയായിരുന്നു ഈ അക്കാഡമി.

കടം വാങ്ങിയ 700 ഡോളറുമായാണ് അച്ഛന്‍ യൂറിക്കൊപ്പം ഏഴു വയസ്സുകാരി ഷറപോവ 1994-ല്‍ യുഎസിലെത്തുന്നത്. 'റഷ്യയില്‍ വളരെ സാധാരണമായ ശരാശരി ദൈനംദിന ജീവിതമായിരുന്നു എന്റേത്. ഞങ്ങള്‍ക്കൊരു സ്വപ്‌നവും എനിക്ക് പ്രതിഭയുമുണ്ടായിരുന്നതു കൊണ്ട് ഞങ്ങള്‍ യുഎസിലെത്തി,' അവര്‍ ഓര്‍മ്മിച്ചെടുക്കുന്നു.

മകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനു വേണ്ടി അച്ഛന്‍ യൂറി പാത്രം കഴുകിയും മറ്റു ചില്ലറ ജോലികള്‍ ചെയ്തുമാണ് ജീവിക്കാനുള്ള വക കണ്ടെത്തിയത്. വിസ നിയന്ത്രണങ്ങള്‍ മൂലം അമ്മ യെലേനയ്ക്ക് രണ്ടു വര്‍ഷക്കാലം മകളെ പിരിഞ്ഞ് റഷ്യയില്‍ തന്നെ തങ്ങേണ്ടി വന്നു.

ഒമ്പതാം വയസ്സില്‍ കരുത്തരായ ഐഎംജി ഗ്രൂപ്പ് ഷറപോവയിലെ പ്രതിഭയെ തിരിച്ചറിയുകയും ബൊലെറ്റിറി അക്കാഡമിയിലെ ഫീസ് ആയ 35,000 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തതോടെ ഷറപോവയുടെ മുന്നേറ്റത്തിനും തുടക്കമായി.വിംബിള്‍ഡണ്‍ സെലിബ്രിറ്റി
2001-ല്‍ 14ആം വയസ്സില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച ഷറപോവ 2003 ആയപ്പോഴേക്കും മികച്ച 50 കളിക്കാരില്‍ ഒരാളായി മാറി. ജപ്പാനിലും ക്യുബെക്കിലുമായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് 2004-ല്‍ വില്യംസിനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ കിരീടമണിഞ്ഞതോടെ ഷറപോവയുടെ ലോകം കീഴ്‌മേല്‍ മറിയുകയായിരുന്നു. ഒറ്റ രാത്രികൊണ്ടാണ് ഷറപോവെ ഒരു അന്താരാഷ്ട്ര സെലിബ്രിറ്റി ആയി മാറിയത്. 2006-ല്‍ തന്റെ രണ്ടാമത്തെ വലിയ കിരീടമായ യുഎസ് ഓപ്പണ്‍ സ്വന്തമാക്കുക കൂടി ചെയ്തതോടെ ലോകത്തെ ഒന്നാം നമ്പര്‍ ടെന്നീസ് താരമാകുന്ന ആദ്യ റഷ്യക്കാരിയായി മാറി.

എന്നാല്‍ തോളിനേറ്റ പരിക്കു മൂലം 2007-ലും 2008-ലും മത്സരങ്ങള്‍ക്കിടയില്‍ നീണ്ട ഇടവേളകള്‍ ഉണ്ടായി. രണ്ടാമതും തോളിനു പരിക്കേല്‍ക്കുന്നതിനു മുമ്പായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടാനുള്ള അവസരമുണ്ടായെങ്കിലും ആ സീസണിന്റെ രണ്ടാം പകുതിയിലെ യുഎസ് ഓപ്പണ്‍, ബീജിംഗ് ഒളിമ്പിക്‌സ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനായില്ല.

10 മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ശസ്ത്ര കഴിഞ്ഞ് കളത്തിലിറങ്ങിയ ഷറപോവയുടെ റാങ്കിംഗ് 126-ലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീടു കണ്ടത്. എങ്കിലും 2012-ല്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കരിയര്‍ ഗ്രാന്‍ സ്ലാം പൂര്‍ത്തിയാക്കുന്ന പത്താമത് വനിതാ താരമായി തിരിച്ചു വരവ് നടത്തി. ആ വര്‍ഷം ഒളിംപിക്‌സ് വെള്ളി മെഡലും സ്വന്തമാക്കി. 2014-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് പിന്നീടുണ്ടായ മറ്റൊരു ഉയര്‍ന്ന നേട്ടം. പിന്നീട് തുടര്‍ച്ചയായ പരിക്കുകളായിരുന്നു. തൊട്ടുപിറകെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിരോധിത മരുന്നായ മെലോഡിയം ഉപയോഗിച്ചതായി കണ്ടെത്തിയതും വലിയ വാര്‍ത്തയായി. ഈ ഓപ്പണില്‍ ക്വാര്‍ട്ടറില്‍ സെറീനയോട് അടിയറവ് പറഞ്ഞാണ് ഷറപോവ പുറത്തായത്.

എതിരാളിയായ സെറീന
കളിക്കളത്തിലും പുറത്തും ഷറപോവയുടെ ഏറെ നീണ്ട ഏറ്റുമുട്ടലുകളെല്ലാം സെറീന വില്യംസിനോടായിരുന്നു. തങ്ങളുടെ സ്വകാര്യ ജീവിതങ്ങളെ ചൊല്ലിയുള്ള ഇരുവരുടേയും വാക്ക്‌പോരുകള്‍ ഏറെ പ്രസിദ്ധമാണ്. സെറീനയുടെ മുന്‍ കാമുകനെന്ന് പറയപ്പെട്ടിരുന്ന ബല്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവുമായുള്ള ഷറപോവയുടെ രണ്ടു വര്‍ഷം നീണ്ട പ്രണയത്തെ ചൊല്ലിയായിരുന്നു ഇത്. നേരത്തെ മുന്‍ ലോസ് ആഞ്ചല്‍സ് ലേക്കര്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം സാഷ വുജാക്കികുമായി ആയിരുന്നു ഷറപോവയുടെ ബന്ധം. പ്രണയത്തില്‍ ഒരു പരാജയമായിരുന്നെങ്കിലും സമ്പാദ്യത്തില്‍ ഷറപോവ ജാക്ക്‌പോട്ട് തന്നെ അടിച്ചു. 2015-ല്‍ 30 ദശലക്ഷം ഡോളറാണ് അവരുണ്ടാക്കിയതെന്ന് ഫോബ്‌സ് പറയുന്നു. ഇതില്‍ 23 ദശലക്ഷം ഡോളറും പരസ്യങ്ങളില്‍ നിന്നായിരുന്നു. പോഷെ, കോള്‍ ഹാന്‍ എന്നീ ബ്രാന്‍ഡുകളുടെ അംബാഡറാണ് ഷറപോവ. കൂടാതെ 2010-ല്‍ നൈക്കിയുമായി പുതുക്കിയ കരാറിന്റെ മൂല്യം 70 ദശലക്ഷം ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെട്ടത്.'സൗന്ദര്യത്തിന് വിപണിയുണ്ട്. എന്നെ വേണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നതിനു കാരണങ്ങളിലൊന്ന് അതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്കതു മനസ്സിലാകും. ഞാന്‍ സ്വയം വിരൂപിയാകാന്‍ പോകുന്നില്ല,' അവര്‍ പറഞ്ഞു. ഫ്‌ളോറിഡയിലും കാലിഫോര്‍ണിയയിലുമായി രണ്ട് ആഢംബര വീടുകള്‍ ഷറപോവയ്ക്കുണ്ട്. കൂടാതെ ഒരു സംരംഭക എന്ന നിലയില്‍ പുതിയൊരു കരിയര്‍ കെട്ടിപ്പടുക്കുക കൂടി ചെയ്യുന്നു. 2012-ല്‍ ഷുഗര്‍പോവ എന്ന പേരില്‍ സ്വന്തമായി കാന്‍ഡി വിപണിയിലിറക്കി. ആദ്യ ആറു മാസത്തില്‍ കാല്‍ ലക്ഷത്തിലേറെ പാക്കുകളാണ് വിറ്റു പോയത്. 28-ാം വയസ്സു വരെ ടെന്നീസ് കളിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ അവര്‍ പറഞ്ഞത്. എന്നാല്‍ ടെന്നീസ് വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷറപോവ വ്യക്തമാക്കി. 'ഇങ്ങനെ എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടെന്നീസ് കളിക്കാന്‍ എനിക്ക് ഇനിയും അവസരം ലഭിക്കുമെന്നാണ് എന്റെ ഉറച്ച പ്രതീക്ഷ.'

Next Story

Related Stories