Top

മറിയാമ്മ ഉമ്മന്‍ചാണ്ടിയില്‍നിന്ന് സുനിതാ കെജ്രിവാള്‍ പഠിക്കേണ്ടത്

മറിയാമ്മ ഉമ്മന്‍ചാണ്ടിയില്‍നിന്ന്   സുനിതാ കെജ്രിവാള്‍ പഠിക്കേണ്ടത്

മറിയാമ്മ ഉമ്മന്‍ചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഭാര്യയാണെന്ന് അറിയാത്തവര്‍ കുറവായിരിക്കും. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൂപ്പര്‍താരമായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയാണ് സുനിതാ കെജ്രിവാള്‍.

മറിയാമ്മ കനറാ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു. മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും കെ.എസ്.യു നേതാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂത്തമകള്‍ മരിയക്ക് രാഷ്ട്രീയത്തിന്റെ അസ്‌കിത ഇല്ലായിരുന്നെന്നാണ് കേട്ടിട്ടുള്ളത്. മുത്തൂറ്റ് കുടുംബാംഗവുമായുള്ള വിവാഹവും വിവാഹമോചനവും വിവാദമായി. അടുത്തിടെ വീണ്ടും വിവാഹിതയായി. മുഖ്യമന്ത്രിയോടൊപ്പം ദൃശ്യങ്ങളിലും ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന പേരക്കുട്ടി മരിയയുടെ മകനാണ്. മക്കളുടെ പ്രസവസമയത്തൊന്നും ഉമ്മന്‍ചാണ്ടി ഭാര്യയുടെ സമീപത്തില്ലായിരുന്നു. ആദ്യത്തെ മകള്‍ പിറക്കുമ്പോള്‍ അന്ന് ഹിമാചല്‍പ്രദേശിലെ മന്ത്രിയായിരുന്ന സുഷാമാ സ്വരാജ് അംഗമായ ഒരു സംഘത്തോടൊപ്പമായിരുന്നു ഉമ്മന്‍ചാണ്ടി.

കഴിഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ മകന്‍ അരുണ്‍കുമാറിനെ മാത്രമല്ല മകള്‍ ഡോ. ആശയെ ഉപയോഗിച്ചും വേട്ടയാടാന്‍ മുഖ്യധാരാ മാദ്ധ്യമങ്ങളാണ് മുന്നില്‍നിന്നത്. അരുണിനെതിരെ ഒരുപാട് ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. അതില്‍ ആകപ്പാടെ ഒരെണ്ണത്തില്‍ ഒരു കേസെടുക്കാന്‍ കഴിഞ്ഞത് മാത്രമാണ് മിച്ചം. ഡോ.ആശയുടെ പേരില്‍ ഉന്നയിക്കപ്പെട്ടതിലൊന്നും കഴമ്പില്ലെന്ന് ഈ സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. എന്നാല്‍, ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കുടുംബം അതീവഗുരുതരമായ ആരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുമ്പോഴും അതൊന്നും മുഖ്യാധാരാ മാദ്ധ്യമങ്ങള്‍ അറിയുന്നേയില്ല!

കേരളത്തിലെ ഇതിനുമുമ്പുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ഭാര്യയും കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. കല്യാണമേ വേണ്ടെന്നു പറഞ്ഞ് 'പുരനിറഞ്ഞു'നിന്ന ആന്റണിയെ പെണ്ണുകെട്ടിച്ചതില്‍ വലിയ പങ്ക് മറിയാമ്മയ്ക്കുള്ളതാണ്. മറിയാമ്മയുടെ അടുത്ത കൂട്ടുകാരി എലിസബത്ത് ആന്റണിയുടെ നല്ലപാതിയായത് അങ്ങനെയായിരുന്നു.മോഹന്‍ലാല്‍ നല്ല നടനാണെന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമുണ്ടാവില്ല. ഒന്നുരണ്ട് പാട്ട് 'സഹിക്കാവുന്ന' വിധത്തില്‍ സിനിമയില്‍ വന്നതിനു കാരണം സാങ്കേതികവിദ്യയുടെ സൗകര്യത്താലാണ്. അദ്ദേഹം മികച്ച ഗായകനാണെന്ന തെറ്റിദ്ധാരണയില്‍ ആ വലിയ നടനെയും കുടുക്കിയതാണ് ദേശീയഗെയിംസിലെ 'ലാലിസം' പരിപാടിയിലൂടെ സംഭവിച്ചത്.

അത്തരമൊരു തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്ന മന്ത്രിമാരുമുണ്ട്. നല്ലൊരു ഭരണാധികാരിയാണെന്ന് ഇതുവരെയും പറയിപ്പിക്കാത്ത മന്ത്രി ഡോ.മുനീര്‍ മികച്ച രാഷ്ട്രീയക്കാരനാണെന്ന് എതിരാളികള്‍പോലും സമ്മതിക്കും. അദ്ദേഹം മികച്ച ഗായകനാണെന്ന തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നത് വലിയൊരു ദുരന്തമാകാനുള്ള സാദ്ധ്യതയുമുണ്ട്. മന്ത്രി പി.ജെ.ജോസഫ് ഗായകനെന്ന നിലയില്‍ ശരാശരിക്കാരനാണെന്നതാണ് ആശ്വാസം.യേശുദാസിനെക്കാള്‍ വലിയ ഗായകര്‍ എന്ന നിലയിലാണ് ഈ മന്ത്രിമാരെ പലപ്പോഴും അവതരിപ്പിക്കുന്നത്!

ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ കലാഹൃദയം ചൂണ്ടിക്കാട്ടാനാണ് ഇങ്ങനെ 'വളഞ്ഞ്' മൂക്കില്‍ തൊട്ടത്. ഭര്‍ത്താവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എലിസബത്ത് എന്ന ചിത്രകാരിയെ മലയാളികള്‍ കണ്ടതായോ കേട്ടതായോ ഓര്‍ക്കുന്നില്ല. എന്നാല്‍, അദ്ദേഹം കേന്ദ്രമന്ത്രിയായപ്പോള്‍ ഭാര്യയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.'മേംസാബി'ന്റെ ചിത്രങ്ങളിലൂടെ മന്ത്രിയുടെ മനസ്സിലും ഉപജാപകവൃന്ദത്തിലും കയറാമെന്ന് ധരിച്ചവരുണ്ടാവാം. എന്നാല്‍, ആന്റണിയുടെ ജനുസ്സ് വേറെയാണല്ലോ. അതുകൊണ്ടാണല്ലോ പ്രതിരോധ ഇടപാടുകള്‍ ആരോപണവിധേയമായപ്പോഴും ധരിക്കുന്ന വസ്ത്രത്തിന്റെ വെണ്‍മയോടെ അധികാരത്തില്‍നിന്നിറങ്ങാന്‍ പ്രതിരോധമന്ത്രിയായിരുന്ന ആന്റണിക്ക് സാധിച്ചത്. ആ ആന്റണിയുടെ പത്‌നിയുടെ ചിത്രങ്ങള്‍ നല്ല നിലയിലാണ് വിറ്റുപോയത്. ആ പണം തിരുവനന്തപുരം ആര്‍.സി.സിയിലെ ഉള്‍പ്പെടെ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ എലിസബത്ത് വിനിയോഗിച്ചു.


ആ എലിസബത്തിന്റെ സുഹൃത്തായ മറിയാമ്മ ഉമ്മന്‍ചാണ്ടി കനറാബാങ്കില്‍നിന്ന് വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി കാണുന്നുണ്ട്. അതുകൂടുതലും ജീവകാരുണ്യമേഖലയിലാണെന്നത് സന്തോഷകരമാണ്.സ്‌കൂള്‍വാന്‍ തോട്ടിലേക്ക് മറിഞ്ഞ് ഇനിയും ജീവിതത്തിലേക്ക് പൂര്‍ണമായി മടങ്ങി എത്താനാവാത്ത ഇര്‍ഫാന്‍ എന്ന കുഞ്ഞിന് ചികിത്സാസഹായം എത്തിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനുമെത്തിയ മറിയാമ്മയുടെ നല്ല മനസ്സ് അംഗീകരി ക്കപ്പെടട്ടെ.കേരള ശിശുക്ഷേമ സമിതിയിലെ അനാഥക്കുട്ടികളോടൊപ്പം കുരുത്തോലക്കിരീടമണിഞ്ഞ് കളിക്കാന്‍ മുഖ്യമന്ത്രിയെ കൂടെ കൂട്ടിയതും ഉചിതമായി.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കുവേണ്ടിക്കുവേണ്ടി രണ്ടാമതും അനുഗ്രഹം തേടിയ മറിയാമ്മയിലെ ഭാര്യയെ നമുക്ക് മനസ്സിലാക്കാനാവണം. ഓര്‍ത്തഡോക്‌സ് - യാക്കാബായ സഭകള്‍ തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ക്ക് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ മുന്‍കൈ എടുക്കണമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ ഈ പാത്രിയര്‍ക്കീസ് ബാവാക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പെരുന്നാളിന്റെ പൊടിപൂരമാണ്! പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനായ റോയ്മാത്യു അതേക്കുറിച്ച് ഫെയ്‌സ്ബുക്കിലെ പ്രതികരണത്തില്‍ പറയുന്നതിങ്ങനെ :'മതേതര രാജ്യത്തെ പാര്‍ലമെന്റിലെ ഉന്നത പദവിയിലിരിക്കുന്ന വ്യക്തി സഭകള്‍ തമ്മിലുള്ള അടിപിടിയില്‍ മദ്ധ്യസ്ഥം പറയേണ്ട കാര്യമില്ല.തര്‍ക്കങ്ങള്‍ പരിഹരിക്കാനും നീതി നടപ്പാക്കാനും കോടതികള്‍ ഈ രാജ്യത്തുണ്ട്. അതിന്റെ വിധികളെ മാനിക്കാത്തവര്‍ക്കുവേണ്ടി മീഡിയേഷന് കുര്യന്‍ ശ്രമിച്ചാല്‍ അദ്ദേഹം ഇന്ത്യന്‍ ജുഡീഷ്യറിയെ തള്ളിപ്പറയുന്നതിന് തുല്യമാവും.നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികളും പുരോഹിതരും തമ്മിലടി നിര്‍ത്തി രാജ്യത്തെ നിയമവ്യവസ്ഥകളനുസരിച്ച് മര്യാദയ്ക്ക് ജീവിക്കാനാണ് കുര്യന്‍ സാറ് പറയേണ്ടത്'

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയത്തിലേക്ക് കുതിച്ചപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ഭാര്യ സുനിതയെ ആലിംഗനം ചെയ്ത് നന്ദി പറയുകയായിരുന്നു. ഒരു കൊച്ചുമനുഷ്യനായ തന്നെ ഈ മഹാവിജയത്തിന് പ്രാപ്തയാക്കിയത് സുനിത നല്‍കിയ പിന്തുണയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതി 1993ല്‍ ഐ.ആര്‍.എസ് കിട്ടി മസൂറിയിലെ നാഷണല്‍ അക്കാഡമി ഒഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിനിടയിലാണ് കെജ്രിവാള്‍ സുനിതയോട് പ്രണയം തുറന്നു പറഞ്ഞത്. അടുത്തവര്‍ഷം നവംബറില്‍ വിവാഹം.2006ല്‍ പൊതുപ്രവര്‍ത്തനരംഗത്തിറങ്ങാന്‍ ജോലി ഉപേക്ഷിക്കുമ്പോള്‍ സുനിതയുടെ വരുമാനമായിരുന്നു പിന്നീടുള്ള ഒമ്പതുവര്‍ഷം അരവിന്ദ് കെജ്രിവാളിനും ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ മകള്‍ ഹര്‍ഷിതക്കും മകന്‍ പുളകിതിനും താങ്ങായത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്ന കാലയളവൊഴിച്ചാല്‍ ആദായനികുതി വകുപ്പിലെ അഡീഷണല്‍ കമ്മിഷണറായ സുനിതക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഈ കുടുംബത്തിന്റെ പാര്‍പ്പ്. അതുകൊണ്ട്, കഷ്ട,ദുരിത കാലങ്ങളില്‍ താങ്ങായിരുന്ന പ്രിയപ്പെട്ട പങ്കാളിയെ പരസ്യമായി അഭിനന്ദിച്ചും അരവിന്ദ് കെജ്രിവാള്‍ നല്ല മാതൃകകാട്ടി.എന്നാല്‍, ഭാര്യമാരുടെ ചുമതലയാണ് കുടുംബം പോറ്റലും ഭര്‍ത്താവിന്റെ നല്ലതിനായുള്ള പ്രാര്‍ത്ഥനയുമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പൊതുവേയുള്ള ധാരണ. അതുകൊണ്ടാവണം, ഉമ്മന്‍ചാണ്ടി ഭാര്യയെക്കുറിച്ച് പരസ്യമായി പറയാത്തത്. ഭര്‍ത്താവിനായി വീണ്ടും പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട, തലേന്നുവിരുന്നു നല്‍കിയ സംഘത്തിലുണ്ടായിരുന്ന മറിയാമ്മയുടെ പേര് പാത്രിയര്‍ക്കീസ് ബാവാക്ക് കൃത്യമായി പറഞ്ഞുകൊടുക്കാനാവാത്ത അവസ്ഥക്ക് അതും ഒരു കാരണമാവണം.(പാത്രിയര്‍ക്കീസ് ബാവ മറിയാമ്മ എന്നതിനു പകരം എലിസബത്ത് എന്നാണ് പൊതുവേദിയില്‍ പറഞ്ഞത്.)

മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് രക്ഷിക്കാന്‍ ദൈവത്തിനേ കഴിയൂ എന്ന് മറിയാമ്മക്കും ബോദ്ധ്യമായിട്ടുണ്ടാവണം. എവിടെച്ചെന്നാലും കൂവലോടെയുള്ള 'സ്വീകരണം' അവരും കാണുന്നതാണല്ലോ. ഏറ്റവുമൊടുവില്‍ മന്ത്രിമാര്‍ക്കിരിക്കാന്‍ ഇടം കിട്ടാത്തതിനെത്തുടര്‍ന്ന് കായിക മന്ത്രിയും സര്‍വ്വോപരി മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ അതേവേദിയില്‍ മുഖ്യമന്ത്രിക്കും കൊച്ചുമകനുമൊപ്പം ഇരിക്കുകയായിരുന്ന മറിയാമ്മ, ഉമ്മന്‍ചാണ്ടി പ്രസംഗിക്കാനെഴുന്നേറ്റപ്പോഴുണ്ടായ പ്രതികരണം നേരിട്ടുകണ്ടതാണല്ലോ. പക്ഷെ, മന്ത്രിമാര്‍ക്ക് ഇരിപ്പിടം കിട്ടാത്ത വേദിയില്‍ എങ്ങനെ മറിയാമ്മക്ക് ഇരിപ്പിടമൊരുങ്ങി എന്ന് സാധാരണക്കാരെ അന്വേഷിക്കാന്‍ തിരുവഞ്ചൂരിന്റെ കുത്തുവാക്ക് കാരണമാവില്ലേ?

തന്റെ വിജയത്തിന് കാരണക്കാരിയെന്ന് പരസ്യമായി പ്രഖ്യാപിച്ച മനുഷ്യന്‍ ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുമ്പോള്‍ സുനിതയും മക്കളും ആ വേദിയിലോ അതിനടുത്തോ ഇല്ലായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു അവരും നിലയുറപ്പിച്ചത്. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തിന് പങ്കെടുക്കാം. ഔദ്യോഗിക ചടങ്ങില്‍ ഭാര്യും മക്കളും പങ്കെടുക്കാന്‍ തുടങ്ങിയാല്‍ അരവിന്ദ് കെജ്രിവാളിന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ജനങ്ങളില്‍നിന്ന് നേരിടുന്ന പ്രതികരണം അനുഭവിക്കേണ്ടിവരുമെന്ന് പറയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല.


Next Story

Related Stories