TopTop
Begin typing your search above and press return to search.

മറിയാമ്മ നാടകം

മറിയാമ്മ നാടകം

അഴിമുഖം പ്രതിനിധി

ഓഗസ്റ്റ് 14 ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതിഭവനില്‍ അവതരിപ്പിക്കുന്ന മറിയാമ്മ നാടകത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട്.

ചരിത്രത്തിന്റെ പുനര്‍വായന പലപ്പോഴും നിഷ്പക്ഷമായിരിക്കില്ല. ഒന്നിനെ മറന്നും മറ്റൊന്നിന് അനര്‍ഹമായ പരിഗണന കൊടുത്തും ആവര്‍ത്തിക്കപ്പെടാറാണുള്ളത്. മലയാള നാടകത്തിന്റെ കാര്യത്തിലും ഇത്തരമൊരു പരിശോധന നടത്തുമ്പോള്‍, ചില മറവികള്‍ ഇക്കാര്യത്തിലും സംഭവിച്ചിരിക്കുന്നതായി കാണാം.

തിരുവനന്തപുരം ലെനിന്‍ ബാലവേദിയുടെ ആഡിറ്റോറിയം ഇപ്പോള്‍ ഒരു നാടക റിഹേഴ്‌സല്‍ ക്യാമ്പായിരിക്കുകയാണ്. 127 വര്‍ഷങ്ങള്‍ക്ക് എഴുതപ്പെട്ട ഒരു നാടകത്തിന്റെ പുനരവതരണത്തിനായുള്ള റിഹേഴ്‌സല്‍ ആണ് ഇവിടെ നടക്കുന്നത്. മലയാള നാടകവേദിയുടെ ചരിത്രമെഴുതിയവരെല്ലാം വിസ്മരിച്ചുകളഞ്ഞ മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടകമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വിളിക്കാവുന്ന, പോളച്ചിറയ്ക്കല്‍ കൊച്ചീപ്പന്‍ തകരന്‍ രചിച്ച മറിയാമ്മ നാടകമാണ് ഒരു നൂറ്റാണ്ടിനിപ്പുറം ഒരിക്കല്‍ കൂടി അരങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്നത്.

മറിയാമ്മ നാടകവും കൊച്ചീപ്പന്‍ തരകനും
മലയാള മനോരമയുടെ സ്ഥാപക പത്രാധിപരായിരുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ അനന്തരവന്‍ ആയിരുന്നു പോളച്ചിറയ്ക്കല്‍ കൊച്ചീപ്പന്‍ തകരന്‍. സാഹിത്യവാസനയും സാമൂഹിക നിരീക്ഷണ പാടവും ഉള്ള വ്യക്തി. 1878 ല്‍ ആണ് കൊച്ചീപ്പന്‍ തരകന്‍ മറിയാമ്മ നാടകം എഴുതുന്നത്. നാടകം എഴുതി തീര്‍ത്തെങ്കിലും അതാരെയെങ്കിലും കാണിക്കാന്‍ പോലും ധൈര്യം തോന്നിയില്ല തരകന്. അതിന് പിന്നീടൊരിക്കല്‍ അദ്ദേഹ പറഞ്ഞ കാരണം, ആ നാടകം തനി വീട്ടു ഭാഷയില്‍ എഴുതിയ ഒന്നായിരുന്നു' എന്നതാണ്. തരകന്റെ ഭയം ആ സാഹചര്യത്തില്‍ അസ്ഥാനത്തായിരുന്നില്ല. സംസ്‌കൃതഭാഷ സാഹിത്യത്തിന്റെ അടിസ്ഥാനമായി നിലനിന്നിരുന്ന കാലത്ത് ഒരു വീട്ടുഭാഷ നാടകത്തിന് ഒട്ടും വില കാണില്ലെന്ന് പൊതുവെ ആരും തന്നെ ശങ്കിക്കും. എങ്കിലും മനസ്സിലെ പിരിമുറുക്കം തരകനെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. ഒടുവില്‍ കുറച്ച് ധൈര്യം സംഭരിച്ച് സി അന്തപ്പായി കാണാന്‍ തീരുമാനിച്ചു. അക്കാലത്ത് പേരുകേട്ട നിരൂപകനാണ് അന്തപ്പായി. എന്തായിരിക്കും പ്രതികരണമെന്ന കാര്യത്തില്‍ തരകന് സാമാന്യം നല്ല ഭയം ഉണ്ടായിരുന്നു. എങ്കിലും നാടകം അന്തപ്പായി ഏല്‍പ്പിച്ച് സ്ഥലം വിട്ടു. തരകന്‍ വിചാരിച്ചപോലെ ആയിരുന്നില്ല കാര്യങ്ങള്‍. നാടകം വായിച്ച അന്തപ്പായിക്ക് നന്നേ ബോധിച്ചു. ഈ നാടകം അരങ്ങത്തേറേണ്ടത് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു. നടകവു കൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയ ഒരു കത്തും അന്തപ്പായി മനോരമയിലേക്ക് അയച്ചു. മനോരമയിലേക്ക് വന്ന ഒരു പൊതി വറുഗീസ് മാപ്പിളയും കാണാനിടയായി. അതിനു പുറത്തെ കൈയക്ഷരം പത്രാധിപര്‍ക്ക് നല്ല പരിചയം, സി അന്തപ്പായിയുടെ കൈയക്ഷരമാണതെന്ന് മനസ്സിലാക്കിയ വറുഗീസ് മാപ്പിളയ്ക്ക് ചെറിയൊരു ഉദ്വേഗം മനസ്സില്‍ ഉണ്ടായി, അന്തപ്പായി കൊച്ചീപ്പന്‍ തരകന് എന്താണ് എഴുതിയയച്ചിരിക്കുന്നത്? അമാന്തിക്കാതെ പൊതി പൊട്ടിച്ചു. അതിലുണ്ടായിരുന്ന നാടകവും അന്തപ്പായിയുടെ കത്തും വായിച്ചശേഷം കണ്ടത്തില്‍ വറുഗീസ് മാപ്പിളയെന്ന സഹൃദയന്‍ ഒരു തീരുമാനം എടുത്തു, തരകന്‍ എഴുതിയ ഈ നടകം അരങ്ങത്ത് വരണം.


പിന്നെ അതിനുള്ള നടപടികളായി. റിഹേഴ്‌സല്‍ ക്യാമ്പ് കോട്ടയത്തെ മനോരമ ഓഫീസ്. അഭിനേതാക്കള്‍ മനോരമയിലെ ജീവനക്കാര്‍. രാത്രി പത്രം പോയിക്കഴിഞ്ഞാണ് റിഹേഴ്‌സല്‍. അങ്ങനെ വല്ലാതെ പേടിച്ച് എഴുതിയൊരു നാടകം കൊച്ചീപ്പന്‍ തരകന്‍ ആഗ്രഹം പോലെ തന്നെ കോട്ടയത്ത് അരങ്ങേറി, ഒന്നിലധികം വേദികളില്‍.

എന്തായിരുന്നു ആ നാടകത്തിന് അന്തപ്പായിയും വറുഗീസ് മാപ്പിളയുമൊക്കെ കണ്ട പ്രത്യേകത എന്നത് അറിയണമെങ്കില്‍, നാടകത്തിന്റെ ഉള്ളടക്കം പരിശോധിക്കണം. ആ കാലത്ത് ഉണ്ടായ ഏറ്റവും വിപ്ലവകരമായൊരു രചന എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു മറിയാമ്മ നാടകം. തികച്ചും സ്ത്രീപക്ഷമായ രചന. ഒരു കുടുംബത്തിലെ ആഭ്യന്തരകലഹമായിരുന്നു പ്രമേയം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഒരു നേര്‍ചിത്രം പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊച്ചീപ്പന്‍ തരകന്‍ വരച്ചിട്ടതുപോലെ തന്നെ ഈ നൂറ്റാണ്ടിലും ആവര്‍ത്തിക്കപ്പെടുന്നു എന്നതു തന്നെയാണ് മറിയാമ്മ നാടകത്തിന്റെ സമകാലിക പ്രസക്തിയും. സായിപ്പിന് കൈകൊടുത്തു എന്നതിന്റെ പേരില്‍ അമ്മായി അമ്മയുടെ പക്കല്‍ നിന്ന ശകാരം കേള്‍ക്കുന്നുണ്ട് മറിയാമ്മ. കല്യാണം കഴിഞ്ഞൊരു പെണ്ണ് അന്യപുരുഷനെ സ്പര്‍ശിക്കുന്നതിലെ സദാചാരലംഘനം അക്കാലത്തിന്റെ മാത്രം അന്ധതയല്ലായിരുന്നുവെന്നും കാലങ്ങള്‍ക്കിപ്പുറവും അതേ ഇരുട്ട് സമൂഹത്തില്‍ പൊതിഞ്ഞു നില്‍ക്കുന്നുണ്ടെന്നും നമുക്കറിയാം.

പുതിയകാലത്ത് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കൊച്ചീപ്പന്‍ തരകന്‍ അതെക്കുറിച്ച് എഴുതിയത് തികച്ചും വിപ്ലാവത്മകം തന്നെയായിരുന്നു. കല സമൂഹത്തിന് പ്രബോധനം നല്‍ക്കുന്നോരുപാധിയാണെന്നു തിരിച്ചറിഞ്ഞവരായതുകൊണ്ടാകണം അന്തപ്പായിയും വറുഗീസ് മാപ്പിളയുമെല്ലാം കൊച്ചീപ്പന്‍ തരകന്റെ നടകം ജനങ്ങള്‍ സമക്ഷം അവതരിപ്പിക്കേണ്ട ഒന്നാണെന്ന് പറയാനും അതിനായി തയ്യാറായതും.

ചരിത്രം മറന്ന നാടകം
ഇത്രയൊക്കെ വിശേഷണങ്ങള്‍ പേറുന്നുണ്ടെങ്കിലും മലയാള നാടകവേദിയുടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നേടാന്‍ മറിയാമ്മ നാടകത്തിന് കഴിയാതെ പോയത് എന്തുകൊണ്ട്? എന്ന ചോദ്യമാണ് ആര്‍. ശ്രീനാഥ് നായര്‍( ശ്രീനാഥാണ് മറിയാമ്മ നാടകത്തിന്റെ സംവിധായകന്‍). മലയാളത്തിലെ ആദ്യത്തെ മൗലിക നാടകം മറിയാമ്മ നാടകം ആണ്. ആദ്യത്തെ സ്വതന്ത്ര നാടകവും. കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പ് എഴുതിയ ആള്‍മാറാട്ടമൊക്കെ 1882 ല്‍ ആണ് വരുന്നത്. അതേപോലെ നമ്മള്‍ മലയാള നാടകത്തിന്റെ ചരിത്രം ആരംഭിക്കുന്നതാകട്ടെ വലിയകോയി തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളത്തില്‍ നിന്നും. ജി. ശങ്കരപ്പിള്ളയടക്കം അഭിജ്ഞാന ശാകുന്തളത്തിന്റെ വിവര്‍ത്തനം വച്ചുകൊണ്ട് മലയാള നാടകത്തിന്റെ ചരിത്രം പറഞ്ഞു തുടങ്ങുമ്പോള്‍, മറിയാമ്മ നാടകവും കൊച്ചീപ്പന്‍ തരകനു തിരസ്‌കരിക്കപ്പെടുകയാണ്. 1878 ല്‍ എഴുതിയ ഈ നാടകം പബ്ലിഷ് ചെയ്യപ്പെടുന്നത് 1903 ല്‍ ആണ്. മറിയാമ്മ നാടകത്തെ നാം പരിഗണിച്ചു തുടങ്ങുന്നതും ആ കാലംവെച്ചുകൊണ്ടാണ്. ഒരു കൃതിയെ അതിന്റെ പബ്ലിഷിംഗ് തീയതിവച്ച് പരിഗണനയ്‌ക്കെടുക്കുന്നതിലെ ഔചിത്യമില്ലായ്മയായിരിക്കാം ഒരുപക്ഷേ ആ കൃതിക്ക് അര്‍ഹമായ സ്ഥാനം ചരിത്രത്തില്‍ ലഭിക്കാതെ പോയതിനു കാരണം. ഒരു നാടകഗവേഷകന്‍ എന്ന നിലയിലും എന്നെ വിഷമിപ്പിക്കുന്നത് മറിയാമ്മ നാടകത്തെ വേണ്ടത്ര രീതിയില്‍ പരിഗണിക്കാനോ പഠിക്കാനോ നാം ഇതുവരെ തയ്യാറാകാതെ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ നാടകം വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറാകുമ്പോള്‍ ചരിത്രത്തോടുള്ള ഒരു നീതികരണമാകുന്നു.മറിയാമ്മ നാടകം; മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടകം
എന്തുകൊണ്ടും മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടകം മറിയാമ്മ നാടകം ആണെന്നു പറയാം. ചരിത്രം വ്യക്തമായി പരിശോധിച്ചാല്‍ ഇതിലുള്ള സംശയം മാറിക്കിട്ടും. റിയലിസം പാശ്ചാത്യനാടകവേദിയില്‍ നിന്ന് കടം കൊണ്ടതാണെന്നാണ് നാം വിശ്വസിക്കുന്നത്. ഇബ്‌സന്റെ നാടകങ്ങളുടെ സ്വാധീനമാണ് മലയാളനാടകവേദിയില്‍ റിയലിസത്തിന്റെ സാധ്യതകള്‍ കൊണ്ടുവന്നതെന്നു പഠനങ്ങള്‍ പറയുന്നു. 1940 ല്‍ എന്‍ കൃഷ്ണപിള്ളയുടെ ഭഗ്നഭവനം റിയലിസത്തിന്റെ ആദ്യമാതൃകയായും നമ്മള്‍ പരിഗണിക്കുമ്പോള്‍ അതിന് എത്രയോ വര്‍ഷങ്ങള്‍ മുമ്പെഴുതിയ മറിയാമ്മ നാടകത്തിലെ റിയലിസം നാം കാണാതെ പോകുന്നൂ? 1940 വരെ ഇബ്‌സനിസം മലയാളത്തില്‍ ഉണ്ടായിട്ടില്ല. 1878 ല്‍ എഴുതപ്പെട്ടൊരു നാടകത്തില്‍ ഇതേ റിയലിസം ഉണ്ടെന്നു കാണുമ്പോള്‍ തീര്‍ച്ചയായും റിയലിസ്റ്റിക് സമ്പ്രദായം നാം പാശ്ചാത്യരില്‍ നിന്ന് കടം കൊണ്ടതല്ലെന്നും അത് ഭാരത്തില്‍ മൗലികമായി ഉണ്ടായിട്ടുണ്ടെന്നും നമുക്ക് അഭിമാനത്തോടെ പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നു. മറിയാമ്മ നാടകം കാണുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണത്. അതിലെ പ്രമേയം കാലാധിവര്‍ത്തിയായി നിലനില്‍ക്കുന്ന ഒന്നാണെന്നും അതു തികച്ചും മൗലികമായൊരു സൃഷ്ടിയാണെന്നും മനസ്സിലാകും. എന്നിരിക്കെ ഈ നാടകം എന്തുകൊണ്ട് പുറംതള്ളപ്പെട്ടുപോയി എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. റിയലിസവും റിച്വല്‍സും വളരെ മനോഹരമായി ബ്ലെന്‍ഡ് ചെയ്താണ് കൊച്ചീപ്പന്‍ തരകന്‍ മറിയാമ്മ നാടകം രചിച്ചിരിക്കുന്നത്. ഈ നടകത്തില്‍ വരുന്ന മന്ത്രവാദ രംഗങ്ങളൊക്കെ അതിന്റെ മകുടോദ്ദാഹരണമാണ്.ഇന്ത്യന്‍ റിയലിസം എന്താണെന്നുള്ള എന്റെ ഗവേഷണമാണ് കൊച്ചീപ്പന്‍ തരകന്റെ മറിയാമ്മ നടകത്തിലേക്ക് എന്നെ കൊണ്ടുവന്നെത്തിക്കുന്നത്. ആ നാടകത്തിന്റെ ഘടന, പ്രമേയത്തിന്റെ പ്രസക്തി, റിയലിസ്റ്റിക് അപ്രോച്ച് തുടങ്ങിയ ഘടകങ്ങള്‍ നാടകത്തിന്റെ പുനരവതരണത്തിന് പ്രേരിപ്പിച്ചു. 1992 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം നാടക രചനയും സംവിധാനവുമായി കഴിഞ്ഞശേഷം 2000 ല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോയി. വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് നാടകത്തില്‍ ഡോക്ടറേറ്റ് നേടി. ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ നാടകവിഭാഗം പ്രൊഫസറായി. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് നാട്ടിലേക്ക് തിരിച്ചുവരുന്നത്. വലിയൊരു ഇടവേളയ്ക്കുശേഷം മലയാളത്തില്‍ ഒരു നാടകം സംവിധാനം ചെയ്യണമെന്ന തീരുമാനമാണ് മറിയാമ്മ നാടകത്തിലേക്ക് എത്തിക്കുന്നത്. പൂര്‍വ്വ മാതൃകകളൊന്നും ഇല്ലാതിരുന്ന കാലത്ത രചിക്കപ്പെട്ടൊരു സ്വതന്ത്രനാടകം, അതിലെ റിയലിസം; ഒരു ട്രിബ്യൂട്ട് എന്ന നിലയ്ക്കായിട്ടും ഈ നാടകം ചെയ്യണം എന്ന് തീരുമാനിക്കുകയായിരുന്നു. പ്രഥമ പരിഗണന നല്‍കി ആദരിക്കേണ്ട ഒരു നാടകകൃതിയെ വിസ്മരിക്കുന്നത് തികച്ച അനൗചിത്യമാണ്; ശ്രീനാഥ് നായര്‍ പറയുന്നു.

മറിയാമ്മ നാടകത്തിലെ അഭിനേതാക്കളെ ശ്രീനാഥ് കണ്ടെത്തുന്നത് ഫേസ്ബുക്ക് വഴിയാണ്. ഫേസ്ബുക്കില്‍ നല്‍കിയ പരസ്യത്തോട് തിരുവനന്തപുരം മുതല്‍ കണ്ണൂരില്‍ നിന്നുവരെയുള്ളവര്‍ താല്‍പര്യമറയിച്ചു പ്രതികരിച്ചു.അതിനുശേഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒഡീഷന്‍ ടെസ്റ്റില്‍ വച്ചാണ് നാടകത്തിലേക്കാവിശ്യമുള്ള അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്. ക്ഷമ, മീനാക്ഷി, അജിത് ഗോപിനാഥ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രത്യേക അഭിനയമാതൃകകള്‍ പിന്തുടരുന്ന അഭിനേതാക്കളെ വേണ്ടെന്നതും ഒരു പുതിയ ഗ്രൂപ്പ് വേണമെന്നുമുള്ളതായിരുന്നു തീരുമാനം. സംവേദനത്തിന്റെ ശീലങ്ങളെ മാറ്റൊന്ന ഇത്തരമൊരു നാടകത്തിന് പ്രത്യേക കാറ്റലോഗൊന്നും ഇല്ലാത്ത അഭിനേതാക്കള്‍ ആവശ്യമാണ്; ശ്രീനാഥ് പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories