TopTop
Begin typing your search above and press return to search.

മാരിയപ്പന്‍ തങ്കവേലു; സ്വര്‍ണത്തെക്കാള്‍ തിളക്കമുണ്ട് ഈ മനക്കരുത്തിന്

മാരിയപ്പന്‍ തങ്കവേലു; സ്വര്‍ണത്തെക്കാള്‍ തിളക്കമുണ്ട് ഈ മനക്കരുത്തിന്

അഴിമുഖം പ്രതിനിധി

റിയോ പാരാലമ്പിക്‌സില്‍ ഹൈംജംപില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം ഏതൊരാള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ്. ജീവിതത്തില്‍ നേരിടുന്ന ചെറിയ തിരിച്ചടികളില്‍ പോലും ബാക്കിയുള്ള കാലം മുഴുവന്‍ പരാജിതനായി കഴിയാന്‍ സ്വയമൊരുങ്ങുന്നവര്‍ തീര്‍ച്ചയായും തങ്കവേലുവിനെ അറിയണം. സ്വന്തം അപാകതയില്‍ തളര്‍ന്നു നില്‍ക്കാനല്ല, കുതിച്ചു ചാടാനാണു തങ്കവേലു തയ്യാറായത്. തനിക്കു നേടാനുള്ളതൊക്കെ നേടാന്‍ തന്റെ ഇല്ലായ്മകള്‍ ഒരു കാരണമാകരുതെന്ന് ഈ ചെറുപ്പക്കാരന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് 120 കോടിയിലേറേ ജനങ്ങളുടെ അഭിമാനമായി മാറാന്‍ അയാള്‍ക്ക് സാധിച്ചതും.

സേലത്തു നിന്നു 50 കിലോമീറ്റര്‍ മാറിയാണ് പെരിയവടഗാമ്പട്ടി ഊര്. അവിടെയാണ് തങ്കവേലു ജനിച്ചു വളര്‍ന്നത്. അഞ്ചുവയസുവരെ ചുറുചുറുക്കോടെ ഓടിനടന്ന കുട്ടി. ഒരു ദിവസം സ്‌കൂളിലേക്കു നടന്നു പോകുമ്പോഴാണ് വിധി ഒരു ബസിന്റെ രൂപത്തില്‍ തങ്കവേലുവിന്റെ വലതുകാലില്‍ കൂടി കയറിയിറങ്ങിയത്. മുട്ടിനു താഴെ കാലു തകര്‍ന്നുപോയി.

ആ ബസ് ഡ്രൈവര്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇനിയത് പറഞ്ഞിട്ടു കാര്യമില്ല, എനിക്കെന്റെ കാല് നഷ്ടപ്പെട്ടു; ഒരിക്കല്‍ തങ്കവേലു പറഞ്ഞു.

തകര്‍ന്നുപോയ തന്റെ മകന്റെ കാല് ചികിത്സിക്കാനായി അന്നു മൂന്നുലക്ഷം രൂപയാണ് തങ്കവേലുവിന്റെ അമ്മ ലോണ്‍ എടുത്തത്. പച്ചക്കറി വില്‍പ്പനക്കാരായായിരുന്ന ആ സ്ത്രീക്ക് കടം വാങ്ങിയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലായിരുന്നു. ഇന്നും വായ്പ്പയുടെ കുടിശ്ശിക അടച്ചുകൊണ്ടിരിക്കുകയാണവര്‍.

വലതു കാല്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥയെന്തായിരിക്കും? ജീവിതം അവിടെ അവസാനിച്ചു എന്നു കരുതും. എന്നാല്‍ തങ്കവേലു, തനിക്കുണ്ടായ വൈകല്യത്തെ കുറിച്ച് ചിന്തിച്ചിരുന്നേയില്ല. അവന്റെ കണ്ണു മുഴുവന്‍ വോളിബോള്‍ കോര്‍ട്ടിലായിരുന്നു. തനിക്കൊരു വലിയ വോളിബോള്‍ കളിക്കാരനാകാന്‍ കഴിയുമെന്നു തന്നെ അവന്‍ വിശ്വസിച്ചു. അതിനിടയിലാണ് തങ്കവേലുവിന്റെ അധ്യാപകന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. അദ്ദേഹം സ്്കൂള്‍ മീറ്റില്‍ ഹൈജംപില്‍ പങ്കെടുക്കാന്‍ തങ്കവേലുവിനോട് ആവശ്യപ്പെട്ടു. അന്നു 14 വയസാണ് പ്രായം. മത്സരിക്കേണ്ടി വന്നത് തന്നെപ്പോലെ എന്തെങ്കിലും അംഗവൈകല്യമുള്ളവരോടല്ലാതിരുന്നിട്ടും രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ തങ്കവേലുവിനു കഴിഞ്ഞു. ആ വിജയം തങ്കവേലുവിന് വലിയ പിന്തുണ നേടിക്കൊടുത്തു, സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും. തുടര്‍ന്നും മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആവേശം അവിടെ നിന്നാണു കിട്ടുന്നത്.തങ്കവേലുവിന്റെ കായിക ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോച്ച് സത്യനാരായണ. 2013 ല്‍ നടന്ന ദേശീയ പാര-അത്‌ലറ്റിക് മീറ്റിലാണ് സത്യനാരായണ തങ്കവേലുവിനെ കാണുന്നത്. 2015 ല്‍ സത്യനാരായണ തങ്കവേലുവിനെ വിളിച്ചു, അവനെ പരിശീലിപ്പിക്കാനുള്ള താതപര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. സത്യനാരായണയുടെ കീഴില്‍ തങ്കവേലുവിലെ കായികതാരം ലോകനിലവാരത്തിലേക്ക് വളരുകയായിരുന്നു.

റിയോയില്‍ സ്വര്‍ണം നേടുന്നതിനു മുമ്പ് തങ്കവേലു വാര്‍ത്തയില്‍ വന്നിരുന്നു. ഈ വര്‍ഷം തന്നെ ടുണീഷ്യയില്‍ നടന്ന ഐപിസി ഗ്രാന്‍ഡ് പ്രിക്‌സില്‍ 1.78 മീറ്റര്‍ ചാടിയാണ് തങ്കവേലു തിളങ്ങിയത്. ആ നേട്ടമാണ് റിയോയിലേക്ക് വഴിയായതും. റിയോ പാരാലമ്പിക്‌സില്‍ യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് 1.60 മീറ്റര്‍ ആയിരുന്നു. ടുണീഷ്യയിലെ പ്രകടനം കണ്ടപ്പോള്‍ തന്നെ തങ്കവേലുവില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ ഉറപ്പിച്ചവരുണ്ടായിരുന്നു.

പാരാലമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ വ്യക്തിഗത സ്വര്‍ണമാണ് തങ്കവേലുവിന്റെ കഴുത്തില്‍ തിളങ്ങുന്നത്. 1972 ല്‍ മുരളികാന്ത് പേട്കര്‍ നീന്തലിലും 2004 ല്‍ ദേവേന്ദ്ര ഝഹ്‌റായ് ജാവലിന്‍ ത്രോയിലുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.


Next Story

Related Stories