UPDATES

വഞ്ചകിയും മതഭ്രാന്തിയുമായ ഒരാള്‍ എങ്ങനെ വിശുദ്ധയായി? മദര്‍ തെരേസയെ വിമര്‍ശിച്ച് ജ. കട്ജു

അഴിമുഖം പ്രതിനിധി

വിശുദ്ധയായി പ്രഖ്യാപിച്ച മദര്‍ തെരേസയോടു കാണിക്കുന്ന ആരാധനയും അവരുടെ പേരില്‍ നടക്കുന്ന കോലാഹലങ്ങളും എന്തിനുവേണ്ടിയാണെന്നു ചോദിച്ച് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ്‌ മാര്‍ക്കണ്ഡേയ കട്ജു പുതിയ വിവാദത്തില്‍. തന്റെ അഭിപ്രായത്തില്‍ മദര്‍ തെരേസ ഒരു പിന്തിരിപ്പന്‍ മൗലികവാദിയും മതഭ്രാ്ന്തിയും വഞ്ചകിയയുമാണെന്നാണു കടജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മദറിനെതിരായ കട്ജുവിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ താന്‍ പറഞ്ഞത് സത്യമാണെന്നാണ് ഈ വിമര്ശനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട്.

നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ടു തന്റെ മുന്നിലിരുന്ന ‘ഊമകളുടെ സദസ്സി’നെ നോക്കി അവര്‍ പറഞ്ഞതെന്താണ്, ഗര്‍ഭഛിദ്രം ലോകസമാധാനത്തെ നശിപ്പിക്കുമെന്ന്? ലോകസമാധനവും ഗര്‍ഭഛിദ്രവും തമ്മിലുള്ള ബന്ധം എന്താണ്? ഒരിക്കല്‍ കുറച്ചു അമേരിക്കന്‍ സര്‍വകലാശാല അധ്യാപകര്‍ മദറിനെ സന്ദര്‍ശിക്കാനെത്തി. വന്നനരോടായി മദര്‍ പറഞ്ഞു; കല്‍ക്കത്തയില്‍ മരിക്കാനായിട്ടുള്ളൊരു ഭവനം നമുക്കുണ്ട്. കല്‍ക്കത്തയിലെ തെരുവുകളില്‍ നിന്നും 36,000 മനുഷ്യരെ നമ്മള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. അവരില്‍ 18,000 പേര്‍ ഈ ഭവനത്തില്‍വച്ച് മരണമടഞ്ഞു; മനോഹരമായ മരണം. അവര്‍ ദൈവത്തിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു’. പട്ടിണിക്കാരനും കിടപ്പാടമില്ലാത്തവനും എങ്ങനെയാണു മനോഹരമായ മരണം സാധ്യമാവുക?

മദര്‍ തെരേസയെ വിശുദ്ധയാക്കാന്‍ തെളിവായെടുത്തതു വ്യാജവും നാണക്കേടുണ്ടാക്കുന്നതുമായ അത്ഭുതങ്ങളാണ്. മോണിക്ക ബെസേറ എന്ന ബംഗാളി സ്ത്രീക്ക് മദര്‍ തെരേസയുടെ ചിത്രത്തില്‍ നിന്നും പുറപ്പെട്ട അത്ഭുതവെളിച്ചം ഏറ്റ് അവരുടെ കാന്‍സര്‍ ബാധയ്ക്ക് കാരണമായ മുഴ അപ്രത്യക്ഷമായെന്നതാണ് മദറിന്റെ അത്ഭുതപ്രവര്‍ത്തിയായി പറയുന്നത്. എന്നാല്‍ ആ സ്ത്രീയെ ചികിത്സിച്ച ഡോക്ടര്‍ രാഞ്ജന്‍ മുസ്തഫി പറയുന്നതെന്താണ്? അവര്‍ കാന്‍സര്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നത് ക്ഷയരോഗത്തിന്റെ ആരംഭമായിരുന്നുവെന്നുമാണ്. അതകാട്ടെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നു കഴിച്ച് മാറുകയും ചെയ്തു. ഡോക്ടര്‍ രാഞ്ജന്‍ മുസ്തഫിയെ വത്തിക്കാനില്‍ നിന്നും വന്ന ആരെങ്കിലും അഭിമുഖം ചെയ്‌തോ? ഇല്ല. ഇതു തന്നെ അവരുടെ അടുത്ത അത്ഭുതപ്രവര്‍ത്തികളെ കുറിച്ചും പറയാം; കട്ജു കുറിക്കുന്നു.

ഡുവലിയര്‍ കുടുംബത്തില്‍ നിന്നും ലിങ്കണ്‍ സേവിങ്‌സില്‍ നിന്നും ലഭിച്ച പണവും സംഭാവനയായി ഒഴുകിയെത്തിയ പണവുമെല്ലാം അവര്‍ എന്തുചെയ്തുവെന്നും കട്ജു ചോദിക്കുന്നു. ഈ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അവര്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. കൊല്‍ക്കത്തയില്‍ പാവങ്ങള്‍ക്കായി വിപുലമായ ചികിത്സാ സൗകര്യമൊരുക്കിയെന്ന് അവകാശപ്പെടുന്ന അവര്‍ തനിക്ക് അസുഖം ബാധിച്ചപ്പോള്‍ കാലിഫോര്‍ണിയയില്‍ ചികിത്സതേടിയെന്നും കട്ജു പറയുന്നു.

അവരെ വിശുദ്ധയാക്കിയ കത്തോലിക് സഭയുടെ പ്രവൃത്തിയെയും കട്ജു വിമര്‍ശിക്കുന്നുണ്ട്. തെരേസയുടെ കടുത്ത വിമര്‍ശകനായിരുന്ന ഡോക്ടര്‍ അരൂപ് ചാറ്റര്‍ജിയുടെ വാക്കുകളും അഭിപ്രായങ്ങളും കട്ജു ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ മദര്‍തെരേസയുടെ രൂക്ഷ വിമര്‍ശകനായിരുന്ന ക്രിസ്റ്റഫര്‍ ഹിച്ചെന്‍സിന്റെ പുസ്തകത്തില്‍ പറഞ്ഞ വാദങ്ങളും കട്ജു ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.

മദര്‍ തെരേസയെ വിശുദ്ധയാക്കാനുള്ള തിടുക്കത്തില്‍ വത്തിക്കാന്‍ ഇത്തരം നിരവധി വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും കട്ജു പറയുന്നു. മൂന്നുവര്‍ഷം മുമ്പ് മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഇത്തരം കാര്യങ്ങള്‍ പഠനം നടത്തി കണ്ടെത്തി തുറന്നെഴുതിയിരുന്നു. ഒരു കോടി ഡോളര്‍ കിട്ടുമെങ്കില്‍ വീടില്ലാത്തവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അവര്‍ ചെയ്തതെല്ലാം ചെയ്യാന്‍ താനും തയ്യാറാണെന്നു പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കാം;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍