വിപണി/സാമ്പത്തികം

കാര്‍ ബാറ്ററിക്ക് ഡിമാന്‍ഡ് കൂടിയപ്പോള്‍ കുഞ്ഞുങ്ങളെ ഖനികളില്‍ തള്ളി കമ്പനികള്‍

Print Friendly, PDF & Email

കോംഗോയിലെ യന്ത്രവത്കൃതമല്ലാത്ത (മനുഷ്യാധ്വാനം ഉപയോഗിക്കുന്ന) ഖനികളില്‍ വരുമാനം പകുതിയോളം കൂടി; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ലോഹത്തിന്റെ ആവശ്യം 18 മാസത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു

A A A

Print Friendly, PDF & Email

ഇലക്ട്രിക് കാറുകളോടുള്ള ഭ്രമം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ചെറുകിട കൊബാള്‍ട്ട് ഉത്പാദനത്തില്‍ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമായി. അതില്‍ ചില ഖനികള്‍ അപകടകരമാണെന്നും കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊബാള്‍ട്ടിന്റെ അന്താരാഷ്ട്ര വിതരണക്കാരില്‍ ഏറ്റവും വലിയ മൂന്നെണ്ണത്തിലെ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നതനുസരിച്ച്, ഇത്തരം യന്ത്രവത്കൃതമല്ലാത്ത ഖനികളിലെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തില്‍ പകുതിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനി ‘ജെക്കാമൈന്‍സ്’ കണക്കാക്കുന്നത്, യന്ത്രവത്കൃതമല്ലാത്ത ഖനികളുടെ ഉത്പാദനം 2017ലെ രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ ഏതാണ്ട് നാലിലൊന്ന് വരുമെന്നാണ്.

ബാറ്ററി നിര്‍മ്മാണഘടകങ്ങളുടെ ദീര്‍ഘകാല വിതരണങ്ങള്‍ സുരക്ഷിതമാക്കാനുള്ള വഴിതേടുന്ന വോക്സ്‍വാഗണ്‍ എജിയും ടെല്‍സ ഇന്‍കോര്‍പ്പറേറ്റഡും അടക്കമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് ആശങ്കക്ക് വഴിയൊരുക്കി. അധാര്‍മ്മികമായ ഖനന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അപവാദങ്ങളില്‍ ഉള്‍പ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 2016ലെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള സാങ്കേതിക ഭീമന്മാര്‍, അവരുടെ ഉപകരണങ്ങള്‍ക്കാവശ്യമായ കൊബാള്‍ട്ട് കുഴിച്ചെടുക്കാന്‍ കോംഗോ പ്രദേശത്തെ ചില ഖനികളില്‍ കുട്ടികളെ നിയോഗിക്കുന്നുണ്ടെന്ന് പ്രസ്താവിക്കുകയുണ്ടായി. ഇത് അവര്‍ക്ക് ചീത്തപ്പേരുണ്ടാക്കി. കുഴികളും തുരങ്കങ്ങളും ഇടിഞ്ഞുവീണ് ഡസന്‍കണക്കിന് ജോലിക്കാര്‍ 2015ല്‍ മരിച്ചതായും അഭിഭാഷകസംഘം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ദ്ധനവ്, ദുര്‍ല്ലഭമായ സ്രോതസ്സുകള്‍ക്കായുള്ള മത്സരം ശക്തമാക്കിയതോടെ കഴിഞ്ഞ 18മാസത്തില്‍ കൊബാള്‍ട്ടിന്റെ മൂല്യം മൂന്നിരട്ടി കൂടി. കൊബാള്‍ട്ടിന്റെ ലോകത്തിലെ മൊത്തം വിതരണത്തില്‍ മൂന്നിലൊന്നും, ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളില്‍ രണ്ടാമത്തേതായ കോംഗോയില്‍നിന്നാണ്. മെട്രിക് ടണ്ണിന് 80000 ഡോളറായി ലോഹവിപണി ഉയര്‍ന്നത് കൊബാള്‍ട്ട് ധാരാളമുള്ള കടംഗ പ്രദേശത്ത് കൂടുതല്‍ ഖനനത്തിന് വഴിയൊരുക്കി. ലോഹധാതുവിനായി തെരയുന്നത് കൃഷിപോലെ സാധാരണവിഷയമായ ആ പ്രദേശത്ത് കൈകൊണ്ട് കുഴിച്ച ഖനികള്‍ പരന്നുകിടക്കുകയാണ്.

ഉത്പാദനം കുതിക്കുന്നു

കോംഗോയുടെ മൊത്തം കൊബാള്‍ട്ട് ഉത്പാദനം ആംനെസ്റ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ സമ്മര്‍ദത്തില്‍ 2016ല്‍ താഴേക്ക് പോയിരുന്നു. പക്ഷേ അത് കഴിഞ്ഞവര്‍ഷം മടങ്ങിവന്നു. മൂന്നിലൊരുഭാഗം കൊബാള്‍ട്ട് അടങ്ങിയ, ഭാഗികമായി ശുദ്ധീകരിച്ച ഉത്പന്നമാണ് കൊബാള്‍ട്ട് ഹൈഡ്രോക്സൈഡ്. പ്രധാന കയറ്റുമതി ഉത്പന്നമായ ഇതിന്റെ വിതരണം 2017ല്‍ 20% കയറി 269254 ടണ്‍ ആയെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ കാണിക്കുന്നു.

വരുമാനം കൂടുമ്പോള്‍ത്തന്നെ ഗ്ലെന്‍കോര്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയും ചൊന മോലിബ്ഡെനം കമ്പനിയും നടത്തുന്ന രാജ്യത്തെ വലിയ ഖനികളില്‍ ഉത്പാദനം വ്യത്യാസമില്ലാതെ നില്ക്കുകയാണെന്ന് അവര്‍ പറയുന്നു. കയറ്റുമതി ചെയ്യാനുള്ള കൊബാള്‍ട്ട് ഹൈഡ്രോക്സൈഡ് ഉണ്ടാക്കാന്‍ സ്വന്തം ഖനികളില്‍നിന്ന് യന്ത്രമുപയോഗിക്കാതെ എടുക്കുന്ന കൊബാള്‍ട്ട് എത്തിച്ചുകൊടുക്കുന്ന ചെറുകിട-ഇടത്തര ഉത്പാദകരാണ് വളര്‍ച്ചയുടെ പ്രധാനകാരണം എന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നത്.

കോംഗോയിലെ ഖനനമന്ത്രാലയം കണക്കാക്കുന്നത് കഴിഞ്ഞവര്‍ഷം 86923ടണ്‍ കൊബാള്‍ട്ട് ഉത്പാദിപ്പിച്ചു എന്നാണ്. യന്ത്രവത്കൃതമല്ലാത്ത ഖനികളില്‍ ഉത്പാദിപ്പിക്കുന്ന കൊബാള്‍ട്ട് എത്രയെന്നതിന് കൃത്യമായ കണക്കുകളില്ല. എങ്കിലും, രാജ്യത്തെ വ്യാപാരനിര്‍വാഹകര്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ മാസം ചേംബര്‍ ഓഫ് മൈന്‍സില്‍ പ്രസിദ്ധീകരിച്ചതും അനുസരിച്ച് അത് 13000 ടണ്‍ കൂടുതലാണ്.

കള്ളക്കടത്ത് നടത്തുന്നു

ഇതു കൂടാതെ, ബില്യണ്‍ കണക്കിന് ഡോളറുകള്‍ വിലമതിക്കുന്ന ലോഹധാതുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കള്ളക്കടത്തു ചെയ്യപ്പെടുന്നുണ്ടെന്ന് രാജ്യത്തെ സ്വന്തം ഖനന കമ്പനികള്‍ പറയുന്നു.

20000 മുതല്‍ 30000ടണ്‍ വരെ കൊബാള്‍ട്ട് ഒരു വര്‍ഷം കോംഗോയിലെ കയറ്റുമതി ഏജന്‍സികളില്‍ വ്യക്തമാക്കാതെ അതിര്‍ത്തി കടന്ന് സാംബിയയിലേക്ക് കള്ളക്കടത്തു ചെയ്യപ്പെടുന്നുണ്ട് എന്ന് ജെക്കാമൈന്‍സിന്റെ ചെയര്‍മാന്‍ ആല്‍ബെര്‍ട്ട് യുമ ഈ മാസം കേപ് ടൌണില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്നത്തെ വിലയനുസരിച്ച് അത് 2.5 ബില്യണ്‍ വിലമതിക്കുന്നതാണത്.

കോംഗോയുടെ യന്ത്രവത്കൃതമല്ലാത്ത കൊബാള്‍ട്ട് ഉത്പാദനം കഴിഞ്ഞ വര്‍ഷം 10000 മുതല്‍ 20000 ടണ്‍ വരെ ആണെന്ന് ബ്ലൂംബെര്‍ഗിനോട് സംസാരിച്ച മൂന്നു വിതരണക്കാര്‍ കണക്കാക്കുന്നു.

“അത് ഞങ്ങള്‍ക്ക് താല്പര്യമുള്ള വിഷയമല്ല” യുമ പറയുന്നു “കൊബാള്‍ട്ടില്‍ നിന്ന് ലാഭമുണ്ടാക്കണമെന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നമുക്ക് സാമ്പത്തിക സമഗ്രതയിലേക്ക് പുരോഗമിക്കേണ്ടതുണ്ട്. മനുഷ്യാധ്വാനം ഉപയോഗിച്ചുള്ള ഉത്പാദനം നിര്‍ത്തുകയും വേണം”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍