എസ്ആര്‍വി സ്കൂളിന്റെ 175ാം വാര്‍ഷികവും ആഗോള സംഗമവും 20ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. 1845ല്‍ കൊച്ചി മഹാരാജാവ് രാജാസ് സ്കൂള്‍ എന്ന പേരില്‍ ഇന്നത്തെ മഹാരാജാസ് കോളജ് ക്യാപംസില്‍ ആരംഭിച്ചതാണ് ശ്രീ രാമവര്‍മ ഹയര്‍ സെക്കന്‍ഡറി (എസ്ആര്‍വി) സ്കൂള്‍. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് സ്റ്റുഡന്‍സ് അസ്സോസിയേഷന്റെ (ഒഎസ്എ) നേതൃത്വത്തിലാണ് ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷവും ഗ്ലോബല്‍ മീറ്റും നടക്കുക. ലോകത്തിന്റെ നാനാഭാഗത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ കൂടിയാണ് ഗ്ലോബല്‍ മീറ്റ് 2020.
ഗ്ലോബല്‍ മീറ്റും 175ാം വാര്‍ഷികാഘോഷവും 20,21,22 തിയതികളില്‍ വൈറ്റില സില്‍വര്‍സാന്റ് ഐലന്റിലുള്ള ആസാദി കോളജിലെ കൂത്തമ്പലത്തിലായിരിക്കും. 20ന് രാവിലെ 10ന് എസ്.ആര്.വി സ്കൂളില്‍ പ്രഫ. എം.കെ.സാനു പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അന്നേ ദിവസം ഗ്ലോബല്‍ മീറ്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. എംപിമാരായ ബിനോയി വിശ്വം, ഹൈബി ഈഡന്, ടി.ജെ. വിനോദ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ് എന്നിവരും സംബന്ധിക്കും.
21ന് മന്ത്രി രാമചന്ദ്രന് കടന്നപ്പിള്ളി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, പൂര്‍വ്വ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ എന്നിവര്‍ സംബന്ധിക്കും.
22ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. നെതര്‍ലാന്റ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ മീറ്റ് 2020 ചെയര്മാന് ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര് അജിത്ത്, വൈസ് ചെയര്മാന് ആബിദ് അബു, ഒ.എസ്.എ. പ്രസിഡന്റ് ഡോ.എ.കെ.സഭാപതി, സെക്രട്ടറി എം.പി.ശശിധരന് എന്നിവര്‍ അറിയിച്ചു.
ഗ്ലോബല്‍ മീറ്റ് വഴി സ്കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പ്രഫ. ബി.ആര് അജിത്ത് പറഞ്ഞു. ഇതിനായി ഒരു കോടി രൂപയുടെ ഫണ്ട് ശേഖരണത്തിനും നാന്ദി കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, തൊഴിലധിഷ്ഠിത കോഴ്സുകള്‍, നൈപുണ്യ വികസന പദ്ധതികള്‍, അടല്‍ ടിങ്കരിങ് ലാബ്, കായിക അക്കാദമി ഉപകരണങ്ങളുടെ സമ്പാദനം, കുടിവെള്ള വിതരണം സുഗമമാക്കല്‍, കായിക പരിശീലന കേന്ദ്രം സ്ഥാപിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളുന്നതാണ് ഒഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍.
1845ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. 1868ല്‍ ആദ്യ ബാച്ച് മെട്രിക്കുലേഷന്‍ വിദ്യാര്‍ത്ഥികള്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ പരീക്ഷ എഴുതി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം നിര്‍മ്മിച്ചു. 1875-ല്‍ സെക്കന്‍ഡ് ഗ്രേഡ് കോളേജായി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തു. 1925ല്‍ സുവര്‍ണ്ണ ജൂബിലി. അതേ വര്‍ഷം മഹാരാജാസ് കോളജ് എന്ന പേരില്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ 1934-ല്‍ കാരക്കാട്ട് കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് ഇന്ന് കാണുന്ന സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. 1995-ല്‍ 150 വര്‍ഷം പൂര്‍ത്തിയാക്കിയ സ്കൂള്‍ 1989ലാണ് ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srvosa.com, ഫോണ്‍: 7012871037.