UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മാര്‍കേസിന് സാഹിത്യ നൊബേല്‍

Avatar

അഴിമുഖം പ്രതിനിധി

1982 ഡിസംബര്‍ 8

വിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. നോവലുകളും ചെറുകഥകളുമടക്കം സാഹിത്യരംഗത്തെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. പ്രധാനമായും ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ എന്ന നോവലിനെ മുന്‍നിര്‍ത്തിയായിരുന്നു ഇത്. ഫാന്‌റസിയും മാജിക്കല്‍ റിയലിസവും യാഥാര്‍ത്ഥ്യവുമെല്ലാം സംയോജിപ്പിച്ച് വലിയ ഭാവനാലോകം ഉണ്ടാക്കുകയും ലാറ്റിനനമേരിക്കയുടെ ജീവിതവും സംഘര്‍ഷങ്ങളും ശക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് മാര്‍കേസിന്‌റെ രചനകളെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

കൊളംബിയയിലെ അരക്കറ്റാക്കയില്‍ ജനിച്ച മാര്‍കേസിനെ വളര്‍ത്തിയത് അമ്മയുടെ മാതാപിതാക്കളായ ഡോണ ട്രാന്‍ക്വിലിനയും കേണല്‍ നിക്കോളാസ് റിക്കാര്‍ഡോ മാര്‍കേസുമാണ്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മാര്‍കേസ് പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊളംബിയന്‍ നാവികന്‌റെ അപകടവുമായി ബന്ധപ്പെട്ട മാര്‍കേസിന്‌റെ ലേഖന പരമ്പര വിവാദമുയര്‍ത്തി. 1955ല്‍ വിദേശ കറസ്‌പോണ്ടന്‌റായി മാര്‍കേസ് യൂറോപ്പിലെത്തി. അതേ വര്‍ഷം തന്നെ ആദ്യ നോവലായ ലീഫ് സ്റ്റോം പുറത്തിറങ്ങി. ആദ്യ കൃതികളില്‍ ഏണസ്റ്റ് ഹെമിംഗ് വേയുടെ സ്വാധീനമുണ്ടെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. എന്നാല്‍ 1962ല്‍ പുറത്തിറങ്ങിയ എവിള്‍ അവറിലൂടെ മാര്‍കേസ് തന്‌റേതായ വഴി വെട്ടിത്തുറന്നു.

തന്‌റെ പത്രപ്രവര്‍ത്തന സാഹിത്യത്തേക്കാള്‍ രാഷ്ട്രീയ ഔന്നത്യമുള്ളത് കുട്ടിക്കാലത്തെ അനുഭവങ്ങളിലാണെന്ന് മാര്‍കേസിന് തോന്നി. കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു. മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമം ആദ്യ നോവലായ ലീഫ് സ്‌റ്റോമില്‍ തന്നെ മാര്‍കേസ് കൊണ്ടുവന്നിരുന്നു. എന്നാല്‍ അതില്‍ എന്തൊക്കെയോ കുറവുണ്ടായിരുന്നു. പക്ഷെ അഞ്ച് വര്‍ഷത്തിന് മാര്‍കേസ് ശരിയായത് തിരഞ്ഞെടുത്തു. മുത്തശ്ശി ഡോണ ട്രാന്‍ക്വിലിന പറയുന്ന കഥകളുടെ ശൈലിയാണ് അവയ്ക്ക്. അതിഭാവുകത്വവും അമാനുഷികതയും ഫാന്‌റസിയുമെല്ലാം കലര്‍ന്ന കഥകളായിരുന്നു അവ. അതേസമയം അവര്‍ തീര്‍ത്തും യഥാര്‍ത്ഥ സംഭവങ്ങളെന്ന രീതിയിലാണ് തനിയ്ക്ക് പറഞ്ഞ് തന്നിരുന്നതെന്ന് മാര്‍കേസ് ഓര്‍ത്തു.

18 മാസം അതായത് ഒന്നരവര്‍ഷം എല്ലാ ദിവസവും ജോലി ചെയ്താണ് മാര്‍കേസ് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിയത്. ഫയറിംഗ് സ്‌ക്വാഡിനെ അഭിമുഖീകരിക്കവേ കേണല്‍ അറീലിയാനോ ബുവേണ്ടിയ, കുട്ടിക്കാലത്ത് അച്ഛന്‍ തന്നെ മഞ്ഞുകട്ട കാണാന്‍ കൊണ്ടുപോയത് ഓര്‍ക്കുന്നതാണ് പ്രശസ്തമായ ആദ്യരംഗം. ഏഴ് തലമുറകളിലൂടെ ഒരു കുടുംബത്തിന്‌റെ ദൗര്‍ഭാഗ്യങ്ങളും അതിലെ അംഗങ്ങളായ മനുഷ്യരുടെ ഒറ്റപ്പെടലുകളിലും ഒരു പ്രദേശത്തിന്‌റെ തന്നെ ഏകാന്തതയിലുമാണ് നോവല്‍ കേന്ദ്രീകരിക്കുന്നത്.

1967ല്‍ നോവല്‍ പുറത്തിറങ്ങി. ആദ്യ പതിപ്പ് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 8000 കോപ്പികള്‍ വിറ്റഴിഞ്ഞു. സെര്‍വാന്‌റസിന്‌റെ ഡോണ്‍ ക്വക്‌സോട്ടിന് ശേഷം സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹത്തായ കൃതിയെന്നാണ് പാബ്ലോ നെരൂദ ഏകാന്തതയുടെ 100 വര്‍ഷങ്ങളെ വിശേഷിപ്പിച്ചത്. മാജിക്കല്‍ റിയലിസം എന്ന പദത്തിന് ലോകസാഹിത്യത്തില്‍ വലിയ പ്രചാരം നേടിക്കൊടുത്തത് ഏകാന്തതയുടെ 100 വര്‍ഷങ്ങളാണ്. കവികള്‍, യാചകര്‍, സംഗീതജ്ഞര്‍, പ്രവാചകന്മാര്‍, യോദ്ധാക്കള്‍, തെമ്മാടികള്‍ – ഇങ്ങനെ എല്ലാ മനുഷ്യജീവികള്‍ക്കും ഇത് യാഥാര്‍ത്ഥ്യമാണ്. വളരെ കുറച്ച് ഭാവനയേ ആവശ്യമുള്ളൂ. ഞങ്ങളുടെ ജീവിതം വിശ്വസനീയമായി അവതരിപ്പിക്കാനുള്ള പരമ്പരാഗത രീതികളില്ല്ാത്തതാണ് പ്രശ്‌നം. – സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മാര്‍കേസ് പറഞ്ഞു.

മാര്‍കേസ് നൊബേല്‍ പുരസ്‌കാരം സ്വീകരിക്കുന്നു – വീഡിയോ കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍