TopTop
Begin typing your search above and press return to search.

മാരുതി വിറ്റാര ബ്രെസ: ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി

മാരുതി വിറ്റാര ബ്രെസ: ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി

മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോള്‍ എഞ്ചിനും ജനങ്ങളെ വിറ്റാരയില്‍ നിന്ന് അകറ്റി നിര്‍ത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാല്‍ സിയാസ് എന്ന പ്രീമിയം സെഡാന്‍ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്‌റ്റൈല്‍ ഹാച്ച്ബായ്ക്ക് നെക്‌സ എന്ന ലൈഫ്‌സ്‌റ്റൈല്‍ ഷോറൂമിലൂടെ വില്‍ക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങള്‍ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോര്‍ഡ്, ഇക്കോ സ്‌പോര്‍ട്ടും മഹീന്ദ്ര കെ യു വി 100-ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്‌യുവി മാര്‍ക്കറ്റ് അതോടെ തളിര്‍ത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാല്‍ സഹിക്കുമോ!

ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് വിങ്ങ് ഉണര്‍ന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവര്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ. ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിര്‍മ്മിച്ച ബ്രെസയുടെ 98 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യനാണ് എന്നുമറിയുക. എന്നാല്‍ വിപണിയിലെത്തും മുമ്പു തന്നെ ജനം ഏറ്റെടുത്തതു വെച്ചു നോക്കുമ്പോള്‍ ബ്രെസ ഇപ്പോള്‍ തന്നെ വന്‍ വിജയമാണ് എന്ന് തീരുമാനിക്കാം.

കാഴ്ച

സുസുക്കിയുടെ ഗ്ലോബല്‍ 'സി' പ്ലാറ്റ്‌ഫോമിലാണ് ബ്രെസ പിറന്നുവീണത്. 4 മീറ്ററില്‍ തൊട്ടുതാഴെ നീളം. മോണോകോക്ക് ബോഡിയായതിനാല്‍ പിന്‍സീറ്റിലും ബോഡിറോള്‍ കുറവ്. ഫ്രണ്ട്‌വീല്‍ ഡ്രൈവ് വാഹനമാണ്. ഫോര്‍വീല്‍ ഡ്രൈവ് ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടതില്ല.

കാഴ്ചയില്‍ സുന്ദരനാണ് ബ്രെസ എന്നുപറയാതെ വയ്യ. മസില്‍ പവര്‍ എവിടെയും ദൃശ്യമാണ്. ഒറ്റ പ്ലേറ്റ് ക്രോമിയം ഗ്രില്ലിനു നടുവില്‍ സുസുക്കിയുടെ ലോഗോ. ഗ്രില്ലിനോടു ചേര്‍ന്ന് നില്‍ക്കുന്ന സൗമ്യമായ ഹെഡ്‌ലൈറ്റ്. ടോപ്പ് എന്‍ഡ് മോഡലില്‍ ഇത് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പാണ്. ഡേ ടൈം എല്‍ഇഡി റണ്ണിങ് ലൈറ്റുകളുമുണ്ട്.


തടിച്ചു നില്‍ക്കുന്ന ഭാഗങ്ങളോ ഒഴുക്കിനെ തടയുന്ന ഡിസൈന്‍ രീതികളോ ബ്രെസയ്ക്കില്ല. ഒതുങ്ങിയ, ഭംഗിയുള്ള ശരീരഘടന. എന്നാല്‍ ബമ്പറില്‍ എസ് യുവി കളുടെ ചെത്തിയെടുത്ത സ്ലോട്ടുകളുണ്ട്. ഫോഗ്‌ലാമ്പും എയര്‍ഡാമും കറുത്ത നിറത്തിലാണ്. താഴെയായി അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റ്. അതിനു താഴെയായി ബ്ലാക്ക് ക്ലാഡിങ് ആരംഭിക്കുന്നു. ഇത് വശങ്ങളിലൂടെ പിന്നില്‍ വരെ നീളുന്നുമുണ്ട്.

ഈ ബ്ലാക്ക് ഫിനിഷ് എ, ബി, സി പില്ലറുകളിലും വിന്‍ഡോകള്‍ക്കു താഴെയുമുണ്ട്. എന്നാല്‍ റൂഫും 'ഡി' പില്ലറും ബോഡി കളറിലാണ്. ഇത് പ്രത്യേക ലുക്കാണ് ബ്രെസക്ക് സമ്മാനിക്കുന്നത്. ഇതു കൂടാതെ അര്‍ബന്‍, ഗ്ലാമര്‍, സ്‌പോര്‍ട്ടി എന്നീ മൂന്ന് ആക്‌സസറി പാക്കേജുകളും കസ്റ്റമേഴ്‌സിന് തെരഞ്ഞെടുക്കാം. അങ്ങനെ സ്വന്തം വാഹനം കസ്റ്റമൈസ് ചെയ്യുകയുമാവാം.

വലിയ വീല്‍ ആര്‍ച്ചുകളില്‍ 16 ഇഞ്ച് ടയറുകള്‍ (ടോപ്പ് എന്‍ഡിലാണ് 16 ഇഞ്ച്. അല്ലെങ്കില്‍ 15 ഇഞ്ച്) പിന്നിലേക്കു വരുമ്പോള്‍ എസ് ക്രോസിനോട് സാദൃശ്യം തോന്നാം. സ്പ്ലിറ്റ് ചെയ്ത ടെയ്ല്‍ലാമ്പും ഇന്റഗ്രേറ്റഡ് സ്‌പേയ്‌ലറും പേര് ആലേഖനംചെയ്ത സ്‌കഫ്‌പ്ലേറ്റും കറുത്ത ക്ലാസിക്കുള്ള ബമ്പറിലെ അലൂമിനിയം ഫിനിഷുള്ള സ്‌കഫ്‌പ്ലേറ്റുമൊക്കെയാണ് പ്രധാന കാഴ്ചകള്‍. വിശാലമായി തുറക്കാവുന്ന ടെയ്ല്‍ ഗേറ്റ്. ഉള്ളില്‍ 328 ലിറ്റര്‍ ബൂട്ട്‌സ്‌പേസുണ്ട്. എന്നാല്‍ പിന്‍സീറ്റ് 60:40 ആയി മടക്കാം. അങ്ങനെ കൂടുതല്‍ ലഗേജ് സ്‌പേസ് കണ്ടെത്തുകയുമാവാം.

ഉള്ളില്‍

ഉയര്‍ന്ന സീറ്റിംഗ് പൊസിഷനാണ് ആദ്യം ശ്രദ്ധിക്കപ്പെടുക. ഡാഷ്‌ബോര്‍ഡ് താഴ്ന്നതായതുകൊണ്ട് വിസിബിലിറ്റി ഗംഭീരം. ബ്ലാക്ക് ഫിനിഷും അലൂമിനിയം ഇഴചേര്‍ന്ന ഇന്റീരിയര്‍ മനോഹരം. പിയാനോബ്ലാക്ക് ഫിനിഷാണ് ഡാഷ്‌ബോര്‍ഡിനു നടുവില്‍. ഡാഷ്‌ബോര്‍ഡില്‍ രണ്ട് ഗ്ലോബോക്‌സുകളുണ്ട്. അതിനുമേലെ ഉള്ളത് കൂള്‍ഡ് ആണ്. തണുപ്പിക്കാമെന്നര്‍ത്ഥം. സ്റ്റോറേജ് ഏരിയകള്‍ ഇഷ്ടം പോലെയുണ്ട്. സെന്റര്‍ കണ്‍സോളിലുമുണ്ട് കപ് ഹോള്‍ഡറുകള്‍.

സ്റ്റിയറിംഗ് വീല്‍, പവര്‍വിന്‍ഡോ സ്വിച്ചുകള്‍ എന്നിവ പഴയ സ്വിഫ്റ്റില്‍ നിന്ന് കടംകൊണ്ടതാണ്. ബാക്കി സ്വിച്ചുകളെല്ലാം പുതിയതു തന്നെ. സീറ്റുകളുടെ ഫാബ്രിക്കും ഫിറ്റ് ആന്റ് ഫിനിഷുമെല്ലാം ഒന്നാന്തരം.എസ് ക്രോസില്‍ പ്രത്യക്ഷപ്പെട്ട ആപ്പിള്‍ കാര്‍ പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും യുഎസ്ബി പോര്‍ട്ടുമൊക്കെ ബ്രെസയിലുണ്ട്. (ഇസഡ് ഡി പ്ലസ് വേരിയന്റിലാണ് കാര്‍പ്ലേയുള്ളത്) പിന്‍സീറ്റില്‍ കപ്‌ഹോള്‍ഡറും ആംറെസ്റ്റും ധാരാളം ലെഗ്‌സ്‌പേസുമുണ്ട്.

പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, റിവേഴ്‌സ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലൈറ്റ്‌വൈപ്പറുകള്‍, പവര്‍ ഫോള്‍ഡിംഗ് മിററുകള്‍, രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ടോപ് എന്‍ഡ് വേരിയന്റിലുണ്ട്. എന്നാല്‍ ഡ്രൈവര്‍ എയര്‍ബാഗ് എല്ലാ വേരിയന്റിലുമുണ്ട്. എബിഎസ്, പാസഞ്ചര്‍ എയര്‍ബാഗ് എന്നിവ ഏതു വേരിയന്റുകാര്‍ക്കും ഓപ്ഷനായി വാങ്ങുകയുമാവാം.

എഞ്ചിന്‍

ഒരേയൊരു എഞ്ചിന്‍ ഓപ്ഷനേ ബ്രെസയ്ക്കുള്ളു- 1.3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ മള്‍ട്ടിജെറ്റ്. ഡിഡിഐഎസ് 200 എന്ന് മാരുതി വിളിക്കുന്ന ഈ എഞ്ചിന്‍ 89 ബിഎച്ച്പിയാണ്. 4000 ആര്‍പിഎമ്മിലാണ് മാക്‌സിമം പവര്‍ ലഭിക്കുന്നത്. 1750 ആര്‍ പി എമ്മില്‍ തന്ന 20.4 കി.ഗ്രാം ലിറ്റര്‍ ടോര്‍ക്കും ലഭിക്കുന്നു. ചെറിയ ആര്‍പിഎമ്മില്‍ അല്പം ലാഗ് സമ്മാനിക്കുന്ന ഈ എഞ്ചിന്‍ പക്ഷേ മിഡ്‌റേഞ്ചില്‍ ഗംഭീരമായ പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നു. 7000 ആര്‍പിഎമ്മിനു ശേഷമാണീ കുതിപ്പ് എന്നു പറയാം. പിന്നെ, 5000 ആര്‍പിഎം വരെ ആ കുതിപ്പ് അനുഭവിച്ചറിയാം. അങ്ങനെ നോക്കുമ്പോള്‍ ഒരു മികച്ച ഹൈവേ ക്രൂയിസറാണ് ബ്രെസയെന്നു പറയാം. ക്ലച്ചും സ്റ്റിയറിങ്ങുമൊക്കെ വളരെ ലൈറ്റാണ്. ഒരു ചെറിയ കാര്‍ ഓടിക്കുന്ന അനായാസതയോടെ ബ്രെസ ഓടിച്ചുപോകാം.

സസ്‌പെന്‍ഷന്‍ സെറ്റപ്പ് മോശമല്ല. മക്‌ഫേര്‍സണ്‍ സ്ട്രട്ട് മുന്നിലും ടോര്‍ഷന്‍ ബീം പിന്നിലും. ഗംഭീരമാണ് ഗ്രൗണ്ട് ക്ലിയറന്‍സ്198 മിമീ.

പുറത്തെ ശബ്ദങ്ങളൊന്നും അറിയാത്ത രീതിയില്‍ എന്‍ വി എച്ച് ലെവലുകളുള്ള ബ്രെസ 12 സെക്കന്റുകൊണ്ട് നൂറുകിലോമീറ്റര്‍ വേഗതയെടുക്കും.

കോംപാക്ട് എസ്‌യുവിയിലേക്കുള്ള മാരുതിയുടെ കാല്‍വെപ്പ് ഒട്ടും മോശമായില്ല. വിറ്റാര ബ്രെസ ഇന്‍സ്റ്റന്റ് ഹിറ്റ് ആകുമെന്നുറപ്പാണ്. 6.99 മുതല്‍ 9.68 ലക്ഷം രൂപ വരെയുള്ള വിലയും ഇക്കോസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എതിരാളികളുടെ സ്വാസ്ഥ്യം കെടുത്തും. മാരുതി വീണ്ടും വിജയപീഠത്തിലേറുമെന്നുള്ള കാര്യത്തില്‍ ശങ്ക വേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories