TopTop
Begin typing your search above and press return to search.

ന്യൂജെന്‍ കിഡ്

ന്യൂജെന്‍ കിഡ്

ബൈജു എന്‍ നായര്‍

ഡീ ന്‍ കാമെന്‍ എന്നൊരു ചങ്ങാതിയുണ്ട് അമേരിക്കയില്‍. ലോകപ്രശസ്തങ്ങളായ പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട് കക്ഷി. എഴുന്നേറ്റുനിന്ന് ഓടിക്കുന്ന, ശരീരത്തിന്റെ ചലനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന, സെഗ്‌വേ എന്ന വാഹനം, പടികള്‍ കയറുന്ന വീല്‍ചെയര്‍ എന്നിവ ഉദാഹരണം. ഡീന്‍ കാമെന്‍ തന്റെ പരീക്ഷണശാലയില്‍ കയറി കതകടച്ചാല്‍ പിന്നെ ലോകം മുഴുവന്‍ ആ വാതിലിനുമുന്നില്‍ കാത്തു നില്‍ക്കും. എന്തെങ്കിലും രസികന്‍ കണ്ടുപിടുത്തവുമായിട്ടായിരിക്കും കാമെന്‍ വാതില്‍ തുറക്കുക എന്ന് ജനത്തിനറിയാം.

ഇന്ത്യക്കാരുടെ ഡീന്‍ കാമെന്‍ ആണ് മാരുതി സുസുക്കി. മാരുതിയുടെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് വിങ്ങിന്റെ വാതിലടഞ്ഞാല്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരിക്കും. ഇന്ത്യയ്ക്കു പറ്റുന്ന വിധത്തിലുള്ള ഏതെങ്കിലും വാഹനം ആ മുറിയ്ക്കുള്ളില്‍ പിറവിയെടുക്കുമെന്ന് നമുക്കറിയാം.നാല് വര്‍ഷം മുമ്പ് അങ്ങനെ ആര്‍ ആന്റ് ഡി വിങ്ങിന്റെ വാതിലൊന്നടഞ്ഞു. തുറക്കാന്‍ ഇത്തിരി വൈകി. തുറന്നപ്പോള്‍ പുറത്തുവന്നത് മാരുതിയുടെ ആദ്യത്തെ ക്രോസ് ഓവര്‍. പേര് എസ്‌ക്രോസ്.

എസ്‌ക്രോസ്

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇല്ലത്തൂന്ന് പുറപ്പെട്ടു, അമ്മാത്തൊട്ട് എത്തിയതുമില്ല എന്നതാണ് ക്രോസ്ഓവറിന്റെ നിര്‍വചനം. സെഡാനില്‍ നിന്ന് പുറപ്പെട്ടു, എസ് യു വി യില്‍ എത്തിയതുമില്ല എന്ന് 'കൊളോക്യലായിട്ടും' പറയാം. ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ്, ടൊയോട്ട എറ്റിയോസ് ക്രോസ് തുടങ്ങിയ ക്രോസുകളൊന്നും ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റെടുത്തില്ല. പക്ഷേ, മാരുതി ആത്മവിശ്വാസത്തിലാണ്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന എസ് ക്രോസിന്റെ മീഡിയ ഡ്രൈവില്‍ സംസാരിച്ച മാരുതിയുടെ തലവന്മാരെല്ലാം ആത്മവിശ്വാസം പങ്കുവെച്ചു. മാരുതിയെ മാര്‍ക്കറ്റിങ് പഠിപ്പിക്കണ്ട എന്നൊരു ചൊല്ലുതന്നെയുള്ള സാഹചര്യത്തില്‍, എസ് ക്രോസിന്റെ വിജയത്തില്‍ സംശയിക്കണ്ട.

കാഴ്ച

പോളോ, എറ്റിയോസ് എന്നിവയുടെ ക്രോസ്ഓവറുകളുടെ പ്രധാന പ്രശ്‌നം പുതുമയില്ല എന്നുള്ളതാണ്. നിലവിലുള്ള പോളോയിലും എറ്റിയോസിലും സൈഡ് ക്ലാഡിങ്ങ് ഘടിപ്പിച്ചാണ് ക്രോസ്ഓവറാക്കി മാറ്റിയത്. എന്നാല്‍ എസ് ക്രോസ് തികച്ചും പുതിയ മോഡലാണ്. ആ 'ഫ്രെഷ്‌നെസ്' വാഹനത്തിനുണ്ട്. പ്ലാസ്റ്റിക് ക്ലാഡിങ്ങ് ഒരു 'മയ'ത്തിലേ പ്രയോഗിച്ചിട്ടുള്ളു. 180 മി.മീ ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്.

മുന്‍ ഗ്രില്ലില്‍ രണ്ട് വലിയ ക്രോമിയം പ്ലേറ്റുകളാണുള്ളത്. എല്‍ ഇ ഡി സ്ട്രിപ്പോടുകൂടിയ വലിയ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ മുന്‍ഭാഗം മുഴുവന്‍ കവരുന്നു. ചെറിയ എയര്‍ഡാം, ക്രോമിയം ലൈനോടുകൂടിയ ഫോഗ്‌ലാമ്പ്, അലൂമിനിയം ഫിനിഷുള്ള സ്‌കഫ് പ്ലേറ്റ്, പവര്‍ ബള്‍ജുകളോടുകൂടിയ ബമ്പര്‍ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍.സൈഡ് പ്രൊഫൈല്‍ കൊള്ളാം. സൈഡ് ക്ലാഡിങ്ങിനു താഴെ അലൂമിനിയം പ്ലേറ്റ്. റൂഫ്‌റെയ്‌ലുണ്ട്. മസില്‍പവര്‍ തോന്നിക്കുന്ന ബോഡിലൈനുകള്‍ മൂന്നെണ്ണമുണ്ട്, വശങ്ങളില്‍. അലോയ് വീലിന്റെ ഷെയ്പും സുന്ദരം.

പിന്‍ഭാഗത്തിന് നിസാന്‍ ക്വാഷ്‌കായ്‌യുമായി സാമ്യം തോന്നാം. ഹുണ്ടായ്‌യുടെ എസ്.യു.വി.യായ സാന്റഫേയും മനസില്‍ വരും. വശങ്ങളില്‍ നിന്നാരംഭിക്കുന്ന ടെയ്ല്‍ലാമ്പ് ബൂട്ട് ലിഡിലേക്ക് കയറി നില്‍ക്കുന്നു. കറുത്ത ക്ലാസിക് പിന്‍ബമ്പറില്‍ വ്യാപിച്ചുകിടക്കുന്നുണ്ട്. 353 ലിറ്റര്‍ ബൂട്ട് സ്‌പേസുമുണ്ട്.

ഉള്ളില്‍

കറുകറുത്ത ഉള്‍ഭാഗം അതിമനോഹരം. സ്വിഫ്റ്റിന്റെ ഉള്‍ഭാഗത്തെ ചിലയിടങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നല്ല നിലവാരമുള്ള ഇന്റീരിയറാണ്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കാണ് ഡാഷ്‌ബോര്‍ഡില്‍. സെന്റര്‍ കണ്‍സോളില്‍ വലിയ 7 ഇഞ്ച് ടച്ച് സ്‌ക്രീനുണ്ട്. നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം, ബ്ലൂടൂത്ത് ടെലിഫോണി എന്നിവയൊക്കെ ഇതില്‍ നിയന്ത്രിക്കാം. ഇതിനു ചുറ്റും, കൂടാതെ താഴേക്കും അലൂമിനിയം ലൈനിങ്ങുണ്ട്. സ്റ്റിയറിങ് വീലിലും അലൂമിനിയം ഇന്‍സര്‍ട്ടുകളുണ്ട്. വിന്‍ഡോ സ്വിച്ചുകളും സ്വിഫ്റ്റില്‍ നിന്ന് കടം കൊണ്ടവയാണ്.മുന്നിലെ ഡ്രൈവര്‍ സീറ്റിന്റെ ഉയരം മാനുവലി വര്‍ദ്ധിപ്പിക്കാം. ലെഗ്‌ഹെഡ് റൂമുകള്‍ മുന്നിലും പിന്നിലും ധാരാളമുണ്ട്. പിന്‍സീറ്റുകള്‍ 60:40 സ്പ്ലിറ്റ് ചെയ്യാം. എല്ലാ ഡോറുകളിലും ബോട്ടില്‍ ഹോള്‍ഡറുകളുണ്ട്. രണ്ട് കപ്പ് ഹോള്‍ഡറുകള്‍ മുന്‍ഭാഗത്തും കാണാം.

ഏറ്റവും കൂടിയ മോഡലായ ആല്‍ഫയില്‍ കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് സ്റ്റോപ്പ് സ്വിച്ച്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റ് ഹെഡ്‌ലൈറ്റ്‌വൈപ്പറുകള്‍, ഡിസ്‌ബ്രേക്കുകള്‍, രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവയുമുണ്ട്.

എഞ്ചിന്‍

എസ്‌ക്രോസിന് പെട്രോള്‍ എഞ്ചിന്‍ മോഡലില്ല. സിയാസില്‍ ഘടിപ്പിച്ചിരിക്കുന്ന 89 ബി.എച്ച്.പി 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ കൂടാതെ 1.6 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിന്‍ കൂടിയുണ്ട് എസ്‌ക്രോസില്‍. രണ്ട് എഞ്ചിനുകളും ഫിയറ്റ് നിര്‍മ്മിച്ചു നല്‍കിയതാണ്. 1.6 ലിറ്റര്‍ എഞ്ചിന്‍ 118 ബി.എച്ച്.പി.യാണ്. 320 ന്യൂട്ടണ്‍ ലിറ്റര്‍ ടോര്‍ക്ക് തരുന്ന ഈ എഞ്ചിനെ ചലിപ്പിക്കുന്നത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്. 1.3 ലിറ്റര്‍ 5 സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്. പുതിയ വാഹനമായിട്ടു പോലും എസ്‌ക്രോസില്‍ ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റില്ല എന്നത് വലിയ കുറവു തന്നെയാണ്.

മീഡിയ ഡ്രൈവില്‍ ഓടിച്ചത് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലാണ്. നല്ല റിഫൈന്‍ഡ് എഞ്ചിനാണിത്. തുടക്കത്തില്‍ ചെറിയൊരു ലാഗുണ്ട്. എന്നാല്‍ 1700 ആര്‍.പി.എം. മുതല്‍ കുതിച്ചു പായുന്ന അനുഭവം ലഭിക്കുന്നുണ്ട്. 4500 ആര്‍.പി.എം. വരെ കുതിപ്പ് തുടരും.

6 സ്പീഡില്‍ ഹൈവേയിലൂടെ എസ്‌ക്രോസ് പായിക്കാന്‍ രസമാണ്. നാസിക്‌സൂററ്റ് ഹൈവേയില്‍ ഈ 'രസം' പലതവണ ആസ്വദിച്ചു.

സസ്‌പെന്‍ഷന്‍ കുറച്ച് ഹാര്‍ഡ് ആണ്. അതും ഹൈസ്പീഡില്‍ ആത്മവിശ്വാസം തരുന്നുണ്ട്. പക്ഷേ, ചെറിയ വേഗതയില്‍ ഇത് സെഡാന്റെ യാത്ര സുഖം നല്‍കുന്നില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories