TopTop
Begin typing your search above and press return to search.

ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും

ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും

രവിശങ്കര്‍

ലക്ഷണമൊത്ത ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ് മേരികോം. ത്രില്ലര്‍, സ്‌പൈ, സസ്‌പെന്‍സ്, കൊള്ള എന്നീ ജനറുകളില്‍പെടുന്ന ചലച്ചിത്രങ്ങളെപ്പോലെ സ്‌പോര്‍ട്‌സ് ജനര്‍ ചിത്രങ്ങള്‍ക്കും അവയുടേതായ സൗന്ദര്യസങ്കല്‍പ്പങ്ങളും വ്യാകരണങ്ങളും ഉണ്ട്. മിക്കവാറും ഹോളിവുഡ് ചിത്രങ്ങളാണ് അവയുടെ പൂര്‍വ്വമാതൃകകള്‍. ഇന്ത്യയില്‍ തന്നെ ചക്‌ദേ ഇന്ത്യ, ഭാഗ് മില്‍ഖാ ഭാഗ് എന്നിവ ഈ ഗണത്തില്‍പ്പെടുന്നു. ഇവയില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്‌പോര്‍ട്‌സിനെ നോക്കിക്കണ്ട ഒരു ചിത്രം ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡാ'യിരുന്നു. ഫുട്ബോള്‍ മത്സരത്തെ പശ്ചാത്തലത്തില്‍ മാത്രം ഉറപ്പിച്ച് ഇറാനിയന്‍ സമൂഹത്തെ വ്യവഛേദിക്കുന്ന ചിത്രമായിരുന്നു അത്. ഇവിടെ 'മേരി കോം' എന്ന ചിത്രം അതിനു നിശ്ചയിച്ചിട്ടുള്ള പാതയില്‍ നിന്ന് കടുകിട വ്യതിചലിക്കുന്നില്ല എന്നത് അതിന്റെ ഒരു ബലഹീനതയാണ്.

ദുര്‍ബലനായ ഒരു താരം അല്ലെങ്കില്‍ ടീം. നിരവധി പ്രതിസന്ധികളിലൂടെ അവര്‍ കടന്നുപോകുന്നു. ഒടുവില്‍ പരാജയത്തിന്റെ വക്ത്രത്തില്‍ നിന്ന് അവര്‍ വിജയം പിടിച്ചെടുക്കുന്നു. ഇതാണ് പൊതുമാതൃക. മേരി കോമിലും അതുതന്നെയാണ് സംഭവിക്കുന്നത്. മണിപ്പൂരിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നാണ് മേരികോമിന്റെ വരവ്. സ്ഥിരപ്രയത്‌നവും അര്‍പ്പണ മനോഭാവവും കൊണ്ടുമാത്രം അവള്‍ ഒന്നൊന്നായി പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നു. മൂന്നുതവണ ബോക്‌സിംഗ് വേള്‍ഡ് ചാമ്പ്യന്‍ ആകുന്നു. വിവാഹം കഴിച്ച് ഇരട്ടക്കുട്ടികളായതോടെ രംഗം വിടാന്‍ നിര്‍ബന്ധിതയായ അവള്‍ ഒടുവില്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും ബോക്‌സിംഗ് ചാമ്പ്യനാവുന്നു.



മേരികോം ഒരു യഥാര്‍ത്ഥ കഥാപാത്രമായതുകൊണ്ട് നമുക്ക് മണിപ്പൂര്‍ എന്ന യഥാര്‍ത്ഥ ഇടത്തെ സങ്കല്‍പ്പിക്കാം. പക്ഷെ, സ്‌പോര്‍ട്‌സ് ചിത്ര വ്യാകരണത്തെ പിന്തുടരുന്ന ഒരു ചിത്രമാകയാല്‍ മേരികോം വരുന്നത് എവിടെ നിന്നുമാകാം എന്നതാണ് വസ്തുത. അവള്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ക്കും അവളുടെ വിജയവുമായി അധികം ബന്ധമില്ലെന്നര്‍ത്ഥം. ഇതൊരു പോരായ്മയാണ്. മണിപ്പൂര്‍ ജനജീവിതവുമായി ബന്ധപ്പെടുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ അവള്‍ ഇടപഴകണമായിരുന്നു. പശുവിനെ മേയ്ക്കലാണ് അവള്‍ ചെയ്യുന്ന പ്രധാന പണി. പിന്നെ ആമ്പിള്ളേരുമായി കൈയ്യാങ്കളിയും. ഇതുരണ്ടും മണിപ്പൂരില്‍ മാത്രമല്ലല്ലോ നടക്കുന്നത്.

എങ്കിലും പ്രാദേശിക പ്രവിശ്യകളെക്കുറിച്ച് ഒരു ബോധവുമില്ലാത്ത, ഹിന്ദി സംസാരിക്കുന്ന, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മണിപ്പൂര്‍ എന്നത് ഒരു യഥാര്‍ത്ഥ ഇടമാണെന്നു കാണിച്ചുകൊടുക്കാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. ശരിക്കു പറഞ്ഞാല്‍, മണിപ്പൂരിലെ സായുധ വിമോചനസംഘങ്ങളെ കൊണ്ടുള്ള ഒരു വലിയ ഉപകാരം ഇങ്ങിനയൊരു ഇടം ഇന്ത്യയിലുണ്ടെന്നും അവര്‍ ഇനിയും ഉത്തരേന്ത്യയ്ക്കു കീഴടങ്ങിയിട്ടില്ലെന്നും കാണിച്ചുകൊടുക്കലാണ്. കേരളത്തിലെ നഴ്‌സ് പെണ്‍കുട്ടികളും കായിക താരങ്ങളുമാണ് കേരളം എന്നൊരിടം ഇന്ത്യയിലുണ്ടെന്ന് ഉത്തരേന്ത്യയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രധാന ഘടകം. ചിത്രത്തില്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അധിപനും മേരിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവനുമായി വരുന്ന ആള്‍ ഒരു ഉത്തരേന്ത്യക്കാരന്‍ ശര്‍മ്മാജിയാണെന്നത് ശ്രദ്ധേയമാണ്. ഉത്തരേന്ത്യന്‍ വിവരക്കേടിന്റെ പ്രതീകമായ സഫാരി സ്യൂട്ടാണ് അദ്ദേഹം എപ്പോഴും ധരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

യഥാര്‍ത്ഥത്തില്‍, മേരികോം ഏറ്റുമുട്ടുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന എതിരാളികളോടല്ല. സ്വന്തം രാജ്യത്തെ സ്‌പോര്‍ട്‌സ് അധികാരികളോടും, സ്വന്തം നാട്ടിലെ കുടുംബവ്യവസ്ഥയോടുമാണ്. ഒന്നാമത്തേതില്‍ അവള്‍ വിജയിക്കുന്നത് സ്വന്തം വ്യക്തിപ്രഭാവത്തിലൂടെ, ശക്തിപ്രകടനത്തിലൂടെ, വിജയത്തിലൂടെയാണ്; ഇന്ത്യയുടെ അഭിമാനമായി മാറിക്കൊണ്ട്. (ചക്‌ദേ ഇന്ത്യയിലും ആരാലും ശ്രദ്ധിക്കപ്പെടാതെ, ഫണ്ട് ലഭിക്കാതെ കിടന്ന വനിതാ ഹോക്കി ടീമിനെയാണ് ഷാറൂഖ് ഖാന്‍ ഒരു വിജയടീമായി വാര്‍ത്തെടുക്കുന്നത്.) രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടക്കുന്ന കുടുംബവ്യവസ്ഥയില്‍ അവള്‍ ആദ്യം കീഴടങ്ങുകയാണ്. ഭര്‍ത്താവ് അവളുടെ കാമുകനായിരുന്നിട്ടുപോലും അതവള്‍ക്ക് ചെയ്യേണ്ടിവരുന്നു. എന്നിട്ടും, നല്ലൊരു അമ്മയായിട്ടാണ് അവള്‍ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരട്ടക്കുട്ടികളെ പ്രസവിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവിന്റെ തന്നെ പ്രോത്സാഹനത്തോടെ അവള്‍ ഗോദയില്‍ വീണ്ടും ഇറങ്ങുന്നത്. (അവള്‍ക്ക് പുരുഷന്റെ സമ്മതം വേണ്ടിവരുന്നുവെന്നത് പ്രധാനമാണ്, നേരത്തെ പറഞ്ഞ ശര്‍മ്മാജിയുടേതും). കാര്യം വരുമ്പോള്‍ ഭര്‍ത്താവും ശര്‍മ്മാജിയും ഒന്നു തന്നെയാണെന്ന സത്യം അങ്ങനെ ചിത്രം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.



കാര്യങ്ങള്‍ ഇത്രയൊക്കെയായപ്പോഴാണ് സംഭവം ഹിന്ദി സിനിമയാണെന്ന ചിന്ത തിരക്കഥാകൃത്തിനും സംവിധായകനും ഉണ്ടാകുന്നത്. അമ്മ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് കൊച്ചിന് അസുഖമാവുന്നത്, ഓപ്പറേഷന്‍ വേണ്ടി വരുന്നത്. ദോഷമല്ലാതെ ഗുണമൊന്നും ചെയ്യാനറിയാത്ത മണ്ടന്‍ ഭര്‍ത്താവ് ഭാര്യയെ ഫോണില്‍ വിളിച്ചുപറയുന്നു. അതോടെ, അവള്‍ ദുര്‍ബലയാവുന്നു. എതിരാളിയുടെ ഇടികള്‍ സമൃദ്ധമായി വാങ്ങിക്കൂട്ടുന്നു. കൊച്ചിന്റെ രോഗം കലശലാകുന്നു. ഇടിയുടെ പെരുമഴ പെയ്യുന്നു. ഒടുവില്‍, ഇന്ത്യയുടെ പതിവുരക്ഷയ്ക്ക് എത്താറുള്ള ആ (ഏതോ) ദൈവം കൊച്ചിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. മേരികോം ഇടി തുടങ്ങുന്നു. അങ്ങിനെ, അവസാനം ദൈവം ഇന്ത്യയെ രക്ഷിക്കുന്നു. മേരി കോം ചാമ്പ്യനാവുന്നു. ദേശീയ ഗാനം സ്‌ക്രീനില്‍ മുഴങ്ങുന്നു. തീയേറ്ററില്‍ ആരും എണീറ്റുനില്‍ക്കുന്നില്ല.

വെറും ഗ്ലാമര്‍ നടിയായി നടന്നിരുന്ന പ്രിയങ്ക ചോപ്ര ഈ സിനിമയിലൂടെ മേരികോമാവാന്‍ വേണ്ടി നടത്തിയ സാഹസികമായ തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമാണ്. അതിന്റെ ഫലം മുഴുവന്‍ ചിത്രത്തില്‍ കാണാം. അത്ര നിസ്തുലമായ അഭിനയമാണ് പ്രിയങ്ക ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നത്. ഓരോ ചലനത്തിലും പഴയ പ്രിയങ്കയെ തുടച്ചുമാറ്റി മേരികോമിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആ അഭിനയരീതിയും അതിനായി നടത്തിയ പരിശീലനവും നമ്മുടെ നായകനടിമാര്‍ കണ്ടു പഠിക്കേണ്ടതാണ് ഒരു സംശയവും വേണ്ട, ഇതൊരു പ്രിയങ്ക ചോപ്ര/മേരി കോം ചിത്രമാണ്. മറ്റൊന്നും ശ്രദ്ധിക്കണ്ട. ഞാനിത്ര നേരം പറഞ്ഞതുപോലും.


Next Story

Related Stories