UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ട കോപ്പിയടി ബീഹാറില്‍ ഒതുങ്ങില്ല

അഴിമുഖം പ്രതിനിധി

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ്‌ “കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാവാന്‍ വഴിയില്ല. ബീഹാറില്‍ അടുത്തിടെ നടന്ന വ്യാപകമായ പരീക്ഷാത്തട്ടിപ്പിനെ ദാസ്‌ ഭയങ്കരമായി അധിക്ഷേപിച്ചിരുന്നു. ജാർഖണ്ഡിലെ ധന്‍ബാദിലെ ആര്‍.എസ്. മൂര്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന കോപ്പിയടിയുടെ ചിത്രം പുറത്തു വന്നതോടെ മുഖ്യമന്ത്രി നാണക്കേടുമൂലം പുറത്തിറങ്ങുന്നില്ലെന്നാണ് കേട്ടത്.

ബീഹാറിലെ ക്രമക്കേടിനെപ്പറ്റി ജൂണ്‍ 27നു നടത്തിയ പ്രസ്താവനയില്‍ രഘുബാര്‍ ദാസ്‌ പറഞ്ഞത് ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എജ്യൂക്കേഷന്‍ ഹബ് ആയ ജാർഖണ്ഡില്‍ വന്നു പഠിച്ച് തങ്ങളുടെ ജോലിയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാമെന്ന് ആയിരുന്നു.

ജൂലൈ 9ന് ആര്‍. എസ്. മൂര്‍ കോളേജിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ്‌മുറികള്‍ക്ക് പുറത്ത് കൂട്ടമായിരുന്നു പതിനൊന്നാം ക്ലാസ്സ്‌ പരീക്ഷ എഴുതുന്നതിന്‍റെ ചിത്രം ആണ് പുറത്ത് വന്നത്. ചിലര്‍ ഒരു ബെഞ്ചില്‍ ഒരുമിച്ച് ഇരിക്കുന്നതും പുസ്തകം നോക്കി ഉത്തരങ്ങള്‍ പകര്‍ത്തി എഴുതുന്നതും ശ്രദ്ധയില്‍ പെട്ടു. പരീക്ഷയെഴുതുന്ന ആളുടെ അച്ഛന്‍ പരീക്ഷാഹാളില്‍ ഇരുന്ന് പരീക്ഷ എഴുതുന്നതായിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച. ക്യാമ്പസിനുള്ളില്‍ മൊബൈല്‍ഫോണ്‍ അനുവദനീയമല്ലെങ്കിലും പല വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കിടെ ബാഗുകളും ഫോണുകളും നോക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ക്ലാസ്സ്‌മുറിയ്ക്കകത്ത് സ്ഥലം ഇല്ലാത്തതുകൊണ്ടാണ് പുറത്ത് ഇരിക്കുന്നതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. സെന്റര്‍ സൂപ്രണ്ട് കിരണ്‍ സിംഗ് ഈ വാദത്തോട് യോജിച്ചു. എന്നാല്‍ കോളേജിലെ അദ്ധ്യാപകന്‍ ആയ മനോരഞ്ജന്‍ ഗുപ്തയുടെ മറുപടി വളരെ രസകരമാണ്. “ആരും കോപ്പിയടിക്കുന്നതായി ഞാന്‍ കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ സത്യസന്ധമായി പരീക്ഷ എഴുതുകയാണ് ഉണ്ടായത്. പൊതുവേ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ ആണ് ഇരിക്കാറുള്ളതെങ്കിലും ഇപ്പോള്‍ നാലും അഞ്ചും കുട്ടികള്‍ക്ക് വരെ ഒരു ബെഞ്ചില്‍ ഇരിക്കേണ്ടതായിട്ടു വന്നിട്ടുണ്ട്. ഇതൊരു തിങ്ങിഞെരുങ്ങിയ സ്ഥലം ആണ്” എന്നാണ് ഗുപ്ത പറഞ്ഞത്.

ജാർഖണ്ഡ് അക്കാദമിക് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഫൂല്‍ സിംഗ് പത്രങ്ങളില്‍ നിന്നും പരീക്ഷയില്‍ വന്‍തോതില്‍ ഉള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലാക്കുന്നു എന്നും ബന്ധപ്പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വിനോബ ഭാവേ സര്‍വകലാശാല വൈസ് ചാന്‍സെലര്‍ ഗുര്‍ദീപ് സിംഗ് ഇതൊരു ഗുരുതരമായ വീഴ്ച ആണെന്നും കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ഹസാരിബാഗില്‍ ഉള്ള വിനോബ ഭാവേ സര്‍വകലാശാലയുടെ കീഴില്‍ ആണ് ആര്‍.എസ്. മൂര്‍ കോളേജ്.

ടോപ്പര്‍ഗേറ്റ് എന്നറിയപ്പെടുന്ന ബീഹാര്‍ സ്കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ് അഴിമതിയില്‍ ബോര്‍ഡിന്‍റെ മേധാവി ലാല്‍കേഷ്വര്‍ സിംഗും ഭാര്യയും “ഉന്നത മാര്‍ക്ക്” വാങ്ങിയ മറ്റു ചില വിദ്യാര്‍ത്ഥികളും പോലീസിന്റെ അറസ്റ്റില്‍ ആയിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയുടെ ഫലം വന്നതിനു ശേഷം ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ചില വിദ്യാര്‍ത്ഥികളെ ഒരു ടി.വി. ചാനല്‍ അഭിമുഖത്തിനു ക്ഷണിക്കുകയും പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. മറുപടിയായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞ ഉത്തരങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് ആയിരുന്നു. ഇതിനെപ്പറ്റിയുള്ള കൂടുതല്‍ അന്വേഷണത്തില്‍ ആണ് അഴിമതിയുടെ ചുരുള്‍ അഴിഞ്ഞത്. ആര്‍ട്സ് വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ റൂബി റായി പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ പാചകകല ആണെന്ന് പറഞ്ഞപ്പോള്‍ സയന്‍സ് വിഭാഗത്തിലെ സൌരഭ് കുമാറിന് വെള്ളവും H2Oയുമായുള്ള ബന്ധം എന്താണെന്ന് പറയാനായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍