TopTop
Begin typing your search above and press return to search.

ഒരു 'പൈങ്കിളി' നോവലിസ്റ്റിന്‍റെ മാനസാന്തരം; മാത്യു മറ്റം/അഭിമുഖം-ഭാഗം 1

ഒരു

മാത്യു മറ്റം/ടി സി രാജേഷ്


ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു മാത്യുമറ്റവുമായി സാഹിത്യത്തെപ്പറ്റി സംസാരിക്കുക എന്നുള്ളത്. എന്നെ വായനയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതില്‍ മാത്യുമറ്റം എന്ന എഴുത്തുകാരനുള്ള സ്വാധീനം വളരെ വലുതാണ്. ആദ്യം വായിച്ച നോവല്‍ ഏതാണെന്നു ചോദിച്ചാല്‍ മംഗളം വാരിക പ്രസിദ്ധീകരിച്ച മാത്യു മറ്റത്തിന്റെ കരിമ്പ് ആണെന്നു പറയാന്‍ എനിക്കു ബുദ്ധിമുട്ടൊന്നുമല്ല. ജന്മനാതന്നെ ബുദ്ധിജീവിയല്ലാതിരുന്നതിനാല്‍ ആറേഴു വര്‍ഷം പൈങ്കിളിയില്‍ തന്നെയായിരുന്നു എന്റെ വായന. പിന്നെ, മറ്റു സാഹിത്യത്തിലേക്ക് വായന മാറിയെങ്കിലും അതൊരു ജ്വരമായതില്‍ ജനപ്രിയസാഹിത്യത്തോട് ഇന്നും എനിക്കു മമതയുണ്ട്. മലയാളസാഹിത്യത്തില്‍ ഒരിടത്തും അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഒന്നാണ് ജനപ്രിയസാഹിത്യവും അതിന്റെ രചയിതാക്കളുമെന്നതില്‍ ദുഃഖമുണ്ട്.

കട്ടപ്പനയിലെ ജിയോ ബുക് സ്റ്റാള്‍ ഉടമയും മാത്യുമറ്റത്തിന്റെയും എന്റെയും സുഹൃത്തുമായ ജോര്‍ജുകുട്ടിയില്‍ നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങിയാണ് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടുന്നത്. കോട്ടയം സംക്രാന്തിയിലുള്ള വീട്ടിലേക്ക് എഴുത്തുകാരനും സുഹൃത്തുമായ സുസ്മേഷ് ചന്ത്രോത്തിനൊപ്പമാണ് 2010 സെപ്തംബറില്‍ ഞാന്‍ പോയത്. ഒന്നു രണ്ടു മണിക്കൂറുകള്‍ അദ്ദേഹവുമായി സംസാരിച്ചു. അതത്രയും റെക്കോഡ് ചെയ്തു. തന്റെ എഴുത്തുജീവിതത്തിലെ ഇരുണ്ട ഒരു കാലഘട്ടത്തെപ്പറ്റി എത്ര ചോദിച്ചിട്ടും മാത്യുമറ്റം തുറന്നു പറയാന്‍ തയ്യാറായില്ല. അതില്ലാതെ അഭിമുഖം പൂര്‍ണമാകില്ലെന്നു തോന്നിയതിനാല്‍ ഞാനത് അക്ഷരങ്ങളിലേക്കു പകര്‍ത്തിയില്ല. പക്ഷേ, കംപ്യൂട്ടറിലേക്ക് അത് പകര്‍ത്തി സൂക്ഷിച്ചിരുന്നു.

മാത്യുമറ്റത്തിന്റെ മരണത്തെതുടര്‍ന്ന് ആ അഭിമുഖം പ്രസിദ്ധീകരിക്കുകയാണ്. ചോദ്യങ്ങളിലും ഉത്തരങ്ങളിലും എഡിറ്റിംഗ് വരുത്തുന്നില്ല. അഞ്ചുവര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ അഭിമുഖത്തിനെന്ന് വായനക്കാര്‍ ഓര്‍മിക്കണം. മാത്യുമറ്റവുമായുള്ള ഏതെങ്കിലും അഭിമുഖം ഇതിനുമുന്‍പു വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒന്നും വന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ആദ്യ അഭിമുഖമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമായിരിക്കാന്‍ സാധ്യതയേറെയുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വായനയുടെ ഭാവനാലോകത്തേക്കു നയിച്ച ആ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, രണ്ടു ഭാഗങ്ങളായി ആ അഭിമുഖം ഇവിടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു.

ടി. സി രാജേഷ്: കുടുംബം, പഠനം?
മാത്യു മറ്റം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലാണ് പഠിച്ചത്. അവിടെ വച്ച് ഒരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാവുന്നു. ആദ്യം കല്യാണമൊന്നും കഴിക്കാതെ തന്നെ പാലായില്‍ സഹോദരിയുടെ വീടിനടുത്ത് ഒറു വീട് വാടകയ്‌ക്കെടുത്ത് താമസമാക്കി. പിന്നീട്. വിവാഹിതരായി. വലിയ ആഘോഷപൂര്‍വ്വമായ വിവാഹമൊന്നുമല്ല. അവര്‍ ഈഴവയും ഞാന്‍ കാത്തലിക്കും.രാ: ജന്മസ്ഥലവും മറ്റും...?
മാ: പമ്പാവാലിയിരുന്നാണ് ഞാന്‍ കഥയെഴുത്താരംഭിക്കുന്നത്. എന്നെ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി. ഹൈസ്‌കൂളില്‍ മലയാളം പഠിപ്പിച്ച എം.ജി.പുല്ലാട് എന്ന അധ്യാപകന്‍ ഒരു പുസ്തകം എഴുതിയപ്പോള്‍ എനിക്കും അതുപോലെ ഒരെണ്ണം എഴുതണമെന്ന് തോന്നി. അങ്ങനെ ഞാന്‍ പമ്പാവാലി അഴുതയാറിന് സമീപമൊരു വെള്ളച്ചാട്ടമുണ്ട്. അവിടെ വന്നിരുന്ന് ആലോചിച്ച് ഒരു കഥയെഴുതി. കാട്ടാറും കന്യകയും. ത്രികോണ പ്രണയമാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഞാന്‍ അവതരിപ്പിച്ചത്. ആദ്യത്തെ പുസ്തകമാണ്. അത് ജനങ്ങളുടെയിടയില്‍ വമ്പിച്ച വരവേല്‍പ്പായിരുന്നു. ആയിരത്തി അഞ്ഞൂറു കോപ്പി വിറ്റു. അഞ്ചുരൂപയായിരുന്നു വില. ഞാന്‍ തന്നെയാണ് പുസ്തകമൊക്കെ വിറ്റത്. അദ്ധ്യാപകന്‍ എഴുതിയ നോവല്‍ എനിക്ക് രസം തോന്നിയില്ല. എന്നെക്കൊണ്ട് ഇതിലും നല്ലത് എഴുതാന്‍ പറ്റുമല്ലോ എന്ന് തോന്നിയതോടെയാണ് വേറൊരെണ്ണം എഴുതിയത്. അതിനു ശേഷം എന്റെ സഖി, തേക്കടി ഫാസ്റ്റ്, തടങ്കല്‍ പാളയം, എമിലി, 75 ലെ ഭ്രാന്തന്‍, ലോറന്‍സിന്റെ കാമുകി തുടങ്ങിയ നോവലുകളെഴുതി. ഇതെല്ലാം ഞാനാണ് പുസ്തകമാക്കുന്നത്. പാലായില്‍ താമസിക്കുന്ന സമയത്താണ് മംഗളം വാരിക തുടങ്ങുന്നത്. മംഗളം പ്രസ്സിലായിരുന്നു പുസ്തകം അടിച്ചു തുടങ്ങിയത്. ചെറിയ പ്രസ്സുമായിട്ട് വര്‍ഗ്ഗീസ് ചേട്ടന്‍ അവിടുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സു മുതല്‍ ഞാനും വര്‍ഗ്ഗീസ് ചേട്ടനുമായിട്ട് സുഹൃത്ത് ബന്ധമുണ്ടായിരുന്നു. 74 - 75 കാലഘട്ടത്തില്‍ ലക്ഷം വീട് എന്ന നോവല്‍ വന്‍ ഹിറ്റായിരുന്നു. ചുരം, പ്രൊഫസറുടെ മകള്‍, കരിമ്പ്, അല്‍പ്പം വൈകിപ്പോയി, ഓമനിക്കാന്‍ ഒരു നിമിഷം, ഒമ്പതാം പ്രമാണം, ആലിപ്പഴം, അഞ്ചു സുന്ദരികള്‍... എല്ലാം അതിന്റെ പിന്നാലെ എഴുതിപ്പോന്നു. ലക്ഷം വീട് മുതലാണ് മംഗളം വാരിക കുതിക്കുന്നത്. ലക്ഷം വീട് മുഴുവനും ഒരുമിച്ച് എഴുതിക്കൊടുക്കുകയായിരുന്നു. അന്നത്തെ എഡിറ്റര്‍ അമ്പാട്ട് സുകുമാരന്‍നായര്‍ അതേപടി അത് പ്രസിദ്ധീകരിച്ചു.

പിന്നെ മനോരമ വിളിച്ചു. മനോരമയില്‍ റൊട്ടി, പൊലിസുകാരന്റെ മകള്‍, രാത്രിയില്‍ വിശുദ്ധരില്ല, മെയ് ദിനം, കൈവിഷം... ...അങ്ങനെ ചെയിനായിട്ട് ഇങ്ങെഴുതിപ്പോന്നു.

രാ: ഏത് സമയത്തായിരുന്നു എഴുത്ത്?
മാ: ജീവിതം മുഴുവന്‍ എഴുത്തായിരുന്നു. അങ്ങനെ നിശ്ചിത സമയമോ ഡിസിപ്ലിനോ ഒന്നുമില്ല... തോന്നുമ്പോള്‍ കയറിയിരുന്ന് എഴുതുകയാണ്. വായനയോട് വലിയ താല്‍പ്പര്യമില്ലായിരുന്നു. എട്ടാം ക്ലാസില്‍ പഠിച്ചോണ്ടിരിക്കുമ്പോള്‍ ദസ്തയോവിസ്‌കിയുടെ നിന്ദിതരും പീഡിതരും എന്ന ഒരു നോവല്‍ വായിച്ചു. അന്നേ എഴുതണമെന്ന് തോന്നി. മലയാളത്തില്‍ ഏതെങ്കിലും ഇഷ്ടപ്പെട്ടത് വായിച്ച് അതെടുത്ത് എഴുതിയാല്‍ അത് അനുകരിച്ചുവെന്ന് പറയും. അതുകൊണ്ട് ഒരു എഴുത്തുകാരന്റെയും ഒരു പുസ്തകവും വായിക്കാറില്ല. ദൈവം തരുന്നത് എഴുതിവിടുക എന്നതേയുള്ളു.

രാ: ലക്ഷം വീടിന് എത്ര പ്രതിഫലം കിട്ടി...
മാ: അന്ന് നോവലിനു മൊത്തം 300 രൂപയോ മറ്റോ ആണ് കിട്ടിയത്. പിന്നെ സര്‍ക്കുലേഷന്‍ കൂടിയപ്പോള്‍ എന്താവശ്യപ്പെട്ടാലും തരുമെന്ന അവസ്ഥയിലായി മനോരമയും മംഗളവും. മനോരമയ്ക്ക് നോവലുകളിലൂടെ വന്‍കുതിപ്പായിരുന്നു. അന്ന് എഡിറ്റര്‍ കെ.എം തരകനായിരുന്നു. പപ്പന്‍ സാറ് വന്നപ്പോഴും നല്ല ടേംസായിരുന്നു. പിന്നെ മനോരമയുമായിട്ട് എങ്ങനെയോ അകന്നു. മംഗളത്തെ കൂടുതലായി സ്‌നേഹിച്ചതിന്റെ പരിണിതഫലം.രാ: ഒളിച്ചോട്ടം...
മാ: ഒളിച്ചോട്ടം എന്റെ ജീവിതത്തിലെ വലിയ താല്‍പ്പര്യമുള്ള കാര്യമാണ്.. എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒളിച്ചുപോയതാണ്. കോയമ്പത്തൂരില്‍ വച്ച് കള്ളവണ്ടി കയറിയതിന് പോലീസ് പിടിച്ചു. പതിനഞ്ച് ദിവസം കോയമ്പത്തൂര്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലൊക്കെ ഇട്ടു. നാടു കാണണമെന്നുള്ള ഒറ്റ ആഗ്രഹമല്ലാതെ ആരോടും പിണങ്ങിയോ ഒന്നും പോയതല്ല. പഠിത്തത്തിലൊക്കെ മിടുക്കനായിരുന്നു. ആദ്യമൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ പുസ്തകങ്ങള്‍ ഇറങ്ങിത്തുടങ്ങിയതു മുതല്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങളില്ല. ഒന്നിനു പുറകെ ഒന്നായി പുസ്തകങ്ങള്‍... അതെല്ലാവരും വാങ്ങുന്നു. നോവലെഴുതാന്‍ പ്രചോദനമായ അദ്ധ്യാപകന് നല്ല താല്‍പ്പര്യമായിരുന്നു. അത് വായിച്ചിട്ട് അദ്ദേഹം നല്ല അഭിപ്രായമാണ് പറഞ്ഞത്.

ഞാന്‍ പേരോ ജാതിയോ ഒന്നും ചോദിക്കാതെ എന്റെ അടുത്തിരുന്ന ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയായിരുന്നു. പത്തിരുപത് ദിവസത്തെ പ്രണയം മാത്രമേയുണ്ടായിരുന്നുള്ളൂ. അവളുടെ വീട്ടുകാര് അ.റിഞ്ഞതോടെ അവളെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയും അടിക്കുകയുമൊക്കെ ചെയ്തു. ഞാന്‍ പിറകെ പോയി കൂട്ടിക്കൊണ്ടു വന്നു. അന്നും ഇന്നും എന്നും പിടിച്ചുനിന്നത് ഈ പേനാമുനകൊണ്ടാണ്. ഒത്തിരി സ്ഥലങ്ങളും കാര്യങ്ങളുമുണ്ടായി.അതെല്ലാം പിന്നീട് വിറ്റതാണ്. കോട്ടയത്തായിരുന്നു കല്യാണം കഴിഞ്ഞ് വാടകയ്ക്ക് താമസം. ഇപ്പോള്‍ വീട്ടുകാരുമായെല്ലാം അടുപ്പമാണ്. നരിയമ്പാറ, ചുങ്കത്ത്, അടിച്ചിറ ഇവിടെല്ലാം വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് മുതല്‍ പേനാമുനയില്‍ തുടങ്ങിയ ജീവിതമാണ്. മനോരമയിലും ദീപികയിലുമൊക്കെ സണ്‍ഡേ സപ്ലിമെന്റില്‍ ഞങ്ങളുടെ പ്രേമത്തെക്കുറിച്ച് കുറിച്ച് വന്നിട്ടുണ്ട്. രണ്ടു മക്കളായപ്പോള്‍ പിള്ളേരുടെ ഭാവിയെക്കരുതി ഭാര്യ മതം മാറി ക്രിസ്ത്യാനിയായി. മകന്‍ കിഷോര്‍ മാത്യു മനോരമ ആരോഗ്യത്തിലാണ്.

മനോരമയും മംഗളവും നല്ല കാശ് തന്നു. അദ്ധ്യായത്തിനുള്ള കാശ് വേറെ. ചുമ്മാ ചെന്ന് വാങ്ങിക്കുന്നത് വേറെ. ഒരേ സമയത്ത് ഒമ്പത് നോവലുകള്‍ ഒമ്പത് വീക്കിലികളില്‍ അടിച്ചുവന്നിട്ടുണ്ട്. മനോരാജ്യം, മംഗളം, ജനനി, താരാട്ട്, സഖി, സുനന്ദ, വന്ദന, കണ്‍മണി ഇങ്ങനെ ഒമ്പത് വീക്കിലികളില്‍ ഒരേസമയം നോവല്‍ അടിച്ചുവന്നിട്ടുണ്ട്. കാശിനുവേണ്ടി ഞാന്‍ വഴക്കുണ്ടാക്കുകയോ തര്‍ക്കിക്കുകയോ ചെയ്തിട്ടില്ല. അതൊന്നും എനിക്കിഷ്ടമില്ല. തരുന്നത് വാങ്ങിക്കുക. പിന്നെ അവര്‍ തന്നെ റേറ്റ് കൂട്ടി. ഞാന്‍ ചോദിക്കുന്നത് തരും.

ഒമ്പത് നോവലുകളൊക്കെ എഴുതുന്ന സമയത്ത് രണ്ടദ്ധ്യായം മൂന്നദ്ധ്യായം ഒരുമിച്ചെഴുതും. സമയം ആവുമ്പോള്‍ അവര്‍ വണ്ടിയും കൊണ്ടുവരും. ഒമ്പത് നോവലിലെ കഥാപാത്രങ്ങളെ ഡയറിയില്‍ കുറിച്ചിട്ട് കഥ മനസ്സില്‍ നിന്നുണ്ടാക്കുകയായിരുന്നു.

രാ: മെഡിക്കല്‍ കോളേജ് എന്ന കഥയെടുത്താല്‍, കഥയുമായിട്ട് ബന്ധപ്പെട്ട് ഡോക്ടര്‍മാരുമായൊക്കെ റഫര്‍ ചെയ്യാറുണ്ടോ?
മാ: ദൈവം ഉറങ്ങിയിട്ടില്ല എന്ന നോവലിനു വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മുറിയൊക്കെ കയറി കണ്ടു. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ഡെഡ് ബോഡി കിടത്തുന്നത്. ഇതെല്ലാം കണ്ടു. പണ്ടാരക്കുളമായിരുന്നു ഫോറന്‍സിക് പ്രൊഫസര്‍. 90 ശതമാനവും അനുഭവത്തിലൂടെയൊക്കെയാണ് എഴുതുന്നത്. മനുഷ്യനെ കാണുമ്പോഴേ പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്.

രാ: കരിമ്പ് സിനിമയായതിനെക്കുറിച്ച്.
മാ: ആദ്യം സിനിമയാകുന്ന നോവല്‍ കരിമ്പായിരുന്നു. പിന്നെ മെയ്ദിനം.. അഞ്ചു സുന്ദരികള്‍ ചില പ്രശ്‌നങ്ങളാല്‍ ഇറങ്ങിയില്ല. സിനിമയ്ക്ക് വേണ്ടി കഥയെഴുതിക്കാന്‍ പലരും വന്നു. കോടിക്കണക്കിന് രൂപ ചിലവാക്കുന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ മൂലം ഒരു പിഴവ് പറ്റരുതെന്ന ആഗ്രഹമുണ്ടായിരുന്നു. എഴുതാനറിയാഞ്ഞിട്ടല്ല. അങ്ങനെ ചൂതാട്ടം നടത്തി ജയിക്കുമോ പരാജയപ്പെട്ടുമോയെന്ന് കൈകാര്യം ചെയ്യേണ്ട സബജക്റ്റല്ല. എന്തിന് അവരുടെ കണ്ണീര് കാണണം?

രാ: മനോരമയുമായിട്ടുള്ള പ്രശ്‌നം...?
മാ: മനോരമയ്ക്കു വേണ്ടി നോവലിന് ടൈറ്റില്‍ കൊടുത്തിട്ട് നോവല്‍ കൊടുക്കാതെ ഞാന്‍ മംഗളത്തിന് വേണ്ടി മാറിനടന്നു. മനോരമയും മംഗളവുമായിട്ട് തെറ്റേണ്ടി വന്നതെല്ലാം എന്റെ പ്രശ്‌നം കാരണമാണ്. മംഗളത്തെ ഇത്തിരി കൂടുതല്‍ സ്‌നേഹിച്ചു. മനോരമയ്ക്ക് അത് കാരണം കഥ കൊടുക്കാതിരുന്നു. പിന്നെ പ്രശ്‌നമൊന്നുമില്ല. ഇപ്പോള്‍ അവരുമായിട്ട് നല്ല ബന്ധമാണ്. പിന്നീട് ഇവര്‍ നോവല്‍ എഴുതാന്‍ പറഞ്ഞു. ഞാന്‍ എഴുതിയില്ലെന്നേയുള്ളു. മനോരമയില്‍ ഏറ്റവും അവസാനം വന്നത് കിഴക്കന്‍കാറ്റ്. മംഗളത്തില്‍ വന്നത് ആറാം വാര്‍ഡ്. മകന്‍ മനോരമയില്‍ ജോലി ചെയ്യുന്നു. ഞാന്‍ ചെന്ന് ജോലിയുടെ കാര്യം പറഞ്ഞപ്പോള്‍ അന്നേരം മാത്തുക്കുട്ടിച്ചായും മാമന്‍ മാത്യുവും സമ്മതിച്ചു. മംഗളത്തിലായിരുന്നു അവന്‍.

രാ: ആ സമയത്ത് അവര്‍ ജോസി വാഗമറ്റത്തെ കൊണ്ടുവന്നത് എഫക്ട് ചെയ്തിട്ടുണ്ടോ?
മാ: എനിക്കൊന്നും എഫക്ട് ചെയ്തിട്ടില്ല.

രാ: മറ്റു നോവലിസ്റ്റുകളുമായിട്ട് ബന്ധം പുലര്‍ത്തിയിട്ടുണ്ടോ?
മാ: എല്ലാരുമായിട്ടും നല്ല ബന്ധമുണ്ടായിരുന്നു. ആരുവന്നാലും നല്ല പ്രോത്സാഹനം കൊടുക്കും.

രാ: ഒമ്പതു നോവലുകള്‍ എഴുതിക്കൊണ്ടിരുന്ന കാലത്തു നിന്നും വാരികകളൊക്കെ നിന്നുതുടങ്ങിയ കാലത്തേക്ക്...
മാ: സാമ്പത്തിക പരാജയമാണ്... അതിന്റെ കാരണമറിയില്ല..

രാ: അതിന്റെയൊക്കെ പത്രാധിപന്മാരുമായിട്ട് ഇപ്പോള്‍ ബന്ധമുണ്ടോ?
മാ: ഉണ്ട്.. തരംഗിണിയിലെ നടുവട്ടം. ഓരോരുത്തരും ഓരോ ദിക്കിലേക്ക് പോയി.രാ: നല്ല അഭിപ്രായം കാരണം നീണ്ടുപോയ നോവലുകള്‍....
മാ: ഞാന്‍ നീട്ടിയെഴുതാറില്ല. ഒരു കഥയെ സംബന്ധിച്ച് മുപ്പത് അല്ലേല്‍ മുപ്പത്തഞ്ച് അദ്ധ്യായമെഴുതി അവിടെ നിര്‍ത്തും. കാശിനു വേണ്ടി വലിച്ചുനീട്ടാന്‍ താല്‍പ്പര്യമില്ലായിരുന്നു. കഥ സൂപ്പറായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആലിപ്പഴത്തില്‍ ഒരു കഥാപാത്രം മരിച്ചതിന് കോഴിക്കോട് കടകളില്‍ കറുത്തകൊടി തൂക്കിയിട്ട് അതിന്റെ ഫോട്ടോയെടുത്ത് മംഗളത്തില്‍ കൊടുത്തിരുന്നു.

രാ: എഴുതിയ നോവലുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ളത്?
മാ: ആദ്യത്തേത് ആലിപ്പഴം.... രണ്ടാമത് പോലീസുകാരന്റെ മകള്‍,റൊട്ടി, രാത്രി വിശുദ്ധരില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമുണ്ടായ നോവല്‍ അഞ്ചു സുന്ദരികള്‍.

രാ: ആ നോവല്‍ എഴുതാന്‍ കാരണമെന്തായിരുന്നു?
മാ: എറണാകുളത്ത് ഒരു കോളേജ് ഹോസ്റ്റലില്‍ ഒരു സംഭവം നടന്നതായിട്ട് ചെറിയ ഇന്‍ഫര്‍മേഷന്‍ കിട്ടി. അതുവച്ച് ഞാന്‍ ചിത്രീകരിച്ചെടുത്തതാണ്. അത് പക്ഷേ യാഥാര്‍ത്ഥ്യവുമായി. അതിനോട് സാദൃശ്യമുള്ള കുടുംബവും ഏതാണ്ടൊക്കെ ഉണ്ടായിരുന്നു. എന്നെ വെടിവച്ചുകൊല്ലുമെന്ന ഭീഷണിയൊക്കെയുണ്ടായി.

രാ: ആലിപ്പഴം എഴുതാനുള്ള സാഹചര്യം....
മാ: ഓരോ കുട്ടികളെയൊക്കെ കാണുമ്പോള്‍ ഒരു ഭാവന വരും. ഒരു പതിനാലു വയസ്സുകാരി പെണ്‍കൊച്ചിനെ കണ്ടപ്പോള്‍ തോന്നിയതാണ്. അന്നേരം ഒരു പീഡനക്കേസിലെ പ്രതിയുണ്ടായിരുന്നു...മുസ്ലീം.. ജയിലില്‍ നിന്നിറങ്ങിവന്നതാണ്. അവന്‍ അവന്റെ കഥയൊക്കെ പറഞ്ഞപ്പോള്‍ അത് മനസ്സിലിട്ട് വലിയ കഥയുണ്ടാക്കിയതാണ് ആലിപ്പഴം.

രാ: പിന്നാലെ വന്ന എഴുത്തുകാര്‍ ശൈലി പിന്തുടരുന്നതുപോലെ
മാ: ഞാനെഴുതുന്നതുപോലെ എഴുതാന്‍ പത്രാധിപന്‍മാര്‍ ആവശ്യപ്പെട്ടതുകൊണ്ടുതന്നെ പിന്നാലെ വന്ന എഴുത്തുകാരും എന്റെ ശൈലി സ്വീകരിച്ചത്.

രാ:അവരൊക്കെ കാലത്തിനൊത്ത് മാറിയപ്പോള്‍
മാ: ഓരോരുത്തരുടെ എഴുത്തിലും ഓരോ ശൈലിയുണ്ട്. അത് ഏത് പത്രാധിപര്‍ പറഞ്ഞാലും മാറ്റാന്‍ കഴിയില്ല. ശൈലി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സംഗതിയാണ്. കാലത്തിനനുസരിച്ച് അനുഭവങ്ങളും മറ്റു സാഹചര്യങ്ങളും മാറ്റാം. ശൈലി മാറ്റണമെന്ന് പറഞ്ഞാല്‍ നടക്കില്ല.

രാ: നോവലും ജീവിതവും
മാ: 267 നോവല്‍ എഴുതിയിട്ടുണ്ട്. ഇത് നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്തിലൊക്കെ കടന്നുചെല്ലാറുണ്ട്.

രാ: ഏറ്റവും അടുപ്പമുണ്ടായിരുന്ന പത്രാധിപര്‍?
മാ: കെ.എം. തരകന്‍. അങ്ങേരെപ്പോലെ കഴിവുള്ള ഒരു പത്രാധിപര്‍ വേറെയുണ്ടായിട്ടില്ല. അമ്പാട്ട് സുകുമാരന്‍, നടുവട്ടം, സത്യശീലന്‍...

രാ: പല നോവലുകള്‍ ഒരേ സമയം എഴുതുമ്പോള്‍?
മാ: കിടക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ചിന്തിച്ച് അങ്ങെഴുതുന്നുവെന്നേയുള്ളു.

രാ: ആറാം വാര്‍ഡിനും കിഴക്കന്‍കാറ്റിനും ശേഷം...
മാ: ഒന്നും എഴുതിയില്ല.. എഴുതാന്‍ തോന്നുന്നില്ല. ഞാന്‍ ആ ലോകമൊക്കെയങ്ങ് വിട്ടു. ദൈവികമായ നോവലുകള്‍... മറ്റേ രീതിയിലുള്ള നോവലുകള്‍ എഴുതാന്‍ വയ്യായ്ക ഒന്നുമില്ല. ഒന്നും എന്നില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ദൈവം എന്നെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുവന്നതായി തോന്നുന്നു. ആത്മീയ നോവലിലേക്ക് തിരിഞ്ഞു. ആ നോവലുകള്‍ ഞാന്‍ തന്നെ ഇറക്കുകയായിരുന്നു. ആരോടും ചോദിച്ചില്ല.

രാ: വായനക്കാരില്‍ നിന്നുള്ള അനുഭവങ്ങള്‍...
മാ: വായനക്കാരല്ലേ എന്നെ വളര്‍ത്തിയത്. അവര്‍ തള്ളിക്കളഞ്ഞിരുന്നേല്‍ ഞാന്‍ ഇല്ലായിരുന്നു. ആലിപ്പഴത്തിലെ മിനിക്കുട്ടിയെയൊന്നും ആരും മറക്കില്ല.

രാ: വായനക്കാര് കണ്ട് തിരിച്ചറിഞ്ഞ സംഭവങ്ങള്‍...
മാ: കണ്ടാല്‍ അറിയില്ല. മാത്യുമറ്റം ആണെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കുമറിയാം. ഏതു വീട്ടുകാര്‍ക്കും അറിയാം.

രാ: യാത്ര...
മാ: യാത്ര ഇഷ്ടമാണ്. മംഗളത്തില്‍ അഞ്ചാറുമാസം എഡിറ്റോറിയല്‍ സെക്ഷനില്‍ വര്‍ക്ക് ചെയ്തപ്പോള്‍ പലയിടത്തും പോയി ലേഖനം എഴുതിയിട്ടുണ്ട്. പിന്നെ എനിക്ക് ആ ജോലി ഇഷ്ടപ്പെട്ടില്ല. എന്റെ ലോകം വേറെയായിരുന്നു.

രാ: ഏതെങ്കിലും തരത്തിലുള്ള അംഗീകാരങ്ങള്‍.
മാ: എനിക്ക് അവാര്‍ഡോ. അങ്ങനെയുള്ള കാര്യങ്ങളൊന്നും കിട്ടിയിട്ടില്ല... അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. വായനക്കാരുടെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതുമതി.രാ: ജനകീയമായ ഇത്തരം എഴുത്ത് ആളുകളെ വഴിതെറ്റിക്കുന്നതായി ഒരിടയ്ക്ക് കേട്ടിരുന്നു
മാ: യൂദാസ് ആത്മഹത്യ ചെയ്തത് മംഗളം വായിച്ചിട്ടാണോ? രാമന്റെ ഭാര്യയെ രാവണന്‍ കടത്തിക്കൊണ്ടുപോയത് മംഗളം വായിച്ചിട്ടാണോ? വിവരമുള്ള ആള്‍ക്കാര് ഉണ്ടാവുന്നത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് സഹിക്കില്ലല്ലോ... വിവരമുണ്ടായാല്‍ ആള്‍ക്കാര്‍ക്ക് രാഷ്ട്രീയമില്ല ജാതിയില്ല മതമില്ല. അപ്പോള്‍ അവര്‍ ബദല്‍ ബുദ്ധിജീവികളെയൊക്കെ നിരത്തുകയൊക്കെ ചെയ്തു.

രാ: രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ?
മാ: ആദ്യമവര് കുറച്ചു നടത്തി നോക്കി.വിജയിച്ചില്ല..

രാ: ഏതൊക്കെ പ്രസാധകര്‍ പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്...
മാ: ഡി.സി. ഇറക്കിയിട്ടുണ്ട്. സി.ഐ.സി.സി. ഇറക്കിയിട്ടുണ്ട്. തൃശ്ശൂര്‍ കറന്റ്, റോയല്‍ ബുക്ക്‌സ്, സഖി ബുക്‌സ് ഇവരൊക്കെയിറക്കിയിട്ടുണ്ട്.

രാ: വരുമാനം വീക്കിലിയിലാണോ... പുസ്തകത്തിലാണോ?
മാ: വീക്കിലിയിലെഴുതുന്നത് തന്നെയാണ് വരുമാനം. പിന്നെ ആദ്യം മുതല്‍ മാര്‍ക്കറ്റിംഗ് എനിക്കറിയാം. നല്ലൊരു സുഹൃത്ബന്ധമുണ്ട്. ഒരു പുസ്തകത്തിന്റെ ആയിരമോ ആയിരത്തിയഞ്ഞൂറോ കോപ്പിയെടുത്ത് കൂട്ടുകാര്‍ക്ക് കൊടുത്താല്‍ കാശ് മേടിക്കാം. കേരളത്തില്‍ എന്നെയറിയാത്ത ഒരു കുടുംബം ഉണ്ടെന്ന് തോന്നുന്നില്ല.

രാ: സര്‍ക്കുലേഷന്‍ കൂടുന്നതിനനുസരിച്ച്..
മാ: കാശ് എക്‌സ്ട്രാ കിട്ടും. പിന്നെ ഫ്രിഡ്ജ്, വീട്ടുസാധനങ്ങളെല്ലാം മംഗളത്തില്‍ നിന്നും മറ്റും കൊണ്ടുവന്നുതരുമായിരുന്നു. എന്തു വേണമെങ്കിലും എനിക്ക് രണ്ട് വീക്ക്‌ലിയില്‍ നിന്നും കിട്ടുമായിരുന്നു. ഇന്നും ആ രണ്ടു കൂട്ടരും നല്ല സ്‌നേഹത്തോടെ തന്നെ സഹകരിക്കുന്നു. ജീവിതം മുഴുവന്‍ കണ്ടുകഴിഞ്ഞു. ഇനി ഈ ലോകത്തില്‍ ഒരു അംഗീകാരം വേണമെന്നോ ഒന്നും ഒരാഗ്രഹവുമില്ല. ജീവിതം ഇത്രയ്ക്കിത്രയേയുള്ളുവെന്ന മനസ്സിലായി. കൂടുതല്‍ ആഗ്രഹിച്ചിട്ടൊന്നും കാര്യമില്ല. അതൊക്കെ പാഴാണ്.

രാ: മാത്യു മറ്റത്തിന്റെ നോവലുകളിലെ ജീവിതമാണോ യഥാര്‍ത്ഥത്തിലെ ജീവിതം?
മാ: വിശക്കുന്നവന്റെയും സുഖിക്കുന്നവന്റെയുമൊക്കെ മനസ്സും ചരിത്രവും ഞാന്‍ വരച്ചു കാണിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നുമല്ല ജീവിതം. ദൈവത്തിലാണ് ജീവിതം. എല്ലാവരും നമ്മളെ ചതിക്കും. പക്ഷേ ദൈവം ചതിക്കില്ല.

രാ: മാനസാന്തരം വന്ന കഥാപാത്രങ്ങള്‍...
മാ: രാത്രിയില്‍ വിശുദ്ധരില്ല തുടങ്ങിയ നോവലുകളില്‍ അത്തരം കഥാപാത്രങ്ങളുണ്ട്.


(തുടരും)

<

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories