TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയുടെ ഒരു യെസ് ഫ്രാന്‍സിസിന്റെ ജീവിതം മാറ്റിമറിക്കും

മുഖ്യമന്ത്രിയുടെ ഒരു യെസ് ഫ്രാന്‍സിസിന്റെ ജീവിതം മാറ്റിമറിക്കും

സന്ദീപ് വെള്ളാരംകുന്ന്‌

മുഖ്യമന്ത്രിയുടെ ഒരു യെസ് മൂലം ഒരാളിനു ഹൃദയം ലഭിക്കാന്‍ കാരണമായ വാര്‍ത്തയറിഞ്ഞ് ആവേശഭരിതരായവരാണു മലയാളികള്‍. എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ ഒരു യെസ് വന്നാല്‍ പക്ഷാഘാതം മൂലമുള്ള അവശതകള്‍ അനുഭവിക്കുന്ന ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കോടതി വരാന്തകളില്‍ അലയാതെ ഇനിയെങ്കിലും ജീവിക്കാമായിരുന്നു. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ജീവന്‍ പോലും പണയം വച്ച് ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലും ഒടുവില്‍ ലഭിക്കുന്നതെന്താണ്. വനം വകുപ്പിലെ റിട്ടയേര്‍ഡ് ഡിഎഫ്ഒ ആയ വി കെ ഫ്രാന്‍സിസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയറിഞ്ഞാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമാകും. കൂടുതല്‍ ആവേശത്തോടെ സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യുന്നവര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങളും പെന്‍ഷനും കിട്ടാതാകും എന്ന പൊതു തത്വത്തിന് ഉത്തമ ഉദാഹരണമാണ് മതികെട്ടാന്‍ ഫ്രാന്‍സിസ് എന്ന പേരില്‍ അറിയപ്പെടുന്ന റിട്ടയേര്‍ഡ് ഡിഎഫ്ഒ വികെ ഫ്രാന്‍സിസിന്റെ ജീവിതം. സര്‍ക്കാരിന്റെ വനഭൂമി കൈയേറ്റക്കാരില്‍ നിന്നു തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ഫ്രാന്‍സിസ് അറിഞ്ഞിരുന്നില്ല കൈയറിയവര്‍ ഭരണക്കാരുടെ വേണ്ടപ്പെട്ടവരാണെന്ന്. പാലായില്‍ നിന്നുള്ളവരെയാണ് കൈയേറ്റ ഭൂമിയില്‍ നിന്നു ഫ്രാന്‍സിസ് ഇറക്കിവിട്ടതെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് ഒഴിഞ്ഞുപോയവര്‍ ഫ്രാന്‍സിസിനിട്ടു പണികൊടുത്തത്. രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെയായിരുന്നു ഈ നീക്കം. ഫലമോ ഇന്നും കോടതി വരാന്തകള്‍ നിരങ്ങാനാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിധി. 2013 ഒക്ടോബര്‍ 31-നാണ് ഫ്രാന്‍സിസ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

ഫ്രാന്‍സിസിന്റെ കഥയറിയണമെങ്കില്‍ ഒരു പതിറ്റാണ്ടോളം പിന്നോട്ടു പോകണം. 2002 കാലഘട്ടം. അന്നു ദേവികുളം റേഞ്ച് ഓഫീസറായാണ് വി കെ ഫ്രാന്‍സിസ് ചാര്‍ജെടുത്തത്. അവിടെ നിന്ന് അധികം ദൂരത്തില്‍ അല്ലാതെയാണ് 2003-ല്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച മതികെട്ടാന്‍ മലനിരകളുള്ളത്. അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്രാന്‍സിസ് കേട്ടറിഞ്ഞു മതികെട്ടാന്‍ മല നിരകളില്‍ കൈയറ്റം തുടങ്ങിയിട്ടുണ്ടെന്ന്. ആദിവാസികളായ കുറേയധികം കുടുംബങ്ങള്‍ അവിടെ പാര്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആദിവാസികളെന്ന വ്യാജേന പാലായില്‍ നിന്നുള്ള സമ്പന്നരും അവരുടെ ബിനാമികളുമാണ് മതികെട്ടാന്‍ മലയിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ ഏലം കൃഷി ചെയ്തു തുടങ്ങിയത്. താമസിക്കാനായി ധാരാളം കുടിലുകളും ഇവര്‍ നിര്‍മിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അവിടെയെത്തിയ ഫ്രാന്‍സിസ് കണ്ടത് പട്ടു സാരിയും പവന്‍ കണക്കിനു സ്വര്‍ണാഭരണങ്ങളും ധരിച്ച് വിലയേറിയ വിദേശ മദ്യവും കുടിച്ച് കുടിലുകളില്‍ താമസിക്കുന്ന ആദിവാസികളല്ലാത്തവരെയാണ്. അവിടെ അന്നു താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും പാലായില്‍ നിന്നുള്ള സമ്പന്നരായിരുന്നു. ആദിവാസികളുടെ പേരില്‍ അന്നവിടെ കണ്ടവരില്‍ ആരും തന്നെ ആദിവാസികളല്ലായിരുന്നുവെന്നതാണു യാഥാര്‍ഥ്യം. പലരും രാഷ്ട്രീയക്കാരുടെ ബിനാമികളുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം മതികെട്ടാന്‍ മലയിലെത്തിയ ഞങ്ങളുടെ സംഘം കൈയറ്റക്കാര്‍ താമസിച്ചിരുന്ന കുടിലുകള്‍ മുഴുവന്‍ കത്തിക്കുകയും കൈയറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഏതാനും മാധ്യമ പ്രവര്‍ത്തകരും ദൗത്യ സമയത്ത് ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് ഓര്‍മിക്കുന്നു. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കി കൈയേറ്റക്കാര്‍ക്കെതിരേ കേസ് ചാര്‍ജു ചെയ്യുകയും ചെയ്തതോടെ കൈയറ്റക്കാരുടെ മാഫിയ ഫ്രാന്‍സിസിനെ പീഡനക്കേസില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാതിക്കാരായി സിഐ ഓഫീസിലെത്തിച്ച സ്ത്രീകള്‍ ഫ്രാന്‍സിസിനെ അറിയില്ലെന്നു പറഞ്ഞതോടെ ഈ നീക്കം പൊളിഞ്ഞു. ഇതിനിടെ മതികെട്ടാനില്‍ ആദിവാസികളെ ആക്രമിച്ചുവെന്നും താമസസ്ഥലങ്ങള്‍ നശിപ്പിച്ചുവെന്നും ആരോപണമുണ്ടായെങ്കിലും ഉന്നത അന്വേഷണത്തില്‍ ഇതൊന്നും തെളിയിക്കാനായില്ല. ഇതിനിടയിലാണ് മതികെട്ടാന്‍ കൈയേറ്റ ഭൂമിലേക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ സംഘം സന്ദര്‍ശനം നടത്തിയത്. ഈ സന്ദര്‍ശനത്തോടെയാണ് മതികെട്ടാന്‍ ഭൂമി വിഷയം സജീവ ചര്‍ച്ചയായി കേരളത്തിലെ പൊതു സമൂഹത്തിന്റെ മുന്നിലെത്തുന്നതും. വിഎസ് അച്യുതാനന്ദന്‍ എന്ന നേതാവിനു കേരള സമൂഹത്തിനു മുന്നില്‍ ഏറെ സ്വീകാര്യത വര്‍ധിപ്പിച്ച വിഷയങ്ങളിലൊന്നു കൂടിയായിരുന്നു മതികെട്ടാന്‍ സന്ദര്‍ശനം. മതികെട്ടാന്‍ വിഷയത്തില്‍ അന്നത്തെ വനം മന്ത്രി കെ സുധാകരനും ധന മന്ത്രിയായിരുന്ന കെ എം മാണിയും തമ്മില്‍ പോരുമുറുകിയതോടെ മതികെട്ടാന്‍ ഭൂമി വിഷയം വന്‍ വിവാദമായി പൊതു സമൂഹത്തിനു മുന്നില്‍ ഉയരുകയും ചെയ്തു ഇതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു തലയൂരുകയായിരുന്നു. ആദ്യം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ട്രൈബ്യൂണലിലേക്ക് മാറ്റാമെന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശമാണ് പിന്നീട് വിജിലന്‍സ് കേസ് അന്വേഷണത്തിലേക്കെത്തിയത്. അന്വേഷണം പൂര്‍ത്തിയായി കേസ് കോടതിയിലെത്തിയപ്പോള്‍ ഭരണക്കാരുടെ ഇഷ്ടക്കാരെല്ലാം ഒഴിവാകുകയും ഫ്രാന്‍സിസും മറ്റും പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെടുകയും ചെയ്തു.

കൈയേറ്റക്കാരില്‍ നിന്നു വിമുക്തമാക്കിയ മതികെട്ടാനിലെ ഭൂമി 2003-ല്‍ മതികെട്ടാന്‍ നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. മതികെട്ടാന്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്നു തിരിച്ചുപിടിച്ച് നാഷണല്‍ പാര്‍ക്ക് ആക്കി മാറ്റുന്നതിനു പിന്നിലും ഫ്രാന്‍സിസിന്റെ നിരന്തര അധ്വാനമുണ്ടായിരുന്നു. മതികെട്ടാന്‍ ഫ്രാന്‍സിസ് എന്ന പേരിലാണ് അക്കാലത്ത് വി കെ ഫ്രാന്‍സിസ് എന്ന റേഞ്ച് ഓഫീസര്‍ അറിയപ്പെട്ടിരുന്നതു തന്നെ. എന്നാല്‍ പൊന്നു വിളയുന്ന ഭൂമിയില്‍ നിന്നു തങ്ങളെ ഇറക്കിവിട്ട കൈയേറ്റ മാഫിയയും വെറുതെ ഇരിക്കാന്‍ ഒരുക്കമായിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ പേരിലാണ് ഇതെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖന്റെ പാര്‍ട്ടിയില്‍പെട്ടവരാണ് അന്നു മതികെട്ടാനില്‍ ഭൂമി കൈയറിയവരില്‍ ഏറെയും. നെല്ലിയാമ്പതിയില്‍ വനഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ അന്നു പി ധനേഷ്‌കുമാര്‍ എന്ന ഉദ്യോഗസ്ഥനു ലഭിച്ച അത്രയും മാധ്യമ പിന്തുണയോ പൊതു സമൂഹത്തിന്റെ ഇടപെടലോ ഫ്രാന്‍സിസിന്റെ കാര്യത്തില്‍ ഉണ്ടായില്ല. അതുകൊണ്ടാണ് ഫ്രാന്‍സിസിനെ എളുപ്പത്തില്‍ കേസില്‍ കുടുക്കാനായത്. കൈയറ്റത്തിന് ഒത്താശ ചെയ്തു എന്നാണു വിജിലന്‍സ് ഫ്രാന്‍സിസിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഒത്താശ ചെയ്യുന്ന ഒരാള്‍ ഏതെങ്കിലും സാഹചര്യത്തില്‍ കൈയേറ്റക്കാരെ ഇറക്കിവിടാന്‍ തുനിയുമോ ഒരു മുതിര്‍ന്ന റിട്ടയേര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു.മതികെട്ടാന്‍ കൈയറ്റത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഫ്രാന്‍സിസിനെ സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു. നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം തുടരുന്ന മന്ത്രിമാര്‍ പുല്ലുപോലെ ഭരണം തുടരുമ്പോഴാണ് ഒരു റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡു ചെയ്തു രാഷ്ട്രീയക്കാര്‍ മിടുക്കു കാട്ടിയത്. പതിനെട്ടു മാസത്തിനു ശേഷമാണ് ഫ്രാന്‍സിസിനു പിന്നീടു ജോലിയില്‍ തിരികെ കയറാനായത്. വിജിലന്‍സ് അന്വേഷണത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡിഒഫ്ഒ ആയി പ്രമോഷന്‍ ലഭിക്കുന്നത്. വിരമിച്ചെങ്കിലും വിജിലന്‍സ് കേസ് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ പക്ഷാഘാതം മൂലമുണ്ടായ തളര്‍ച്ച മൂലം ദുരിതത്തിലായ ഫ്രാന്‍സിസ് രോഗത്തിന്റെ അവശതകള്‍ക്കിടയിലും കോടതി വരാന്തകള്‍ കയറി ഇറങ്ങുകയാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ വിജിലന്‍സ് കേസ് പിന്‍വലിക്കാവുന്നതേയുള്ളുവെന്ന് ഫ്രാന്‍സിസ് പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളൊന്നും തന്നെ അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉന്നതരുടെ ഭൂമിയില്‍ നിന്നു കൈയറ്റക്കാരെ ഇറക്കി വിട്ടതിന്റെ പകതീര്‍ക്കുകയായിരുന്നു വിജിലന്‍സ് അന്വേഷണത്തിലൂടെ നടപ്പായത്. ബോംബെറിഞ്ഞ കേസിലെ പ്രതികളെ വരെ വെറുതെ വിടുന്ന മുഖ്യമന്ത്രി വനഭൂമി തിരിച്ചുപിടിക്കാന്‍ പോരാട്ടം നടത്തിയ എന്നെ അവഗണിക്കുകയാണ്. ഇതുകൊണ്ടു തന്നെയാണ് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പല കാര്യങ്ങളും ഏറ്റെടുക്കാന്‍ മടിക്കുന്നത്. ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ക്കുന്നു. ബാര്‍ കോഴക്കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മാണിക്കെതിരേ തെളിവില്ലെന്നു കണ്ടെത്തിയ വിജിലന്‍സ് അന്വേഷണം പക്ഷേ ഫ്രാന്‍സിസിന്റെ കാര്യത്തില്‍ വഴി തിരിഞ്ഞു പോവുകയായിരുന്നു.

വനവും വനവിഭവങ്ങളും സംരക്ഷിക്കുവാന്‍ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥനായിരുന്നു വി കെ ഫ്രാന്‍സിസെന്ന് നെല്ലിയാമ്പതിയില്‍ അനധികൃത ഭൂമികള്‍ പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്‍കിയ മുന്‍ നെന്മാറ ഡിഎഫ്ഒയും ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ പി ധനേഷ്‌കുമാര്‍ പറയുന്നു. വനത്തിനും വന്യമൃഗങ്ങള്‍ക്കും എതിരായുള്ള ഒരു കൈയേറ്റമോ ആക്രമണമോ കണ്ടാല്‍ പിന്നീട് ഒന്നും നോക്കാതെ ഏതറ്റംവരെയും പോകാന്‍ വി കെ ഫ്രാന്‍സിസ് ഒരു കാലത്തും മടികാണിച്ചിട്ടില്ല. വനത്തിനും വന്യ മൃഗങ്ങള്‍ക്കുമെതിരായ കൈയേറ്റം കണ്ടാല്‍ പിന്നെ ഫ്രാന്‍സിസിന് ഇരിപ്പുറയ്ക്കുമായിരുന്നില്ല. ഇതോടൊപ്പം വി കെ ഫ്രാന്‍സിസ് എന്ന ഉദ്യോഗസ്ഥന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത തന്റെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള താല്‍പര്യമാണ്. നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റം പോലുള്ള വിഷയങ്ങളില്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഫ്രാന്‍സിസ് കാട്ടിയ മാതൃകയും പ്രോത്സാഹനവും ഏറെ സഹായകമായിട്ടുണ്ട്. പി ധനേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നെല്ലിയാമ്പതിയില്‍ മാത്രം തീരുന്നതല്ല വി കെ ഫ്രാന്‍സിസ് എന്ന ഉദ്യോഗസ്ഥന്റെ വനഭൂമി സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. നെല്ലിയാമ്പതിയിലെ തൂത്തംപാറ എസ്റ്റേറ്റ് തിരിച്ചു പിടിച്ചത് വി കെ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായി നെല്ലിയാമ്പതിയില്‍ കൈയേറ്റക്കാര്‍ സ്വന്തമാക്കിവച്ചിരുന്ന വനഭൂമികള്‍ പിന്നീടെത്തിയ പി ധനേഷ്‌കുമാര്‍ തിരിച്ചുപിടിച്ചു തുടങ്ങിയത്. പൊള്ളാച്ചിയിലെ കോടികള്‍ വിലമതിക്കുന്ന വനംവകുപ്പിന്റെ കെട്ടിടവും സ്ഥലവും തമിഴ്‌നാട്ടില്‍ നിന്നുള്ള കൈയേറ്റക്കാര്‍ സ്വന്തമാക്കി വച്ചിരുന്നത് ഒറ്റ രാത്രി കൊണ്ടാണ് കൈയേറ്റക്കാരെയെല്ലാം പുറത്താക്കി ഫ്രാന്‍സിസ് വീണ്ടെടുത്തത്.ആനവേട്ടക്കാര്‍ കേരളത്തിലെ വനമേഖലകളിലുടനീളം വിഹരിക്കുമ്പോഴും ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് ഡൈനമിറ്റുമായി നടന്നിരുന്ന ആനവേട്ടക്കാരനായ സുബ്രനെ ചാലക്കുടിയില്‍ വച്ച് വി കെ ഫ്രാന്‍സിസ് എന്ന റേഞ്ച് ഓഫീസര്‍ കീഴടക്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫസര്‍ ഇ കുഞ്ഞികൃഷ്ണന്‍ പറയുന്നു. ഇപ്പോഴത്തെ വന സംരക്ഷണത്തിന്റെ അവസ്ഥ മനസിലാക്കുമ്പോഴാണ് ഫ്രാന്‍സിസിനെപ്പോലുള്ളവരുടെ വില നമുക്ക് മനസിലാകുന്നത്. ആനവേട്ടക്കാരനായ സുബ്രനെ പിടികൂടാനെത്തുമ്പോള്‍ കൈയില്‍ ഡൈനമിറ്റുമായി നടന്നിരുന്ന അയാളെ ഫ്രാന്‍സിസ് പിന്നില്‍ നിന്നും മുറുകെ പിടിക്കുകയായിരുന്നു. ജീവന്‍ പോലും അപകടത്തിലാകുന്ന സ്ഥിതിയില്‍ പോലും പിന്‍മാറാന്‍ ഫ്രാന്‍സിസ് തയാറായിരുന്നില്ല. ഫ്രാന്‍സിസിനെപ്പോലെ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വനംവകുപ്പിലുണ്ടായിരുന്നെങ്കില്‍ ആനവേട്ടക്കാര്‍ ഒരിക്കലും നമ്മുടെ കാടുകളില്‍ വിഹരിക്കില്ലായിരുന്നുവെന്ന് ഉറപ്പാണ്. 24 ആനകളെ വേട്ടയാടിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലായെന്നതിനു കാരണം ഫ്രാന്‍സിസിനെപ്പോലെ മിടുക്കരായ ഉദ്യോഗസ്ഥര്‍ വനംവകുപ്പിലില്ലാത്തതിനാലാണ്. എന്നാല്‍ വനവും വനവിഭവങ്ങളും സംരക്ഷിക്കാന്‍ ആയുഷ്‌കാലം പോരാട്ടം നടത്തിയ ആളെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ വിജിലന്‍സ് കേസില്‍ പെടുത്തുന്നത് ഒരിക്കലും നീതികരിക്കാനാവില്ല. മതികെട്ടാനിലെ ഭൂമി കൈയേറ്റം തന്നെ ആദ്യമായി കണ്ടെത്തിയ ആളുടെ പേരില്‍ തന്നെ കൈയറ്റത്തിന് ഒത്താശചെയ്തുവെന്ന പേരില്‍ വിജിലന്‍സ് കേസില്‍ പെടുത്തുന്ന വിരോധാഭാസം അരങ്ങേറുക നമ്മുടെ നാട്ടില്‍ മാത്രമാണെന്ന് ഉറപ്പാണ്. കഴിഞ്ഞ സര്‍ക്കാര്‍ ചുമതലയേറ്റ ഉടന്‍ തന്നെ അന്നു മുഖ്യമന്തിയായിരുന്ന വി എസ് അച്യുതാനന്ദനെ നേരില്‍ ഞാനും ഫ്രാന്‍സിസും കൂടി നേരില്‍ കണ്ട് വിജിലന്‍സ് കേസിന്റെ കാര്യം സംസാരിക്കുകയും മുഖ്യമന്ത്രി ഉടന്‍ തന്നെ വേണ്ടതു ചെയ്യാന്‍ അന്നത്തെ വനംമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലായെന്നതാണു യാഥാര്‍ഥ്യം. ഇതോടൊപ്പം എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മികച്ച ഉദ്യോഗസ്ഥനെന്നു വിലയിരുത്തിയിട്ടുള്ളയാള്‍ കൂടിയാണ് ഫ്രാന്‍സിസ്. മുന്‍ വനം മന്ത്രി കെ സുധാകരനും മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണുമെല്ലാം ഫ്രാന്‍സിസിന്റെ ജോലിയിലുള്ള മികവിനെപ്പറ്റി തുറന്ന് അഭിനന്ദിച്ചിട്ടുള്ളവരാണ്. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഫലമായി വിജിലന്‍സ് കേസ് വന്നപ്പോള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലായെന്നതായിരുന്നു വിരോധാഭാസം. താമരശേരിയില്‍ വനംവകുപ്പ് ഓഫീസ് കത്തിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ രാഷ്ട്രീയ താല്‍പര്യവും വോട്ടുബാങ്കും മുന്നില്‍ കണ്ടു കേസ് പിന്‍വലിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വി കെ ഫ്രാന്‍സിസിനെപ്പോലെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെതിരായ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തത് കടുത്ത അനീതിയാണെന്നു മാത്രമേ പറയാനാവൂ പ്രൊഫസര്‍ ഇ കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മുഖം നോക്കാതെ വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതാണു ഫ്രാന്‍സിസ് എന്ന ഉദ്യോഗസ്ഥനു വിനയായതെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. തൂത്തംപാറ എസ്റ്റേറ്റ് കൈയറ്റക്കാരില്‍ നിന്നു തിരികെ പിടിക്കുന്ന സമയത്ത് തൊഴിലാളികളുടെ പേരു പറഞ്ഞ് അന്നത്തെ ഭരണകക്ഷിയിലെ ഒരു വിഭാഗം ഭൂമി ഏറ്റെടുക്കല്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഫ്രാന്‍സിസിനെതിരേയുള്ള വിജിലന്‍സ് കേസ് പിന്‍വലിപ്പിക്കുന്നതില്‍ നിന്നു തടഞ്ഞത് ഇതിന്റെ വൈരാഗ്യം മൂലമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് കേസ് തീരാത്തതിനാല്‍ ഫ്രാന്‍സിസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാരിന് ഏതു സമയത്തും കേസ് പിന്‍വലിക്കാന്‍ കഴിയും എന്നാല്‍ ഇതിനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നു മാത്രം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories