TopTop

പൊതുബോധം ആ അമ്മയ്ക്കൊപ്പം ആയതാണോ നിങ്ങളുടെ പ്രശ്നം? ഇടതുപക്ഷം എവിടെയായിരുന്നു?

പൊതുബോധം ആ അമ്മയ്ക്കൊപ്പം ആയതാണോ നിങ്ങളുടെ പ്രശ്നം? ഇടതുപക്ഷം എവിടെയായിരുന്നു?
ഒരു അനുഭവം പറയാം - എനിക്കറിയാവുന്ന ഒരു സ്ത്രീ. അവരുടെ മകളെ ഭര്‍ത്താവിന്‍റെ പീഡനം കാന്‍സര്‍ നല്‍കി കൊണ്ടുപോയി. മകളുടെ മകളെ ആകെ ഫോണില്‍ കിട്ടുന്നത് ഞാന്‍ ക്ലാസ്സിനു പോകുമ്പോള്‍ എന്‍റെ ഫോണിലൂടെ വിളിച്ചാണ്. എന്റെയോരോ ദുരന്തങ്ങള്‍ കാരണം ആഴ്ചയില്‍ ഒരിക്കലുള്ള ക്ലാസ് മുടങ്ങുന്ന ദിവസം, അവര് വിളിച്ചിട്ട് കരച്ചിലാണ് - എന്‍റെ മോളെ അവന്‍ കൊന്നു എന്‍റെ കൊച്ചുമോളെയും അവന്‍ എന്നില്‍ നിന്നും അകറ്റി കൊണ്ടുപോവുകയാണ്‌ മായാ എന്ന്. എനിക്കവരോട് പറയാം നോക്കൂ നിയമങ്ങള്‍ ഉണ്ട് നാട്ടില്‍, നിങ്ങള്‍ കേസ് കൊടുക്കൂ എന്നിട്ട് കുഞ്ഞിനെ നിങ്ങളുടെ കസ്റ്റഡിയില്‍ വാങ്ങിക്കൂ എന്ന്. പ്രായോഗികമല്ല, ചെറിയ കുട്ടിയാണ്, അവള്‍ക്ക് ഇവിടെ നിക്കാനാണിഷ്ടം അവളുടെ കൂട്ടുകാരും കളികളും ഒക്കെ ഇവിടംകൊണ്ട് പഴകിയതാണ്. അച്ഛന്‍ ഉപദ്രവിക്കുന്നോ എന്ന് ചോദിച്ചാല്‍ ഇവിടം വിട്ടു പോകാനുള്ള മടികൊണ്ട് ഇല്ലായെന്ന് പറഞ്ഞേക്കും. അയാളതിനെ അങ്ങനെ പരുവപ്പെടുത്തുന്നും ഉണ്ട്. എനിക്കാകെ ആ സ്ത്രീയ്ക്ക് ചെയ്ത് കൊടുക്കാന്‍ കഴിയുന്നത് അവരുടെ പരാതികള്‍ കേള്‍ക്കുകയും അവര്‍ക്ക് പറ്റുന്നപോലോക്കെ കൊച്ചുമകളെ ഫോണില്‍ വിളിച്ചു കൊടുക്കുകയും ആണ്.

പറഞ്ഞതെന്താണെന്ന് വച്ചാല്‍ വൈകാരികമായ പെരുമാറ്റങ്ങള്‍ മനുഷ്യ സഹജമാണ്, മനുഷ്യത്വത്തിന്‍റെ ഭാഗമാണ്. എപ്പോഴും അതിനകത്ത് യുക്തി തിരുകി കയറ്റി യന്ത്രങ്ങളെ പോലെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കൂ എന്ന് പറയാന്‍ കഴിയില്ല. നിയമങ്ങളുടെ പോരായ്മകളെ കുറിച്ച് സര്‍വ്വതും നഷ്ടപ്പെട്ട ഒരു സ്ത്രീയോട് പറഞ്ഞുകൊടുക്കുന്നതൊക്കെ തിരിച്ച് കണ്ണ് പൊട്ടുന്ന വിക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കും. നിങ്ങള്‍ ഇമോഷണല്‍ എന്നതിനെ പുച്ഛം കൊണ്ട് തള്ളുന്നത് എന്ത് യുക്തി കൊണ്ടാണ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയായ ഒരുവന്, നിങ്ങളുടെ ഇരുമ്പുലക്ക പോലത്തെ നേതാവിന്, സ്വയം, വികാരവിചാരങ്ങള്‍ ഇല്ലാത്ത റോബോട്ട് ആയി ജീവിക്കാമായിരിക്കും; പക്ഷെ പ്രജകള്‍ മുഴുവനും അങ്ങനെ വേണമെന്ന് വാശി പിടിക്കാന്‍ രാജാവിനും ഭൃത്യന്മാര്‍ക്കും അവകാശമില്ല. മറ്റൊരാളുടെ അനുഭവം എന്ന തീവ്രതയെ റദ്ദാക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പോരാത്തതിന് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാനുള്ള മാനസിക വളര്‍ച്ച ഇല്ലെങ്കില്‍ അത് കൊണ്ടുനടന്ന് ആഘോഷിക്കാതിരിക്കാനുള്ള ഓചിത്യമെങ്കിലും കാണിക്കണം.

ഇമോഷണല്‍ സെന്സിറ്റീവിറ്റി എന്നത് കമ്മ്യൂണിസത്തിന് അന്യമായതൊന്നും അല്ല. അന്യന്‍റെ കഷ്ടപ്പാട് കണ്ട് മനസ്സിലാക്കിയവരാണ്, അതിനോട് താദാത്മ്യം പ്രാപിച്ചവരാണ് സാമൂഹ്യ സന്തുലിതയുടേയും തുല്യതയുടെയും രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി വിട്ടത്. ഗ്രാംഷി ജയിലില്‍ കിടന്നതും ചെഗുവേര വെടികൊണ്ട് മരിച്ചതും അവര്‍ക്ക് സ്ത്രീധനത്തുക ബാക്കി കിട്ടാന്‍ ഉണ്ടായിരുന്നത് മേടിക്കാന്‍ ചെന്നപ്പോഴല്ല. മാര്‍ക്സും എംഗല്‍സും ഇക്കണ്ട ആശയങ്ങളെ മുഴുവന്‍ ജീവിതം കൊടുത്തു വികസിപ്പിച്ചത് അവര്‍ക്ക് വീടും പറമ്പും വാങ്ങാന്‍ ആയിരുന്നില്ല, അവരുടെ ആരെയെങ്കിലും സഹായിക്കാനും ആയിരുന്നില്ല. അനീതിയുടെ മുന്നില്‍ ക്ഷോഭം കൊണ്ട് ഉലയാന്‍ പറ്റാത്ത കളിമണ്‍ പ്രതിമകള്‍ക്ക് മനുഷ്യത്വത്തിന്റെ ഇടതുപക്ഷം പറയാന്‍ സാധിക്കുകയില്ല. പ്രകൃതിയേയും മനുഷ്യനേയും ചൂഷണം ചെയ്യുന്നതിനെ എതിര്‍ക്കാന്‍ അല്ലെങ്കില്‍ എന്തിനാണ് മനിതാ നിനക്കൊരു ഇടതുപക്ഷം, എന്തിനാണ് നിനക്കൊരു നേതാവ്! വൈരുദ്ധ്യാത്മക ഭൌതീകവാദമെന്നാല്‍, പുരോഗമനം എന്നാല്‍ ശാസ്ത്രം പഠിക്കാത്തവരേയും ജീവിതം, എക്കോണമി, ഡേറ്റ പൊളിറ്റിക്സ് എന്ന കള്ളികളില്‍ ആക്കാത്തവരെയും പുച്ഛം കൊണ്ട് തുപ്പുന്നതാണെന്ന് വിചാരിച്ചോ? മനുഷ്യവികാരങ്ങളെ റദ്ദാക്കി പുരോഗമനം കൊണ്ടുവരാം എന്നാണോ വിഡ്ഢികളെ നിങ്ങള്‍ കരുതുന്നത്!അമ്മമാര് തെരുവില്‍ ഇറങ്ങുന്നത് കാണുന്നുണ്ടോ? നഷ്ടപ്പെട്ട മക്കളെ തിരഞ്ഞ്, നീതി തിരഞ്ഞ്! അവരുടെ മുന്നില്‍ പോയി നിന്ന് നേതാവിന് ഇമോഷന്‍ ഇത്തിരി കുറവാണ് അതുകൊണ്ട് വീട്ടില്‍പ്പോ തള്ളേ എന്ന് പറയാന്‍ നീയൊക്കെ എന്തുമാതിരി അധപ്പതിച്ചു പോയിരിക്കണം! ഇവിടിരുന്നു സമരം ചെയ്യാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെയൊക്കെ തലച്ചോര്‍ എത്ര നിഷ്ക്രിയമായിപ്പോയിരിക്കണം! പൊതുബോധം ആ അമ്മയുടെ കൂടെയായതാണോ നിങ്ങളുടെ കുഴപ്പം! ആവും, ചിലപ്പോള്‍ പൊതുബോധം മനുഷ്യന് വേണ്ടിയും നില്‍ക്കും, അന്നേരം ഇടതുപക്ഷം എവിടെയായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്, ഓര്‍ത്തു വച്ചോ. ന്യായീകരിച്ച് മുത്തുക്കുടയും വെഞ്ചാമരവും പിടിച്ചു നില്‍ക്കുന്ന അഴുകിപ്പുഴുത്ത അണികള്‍ ആണ് ഈ പ്രസ്ഥാനത്തെ നശിപ്പിക്കുന്നത്. മതഭ്രാന്ത്‌ പോലെ ആശയത്തെ ഉപേക്ഷിച്ച് പാര്‍ട്ടിയെന്ന ഭ്രാന്ത് പിടിച്ച കോമരങ്ങള്‍ ആണ് നേതൃനിരകളെ പുളയാന്‍ വിടുന്നത്. അനീതി കണ്ടാല്‍ എതിര്‍ക്കാന്‍ പാര്‍ട്ടി ഓഫീസില്‍ പോയി സമ്മതപത്രം മേടിക്കാന്‍ നില്‍ക്കുകയും കിട്ടിയില്ലെങ്കില്‍ തലകുനിച്ചു പോരുകയും ചെയ്യണ്ട ഗതികേടുണ്ടല്ലോ, കഷ്ടം! സ്വാതന്ത്ര്യബോധം തീരെയുണ്ടോ നിങ്ങള്‍ക്ക്?

എത്ര പേരുടെ ജീവനും ജീവിതവും ബലികൊടുത്ത് വളര്‍ത്തിയ ആശയവും പ്രസ്ഥാനവും ആണ്. അതില്‍ ചവിട്ടി നിന്നുകൊണ്ട് ഇമോഷണല്‍ ആകുന്നവരെ കളിയാക്കാന്‍ നിങ്ങള്‍ക്ക് മനസ്സാക്ഷിക്കുത്തില്ലേ? ജിഷ്ണുവിന്റെ അമ്മയുടെ ഒരു സംഭവം മാത്രമല്ലല്ലോ ഉള്ളത്, പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ പോയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്, 12 വയസുള്ള ഒരു പെൺകുട്ടിയോട്, ' ഓ നീ ഫീൽഡിൽ ഇറങ്ങിയോ' എന്നു ചോദിക്കുന്ന മാനസികാവസ്ഥയോട്, ഈ പോലീസ് ആരെയാണ് സേവിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തിരിയുന്നില്ലേ? നീതി നിഷേധിക്കുന്ന കാക്കിയിട്ടവന്‍ സ്വൈര്യവിഹാരം നടത്തുന്നത്, നടുറോഡില്‍ റൌഡികള്‍ ചൂരലെടുത്ത് തല്ലുന്നത് നോക്കി നില്‍ക്കുന്നവന്‍ ഇനിയും നികുതിപ്പണം തിന്നുന്നത് ഇടതിന്‍റെ കല്‍പ്രതിമ ഭരിക്കുമ്പോള്‍ ആണ്, കാണുന്നില്ലേ? ശരിയാക്കും, ശരിയാവും എന്ന് സാന്ത്വനിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ പലതായി. നിങ്ങള്‍ ചീയുന്നതില്‍ നിന്ന് വളമെടുത്ത് വളരുന്നത് സര്‍വ്വതും താറുമാറാക്കാനുള്ള വലതുപക്ഷ ഭീകരതയാണ്, അറിയുന്നില്ലേ? വിദ്യാഭ്യാസം കച്ചവടം ചെയ്യുന്ന ദുര്‍ഭൂതങ്ങളെ പിടിക്കാനുള്ള ആര്‍ജ്ജവം നിങ്ങളുടെ ഇരട്ടച്ചങ്കനില്ലായിരിക്കും, പക്ഷേ മകന്‍റെ ശവശരീരത്തിന് നീതി തേടാന്‍ ഒരമ്മയ്ക്ക് അവരുടെ ഗര്‍ഭപാത്രത്തിന്റെ ശക്തി മാത്രം മതിയാകും. അവരുടെ മകനെ തിന്നവര്‍ക്ക് കണ്ണുകെട്ടിയ നീതിയുടെ ദേവത മുന്‍‌കൂര്‍ ജാമ്യങ്ങള്‍ പൊഴിച്ച് കൊടുക്കുന്നതും ദിവസങ്ങള്‍ വൈകുന്തോറും സ്വാധീനങ്ങള്‍ കൂടിവരുന്നതും അവര് മിണ്ടാതിരിന്നു കാണണം എന്ന് വാശിപിടിക്കാന്‍ കഴിയില്ല. കുതിരക്കച്ചവടങ്ങള്‍ പിന്നാമ്പുറത്ത് നടക്കുന്നില്ല എന്നാരും മൌഢ്യത നടിക്കുന്നില്ല. ഇപ്പോഴും അവര്‍ക്ക് വിശ്വാസമുള്ള രാഷ്ട്രീയത്തേയും നേതാവിനേയും ആണവര്‍ നീതിക്കായി സമീപിക്കുന്നത്. അവരുടെ പരാതി കേള്‍ക്കാന്‍ മുഖം നല്‍കാന്‍ സമയമില്ലാത്ത വിധം പ്രജാപതി ജീവിക്കുന്നത് ജനാധിപത്യ ഇന്ത്യയില്‍ ആണ് ഓര്‍മ്മ വേണം. പണവും സ്വാധീനവും ഉള്ളവന്‍ അധികാരികളെയും നിയമത്തേയും വിലയ്ക്ക് വാങ്ങുന്നു എന്ന ആരോപണത്തിന് ചെങ്കൊടിയുടെ കീഴിലും ഇടംകൊടുക്കരുത്. നീതിയുടെ പക്ഷമാണ് ഇടതുപക്ഷം, ഹൃദയപക്ഷമാണ് ഇടതുപക്ഷം - കരിങ്കല്‍ത്തൂണുകളും ഇല്ലാത്ത ബുദ്ധിജീവികളുടെ ഭാരം പേറുന്ന മേല്‍ക്കൂരകളും അല്ല ഇടതുപക്ഷം.


Next Story

Related Stories