UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്ക് നിക്ഷേപം; ബിജെപി നേതാക്കളുടെ അകൗണ്ട് വിവരം വെളിപ്പെടുത്തു-മോദിയെ വെല്ലുവിളിച്ച് മായാവതി

മായാവതിയുടെ സഹോദരന്‍ നോട്ട് നിരോധനത്തിന് ശേഷം കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തുണ്ട്

രാജ്യത്തിന്റെ ഗതിതന്നെ നിര്‍ണയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തുകൊണ്ടിരിക്കെ മുഖ്യ എതിരാളികളായ മായാവതിയും ബിജെപിയും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ സഹോദരനും നോട്ട് നിരോധനത്തിന് ശേഷം കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണിത്. എന്നാല്‍, ബിജെപിയുടെ ദളിത് വിരുദ്ധ മാനസികാവസ്ഥയില്‍ നിന്നാണ് ആരോപണങ്ങള്‍ ഉയരുന്നതെന്ന് വിശദീകരിച്ച മായാവതി നിക്ഷേപങ്ങളെല്ലാം നിയമപരമാണെന്ന് അവകാശപ്പെടുകയും ചെയ്തു. തന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനായി കേന്ദ്ര ഭരണകക്ഷി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ ആക്ഷേപിച്ചു.

ഡല്‍ഹി കരോള്‍ ബാഗിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ബിഎസ്പിയുടെ അക്കൗണ്ടില്‍ പിന്‍വലിച്ച ആയിരം രൂപ നോട്ടുകളായി 102 കോടി രൂപയും ശേഷിക്കുന്നത് പഴയ 500 രൂപ നോട്ടുകളായും നിക്ഷേപിക്കപ്പെട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ ഇതേ ശാഖയിലുള്ള അക്കൗണ്ടിലേക്ക് 1.43 കോടി രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു.
നിക്ഷേപങ്ങള്‍ പൂര്‍ണമായും നിയമവിധേയമാണെന്ന് മായാവതി ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. പാര്‍ട്ടി അംഗത്വ ഫീസായി പിരിച്ച തുകയാണിത്. ഓഗസ്റ്റ് 31നും നവംബര്‍ മധ്യത്തിനും ഇടയിലാണ് ഈ തുകകള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്തത്. വലിയ നോട്ടുകളായാണ് പലരും മെമ്പര്‍ഷിപ്പ് തുക അടച്ചതെന്നും അവര്‍ പറഞ്ഞു. പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ടതായും അവര്‍ ചൂണ്ടിക്കാണിച്ചു. ഇത് പാര്‍ട്ടിയുടെ പണമാണ്.

കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന വന്‍വ്യവസായികളുടെ കീഴിലുള്ള ചില വാര്‍ത്ത ചാനലുകളുകെയും പത്രമാധ്യമങ്ങളെയും ഉപയോഗിച്ച് തന്നെ താറടിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. നവംബര്‍ എട്ടിന് ശേഷം ബിജെപി തങ്ങളുടെ അകൗണ്ടുകളില്‍ നിക്ഷേപിച്ച പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്താന്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി നേതൃത്വത്തെയും വെല്ലുവിളിച്ചു. ഈ കാലയളവില്‍ അവര്‍ എത്ര രൂപയാണ് ചിലവഴിച്ചതെന്നും വെളിപ്പെടുത്തണം. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് ബിജെപി നടത്തുന്ന കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് താന്‍ ആരോപണങ്ങള്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണം യുപിയില്‍ നടത്താന്‍ ശ്രമിക്കുന്നതിനെ ഒരു ദളിത് പുത്രി എതിര്‍ക്കുന്നത് ദളിത് വിരുദ്ധരായ ബിജെപി ഇഷ്ടപ്പെടുന്നില്ല. ബിഎസ്പിയുടെ പ്രമുഖ നേതാക്കളെ നിശബ്ദരാക്കാനായി അവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ബിജെപി പദ്ധതിയിടുന്നതായി തനിക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും മായാവതി അവകാശപ്പെട്ടു.

താജ് കോറിഡോര്‍ കേസില്‍ തനിക്കെതിരേ അമിത് ഷാ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ബാലിശമാണെന്നും അവര്‍ പറഞ്ഞു. 175 കോടി രൂപയുടെ മൊത്തം പദ്ധതിയില്‍ വെറും 17 കോടി രൂപ മാത്രമാണ് ബിഎസ്പി ഭരണകാലത്ത് ചിലവാക്കിയത്. ബാക്കി തുക മുഴുവന്‍ കൈകാര്യം ചെയ്തത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളാണ്. ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ഇക്കാര്യം കണക്കുസഹിതം വെളിപ്പെടുത്തിയതാണെന്നും ആ സമയത്ത് അമിത് ഷാ ഉറങ്ങുകയായിരുന്നിരിക്കണമെന്നും അവര്‍ ആക്ഷേപിച്ചു.

പാര്‍ട്ടിക്ക്് ലഭിച്ച സംഭാവനകളെല്ലാം 20,000 രൂപയില്‍ താഴെയായതിനാല്‍ അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരം തുകകള്‍ സംഭാവന നല്‍കിയവരുടെ പേരുകളും വെളിപ്പെടുത്തണമെന്ന് ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പൊതുധാരണ ഉണ്ടാക്കിയാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും മായാവതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍