TopTop
Begin typing your search above and press return to search.

എം‌ബി‌ബി‌എസ് പ്രവേശനം സര്‍ക്കാര്‍ നേരിട്ട്: സ്വാഗതം ചെയ്യാനുള്ള 12 കാരണങ്ങള്‍

എം‌ബി‌ബി‌എസ് പ്രവേശനം സര്‍ക്കാര്‍ നേരിട്ട്: സ്വാഗതം ചെയ്യാനുള്ള 12 കാരണങ്ങള്‍

ഡോ. ജിനേഷ്

കല്പിത സർവ്വകലാശാലയായ അമൃത മെഡിക്കൽ കോളേജടക്കമുള്ള എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും എല്ലാ എംബിബിഎസ് സീറ്റുകളിലേക്കും നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നും സർക്കാർ നേരിട്ട് പ്രവേശനം നടത്തുമെന്ന തീരുമാനത്തെ എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു. 12 കാര്യങ്ങള്‍.

1. 50 ശതമാനം സീറ്റുകളിലേക്ക് സർക്കാർ ഫീസിൽ സർക്കാർ റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുമെന്ന ധാരണ പ്രകാരമാണ് 2002-ൽ എ. കെ. ആന്റണി മുഖ്യമന്ത്രിയായുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ കോളേജുകൾ അനുവദിച്ചത്. രണ്ടു സ്വകാര്യ മെഡിക്കൽ കോളേജുകൾ ഒരു സർക്കാർ മെഡിക്കൽ കോളേജിന് തുല്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മത, ജാതി, വ്യവസായ പ്രമുഖർക്കാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ അനുമതി നൽകിയത്. ഇങ്ങനെ 2002 - ൽ പുഷ്പഗിരി, MES പെരിന്തൽമണ്ണ, കോലഞ്ചേരി, കാരക്കോണം എന്നീ മെഡിക്കൽ കോളേജുകളും 2003 - ൽ അമല, ജൂബിലി, എന്നീ മെഡിക്കൽ കോളേജുകളും തുടർന്നുള്ള വർഷങ്ങളിൽ മറ്റുനിരവധി മെഡിക്കൽ കോളേജുകളും സ്ഥാപിതമായി.

2. എന്നാൽ സർക്കാർ ഫീസ് എന്ന ധാരണയിൽ നിന്നും അവർ ആദ്യ മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ പിന്മാറുകയും ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ വിലയിരുത്തലുകൾ പ്രകാരം സർക്കാർ സീറ്റുകളിലെ ഫീസ് ലക്ഷങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. അങ്ങിനെ അവിടങ്ങളിൽ സാധാരണക്കാർക്ക് പഠിക്കാൻ ആവില്ല എന്ന അവസ്ഥ ഉടലെടുത്തു.

3. ഒട്ടുമിക്ക കോളേജുകളും 50 ശതമാനം സീറ്റുകളിൽ സർക്കാർ റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം എന്ന ആദ്യ നിബന്ധനയിൽ നിന്നും പിന്മാറി. അതോടെ അവരുടെ നൂറു ശതമാനം സീറ്റുകളിലേക്കും പ്രവേശനം നടത്താൻ അവർക്കു തന്നെ സാധിക്കുന്ന സ്ഥിതിവിശേശേഷമുണ്ടായി.

4. പല മെഡിക്കൽ കോളേജുകളും സ്വന്തമായി പ്രവേശന പരീക്ഷകൾ നടത്തുകയും റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും അഡ്മിഷൻ നടത്തുകയും ചെയ്തു. പല പ്രവേശന നടപടികളും സുതാര്യമല്ലായിരുന്നു എന്ന് ജെയിംസ് കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പ്രവേശന പരീക്ഷ എഴുതാതെ പോലും കുട്ടികളെ എംബിബിഎസ് പഠനത്തിനായി സ്വീകരിച്ചു എന്നത് പരസ്യമായ ഒരു രഹസ്യം മാത്രമാണ്. മെഡിക്കൽ മേഖലയിൽ പണം മാത്രമാണ് വലുതെന്ന ചിന്താഗതി അരക്കിട്ടുറപ്പിക്കുന്നതിനിത് കാരണമായി. ലക്ഷങ്ങളും കോടികളും തലവരിപ്പണം മേടിച്ചു നടത്തുന്ന പ്രവേശന പ്രക്രിയയാണ് പലയിടങ്ങളിലും. മാനേജ്മെന്റ്, NRI സീറ്റുകളിലെ ഉയർന്ന ഫീസ് കൂടാതെയാണിത്.

5. ചില ഭരണ സിമിതികൾ ഒഴിച്ചുനിർത്തിയാൽ പല സ്ഥലങ്ങളിലും പഠന സൗകര്യങ്ങളും നിലവാരവും പരിതാപകരമായിരുന്നു. മെഡിക്കൽ കൗൺസിലോ സർക്കാരോ ആരോഗ്യ സർവ്വകലാശാലയോ പറയുന്നതനുസരിച്ചു അധ്യാപകരെ നിയമിക്കുകയോ പഠന സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തില്ല. വർഷാവർഷം മെഡിക്കൽ കൗൺസിൽ പരിശോധന സമയത്ത് ഡോക്ടർമാരെ വാടകക്കെടുത്തും ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ടെന്ന് കാട്ടിയും അവർ അംഗീകാരം പുതുക്കിക്കൊണ്ടിരുന്നു. കൈക്കൂലി ആരോപണങ്ങളും പല സ്ഥലങ്ങളിലും നിന്നുണ്ടായി. രോഗികളെ വാടകക്കെടുക്കുന്നതിന്റെ വരെ ദൃശ്യങ്ങൾ ചില ചാനൽ വാർത്തകളിൽ നിറഞ്ഞുനിന്നു.6. പലപ്പോഴും പരീക്ഷകൾ നടത്താനാവശ്യമുള്ള അത്ര അധ്യാപകർ പോലും ചില കോളേജുകളിൽ ഉണ്ടായിരുന്നില്ല. അഞ്ചരക്കണ്ടി, കരുണ തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ ഇന്റേണൽ പരീക്ഷകരെ പോലും വാടകക്കെടുക്കുന്ന സാഹചര്യമുണ്ടായി.

7. ഇങ്ങനെ പഠിപ്പിച്ചിറക്കിയ ഡോക്ടർമാരുടെ ആത്മാഭിമാനം നശിപ്പിക്കുന്ന രീതിയിൽ അവർക്ക് അർഹതപ്പെട്ട ശമ്പളം പോലും നൽകാതെ ആവശ്യത്തിന് സൗകര്യങ്ങൾ പോലും നൽകാതെ അവരെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. കാരക്കോണം, അഞ്ചരക്കണ്ടി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ ഒരു വർഷം മുൻപ് വരെ 4000 രൂപ മാത്രമായിരുന്നു അവരുടെ മാസ ശമ്പളം. ഹൗസ് സർജൻ ഡോക്ടർമാർക്ക് 20000 രൂപ ശമ്പളം നൽകണം എന്ന് ആരോഗ്യ സർവ്വകലാശാലയും സർക്കാരും നിഷ്കർഷിക്കുമ്പോളാണിത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചിലർക്കെതിരെ കേസുകൾ കൊടുക്കുകയും ചെയ്യുന്നു, സർട്ടിഫിക്കറ്റ് നൽകില്ല എന്ന ഭീഷിണി വേറെയും.

8. രോഗികളെ ചൂഷണം ചെയ്യുന്നതിലും പല സ്വകാര്യ മെഡിക്കൽ കോളേജുകളും ഒട്ടും പിന്നിലല്ല. പലപ്പോഴും "ചാരിറ്റി" എന്നവകാശവാദമുയർത്തി, ആ നിഴലിൽ പാവപ്പെട്ടവരെ വരെ ചൂഷണം ചെയ്യുന്നവരാണധികവും.

9. എംബിബിഎസ് വിദ്യാർത്ഥികളെ മാത്രമല്ല, അവിടങ്ങളിലെ നഴ്സിംഗ് വിദ്യാർത്ഥികളെയും, അവിടങ്ങളിൽ ജോലി ചെയ്യുന്ന നേഴ്സ്മാരെയും ഡോക്ടർമാരെയും സമയത്ത് ശമ്പളം കൊടുക്കാതെയും മറ്റും ചൂഷണം ചെയ്യുന്നുണ്ട് പലയിടങ്ങളിലും.

10. ഇവിടങ്ങളിൽ മെഡിക്കൽ, അക്കാഡമിക് ഓഡിറ്റ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എത്തിക്സ് വിരുദ്ധ നടപടികൾ അന്വേഷിക്കുകയും ഇനി ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുകയും വേണം. അതിനു ഏറ്റവും പ്രേരകമാകാവുന്ന ഒന്നാണ് പ്രവേശന പ്രക്രിയയിലെ സുതാര്യത. സർക്കാർ തന്നെ പ്രവേശനം നടത്തിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഇത്. തലവരിപ്പണം എന്ന അഴിമതി നിർത്തലാക്കാൻ ഇനിയെങ്കിലും സാധിക്കണം.

11. ന്യൂനപക്ഷ അവകാശത്തിന്റെ പേരിൽ കോടതി കയറുന്ന സ്വാശ്രയ മേനേജുമെന്റുകളുടെ ലക്ഷ്യം ഈ തലവരിപ്പണം അല്ലാതെന്താണ്? മുൻകാലങ്ങളിലെ സംവരണ തത്വങ്ങൾ പാലിച്ചുകൊണ്ട്‌ പ്രവേശനം നടത്തുകയും മാനേജ്മെന്റ്, NRI സീറ്റുകളിലെ ഫീസ് ജെയിംസ് കമ്മിറ്റി നിശ്ചയിച്ച പ്രകാരം വാങ്ങാൻ സാധിക്കുകയും ചെയ്യുന്ന അവസരത്തിൽ ന്യൂനപക്ഷ വികാരം ഇളക്കിവിടുന്നത് തലവരിപ്പണം മാത്രം ആശിച്ചല്ലേ?

12. അമിതമായ ഫീസ്‌/ തലവരിപ്പണം വാങ്ങി മെഡിക്കൽ വിദ്യാഭാസത്തെ വില്‍ക്കുന്നതാവരുത് ന്യൂനപക്ഷ അവകാശം; പണംഉള്ളവർക്ക് മാത്രം സീറ്റ്‌ കച്ചവടം ചെയ്യുന്നതിനാവരുത് ഈ ന്യൂനപക്ഷ അവകാശം. ഭരണഘടനാ ശില്‍പ്പികള്‍ പോലും കാണാതിരുന്ന പലതും ആണ് ഇന്നിവരുടെ ന്യൂനപക്ഷ അവകാശം.

(കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് മെഡിസിന്‍ ലക്ചറര്‍ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories