TopTop
Begin typing your search above and press return to search.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തര്‍ക്കപ്പൊങ്കാലയാവാം; വല്ലോം നടക്കുമോ?

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തര്‍ക്കപ്പൊങ്കാലയാവാം; വല്ലോം നടക്കുമോ?

ഈ വര്‍ഷവും പൂര്‍വാധികം ഭംഗിയായി സ്വാശ്രയ മെഡിക്കല്‍ പ്രവേശന തര്‍ക്കപ്പൊങ്കാലയ്‌ക്ക്‌ തുടക്കമായി. ഡോക്‌ടറാകണമെന്ന്‌ മോഹിച്ചെത്തുന്ന കുട്ടികളും മുതിര്‍ന്നവരുടെ പ്രേരണയിലെത്തുന്ന കുട്ടികളുമൊക്കെ ഒന്നിച്ച്‌ അണിനിരന്നു രണ്ടു തരത്തിലുള്ള പ്രവേശന പരീക്ഷകള്‍ എഴുതി. ഫലവും വന്നു. ഇനിയാണ്‌ സര്‍ക്കാരും സ്വാശ്രയ മെഡിക്കല്‍ കോളേജുകളും ചേര്‍ന്നുള്ള ഓണത്തല്ലു തുടങ്ങുന്നത്‌. കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ കാലം തൊട്ട്‌ ഈ തര്‍ക്കം തുടരുന്നതെന്തിനെന്ന്‌ ഇനിയും സാധാരണക്കാരന്‌ മനസിലായിട്ടില്ല. പാവപ്പെട്ടവന്റെ കുട്ടിക്ക്‌ പഠിക്കാനുള്ള സൗകര്യം ഒരുക്കാനെന്ന്‌ സര്‍ക്കാരും പാവപ്പെട്ടവനോടുള്ള സര്‍ക്കാരിന്റെ സ്‌നേഹം കാപട്യമാണെന്ന്‌ മാനേജ്‌മെന്റുകളും പരസ്‌പരം കുറ്റപ്പെടുത്തുമ്പോള്‍ ശരിയെവിടെയെന്നറിയാതെ മിഴിച്ചു നില്‍ക്കുകയാണ്‌ പൊതുജനം.

ഈ വര്‍ഷത്തെ സ്വാശ്രയത്തല്ലിന്‌ തുടക്കമായിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഒരുവിഭാഗം സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി മൂന്നു വര്‍ഷത്തേക്ക്‌ ഉണ്ടാക്കിയ കരാര്‍, വര്‍ഷമൊന്നു പിന്നിട്ട്‌ മാറിവന്ന സര്‍ക്കാര്‍ കീറി കാറ്റില്‍ പറത്തി. പകരം എന്‍ട്രന്‍സ്‌ കമ്മിഷണറോടു പറഞ്ഞു. "ഭവാന്‍, സ്വാശ്രയ സീറ്റെല്ലാം ഏറ്റെടുത്ത്‌ സ്വന്തം നിലയ്‌ക്ക്‌ നീറ്റായിട്ട്‌ പ്രവേശിപ്പിക്കുക, സ്വാഹാ.." ആഗസ്റ്റ്‌ 20,23 തീയതികളിലായി രണ്ടു തിട്ടൂരങ്ങളും പുറപ്പെടുവിച്ചു കൊടുത്തു. പോരെ കാവിലെ പൂരം കലങ്ങാന്‍. ഓരോ വര്‍ഷവും ചാമയും വെള്ളവും കൊടുത്തു കണ്ണിലെ കൃഷ്‌ണമണിപോലെ നോക്കി വളര്‍ത്തിക്കൊണ്ടു വന്ന കാമധേനുവിനെ സര്‍ക്കാര്‍ ഒറ്റയടിക്ക്‌ റാഞ്ചിക്കൊണ്ടുപോയാല്‍ സ്വാശ്രയന്‍ സഹിക്കില്ലല്ലോ? അവര്‍ മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഹൈക്കോടതിയിലെത്തി. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി മൂന്നു വര്‍ഷത്തേക്ക്‌ കരാര്‍ ഉണ്ടാക്കി തുല്യം ചാര്‍ത്തിയവരും സര്‍ക്കാരിന്റെ കരാറെന്ന വലയില്‍ കയറിയിട്ടേയില്ലാത്തവരും ഒറ്റക്കും പെട്ടയ്‌ക്കും ഹൈക്കോടതിയിലെത്തി. ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കോടതിയിലെത്തിയതിന്റെ ചരിത്രമിതാണ്‌.

നിയമവശവും സര്‍ക്കാരിന്റെ നിലപാടും
മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ന്നുവന്ന രീതി മാറ്റി സര്‍ക്കാര്‍ എന്തിനാണ്‌ പെട്ടെന്ന്‌ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്താന്‍ എന്‍ട്രന്‍സ്‌ കമ്മിഷണറോടു നിര്‍ദ്ദേശിച്ചത്‌? സുതാര്യമായ നടപടിക്രമങ്ങളിലൂടെ, വിദ്യാര്‍ത്‌ഥികള്‍ക്ക്‌ ചൂഷണം നേരിടുന്നില്ലെന്ന്‌ ഉറപ്പാക്കി, മെറിറ്റ്‌ അടിസ്‌ഥാനത്തില്‍ പ്രവേശനം നടത്താനാണ്‌ ഇത്തരമൊരു 'കടും കൈ' ചെയ്‌തതെന്ന്‌ സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഉദ്ദേശ്യശുദ്ധിയെ അഭിനന്ദിക്കണം. എന്നാല്‍ മറ്റു രണ്ടു ചോദ്യത്തിനു കൂടി സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്‌. തികച്ചും നീതിയുക്തമായ പ്രവേശനനടപടികള്‍ക്ക്‌ ഇങ്ങനെ ചെയ്‌താല്‍ മതിയെന്ന്‌ആരാണ്‌ ഉപദേശിച്ചത്‌? ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ? ഈ രണ്ടു ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുമ്പോഴാണ്‌ സര്‍ക്കാരിന്റെ നടപടികളിലെ പോരായ്‌മ വ്യക്തമാകുന്നത്‌. ന്യൂനപക്ഷ പദവിയുള്ളതും അല്ലാത്തതുമായ സ്വാശ്രയ കോളേജുകള്‍ക്ക്‌ സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നടത്താന്‍ അവകാശവും അധികാരവുമുണ്ടെന്ന്‌ വ്യക്തമാക്കി സുപ്രീം കോടതിയുടെ രണ്ടു വിഖ്യാത വിധികള്‍ നിലവിലുണ്ട്‌. ടി. എം. എ പൈ കേസും ഇനാംദാര്‍ കേസും. സ്വാശ്രയവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമസംഹിതയെന്നു വിശേഷിപ്പിക്കാവുന്ന ഈ രണ്ടു വിധികളിലും എന്തു ചെയ്യാന്‍ പാടില്ലെന്ന്‌ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ അതാണ്‌ സര്‍ക്കാര്‍ ചെയ്‌തു വച്ചത്‌."വൈവിദ്ധ്യങ്ങളുടെ ഭൂമികയാണ്‌ ഭാരതം. ഭാഷ, സംസ്‌കാരം, മതം, ഇങ്ങനെ വൈവിദ്ധ്യങ്ങളുടെ സമന്വയമാണ്‌ നമ്മുടെ നാട്‌. ഇവിടെ നാമെല്ലാം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ രുചി നുകരുന്നുണ്ടെങ്കിലും ജനസഞ്ചയത്തിലൊരു വലിയവിഭാഗം ഇപ്പോഴും നിരക്ഷരരും ദരിദ്രനാരായണന്മാരുമാണ്‌. ഈ ദരിദ്ര സമൂഹത്തെ ഉന്നതിയിലേക്ക്‌ നയിക്കാന്‍ പോരുന്ന ശക്തമായ ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്‌. പരിമിതമായ വിഭവവും ഒച്ചിഴയുന്ന വേഗത്തിലുള്ള സംവിധാനവും മാത്രം കൈമുതലായുള്ള സ്റ്റേറ്റിന്‌ ഒറ്റയ്‌ക്ക്‌ ഇത്തരമൊരു മഹായജ്‌ഞത്തിന്‌ ത്രാണിയില്ലാതെ വരുന്നിടത്താണ്‌ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പ്രാധാന്യം." ടി. എം. എ പൈ കേസിലെ വിധി സുപ്രീം കോടതി തുടങ്ങിയതു തന്നെ ഇങ്ങനെയാണ്‌. സ്വാശ്രയ സ്‌ഥാപനങ്ങള്‍ക്ക്‌ സമൂഹത്തോടുള്ള ബാധ്യത എടുത്തു പറയുന്ന വിധിയില്‍ ചൂഷണരഹിതവും മെറിറ്റ്‌ അടിസ്‌ഥാനത്തിലുള്ളതുമായ പ്രവേശനമാണ്‌ നടക്കുന്നതെന്ന്‌ ഉറപ്പാക്കാന്‍ സര്‍ക്കാരിന്‌ കടമയുണ്ടെന്നും ഇതു നിരീക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പക്ഷേ ഇതിന്റെ പേരില്‍ സീറ്റുകള്‍ മുഴുവന്‍ ഏറ്റെടുത്ത്‌ പ്രവേശനം നടത്താന്‍ പറഞ്ഞിട്ടില്ല. പകരം മാനേജ്‌മെന്റുകള്‍ക്ക്‌ സീറ്റുകളില്‍ പ്രവേശനം നടത്താമെന്ന്‌ എടുത്തു പറഞ്ഞിട്ടുമുണ്ട്‌. ഈ ഉത്തരവു നിലനില്‍ക്കെയാണ്‌ സര്‍ക്കാര്‍ കണ്ണുമടച്ച്‌ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും കല്‌പിത സര്‍വകലാശാലയിലെയും മാനേജ്‌മെന്റ്‌, എന്‍.ആര്‍. ഐ സീറ്റുകളിലുള്‍പ്പെടെ പ്രവേശനം നടത്താന്‍ എന്‍ട്രന്‍സ്‌ കമ്മിഷണര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. 2006 ലെ സ്വാശ്രയ നിയമത്തിലെ ആക്‌ട്‌ 19 ലെ സെക്‌ഷന്‍ 3 ല്‍ സമാനമായ വ്യവസ്‌ഥ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, നിയമവിരുദ്ധമെന്ന്‌ ചൂണ്ടിക്കാട്ടി കോടതി ഇതു വെട്ടിക്കളഞ്ഞിരുന്നു. ഇങ്ങനെ നിലവിലുള്ള ഒരു നിയമത്തിന്റെയും പിന്തുണ കൂടാതെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്‌ ആരുപറഞ്ഞിട്ടാണ്‌? സര്‍ക്കാരിന്റെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ നിലനില്‍ക്കില്ലെന്ന്‌ നിയമപരമായി അറിവുള്ളവര്‍ ഒപ്പമുണ്ടായിട്ടും ആര്‍ക്കു വേണ്ടിയാണ്‌ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ തിരക്കിട്ട്‌ ഏറ്റെടുത്തത്‌? ഇതിന്റെ ഉത്തരം കിട്ടുമ്പോള്‍ മാത്രമാണ്‌, സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വെളിവാകുക. ഇപ്പോള്‍ തന്നെ സ്വാശ്രയ മാനേജ്‌മെന്റുകളുമായി പുതിയ സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയാണിതെന്ന പരാതി പല കോണുകളിലും ഉയര്‍ന്നു കഴിഞ്ഞു.

ഹൈക്കോടതിയുടെ ഒറ്റ ചോദ്യം കേരള ഹൈക്കോടതിയില്‍ കേസ്‌ വന്നപ്പോള്‍ ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചതും സര്‍ക്കാര്‍ നടപടിയുടെ നിയമപരമായ പിന്‍ബലത്തെക്കുറിച്ചാണ്‌. ഇത്തരമൊരു ഉത്തരവിനു കാരണമായ നിയമ സ്രോതസ്സ്‌ ഏതെന്ന ചോദ്യത്തിന്‌ സര്‍ക്കാരില്‍ നിന്ന്‌ ഉത്തരം കിട്ടിയില്ലെന്ന്‌ ഹൈക്കോടതി തന്നെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തുടര്‍ന്നാണ്‌ നിയമപരമായ പിന്‍ബലമില്ലാതെ തട്ടിക്കൂട്ടിയിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ ചെയ്‌തത്‌. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ മേല്‍നോട്ടത്തിനായി നിയോഗിക്കപ്പെട്ട ജയിംസ്‌ കമ്മിറ്റിക്കാണ്‌ വിഷയത്തില്‍ ഇടപെടാന്‍ അധികാരമെന്നും എന്‍ട്രന്‍സ്‌ കമ്മിഷണര്‍ക്ക്‌ നിയമപരമായി ഇത്തരമൊരുഅധികാരമില്ലെന്നും ഡിവിഷന്‍ ബെഞ്ച്‌ വിലയിരുത്തി. തുടര്‍ന്നാണ്‌ദേശീയതലത്തില്‍ നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്‌ഥാനത്തില്‍ സ്വാശ്രയ കോളേജുകളിലെ സീറ്റില്‍ പ്രവേശനം നടത്താനും നടപടികള്‍ സുതാര്യമാണോയെന്ന്‌ ജയിംസ്‌ കമ്മിറ്റി പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടത്‌. സ്വാശ്രയ കോളേജുകള്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കണമെന്നും ഇതു സംബന്‌ധിച്ച വിവരങ്ങള്‍ ജയിംസ്‌ കമ്മിറ്റിക്കു പരിശോധിക്കാന്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ഇനി സംഭവിക്കുന്നത്‌ ചരിത്രം
ഇനി സംഭവിക്കാനിരിക്കുന്നതാണ്‌ ഈ വര്‍ഷത്തെ ശരിക്കുള്ള സ്വാശ്രയ മെഡിക്കല്‍ പ്രവേശനം. സര്‍ക്കാര്‍ ഉത്തരവു സ്റ്റേ ചെയ്‌തതോടെ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാത്ത സ്വാശ്രയ കോളേജുകള്‍ക്ക്‌ മുഴുവന്‍ സീറ്റിലും സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നടത്താം. കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയ കേരള ക്രിസ്‌ത്യന്‍ പ്രൊഫഷണല്‍ കോളേജ്‌ മാനേജ്‌മെന്റ്‌ ഫെഡറേഷന്റെ കീഴിലുള്ള ജൂബിലി, അമല, പുഷ്‌പഗിരി, കോലഞ്ചേരി മെഡിക്കല്‍ കോളേജുകള്‍ക്ക്‌ അമ്പതു ശതമാനം സീറ്റില്‍ സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നടത്താം. കഴിഞ്ഞ വര്‍ഷത്തെ കരാര്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ലംഘിച്ച്‌ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി കരാര്‍ ലംഘനമായതിനാല്‍ ഈ കരാര്‍ ലംഘിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കും സാധിക്കും. ആ നിലയ്‌ക്കുള്ള ഏറ്റുമുട്ടലിന്‌ മാനേജ്‌മെന്റ്‌ തയ്യാറായാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും കീറാമുട്ടിയാകും.ഇനി സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസിനെക്കുറിച്ചും മറ്റുമൊക്കെ വിവാദങ്ങള്‍ തുടങ്ങുകയും ചെയ്യും. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി സമവായമെന്ന നിലയിലേക്ക്‌ എത്തുകയാണ്‌ ഇനി സര്‍ക്കാരിനു മുന്നിലുള്ള പോംവഴികളിലൊന്ന്‌. ആരോഗ്യ സര്‍വകലാശാലയെ ഉപയോഗിച്ച്‌ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമ്മര്‍ദ്ദം ചെലുത്തി മാനേജ്‌മെന്റുകളെ വശം കെടുത്തി സര്‍ക്കാര്‍ നിലപാടിലേക്ക്‌ കൊണ്ടു വരികയെന്ന സമ്മര്‍ദ്ദ തന്ത്രമാണ്‌ മറ്റൊന്ന്‌. ഇതൊക്കെ എത്രത്തോളം ഫലം കാണുമെന്ന്‌ കാത്തിരുന്നു കാണണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories