TopTop
Begin typing your search above and press return to search.

നമ്മള്‍ തമിഴ്നാടിനെ നോക്കി പഠിക്കേണ്ട ചില കാര്യങ്ങള്‍

നമ്മള്‍ തമിഴ്നാടിനെ നോക്കി പഠിക്കേണ്ട ചില കാര്യങ്ങള്‍

തമിഴ്‌നാട്ടില്‍ തകര്‍ത്തുപെയ്യുന്ന മഴയില്‍ മരണമടഞ്ഞവരുടെ എണ്ണം എഴുപത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ നഗരം വെള്ളത്തിലാണ്. റോഡ്, ട്രെയിന്‍, വ്യോമ യാത്രാ സൗകര്യങ്ങള്‍ ഇല്ലാതായി.

സ്വാഭാവികമായും ഈ മഴയത്ത് പച്ചക്കറി വില കുതിച്ചുയരും. കാരണം, ചെന്നൈയിലെ കോയമ്പേടാണ് പച്ചക്കറി മാര്‍ക്കറ്റ്. ഇവിടേക്ക് ദിവസേന അറുന്നൂറ് ലോറികളെങ്കിലും പച്ചക്കറികളുമായി എത്തുന്നുണ്ട്. മഴ കോരിച്ചൊരിയുകയും റോഡുകളൊക്കെ വെള്ളത്തില്‍ മുങ്ങുകയും ചെയ്യുമ്പോള്‍ ലോറി വരവ് നിലക്കും. അപ്പോള്‍, അവിടെ സംഭരിച്ചിട്ടുള്ള കുറച്ച് പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാവും. വില കുതിക്കലാണല്ലോ ഇതിന്റെ അനന്തരഫലം.

അവിടെയാണ് തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാരുണ്ടെന്ന് ജനങ്ങള്‍ കണ്ടത്. കോയമ്പേട് മാര്‍ക്കറ്റില്‍ ലോറി വരവ് പകുതിയില്‍ താഴെയായി കുറയുകയും സംഭരിച്ചിരുന്നതില്‍ നൂറു ടണ്ണോളം വെള്ളം കയറി നശിക്കുകയും ചെയ്തപ്പോള്‍ പച്ചക്കറി വില ഇരട്ടിയും രണ്ടിരട്ടിയുമായി കുതിച്ചു. അപ്പോള്‍ സര്‍ക്കാരിന്റെ നിലവിലുള്ള 42 ന്യായവില കടകളിലൂടെ മാത്രമല്ല, പുതിയതായി അമ്പതെണ്ണം തുറന്നും കുറഞ്ഞ വിലക്ക് പച്ചക്കറി വിറ്റ് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കുകയാണ്.

തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയ 'അമ്മ ഉണവഗം' എന്ന ന്യായവില ഭക്ഷണശാലയെക്കുറിച്ച് പഠിക്കാനും അത് പ്രായോഗികമാക്കാനും സാക്ഷാല്‍ നരേന്ദ്ര മോദിയുടെ 'വികസനത്താല്‍ വീര്‍പ്പുമുട്ടുന്ന' ഗുജറാത്തില്‍നിന്ന് മാത്രമല്ല, ഈജിപ്തില്‍നിന്നുപോലും പ്രതിനിധി സംഘങ്ങള്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഒരു ഇഡ്ഡലിക്ക് ഒരു രൂപ, തൈരു സാദത്തിന് മൂന്നു രൂപ, സാമ്പാര്‍ സാദത്തിന് അഞ്ചുരൂപ. ഗുണനിലവാരമുള്ള ഭക്ഷണം ഇത്ര കുറഞ്ഞ നിരക്കില്‍ നല്‍കുമ്പോള്‍ ഇത് വാര്‍ത്തയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഇക്കാര്യത്തില്‍, കേരളത്തിന് അഭിമാനിക്കാം. കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള ഭക്ഷണം നല്‍കുന്നതിന് തുടക്കമിട്ടത് കേരളത്തിലാണ്. 'മാവേലി ഹോട്ടലു'കളുമായി ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭക്ഷ്യമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരാണ് രംഗത്തെത്തിയത്. തുടര്‍ന്നുവന്ന കെ.കരുണാകരന്‍, എ.കെ.ആന്റണി സര്‍ക്കാരുകള്‍ക്ക് അതില്‍ താല്പര്യമില്ലാതെ പോയി. കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന ജി.സുധാകരന്‍ ന്യായവിലക്ക് ഗുണമേന്‍മയുള്ള ഭക്ഷണത്തിന് ആരംഭിച്ച 'ത്രിവേണി' ഭക്ഷണശാലകള്‍ വലിയ വിജയമായിരുന്നു. എന്നാല്‍, ത്രിവേണി എന്ന ബ്രാന്‍ഡുതന്നെ മുക്കുന്ന വിധത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതി അഴിമതിയുടെ ആറാട്ട് നടത്തിയപ്പോള്‍ വിലക്കുറവുള്ള പദ്ധതികള്‍ മാത്രമല്ല, സ്ഥാപനംതന്നെ പൂട്ടലിന്റെ വക്കിലാണ്. മദ്യക്കച്ചവടം കൊണ്ട് പിടിച്ചുനില്‍ക്കുന്നു എന്നുമാത്രം.കുടിവെള്ളം തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ലിറ്ററിന് 20 രൂപയാണ്. 'അമ്മ' ബ്രാന്‍ഡില്‍ ശുദ്ധമായ മിനറല്‍ വാട്ടര്‍ ലിറ്ററിന് പത്തുരൂപക്ക് തമിഴ്‌നാട്ടിലാകെ ലഭ്യമാക്കിയപ്പോള്‍ ലാഭത്തില്‍ ഇടിവുണ്ടായത് ബഹുരാഷ്ട്ര മുതല്‍ ദേശീയ കുടിവെള്ള വിതരണ ഭീമന്‍മാര്‍വരെയുള്ളവര്‍ക്കാണ്.

കെട്ടിട നിര്‍മ്മാണത്തിന് ഒഴിവാക്കാനാവാത്ത സിമെന്റിന് വിലവര്‍ദ്ധിപ്പിക്കുന്നതില്‍ വന്‍കിട കമ്പനികള്‍ ഒറ്റക്കെട്ടാണ്. അവിടെയും തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ടു. ഇപ്പോള്‍, 190 രൂപക്ക് ഒരു ചാക്ക് സിമെന്റ് കിട്ടും. തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിച്ച പ്‌ളാന്‍ സഹിതം അപേക്ഷിക്കണം. 1500 ചതുരശ്ര അടി വലിപ്പമുള്ള വീട് നിര്‍മ്മിക്കാന്‍ 750 ചാക്കുവരെ സൗജന്യ നിരക്കില്‍ അനുവദിക്കും. അതായത് വിപണി വിലയുടെ നേര്‍ പകുതി വിലക്കാണ് സര്‍ക്കാര്‍ അവിടെ വീടുവയ്ക്കാന്‍ സഹായിക്കുന്നത്. കേരളത്തില്‍, സിമെന്റുവില 400 രൂപ കടന്നിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണല്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുകയറിയപ്പോള്‍ ന്യായവിലക്ക് കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ 'നിര്‍മ്മിതി' സ്ഥാപനങ്ങള്‍ തുടങ്ങിയെങ്കിലും ഈ സര്‍ക്കാരിന് അതിലൊന്നും വലിയ താല്പര്യമില്ലായിരുന്നു.കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മലബാര്‍ സിമെന്റിന്റെ വിലയും നാനൂറുരൂപക്ക് മുകളിലാണ്. അവിടെ, ഈ സര്‍ക്കാരിന്റെ കാലത്തു മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സിമെന്റിനെക്കാള്‍ ഉല്പാദിപ്പിച്ചത് സാധാരണക്കാര്‍ അന്തംവിട്ടുപോവുന്ന അഴിമതിയാണ്.

'അമ്മ' മെഡിക്കല്‍ സ്‌റ്റോര്‍ തമിഴ്‌നാട്ടില്‍ വ്യാപകമാണ്.കഴിഞ്ഞ ബഡ്ജറ്റിലാണ് നൂറ് ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ 'അമ്മ' ബ്രാന്‍ഡില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടങ്ങിയേടങ്ങളിലെല്ലാം കുറഞ്ഞത് 15 ശതമാനം വിലക്കിഴിവ് നല്കാനാവുന്നുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇവിടെയും കേരളത്തെ പരാമര്‍ശിക്കാതിരിക്കാനാവില്ല. അല്‍പം വ്യക്തിപരമായ വിശദീകരണവും വേണ്ടിവരുന്നു. ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മരുന്നു വിപണിയെ സംബന്ധിച്ച് അന്ന് 'കേരളകൗമുദി' തിരുവനന്തപുരം ബ്യൂറോ ചീഫായ ഈ ലേഖകന്‍ 'മഹാരോഗത്തിന്റെ മരുന്നുവിപണി' എന്ന പേരില്‍ ഒരു പരമ്പര തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ആ പരമ്പര അവസാനിച്ചതിന്റെ അന്ന് അപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് അതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായി. സംസ്ഥാന വ്യാപകമായി ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അന്ന് കോര്‍പ്പറേഷന്‍ എം.ഡി ഇപ്പോഴത്തെ തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകറാണ്. എത്രനാളിനുള്ളില്‍ തുടങ്ങുമെന്ന ഈ ലേഖകന്റെ ചോദ്യത്തിനുത്തരമായി ബിജുപ്രഭാകറുമായി കൂടിയാലോചിച്ച് രണ്ട് മാസത്തിനുള്ളില്‍ എന്ന് മന്ത്രി അറിയിച്ചു. ഇത് വലിയൊരു പ്രസ്ഥാനമായി വളരണമെന്ന ആഗ്രഹത്തില്‍ കുറച്ചുകൂടി സമയമെടുക്കാമെന്നും ഓരോ മാസവും ഇതിന്റെ പുരോഗതി റിപ്പോര്‍ട്ട് 'കേരളകൗമുദി' പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി. അങ്ങനെ ഈ ലേഖകന്റെ കൂടി നിര്‍ദ്ദേശമനുസരിച്ചാണ് അത് ആറുമാസത്തിനുള്ളില്‍ എന്ന് മന്ത്രി തിരുത്തിയത്. അത് നന്നായി എന്ന് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഓരോ മാസവും തടസ്സങ്ങള്‍ കൂടി വന്നെങ്കിലും അടൂര്‍പ്രകാശും ബിജുപ്രഭാകറും അന്നത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനും ഉറച്ചുനിന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓ പി ബ്‌ളോക്കില്‍ ' കാരുണ്യ ഫാര്‍മസി' എന്ന പേരില്‍ തുടങ്ങാനായി. ഒരു നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് രണ്ട് എന്ന നിലയില്‍ മുന്നൂറ് കാരുണ്യ ഫാര്‍മസി സംസ്ഥാന വ്യാപകമായി ഒരു വര്‍ഷത്തിനുള്ളില്‍ തുടങ്ങാനായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ തന്നെ ചില ഇനങ്ങള്‍ക്ക് 80 ശതമാനം വിലക്കുറവ് നല്‍കാന്‍ കഴിഞ്ഞു. വന്‍ വിലയുള്ള കാന്‍സര്‍, വൃക്കരോഗ മരുന്നുകളില്‍ അനുഭവപ്പെട്ട ഈ വിലക്കുറവ് ഈ സ്ഥാപനത്തിന് വമ്പിച്ച സ്വീകാര്യത ഉണ്ടാക്കി. അതോടെ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റിന്റെ പ്രസിഡന്റ് ജെ.എസ്.ഷിന്‍ഡേയുടെ നേതൃത്വത്തില്‍ അവരുടെ കേരള ഘടകമായ എ.കെ.സി.ഡി.എയുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. അതോടെ കാരുണ്യ ഫാര്‍മസി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം അട്ടിമറിക്കപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മുന്നൂറ് കാരുണ്യ ഫാര്‍മസി തുടങ്ങാന്‍ ധാരണയായിരുന്നത് നാലുവര്‍ഷം കഴിഞ്ഞിട്ടും മുപ്പതെണ്ണംപോലും തുടങ്ങാനായില്ല. തുടങ്ങിയേടങ്ങളില്‍ എങ്ങനെയൊക്കെയോ പോവുന്നു എന്നല്ലാതെ അത് നന്നായി നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല. അഴിമതിക്കുള്ള പുതിയ ഒരു വിഭാഗമായാണ് ഭരണക്കാര്‍ അതിനെ കുറേനാളായി കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്തായാലും 'കാരുണ്യഫാര്‍മസി' തമിഴ്‌നാടിന് മാതൃകയായി!തമിഴ്‌നാട് സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്റെ 1394 സ്റ്റോറുകള്‍, 31076 സഹകരണ സ്‌റ്റോറുകള്‍ എന്നിവ മുഖേന കുറഞ്ഞ വിലക്ക് അരി, പരിപ്പ്, ഉഴുന്ന് എന്നിവ സര്‍ക്കാര്‍ വില്പന നടത്തുന്നുണ്ട്. പരിപ്പ്, ഉഴുന്ന് എന്നിവയ്ക്ക് കിലോഗ്രാമിന് 30 രൂപയാണ്. ഒരാളിന് ഒരുമാസം ഒരു കിലോഗ്രാം വീതമേ കിട്ടൂ. പാമോയിലും ലിറ്റര്‍ 25 രൂപക്ക് ലഭിക്കും.

കേരളത്തില്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന് 1424 സ്റ്റോറുകളുണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രയോജനമില്ല.ഇവിടെ 2010 നവംബറില്‍ ഏറ്റവും കൂടുതല്‍ വില്പന ഉണ്ടായിരുന്ന ഇനങ്ങളുടെ വില ഇങ്ങനെയായിരുന്നു - അരി- 16 രൂപ, പച്ചരി - 12.50 രൂപ,വെളിച്ചെണ്ണ - 62, മല്ലി - 37, മുളക് -45,ചെറുപയര്‍ 28, ഉഴുന്ന് - 34. ഈ ഇനങ്ങള്‍ക്ക് 2015 നവംബര്‍ 20ന്റെ വില ഇങ്ങനെ: അരി 25, പച്ചരി - 23, വെളിച്ചെണ്ണ - 151, മല്ലി - 112,മളക് - 75, ചെറുപയര്‍ - 77, വന്‍പയര്‍ -50, തുവരപരിപ്പ് - 67. ഇത് സബ്‌സിഡി വിലയാണ്. ഈ വിലക്ക് അരി,പച്ചരി, മുളക്, മല്ലി, വന്‍പയര്‍,ചെറുപയര്‍, തുവരപരിപ്പ്, ഉഴുന്ന് എന്നിവ വാങ്ങാന്‍ പോയാല്‍ കിട്ടില്ല. അവയുടെ വിപണിവില പിന്നെയും വല്ലാതെ ഉയര്‍ന്നതിനാല്‍ കിട്ടില്ല. എന്നാല്‍, മല്ലി 132 രൂപക്കും മുളക് 130 രൂപക്കും ഉഴുന്ന് 141.50 രൂപക്കും അവിടെനിന്നുതന്നെ വാങ്ങാന്‍ കഴിയും!

തമിഴ്‌നാട്ടിലെ പച്ചക്കറി ന്യായവില കേന്ദ്രങ്ങളില്‍ ഇപ്പോഴത്തെ വില പൊതുവിപണിയുടെ പകുതിയോ അതിലും കുറവോ ആണ്. കേരളത്തിലെ 'ഹോര്‍ട്ടികോര്‍പ്പ്' സ്റ്റോറുകളില്‍ പലതിനും പൊതുവിപണിയേക്കാള്‍ വില കൂടുതലാണ്. അത് കുറേനാളായി ഇങ്ങനെ തുടരുകയുമാണ്. ഓറഞ്ചിന് ഒരു മാസമായി പൊതുവിപണിയില്‍ 35 രൂപയില്‍ താഴെയാണ്. നൂറുരൂപയ്ക്ക് മൂന്നുകിലോ ഓറഞ്ച് എന്ന ബോര്‍ഡ് വ്യാപകമായിട്ടും ഹോര്‍ട്ടികോര്‍പ്പില്‍ നാല്പതില്‍ താഴുന്നില്ല! തക്കാളി, പയര്‍, കാരറ്റ്, നെല്ലിക്ക, വെണ്ട, കത്തിരി എന്നിങ്ങനെ മിക്ക ഇനത്തിനും ഇവിടെ പൊതുവിപണിയെക്കാള്‍ വില കൂടുതലാണ്. കേരളത്തിലെ വ്യാപാരികളില്‍നിന്ന് പച്ചക്കറി വാങ്ങി വില്‍ക്കുന്ന ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെ കര്‍ഷകരില്‍നിന്നുള്ള ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ഷകദ്രോഹത്തില്‍ പുതിയ റെക്കോര്‍ഡിടാന്‍ പരിശ്രമിച്ചത് ഈയിടെയാണല്ലോ.

ഡോ.ജയലളിത എന്ന തമിഴ്‌നാട് മുഖ്യമന്ത്രി വലിയ അഴിമതിക്കാരി എന്ന നിലയില്‍ അപഹസിച്ച് സംസാരിക്കുന്ന ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകരെ കേരളത്തില്‍ കണ്ടിട്ടുണ്ട്. ഒരു കേസില്‍ ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കി എങ്കില്‍പോലും അവര്‍ അഴിമതിക്കാരിയല്ല എന്നു വിശ്വസിക്കാന്‍ മനസ്സുവരുന്നില്ല. സുപ്രീംകോടതി തീരുമാനം വരെ കാക്കാം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 'വികസനവും കരുതലും' വായ്ത്താരി മുഴക്കിയാണല്ലോ അധികാരത്തിലേറിയത്. എവിടെയാണ് സര്‍ വികസനം? കൊച്ചി മെട്രോ അഴിമതി നടത്താന്‍ വേണ്ടി വൈകിപ്പിക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷമല്ലല്ലോ. പ്രതിപക്ഷത്തുനിന്ന് ഒരു എതിര്‍പ്പുമില്ലാതിരുന്നിട്ടും കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, കോഴിക്കോട് മെട്രോ ( ഇപ്പോള്‍ ലൈറ്റ് മെട്രോ)യുടെ കാര്യത്തില്‍ ഒരു കല്ലുപോലും വയ്ക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് 'സുതാര്യകേരളം' മുദ്രാവാക്യമാക്കിയ മുഖ്യമന്ത്രി വിശദീകരിച്ചു കണ്ടില്ല. സ്മാര്‍ട്ട്‌സിറ്റി എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയില്‍ നിലാരമില്ലാത്ത പണി നടത്തിയതിന് അതിന്റെ മാനേജ്‌മെന്റുതന്നെ നടപടി എടുത്ത് സി.ഇ.ഒയെ പുറത്താക്കിയിരിക്കുന്നു. ദേശീയപാത മുതല്‍ സംസ്ഥാന പാത ഉള്‍പ്പെടെ എല്ലാ റോഡുകളും വാഹനയാത്രക്കാരുടെ നടുവൊടിക്കുന്ന വിധത്തില്‍ കുണ്ടും കുഴിയും ആയല്ല, പലതും ഗര്‍ത്തങ്ങളായി യാത്രക്കാരുടെ ജീവനെടുക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.

'കരുതല്‍' എവിടെയാണ് സര്‍? വിലക്കയറ്റംകൊണ്ട് നട്ടം തിരിയുന്ന കേരളീയര്‍ക്ക് ആശ്വാസമായി എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്?ഈ സര്‍ക്കാരിന്റെ 'കരുതലി'ന്റെ ഭാഗ്യം ലഭിച്ചത് സോളാര്‍ നായിക സരിത, സലിംരാജ് മുതല്‍ മന്ത്രി കെ.ബാബുവരെ ഉള്ളവര്‍ക്കാണല്ലോ.

ജയലളിത അഴിമതി നടത്തുമായിരിക്കും. പുറത്തുവന്ന വാര്‍ത്തകള്‍ അത് വിശ്വസിപ്പിക്കുന്നതാണ്. എന്നാലും അവര്‍ക്ക് ജനങ്ങളോട് 'കരുതലു'ണ്ട്. അത് അവരുടെ ഭരണം വിളിച്ചുപറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഴിമതിക്കാരില്ല എന്ന് മുഖ്യമന്ത്രിപോലും അവകാശപ്പെടാനിടയില്ല. 'മുദ്രാവാക്യ'മായി നെറ്റിയില്‍ ഒട്ടിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ജനങ്ങളോട് ഒരു 'കരുതലു'മില്ലാത്ത സര്‍ക്കാരാണിത്.

അതുകൊണ്ട് ജയലളിത 'ജയില്‍ലളിത' ആയാലും ജനം ജയിപ്പിക്കും. ഉമ്മന്‍ചാണ്ടിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങി എന്നാണ് ഒടുവിലത്തെ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. അത് മനസിലാക്കിയാല്‍ ഭരണക്കാര്‍ക്ക് നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories