TopTop

കോഡ് പിങ്ക് എന്ന ഗാന്ധിയന്‍ പെണ്‍സംഘം ലോകത്തെ തിരുത്തുന്ന വിധം

കോഡ് പിങ്ക്  എന്ന ഗാന്ധിയന്‍ പെണ്‍സംഘം ലോകത്തെ തിരുത്തുന്ന വിധം

വി കെ അജിത്‌ കുമാര്‍

പ്രത്യക്ഷത്തില്‍ ഇന്ത്യന്‍ ഉപഭുഖണ്ഡവുമായി വലിയ ബന്ധമൊന്നും ഗാന്ധി സമാധാന പുരസ്കാരത്തിനില്ല (Gandhi Peace Award). സമാധാനം എന്ന ആശയത്തെ നമ്മുടെ രാജ്യത്ത് അതിന്‍റെ തത്വചിന്താതലത്തില്‍ പ്രാവര്‍ത്തികമാക്കിയ ഉദാത്ത രുപകമായ ഗാന്ധിജിയുടെ പേരിലുള്ള ഈ പുരസ്കാരം ഇത്തവണ ലഭ്യമായത് അത്തരത്തില്‍ തന്നെ ജിവിക്കുന്ന സൂസന്‍ ബഞ്ചമിന്‍ എന്ന മെദേയ ബഞ്ചമിനാണ്. 1947ലെ ആഗസ്റ്റില്‍ ഡല്‍ഹി നഗരം അധികാരത്തിന്‍റെ നീക്കുപോക്ക് ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ അതിര്‍ത്തിയിലെ ദുരന്തങ്ങളുടെ നടുവിലായിരുന്ന ഗാന്ധിയെന്ന ചിന്താധാരയുമായാണ് മെദേയ ബഞ്ചമിനെ ചേര്‍ത്തു വായിക്കേണ്ടത്.

ചില രക്തത്തിന് നിറം അല്‍പ്പം കുടുതലാണ്, മെദേയയും ഈ ഗണത്തില്‍പ്പെടുന്നു. യുദ്ധമുഖത്ത് ചിന്താമഗ്നരാകുന്നത് ഭീരുക്കളാണ്. എതിരാളികള്‍ കുടുതല്‍ വലിയവരാകുമ്പോള്‍ ഭയം എന്ന വികാരത്തെ നിര്‍ദ്ദയം തള്ളി മാറ്റുന്നതാണ് മെദേയയുടെ പ്രകൃതം. അല്ലെങ്കില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പ്രഹരശേഷിയുടെ പ്രഭവ കേന്ദ്രത്തിലേക്ക് നിരന്തരം അമ്പുകളയക്കാന്‍ മെദേയയെപ്പോലൊരാള്‍ക്ക് കഴിയുന്നതെങ്ങനെ?

കോഡ് പിങ്ക് എന്ന സംഘം
2002ല്‍ യു എസ് ഭരണകൂടം എല്ലാ തലത്തിലും മാനവികതയ്ക്ക് എതിരാകുന്നതു കണ്ട് യുദ്ധക്കൊതിക്കെതിരെ ശക്തമായ താക്കിതായി രൂപം കൊണ്ട പെണ്‍സംഘമാണ് കോഡ് പിങ്ക്. ബുഷ്‌, ആ കാലത്ത് രാജ്യത്തെ സെക്യൂരിറ്റി അഡ്വൈസറി സിസ്റ്റത്തെ ചില വര്‍ണ്ണ സങ്കല്‍പ്പങ്ങളിലൊതുക്കി മാറ്റി. ചുവപ്പ് അതിതീവ്രവാദ ഭിഷണിയെന്നും പച്ച അതിലോലമെന്നും വിലയിരുത്തിയപ്പോള്‍ നീലനിറം കുറച്ചുകൂടി സുരക്ഷിതമായ മേഖലയെന്നും മഞ്ഞ പ്രശ്ന സങ്കീര്‍ണ്ണമെന്നും വ്യാഖ്യാനിക്കപ്പെടുന്നു. യു എസ് എപ്പോഴും മഞ്ഞയ്ക്കും ഓറഞ്ചിനും ഇടയിലാണെന്നും ഒരിക്കല്‍പോലും പച്ചയിലോ നീലയിലൊ എത്തുന്നില്ലയെന്നും ഭരണകൂടം ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇത് സാധാരണ മനുഷ്യനെ ഭീതിയുടെ നിഴലില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാക്കുന്നില്ല എന്ന അഭിപ്രായത്തില്‍ രൂപപ്പെട്ട ബദലായാണ് പിങ്ക് എന്ന സ്ത്രീ വര്‍ണ്ണ സങ്കല്പം ഉയര്‍ന്നു വന്നത്. എന്തുകൊണ്ട് പെണ്ണ് മാത്രം?– എപ്പോഴും യുദ്ധം, ഭരണം, കുടുംബം എന്ന സംവിധാനങ്ങളിലെല്ലാം പുരുഷന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ലോകക്രമത്തില്‍ പെണ്ണെന്നത് പുരുഷന്‍റെ പ്രവര്‍ത്തന പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന തിരച്ചറിവാണിത്. അതുതന്നെയാണ് കോഡ് പിങ്കിന്‍റെ പ്രവര്‍ത്തന മേഖലയും. ഇവിടെ അമ്മമാര്‍, മുത്തശ്ശിമാര്‍, വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍ പിന്നെ ഇവരിലൊന്നുമൊതുങ്ങാത്ത ആഗോള യുദ്ധ താത്പര്യങ്ങള്‍ക്ക് എതിരെ ഉയരുന്ന എല്ലാ സ്ത്രീ ശബ്ദങ്ങള്‍ക്കും ആദ്യപരിഗണന ഈ സംഘം നല്‍കുന്നു. ഇതാണ് മേദേയായും കൂട്ടരും ഭാവന ചെയ്ത കോഡ് പിങ്ക്.ഈ സംഘത്തിന്‍റെ വളര്‍ച്ച വളരെ തന്ത്രപരമായിരുന്നു. 2002ലെ അതിശൈത്യകാലത്ത് വൈറ്റ് ഹൌസിന് മുന്‍പില്‍ നാല് മാസം ഒരു ദിനംപോലും ഇടമുറിയാതെ നടത്തിയ ജാഗ്രതാ മുന്നേറ്റം കോഡ് പിങ്കിന്റെ തലവര മാറ്റിയെഴുതുകയായിരുന്നു. ഗ്ലോബല്‍ എക്സ്ചേഞ്ച്, ഗ്രീന്‍പീസ് തുടങ്ങിയ ശക്തമായ സ്വതന്ത്ര സംഘങ്ങള്‍ കോഡ് പിങ്കിലേക്ക് ആകൃഷ്ടരായെത്തിയതങ്ങനെയാണ്.

യുദ്ധ മുഖത്തേക്ക്
സാധാരണ പൌരന്മാരെ അമേരിക്കന്‍ യുദ്ധ താത്പര്യം എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുവാനായി ബാഗ്ദാദിലേക്ക് എത്തപ്പെട്ട സുസന്‍ ബെഞ്ചമിന്‍ എന്ന മെദേയ ചെയ്തത് യുദ്ധക്കൊതിയന്മാര്‍ക്ക് യുദ്ധത്തിന്‍റെ കരുണയറ്റ വശം കാട്ടിക്കൊടുക്കുകയായിരുന്നു. യുദ്ധത്തിനപ്പുറം മനുഷ്യന് കുടുംബം, സ്നേഹം, പൌരാവകാശങ്ങള്‍ എന്നിവയെല്ലാം ഉണ്ട് എന്ന് കാണിച്ചുകൊടുക്കുവാനാണ് അവര്‍ ശ്രമിച്ചത്. അതിനായി യു എസ് പട്ടാളക്കാരുടെ കുടുംബങ്ങളെ അവര്‍ എത്തിച്ചത് യുദ്ധത്തിന്‍റെ ദുരിതപര്‍വം പേറുന്ന മരിച്ചു ജിവിക്കുന്നവര്‍ക്കിടയിലെക്കായിരുന്നു. ഒരു സൈക്കോളജിക്കല്‍ മിഷന്‍-എന്ന് പറയാം. ഇതിലൂടെ മെദേയ ഞെട്ടിച്ചത് അതുവരെ ലൈം ലൈറ്റില്‍ നിന്ന് യുദ്ധവിരുദ്ധ ചര്‍ച്ച നടത്തിയവരുടെ ഉന്നതമായ അഭിപ്രായങ്ങളുടെ ഉട്ടോപ്യന്‍ വേദികളെയായിരുന്നു.

ആഗോള യുദ്ധങ്ങളില്‍ എപ്പോഴും ഒരു പക്ഷത്ത് കാണുന്ന അമേരിക്കന്‍ ഭരണ മനസിനെ എതിര്‍ത്ത മെദേയയ്ക്ക് ഒരവസരത്തില്‍ ലഭിച്ചത് ഉന്നതരായ പ്രതിയോഗികളെയായിരുന്നു. യു എസിന്‍റെ ഡിഫെന്‍സ് സെക്രട്ടറി മുതല്‍ പല അമേരിക്കന്‍ സഖ്യ രാജ്യങ്ങളുടെ ഭരണാധിപന്മാര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ പ്രതിഫലനമായി 2007ല്‍ പാക്കിസ്ഥാനില്‍ വച്ച് അവരെ അറസ്റ്റ് ചെയ്യുകയും 8 മണിക്കുറോളം ചോദ്യചെയ്യലിന് വിധേയമാക്കുകയും ചെയ്തു. 2009 ഗാസയിലെത്തിയപ്പോഴും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുകയും അവിടത്തെ ഭരണക്രമത്തിനെതിരായി പെരുമാറുകയും ചെയ്തു എന്നതായിരുന്നു കണ്ടെത്തിയ കുറ്റം. എന്നാല്‍ സ്വയം സമര്‍പ്പിതമായ ഇച്ഛാബോധത്തെ തളയ്ക്കുവാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കാവില്ല എന്ന തിരിച്ചറിവാണ് ഒരിക്കല്‍ പ്രസിഡന്‍റ് ഒബാമയുടെ വേദിയില്‍ ശബ്ദമുയര്‍ത്താന്‍ അവരെ നിര്‍ബന്ധിതയാക്കിയത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള യുദ്ധരീതിയെപ്പറ്റിയുള്ള ഒരു വേദിയിലാണ് മെദേയയുടെ ശബ്ദം ഉയര്‍ന്ന് കേട്ടത്.

ഒടുവില്‍ “ആ സ്ത്രീയുടെ ശബ്ദം വിലപ്പെട്ടതാണ് അത് കേല്‍ക്കേണ്ടതാണ്” എന്ന് ഒരു തവണയെങ്കിലും അദ്ദേഹത്തിന് പ്രഭാഷണത്തിനിടയില്‍ പറയേണ്ടതായി വന്നു.മെദേയയുടെ ചോദ്യങ്ങള്‍ സുതാര്യമായിരുന്നു.....
“നമ്മുടെ ജീവിതം പോലെതന്നെ വിലപ്പെട്ടതാണ്‌ മുസ്ലീങ്ങളുടെ ജീവിതമെന്ന് നിങ്ങള്‍ പറയുമോ?”
“C I A യുടെ കൈയില്‍ നിന്ന് ഡ്രോണുകള്‍ തിരിച്ചെടുക്കുവാന്‍ നിങ്ങള്‍ പറയുമോ?”
“സംശയത്തിന്‍റെ പേരില്‍ ആളുകളെ വെറുതെ കൊല്ലുന്ന രീതി നിങ്ങള്‍ ഇനിയെങ്കിലും മതിയാക്കുമോ?”
“ഇതുവരെ നിങ്ങള്‍ കൊന്നൊടുക്കിയ ആയിരക്കണക്കിന് മുസ്ലീങ്ങളോട് നിങ്ങള്‍ക്ക് ക്ഷമ ചോദിക്കാമോ?”
“അവരുടെ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ എന്ത് നഷ്ടപരിഹാരമാണ് നല്‍കുന്നത്. ഒരു പക്ഷെ അത് നമ്മെ സുരക്ഷിതരാക്കാം” (സ്ലേറ്റ്‌ മാഗസിന്‍)

ബെസ്റ്റ് ഓഫ് അഴിമുഖം


ലോകാരോഗ്യ സംഘടനയും ചായ വൈദ്യരും
വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം
അത്ര സമാധാനവാദികളോ ബുദ്ധമതക്കാര്‍?
ട്യുണീഷ്യ: പടക്കളത്തിലിറങ്ങാത്ത അറബ് വസന്തം
ഹാ! ഞങ്ങളുടെ സോവിയറ്റ് യൂണിയന്‍!ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു നടന്ന ഗാസ സ്വാതന്ത്ര്യ യാത്രയുടെ മുഖ്യ സംഘാടകയായിരുന്നു മെദേയ ബഞ്ചമിന്‍. ഗാസയിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പ്രത്യേക ധനസഹായ പദ്ധതിയും രൂപീകരിച്ചു. ഇത്തരം വേദികളിലെല്ലാം അവര്‍ യു എസും ഇസ്രായേലും തമ്മിലുള്ള അവിഹിത ബന്ധങ്ങള്‍ ഭയമില്ലാതെ വെളിപ്പെടുത്തുകയും ചെയുന്നു എന്നതാണ് സത്യം. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 13ന് കെയ്റോ വിമാനത്താവളത്തില്‍ വച്ച് ഈജിപ്ഷ്യന്‍ പോലീസ് അവരെ കൈയാമം വച്ച് കൊണ്ടുപോകുകയും നിണ്ട സമയത്തോളം ചോദ്യം ചെയ്യുകയും ഉണ്ടായി. ഈ ചോദ്യം ചെയ്യലിന്‍റെ ബാക്കിപത്രമായി മെദേയ യുടെ തോളെല്ലിന് ക്ഷതമേല്ക്കുകയും കൈക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആയുധ ഉടമ്പടിയെപ്പറ്റിയും ആയുധ കമ്പോളത്തെപ്പറ്റിയും തുറന്നു പറഞ്ഞതിനുള്ള പ്രതിഫലം എന്നും ഇതിനെ വിലയിരുത്താം.റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന ഡ്രോണുകള്‍ മനുഷ്യന്‍റെ ജീവനെയും ജീവിതത്തിന്‍റെ സ്വകാര്യത എന്ന പ്രാഥമികമായ മാനുഷിക അവകാശത്തെയും അവര്‍ അറിയാതെ ഇല്ലാതാക്കുമ്പോഴാണ് അത്തരത്തിലുള്ള യുദ്ധ ഉപകരണങ്ങള്‍ക്കെതിരെ കോഡ് പിങ്കിന്റെയും മേദേയായുടെയും ശബ്ദം ഉയരുന്നത്. Drone Warfare: Killing by Remote Controll എന്ന അവരുടെ പുസ്തകം ഇത്തരത്തിലുള്ള ഒരു വായനയാണ് ആവശ്യപ്പെടുന്നത്.

ഈ വായന അവസാനിക്കും മുന്പ് ഒരു കാര്യം കൂടി ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. സമത്വ സുന്ദരമായ ജനാധിപത്യം വിളങ്ങുന്ന ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞ പതിനാലു വര്‍ഷമായി കൌമാരവും യൌവനവും ജിവിതത്തിന്‍റെ ഭാഗമേയല്ല എന്ന് ബോധ്യപ്പെടുത്തി ജലപാനമില്ലാതെ കഴിയുന്ന ഒരു സാധാരണ സ്ത്രിയുണ്ട്. ചാനു എന്ന് വിളിപ്പേരുള്ള ഇറോം ശര്‍മിള. ഗാന്ധിജിയെന്ന രൂപമാതൃകയെ മനസാ പുജിച്ച് സത്യഗ്രഹമനുഷ്ടിക്കുകയാണവള്‍. ഇറോം ശര്‍മ്മിളയുടെ സമരം ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന്‍റെയോ ഗിന്നസ് ബുക്കിന്‍റെയോ താളുകളില്‍ കയറിപ്പറ്റുവാനുള്ളതല്ല. ഇന്ത്യന്‍ ഭരണ ഘടനയുടെ കീറി പോയ താളുകളില്‍ സ്വതന്ത്ര ജീവിതമെന്ന മനുഷ്യാവകാശം എഴുതിയിട്ടുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനാണ്. നിരന്തരമായി ആത്മഹത്യാശ്രമത്തിന് നമ്മുടെ രാജ്യം അവളെ അറസ്റ്റുചെയ്തു അവഹേളിക്കുമ്പോള്‍ താരതമ്യപ്പെടുത്തേണ്ടത് ഫെഡറല്‍ റിപ്പബ്ലിക്കെന്ന് വിളിക്കുകയും സാമ്രാജ്യത്വവും യുദ്ധക്കൊതിയും മൂത്തവരെന്ന് തിട്ടൂരം ചാര്‍ത്തി നല്‍കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്‍റെ പരമാധികാരിക്ക് നേരെ നിന്ന് എതിര്‍ പറയാന്‍ മെദേയ ബഞ്ചമിനെപ്പോലൊരു പെണ്ണിന് സാധിക്കുന്നു എന്നതിനോടാണ്.


*Views are personalNext Story

Related Stories